ലോ അക്കാദമി ഭൂമി സംബന്ധിച്ച രേഖകള്‍ ഇപ്പോഴും അപ്രത്യക്ഷം: കോളേജ് അഫിലിയേഷന്റെ ഫയല്‍ സര്‍വ്വകലാശാലയിലുമില്ല

ലോ അക്കാദമിയുടെ ഭൂമി പതിച്ചുനല്‍കിയതാണോ പാട്ടത്തിനു നല്‍കിയതാണോ എന്ന വിവരം കളക്ടറേറ്റിലും തഹസീല്‍ദാറുടെ പക്കലുമില്ല. സ്വാശ്രയ കോളേജ് സമ്പ്രദായം നടപ്പാക്കിയപ്പോഴും പ്രൈവറ്റ് പദവി എടുത്തുമാറ്റിയില്ല. വിദ്യാര്‍ത്ഥി നിയമനത്തിലും ഫീസ് നിരക്കിലും നടക്കുന്നതു നഗ്നമായ ചട്ടലംഘനം. ഇങ്ങനെ നീളുന്നു ലോ അക്കാദമിയുടെ പിന്നാമ്പുറത്തെ 'വിശേഷങ്ങള്‍'. രേഖകള്‍ നാരദാന്യൂസ് പുറത്തുവിടുന്നു.

ലോ അക്കാദമി ഭൂമി സംബന്ധിച്ച രേഖകള്‍ ഇപ്പോഴും അപ്രത്യക്ഷം: കോളേജ് അഫിലിയേഷന്റെ ഫയല്‍ സര്‍വ്വകലാശാലയിലുമില്ല

പ്രിന്‍സിപ്പലിന്റെ പീഡനത്തിലും പ്രതികാരനടപടിയിലും പ്രതിഷേധിച്ചു രണ്ടാഴ്ചയായി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച രേഖകള്‍ ഭരണകൂടത്തിന്റെ പക്കലില്ല. ഭൂമി പാട്ടത്തിനു നല്‍കിയതാണോ പതിച്ചുനല്‍കിയതാണോ എന്ന വിവരം കളക്ടറേറ്റിലും തിരുവനന്തപുരം തഹസീല്‍ദാറുടെ ഓഫീസിലും ലഭ്യമല്ലെന്നാണു വിവരാവകാശ പ്രകാരമുള്ള മറുപടി. ഇതിന്റെ പകര്‍പ്പ് നാരദാ ന്യൂസിനു ലഭിച്ചു.

സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് മെംബറും കോൺഗ്രസ് നേതാവുമായ ജ്യോതികുമാര്‍ ചാമക്കാല2014 സെപ്തംബര്‍ 6൹ കളക്ടറേറ്റില്‍ സമര്‍പ്പിച്ച വിവരാവകാശ അപേയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റീ സര്‍വ്വേ ബ്ലോക്ക് നമ്പര്‍ 22ല്‍ റീസര്‍വ്വേ നമ്പര്‍ 725/1 ല്‍ 4.26 ഹെക്ടര്‍ വസ്തു 110/97ാം നമ്പര്‍ തണ്ടപ്പേരിലും റീസര്‍വ്വേ നമ്പര്‍ 726/4ല്‍ 41 ആര്‍ 60 ച: മീറ്റര്‍ വസ്തു 110/98 ാം നമ്പര്‍ തണ്ടപ്പേരിലുമുള്ള വസ്തുക്കള്‍ സംബന്ധിച്ചാണ് കളക്ടറേറ്റില്‍ വിവരങ്ങള്‍ ഇല്ലാത്തത്.


[caption id="attachment_76460" align="aligncenter" width="700"] കളക്ടറേറ്റില്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയും അതിനുള്ള മറുപടിയും[/caption]

ഈ തണ്ടപ്പേർ പ്രകാരമുള്ള വസ്തുക്കൾ പതിച്ചു നല്‍കിയതാണെങ്കില്‍ ഏതു വര്‍ഷമാണ്, ആകെ എത്ര സ്ഥലമാണു നല്‍കിയത് എന്നുമായിരുന്നു ചോദ്യം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ കളക്ടറേറ്റ് കാര്യാലയത്തില്‍ ലഭ്യമല്ലെന്നും അതിനാല്‍ രേഖകള്‍ നല്‍കാനായി അപേക്ഷയുടെ പകര്‍പ്പ് തിരുവനന്തപുരം തഹസീല്‍ദാര്‍ക്ക് അയച്ചുകൊടുത്തതായും കാട്ടി സെപ്തംബര്‍ 19നു മറുപടി ലഭിക്കുകയായിരുന്നു. എന്നാല്‍ തഹസീല്‍ദാറുടെ പക്കല്‍ നിന്നും വിവരങ്ങള്‍ ലഭിച്ചില്ലെന്നു ജ്യോതികുമാര്‍ ചാമക്കാല നാരദാന്യൂസിനോടു പറഞ്ഞു.

