രജനിയും കമലും സന്ദർശിച്ചിരുന്ന ചെന്നൈ ടിക് ടാക് അടച്ചു പൂട്ടുന്നു

ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകളായ രജനീകാന്തും കമലഹാസനും അജിത്തുമെല്ലാം സിനിമയ്ക്കായി ആശ്രയിച്ചിരുന്നത് ടിക് ടാക് മൂവീ റെന്റൽസിനെ ആയിരുന്നു. ഒരു സിനിമാ ലൈബ്രറി എന്ന് തന്നെ പറയാം.

രജനിയും കമലും സന്ദർശിച്ചിരുന്ന ചെന്നൈ ടിക് ടാക് അടച്ചു പൂട്ടുന്നു

ചെന്നൈയിൽ മുപ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണു ടിക് ടാക് വീഡിയോ കാസറ്റ് വാടകയ്ക്കു കൊടുക്കുന്ന ടിക് ടാക് മൂവീ റെന്റൽസ്. രജനീകാന്തും കമലഹാസനും എല്ലാം സിനിമാ കാസറ്റുകൾക്കായി ആശ്രയിച്ചിരുന്ന ഈ സ്ഥാപനം അടച്ചുപൂട്ടുകയാണു. ദൂരദർശൻ മാത്രം ഉണ്ടായിരുന്ന എൺപതുകളിൽ വീഡിയോ കാസറ്റുകൾ ആയിരുന്നു ജനങ്ങൾക്കു ആശ്രയം. വീട്ടിലിരുന്നു വിസിആർ വാടകയ്ക്കെടുത്ത് കുടുംബത്തോടൊപ്പം സിനിമ കണ്ടിരുന്ന കാലം.

ഇപ്പോഴത്തെ സൂപ്പർ സ്റ്റാറുകളായ രജനീകാന്തും കമലഹാസനും അജിത്തുമെല്ലാം സിനിമയ്ക്കായി ആശ്രയിച്ചിരുന്നത് ടിക് ടാക് മൂവീ റെന്റൽസിനെ ആയിരുന്നു. ഒരു സിനിമാ ലൈബ്രറി എന്ന് തന്നെ പറയാം. ഇവരെക്കൂടാതെ സിനിമയ്ക്കായി സ്ഥിരം ടിക് ടാക്കിൽ വന്നിരുന്ന മറ്റൊരാൾ സംവിധായകൻ മണി രത്നം ആയിരുന്നു. ഇന്റർനെറ്റും ഓൺലൈൻ വ്യാപാരവും ഇല്ലാതിരുന്ന അക്കാലത്ത് ടിക് ടാക് നാട്ടുകാരുടെ സിനിമാവിശപ്പു മാറ്റുകയായിരുന്നു.


എന്നാൽ ഇപ്പോൾ ടിക് ടാക്കിന്റെ സ്ഥിതി മോശമാണു. ഹോം തിയേറ്റർ വന്നതോടെ കച്ചവടം കുറഞ്ഞുവെന്നാണു ടിക് ടാക്കിന്റെ ഉടമസ്ഥൻ പ്രകാശ് കുമാർ പറയുന്നത്. ടിവി വാടകയ്ക്കു കൊടുത്തിരുന്ന കാലം അദ്ദേഹം ഓർക്കുന്നു. ഇപ്പോൾ നെറ്റ്ഫ്ലിക്സ് പോലെയുള്ള ഭീമന്മാർ വന്നപ്പോൾ പതിയേ വഴിമാറുകയാണു ഈ ജാംബവാൻ.

ടിക് ടാക് പ്രവർത്തനം അവസാനിക്കുന്നതോടെ ചെന്നൈയുടെ സിനിമാ പാരമ്പര്യത്തിലെ ചെറുതെങ്കിലും ഒരു കണ്ണിയാണു അറ്റു പോകുന്നത്.