അടുത്ത വര്‍ഷം മുതല്‍ ആദിവാസി കലാരൂപങ്ങളും മത്സരയിനമാക്കിക്കൊണ്ട്‌ കലോത്സവ മാന്വല്‍ പരിഷ്കരണം; ആദിവാസി കലകളെ പടിയ്ക്കു പുറത്തു നിര്‍ത്തിയത്‌ സവര്‍ണ്ണകലാകാരന്‍മാര്‍

മൂന്ന്‌ ആദിവാസി കലാരൂപങ്ങളാണ്‌ അടുത്തവര്‍ഷം മുതല്‍ മത്സരത്തിലേക്ക്‌ തിരഞ്ഞെടുക്കുക. ഈവര്‍ഷം പ്രദര്‍ശന മത്സരയിനമായ വട്ടക്കളി, മംഗലംകളി, പുള്ളുവന്‍പാട്ട്‌ തുടങ്ങിയവയാണ്‌ അടുത്തവര്‍ഷം മുതല്‍ വേദിയിലെത്തുക. മത്സരയിനമായി തിരഞ്ഞെടുക്കുന്നവ ആദ്യഘട്ടമായി പ്രദര്‍ശന മത്സരം തുടരുകയാണ്‌. മാന്വല്‍ പരിഷ്‌കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഡിപിഐ അസിസ്റ്റന്റ്‌ പി ദിനേഷ്‌ നാരദ ന്യൂസിനോട്‌ പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ ആദിവാസി കലാരൂപങ്ങളും മത്സരയിനമാക്കിക്കൊണ്ട്‌ കലോത്സവ മാന്വല്‍ പരിഷ്കരണം; ആദിവാസി കലകളെ പടിയ്ക്കു പുറത്തു നിര്‍ത്തിയത്‌ സവര്‍ണ്ണകലാകാരന്‍മാര്‍

കലോത്സവ മാന്വല്‍ പരിഷ്‌കണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കെ അടുത്ത വര്‍ഷം മുതല്‍ ആദിവാസി കലാരൂപങ്ങളും മത്സരയിനമാകും. മൂന്ന്‌ ആദിവാസി കലാരൂപങ്ങളാണ്‌ അടുത്തവര്‍ഷം മുതല്‍ മത്സരത്തിലേക്ക്‌ തിരഞ്ഞെടുക്കുക. ഈവര്‍ഷം പ്രദര്‍ശന മത്സരയിനമായ വട്ടക്കളി, മംഗലംകളി, പുള്ളുവന്‍പാട്ട്‌ തുടങ്ങിയവയാണ്‌ അടുത്തവര്‍ഷം മുതല്‍ വേദിയിലെത്തുക. മത്സരയിനമായി തിരഞ്ഞെടുക്കുന്നവ ആദ്യഘട്ടമായി പ്രദര്‍ശന മത്സരം തുടരുകയാണ്‌. മാന്വല്‍ പരിഷ്‌കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഡിപിഐ അസിസ്റ്റന്റ്‌ പി ദിനേഷ്‌ നാരദ ന്യൂസിനോട്‌ പറഞ്ഞു. അതുപ്രകാരം സ്റ്റേഡിയം കോര്‍ണ്ണറിലെ മയ്യഴി വേദിയിലാണ്‌ ഇതിന്റെ പ്രദര്‍ശനം തുടരുന്നത്‌.


പാരമ്പര്യ ആദിവാസി കലാരൂപങ്ങളും കലോത്സവത്തില്‍ മത്സരയിനത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിരന്തര ആവശ്യത്തിന്റെ ഫലമായി പി കെ ജയലക്ഷ്‌മി മന്ത്രിയായിരിക്കുന്ന വേളയിലാണ്‌ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്‌. ആദിവാസി കലാരൂപങ്ങള്‍ മത്സരയിനത്തില്‍ ഉള്‍പ്പെടുത്തുമെന്ന്‌ 2015ല്‍ കോഴിക്കോട്‌ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍നടപടി ഇഴയുന്ന സാഹചര്യത്തിലാണ്‌ മാന്വല്‍ പരിഷ്‌കരണത്തിലൂടെ ആദിവാസി കലാരൂപങ്ങള്‍ മത്സരയിനമാക്കാന്‍ ഡിപിഐ തീരുമാനിച്ചത്‌. കുറുമ്പനാട്ടി വിഭാഗക്കാരുടെ വട്ടക്കളിക്ക്‌ മാപ്പിളകലയായ വട്ടപ്പാട്ടുമായി സാമ്യമുണ്ട്‌. മംഗലംകളിയും പുള്ളുവന്‍പാട്ടും ഏറെ പഴക്കമുള്ള ആദിവാസി കലാരൂപങ്ങളാണ്‌. സവര്‍ണ്ണകലകളുടെ വേലിയേറ്റമാണ്‌ ആദിവാസികലാരൂപങ്ങളെ മാറ്റിനിര്‍ത്തിയത്‌. ചില സവര്‍ണ്ണകലാകാരരുടെ ജാതീയമായ മേലല്‍ക്കോയ്‌മയും ഇതിന്‌ കാരണമായിരുന്നു.