അതേസമയം, ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. ഇന്നു രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചപ്പോഴാണു വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ സര്‍വ്വകലാശാലയില്‍ ഇല്ല


ഇതുകൊണ്ടും ലോ അക്കാദമിയുടെ പിന്നിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച ഫയല്‍ നിലവില്‍ കേരളാ സര്‍വ്വകലാശാലയില്‍ ലഭ്യമല്ല. രേഖകള്‍ പ്രകാരം 1982 ല്‍ കോടതി ആവശ്യത്തിനായി സര്‍വ്വകലാശാലാ സ്റ്റാന്‍ഡിങ് കൗണ്‍സിലിനു കൈമാറിയ ഫയല്‍ ഇതുവരെ സര്‍വ്വകലാശാലയില്‍ തിരികെയെത്തിയില്ല. ഈ വിവരം യഥാസമയം സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്നാണു ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ മറ്റൊരു വിവരാവകാശ അപേക്ഷയ്ക്കുള്ള സര്‍വ്വകലാശാലാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി. ഇതിന്റെ പകര്‍പ്പും നാരദാ ന്യൂസിനു ലഭിച്ചു.

മാത്രമല്ല, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്രൈവറ്റ് കോളേജാണ് ലോ അക്കാദമി. കേരളത്തിലെ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ഒരു സ്വാശ്രയകോളേജിനും പ്രൈവറ്റ് എന്ന പദവി ലഭിച്ചിട്ടില്ലാത്തപ്പോഴാണ് ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്കു മാത്രം ഈ സൗഭാഗ്യം. 1972 ലെ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് ലോ അക്കാദമിക്ക് ഇങ്ങനൊരു പ്രത്യേക പദവി നല്‍കിയത്. ലോ അക്കാദമി മാനേജ്‌മെന്റിന്റെ കുടുംബക്കാര്‍ ഉള്‍പ്പെടുന്ന സിന്‍ഡിക്കേറ്റാണ് പ്രൈവറ്റ് കോളേജ് എന്ന പദവിക്ക് അംഗീകാരം നല്‍കിയതെന്നും ആരോപണമുണ്ട്.

[caption id="attachment_76461" align="aligncenter" width="700"]
കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച് സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച മറുപടി[/caption]

എന്നാല്‍ 2002 ല്‍ ആന്റണി സര്‍ക്കാര്‍ സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ എന്ന സമ്പ്രദായം ആരംഭിച്ചപ്പോള്‍ ഈ പട്ടികയില്‍ ഇടംപിടിച്ച ലോ അക്കാദമിയില്‍ നിന്നും പ്രൈവറ്റ് എന്ന പദവി എടുത്തുകളഞ്ഞില്ല. അതുകൊണ്ടുതന്നെ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി പ്രവേശനം 50:50 എന്ന അനുപാതത്തില്‍ ആയിരിക്കണമെന്ന ചട്ടം ലോ അക്കാദമി പാലിക്കുന്നുമില്ല. കോളേജ് തന്നെയാണ് ഇവിടേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം മുഴുവന്‍ കൈകാര്യം ചെയ്യുന്നത്. അതാതു കാലയളവില്‍ ചുമതലയേറ്റെടുത്ത സിന്‍ഡിക്കേറ്റ് ഭരണസമിതിയെ ചാക്കിലാക്കിയാണ് മാനേജ്‌മെന്റ് ഈ ആനുകൂല്യങ്ങള്‍ കൈക്കലാക്കിയതെന്നാണ് ആരോപണം.

മാത്രമല്ല, ഫീസ് ഘടനയും സര്‍ക്കാരാണു നിശ്ചയിക്കേണ്ടതെന്നിരിക്കെ ലോ അക്കാദമിയില്‍ മാത്രം ഇതു നേരെ മറിച്ചാണ്. മാനേജ്‌മെന്റിനു തോന്നിയ ഫീസാണു വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിവരുന്നതെന്നാണു പരാതി. ഇതു രണ്ടും സര്‍വ്വകലാശാലാ ചട്ടങ്ങളുടെ ലംഘനമാണെന്നും സിന്‍ഡിക്കേറ്റ് അംഗമായ ജ്യോതികുമാര്‍ ചാമക്കാല ചൂണ്ടിക്കാട്ടുന്നു.

Read More >>