ആവശ്യപ്പെട്ട ഭീമമായ തുക നല്‍കാനായില്ല: കൊല്ലം മെഡിട്രീന ആശുപത്രിയില്‍ ചികിത്സാ പിഴവ്; രോഗി അതീവ ഗുരുതരാവസ്ഥയില്‍

മരത്തില്‍നിന്നു വീണു പരിക്കേറ്റു ചികിത്സയ്‌ക്കെത്തിച്ച രോഗിയ്ക്കാണ് ആശുപത്രിയുടെ പിടിവാശി മൂലം മരണത്തോടു മല്ലടിക്കേണ്ടിവരുന്നത്. വിദഗ്ധ ചികിത്സയ്ക്കായി വേറെ ആശുപത്രിയിലേക്കു കൊണ്ടുപോകണോയെന്നു ചോദിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു ശസ്ത്രക്രിയ നടത്തിയതോടെ വയറ്റിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കാത്ത സ്ഥിതിയായി. തുടര്‍ന്നു മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നു നിര്‍ബന്ധം പിടിച്ച ബന്ധുക്കളോടു രണ്ടു ലക്ഷം രൂപ അടച്ചാല്‍ മാത്രമേ സമ്മതിക്കൂ എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ നിര്‍ധന കുടുംബത്തിന്റെ അവസ്ഥ ബോധിപ്പിച്ച നാട്ടുകാരും ബന്ധുക്കളും നടത്തിയ ചര്‍ച്ചയില്‍ 92,000 രൂപയാക്കി ചുരുക്കിയെങ്കിലും പിന്നീട് ആശുപത്രിയുടെ നിലപാട് മാറുകയായിരുന്നു. ആംബുലന്‍സ് ഒന്നരമണിക്കൂറോളം തടഞ്ഞിട്ട് രോഗിയെ പുറത്തുകിടത്തിയതോടെ നില വഷളായി.

ആവശ്യപ്പെട്ട ഭീമമായ തുക നല്‍കാനായില്ല: കൊല്ലം മെഡിട്രീന ആശുപത്രിയില്‍ ചികിത്സാ പിഴവ്; രോഗി അതീവ ഗുരുതരാവസ്ഥയില്‍

അപകടത്തില്‍പ്പെട്ടു പരിക്കേറ്റു കൊല്ലം അയത്തില്‍ മെഡിട്രീന ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ച രോഗിയ്ക്കു ഭീമമായ തുക ആവശ്യപ്പെട്ടു പരിചരണം നിഷേധിക്കുകയും അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതായി പരാതി. ഗുരുതരാവസ്ഥയിലുള്ള രോഗിയെ നാട്ടുകാര്‍ പിന്നീടു മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ അവഗണനയ്‌ക്കെതിരെ ബന്ധുക്കള്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കി. ചന്ദനത്തോപ്പ്, കൊറ്റങ്കര, എസ്എസ്ബി മന്‍സിലില്‍ നൗഷാദ് ആണ് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്.


തിങ്കളാഴ്ച വൈകീട്ട് മരംവെട്ടു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ നൗഷാദിന് മരത്തില്‍നിന്നു വീണു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നൗഷാദിനെ അയത്തില്‍ മെഡിട്രീന ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞു ബന്ധുക്കള്‍ എത്തിയപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്. സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം വയറ്റില്‍ രക്തം കട്ടകെട്ടി കിടക്കുന്നുണ്ടെന്നും കരളിനു മുറിവു സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം.

ശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങളെല്ലാം ആശുപത്രിയില്‍ തന്നെ ഉണ്ടെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉറപ്പുനല്‍കി. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കു മറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകണമോയെന്നു ബന്ധുക്കള്‍ നിരന്തരം ചോദിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇതു സമ്മതിച്ചില്ല. തുടര്‍ന്ന് ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വയറ്റിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കാത്ത അവസ്ഥയായി. ഇതേ തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി നൗഷാദിന്റെ സുഹൃത്തുക്കള്‍ മറ്റൊരു ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ കരള്‍ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണുള്ളതെന്ന് അറിയിച്ചു.ഇതനുസരിച്ച് വീണ്ടും മെഡിട്രീനയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ ഇതിനുള്ള സൗകര്യം ഉണ്ടെന്നും എവിടേയ്ക്കും കൊണ്ടുപോകേണ്ടെന്നുമായിരുന്നു മറുപടിയെന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇവിടെ തന്നെയുള്ള പല ഡോക്ടര്‍മാരുമായി രോഗിയുടെ സുഹൃത്തുക്കള്‍ വ്യക്തിപരമായി ബന്ധപ്പെട്ടപ്പോള്‍ പലരും സൗകര്യങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. അപ്പോഴേക്കും രോഗിയുടെ നില വഷളായി തുടങ്ങിയിരുന്നു. തുടര്‍ന്ന് രോഗിയെ വിദ്ഗധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നു ബന്ധുക്കള്‍ നിര്‍ബന്ധിച്ചു.