ഇന്നുള്ള കലാരൂപങ്ങളില്‍ പലതും ആദിവാസി കലാരൂപങ്ങളില്‍ നിന്ന്‌ പരിമണമിച്ചതാണെന്ന്‌ ഫോക്‌ ലോര്‍ പഠനങ്ങളിലൂടെ പുറത്തുവന്നിരുന്നു. ആദിവാസികളുടെ കോല്‍ക്കളി സാധാരണ കോല്‍ക്കളിയെക്കാള്‍ മികച്ച നിലവാരം പൂലര്‍ത്തുന്നതാണെന്ന്‌ വിദ്‌ഗധാഭിപ്രായം. പുലിയാര്‍ക്കളിയ്‌ക്ക്‌ പൂരക്കളിയുമായാണ്‌ സാമ്യമുള്ളത്‌. മികച്ച ആദിവാസി കലാരൂപമായ ഗദ്ദികയ്‌ക്ക്‌ ഇത്തവണ മത്സരയിനത്തില്‍ കയറാന്‍ പറ്റിയില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്താനാണ്‌ അധികൃതരുടെ തീരുമാനം. പി കെ കാളന്റെ ഗദ്ദിക ഒരുകാലത്ത്‌ വയനാട്ടിലെ ഉത്സവാഘോഷങ്ങളിലെല്ലാം സജീവമായിരുന്നു. രോഗങ്ങളും ദുരിതങ്ങളും അകറ്റാന്‍ ആദിവാസി കലാകാരന്‍മാര്‍ സ്‌ത്രീവേഷം കെട്ടിയായിരുന്നു ഗദ്ദിക അവതരിപ്പിച്ചിരുന്നത്‌. ഗോത്രവര്‍ഗങ്ങളുടെ ആചാര-അനുഷ്‌ഠാനകര്‍മ്മങ്ങളില്‍ നിന്ന്‌ രൂപപ്പെട്ടതാണ്‌ അവരുടെ കലയും. അതുകൊണ്ടുതന്നെ തലമുറകളായി അവരിത്‌ പകര്‍ന്നുനല്‍കി വരുന്നുമുണ്ട്‌.

ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന കാടര്‍ നൃത്തം, കാണിക്കനൃത്തം, പംഗകളി, മുടിയാട്ടം, പൊയ്‌ക്കാല്‍ കളി, വേലക്കളി, വേട്ടക്കളി തുടങ്ങിയവയും വരുംകാലങ്ങളില്‍ കലോത്സവങ്ങളിലെ മത്സരയിനങ്ങളാകുന്നതോടെ കൂടുതല്‍ ജനകീയത നേടും. അറബി കലോത്സവവും സംസ്‌കൃത കലോത്സവവും നടത്തുന്ന മാതൃകയില്‍ ആദിവാസി കലോത്സവവും ഇടംനേടേണ്ടതുണ്ടെന്നാണ്‌ ആദിവാസി കലാകാരരുടെ ആവശ്യം. നിലവില്‍ സംസ്ഥാന സര്‍ഗോത്സവം, ഗോത്രമഹോത്സവം പേരുകളില്‍ നടത്തുന്ന ആദിവാസി കലോത്സവങ്ങളില്‍ വിദ്യാര്‍ഥികള്‍ മത്സരിക്കാറുണ്ട്‌. എന്നാല്‍ ആദിവാസി കലകള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമാകുന്നതോടെ കൂടുതല്‍ ജനകീയവത്‌ക്കരിക്കപ്പെടുകതന്നെ ചെയ്യും.

ചിത്രം കടപ്പാട്‌: ദി ഹിന്ദു