ജല്ലിക്കട്ട്: തമിഴ് നാട്ടില്‍ കലാപം; വിജയും ധനുഷുമടക്കം താരങ്ങള്‍ ജനത്തോടൊപ്പം

വിദ്യാർഥികൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സിനിമാ താരങ്ങളടക്കമുള്ള പ്രമുഖർ പിന്തുണയുമായി എത്തുന്നത് പ്രതിഷേധക്കാർക്ക് ആവേശം പകരുന്നുണ്ട്.

ജല്ലിക്കട്ട്: തമിഴ് നാട്ടില്‍ കലാപം; വിജയും ധനുഷുമടക്കം താരങ്ങള്‍ ജനത്തോടൊപ്പം

ജല്ലിക്കട്ട് വിഷയത്തിൽ പിന്തുണ അറിയിക്കാനായി വിദ്യാർഥികളും ചെറുപ്പക്കരുമുൾപ്പടെ ആയിരക്കണക്കിന് പേർ ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധവുമായി അണിനിരക്കുന്നു. ജല്ലിക്കട്ട് നിരോധനം നീക്കണം എന്നാവശ്യപ്പെട്ട് നടന്നു വരുന്ന തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇതോടെ വീണ്ടും ചൂട് പിടിക്കുകയാണ്. സമരക്കാരെ പിരിച്ചു വിടാൻ പോലീസിനും കഴിയുന്നില്ല.

സിനിമാതാരങ്ങളും ജല്ലിക്കട്ടിന് അനുകൂലമായ പ്രസ്താവനകളുമായി എത്തിയത് പ്രതിഷേധത്തിന് ഊർജ്ജം പകർന്നു. നടി നയൻ താര ജല്ലിക്കട്ടിന് വേണ്ടിയുള്ള സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. വിജയ്, സൂര്യ, വിക്രം, ധനുഷ് എന്നിവരും ജല്ലിക്കട്ടിനെ അനുകൂലിച്ച് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു.


“ജനങ്ങളുടെ പാരമ്പര്യമായുള്ള അവകാശങ്ങളെ കൊള്ളയടിക്കാനല്ല നിയമം ഉണ്ടാക്കിയിരിക്കുന്നത്, അവയെ സംരക്ഷിക്കാനാണ്. ജല്ലിക്കട്ട് ഓരോ തമിഴന്റേയും അടയാളമാണ്. ജല്ലിക്കട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്നവർ എല്ലാവരും തമിഴരാണ് എന്ന വികാരം ഉൾക്കൊള്ളുന്നവരാണ്. അവർ ഓരോരുത്തരേയും ഞാൻ പ്രണമിക്കുന്നു,” നടൻ വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.അതിനിടയിൽ ഒരു വിദ്യാർഥി സ്വയം തീകൊളുത്താനൊരുങ്ങിയത് സംഘർഷത്തിനിടയാക്കി. മുഖ്യമന്ത്രി നേരിട്ട് വന്ന് സംസാരിക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേ സമയം ജല്ലിക്കട്ട് വിഷയത്തിൽ ഇടപെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ സമക്ഷത്തിരിക്കുന്ന വിഷയത്തിൽ തലയിടാൻ ആവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ജല്ലിക്കട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണ്ടതല്ലേയെന്ന് ചോദിച്ച് ആദ്യം രംഗത്തെത്തിയത് കമലഹാസനായിരുന്നു.

“ജല്ലിക്കട്ട് 500 വർഷങ്ങൾ പഴക്കമുള്ള ആചാരമാണ്. കോടതി നിരോധനം നീക്കണം”, പ്ലസ് വൺ വിദ്യാർഥി മഞ്ചുനാഥ് പറഞ്ഞു.

“കാളകൾക്കു നേരെ ക്രൂരതയൊന്നുമില്ല. കോടതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ജല്ലിക്കട്ട് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്നത് നിയമലംഘനമല്ല,” ഐ റ്റി തൊഴിലാളിയായ രാജേഷ് പറഞ്ഞു.

തമിഴ് നാടിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

Read More >>