ഇതോടെ രണ്ടു ലക്ഷത്തോളം രൂപ ബില്ല് അടച്ചാല്‍ മാത്രമേ കൊണ്ടുപോകാനാകൂ എന്നായിരുന്നു ആശുപത്രി അധികൃതരുടെ പിടിവാശിയെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ നിര്‍ധന കുടുംബമായ തങ്ങള്‍ക്കാവില്ലെന്നു പറഞ്ഞതോടെ രോഗിയെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ വാശിപിടിച്ചു. ഇതോടെ പൊതുപ്രവര്‍ത്തകരും ജമാഅത്ത് ഭാരവാഹികളും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും 92,000 രൂപ നല്‍കാമെന്നു സമ്മതിക്കുകയും ചെയ്തു. ഈ തുക സുഹൃത്തുക്കളും നാട്ടുകാരും പിരിവെടുത്ത് ആശുപത്രിയില്‍ അടയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലന്‍സ് എത്തിയപ്പോള്‍ 60,000 രൂപ കൂടി നല്‍കിയാല്‍ മാത്രമേ രോഗിയെ വിട്ടുനല്‍കുകയുള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. 92,000 രൂപ മാത്രമാണ് അടച്ചതെന്നും ബാക്കി അടച്ചിട്ടില്ലെന്നും രേഖപ്പെടുത്തി രശീതും നല്‍കി. ഈ രേഖയുമായി മറ്റുള്ള ആശുപത്രികളില്‍ ചികിത്സ ലഭിക്കാതിരിക്കുന്ന ഘട്ടമായതോടെ ആശുപത്രി അധികൃതരുമായി പൊതുപ്രവര്‍ത്തകര്‍ വീണ്ടും ബന്ധപ്പെട്ടു. എന്നാല്‍ ഒന്നര മണിക്കൂറോളം രോഗിയെ യാതൊരു പരിചരണവും കൂടാതെ പുറത്തിടുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തതെന്നാണു പരാതി. അപ്പോഴേക്കും രോഗിയുടെ നില അതീവ ഗുരുതരമായിരുന്നു. തുടര്‍ന്നു കൂടുതല്‍ നാട്ടുകാര്‍ സംഘടിച്ചെത്തി ബഹളം വെച്ചതോടെയാണ് രോഗിയെ വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗിയുടെ കാഴ്ച ശക്തിക്കു തകരാര്‍ സംഭവിച്ചതായും തലയില്‍ ആഴത്തില്‍ മുറിവുള്ളതായും വാരിയെല്ലുകള്‍ ശരീരത്തിലേക്ക് തുളച്ചുകയറിയതായും കണ്ടെത്തിയതായി ബന്ധുക്കള്‍ വ്യക്തമാക്കി. മെഡിട്രീനയില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ശരിയായ സമയത്തു ചികിത്സ ലഭിക്കാത്തതിനാല്‍ രോഗിയുടെ ശരീരം ഇപ്പോള്‍ മരുന്നിനോടു പ്രതികരിക്കാത്ത സ്ഥിതിയിലാണ്. എന്നാല്‍ ആശുപത്രി അധികൃതര്‍ ചികില്‍സ ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാക്കിയ മെഡിട്രീന ആശുപത്രിയുടെ മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനില ഇരവിപുരം എസ്‌ഐയ്ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഇതുസംബന്ധിച്ച് പ്രതികരണങ്ങള്‍ക്കായി മെഡിട്രിന ആശുപത്രിയില്‍ നാരദാ ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തിരക്കിലാണെന്നും തിരിച്ചുവിളിക്കാമെന്നുമായിരുന്നു മരുപടി. എന്നാല്‍ ഈ വാര്‍ത്ത ഫയല്‍ ചെയ്യുംവരേയും അവര്‍ തിരികെ ബന്ധപ്പെട്ടിട്ടില്ല.

Read More >>