കളക്ടറുടെ അടിമവേല ചെയ്യാന്‍ മനസ്സില്ല: ഡഫേദാര്‍ ജോലിയിലെ രാജാപ്പാർട്ട് വേഷത്തോടു ജീവനക്കാര്‍ക്കു മടുപ്പ്

ബ്രീട്ടീഷുകാര്‍ ബാക്കിയാക്കിപ്പോയ തസ്തികയാണ് ഡഫേദാര്‍. കളക്ടര്‍ക്ക് ഒപ്പം നിഴല്‍ പോലെ ഡഫേദാര്‍ ഉണ്ടാകും. ജഡ്ജിമാരുടെ മുന്നില്‍ വരവറിയിച്ച് നടക്കുന്ന 'വടി' എന്ന പോസ്റ്റും ഡഫേദാര്‍ പോലെ കാലഹരണപ്പെട്ടതും അടിമത്ത വ്യവസ്ഥയുടെ വസ്ത്ര-സ്വഭാവ ഘടനയുള്ളതുമാണ്. ഡഫേദാറും വടിയുമെല്ലാം സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അടിമജോലികളാണെന്നതു തിരിച്ചറിഞ്ഞു പരിഷ്‌കരിക്കാനോ തസ്തിക നിര്‍ത്തലാക്കാനോ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും.

കളക്ടറുടെ അടിമവേല ചെയ്യാന്‍ മനസ്സില്ല: ഡഫേദാര്‍ ജോലിയിലെ രാജാപ്പാർട്ട് വേഷത്തോടു ജീവനക്കാര്‍ക്കു മടുപ്പ്

ഇന്ത്യന്‍ കോഫിഹൗസില്‍ ആദ്യമായി ചായ കുടിക്കാന്‍ കയറുന്നവര്‍ വെള്ളക്കോട്ടും അരപ്പട്ടയും തൊപ്പിയും തലപ്പാവുമണിഞ്ഞ രാജാക്കന്മാരെ കണ്ട് ഒന്നു പരിഭ്രമിക്കും. പിന്നെ പരിഭ്രമം കൗതുകത്തിനും പരിഹാസത്തിനും വഴി മാറും. രാജാവേ ഒരു കപ്പു ചായ എന്നൊക്കെ വിളിച്ചു കൂവാനും മടിയില്ലാത്തവരും ഉണ്ടാകും. വേഷം കൊണ്ട് രാജാക്കന്മാരെയും കൊട്ടാരംകാവൽക്കാരെയും ഓര്‍മ്മിപ്പിക്കുമെങ്കിലും യാതൊരു പരിഗണനയും ലഭിക്കാത്ത നിരവധിയാളുകള്‍ സമൂഹത്തിലുണ്ട്. ട്രൗസറും കൂമ്പന്‍ തൊപ്പിയും ധരിച്ച പൊലീസുകാരെ മുഴുനീള പാന്റ്‌സിലേയ്ക്കു പറിച്ചു നട്ടപ്പോഴും നീളന്‍ സോക്‌സും തൂവെള്ളയുടുപ്പും തൊപ്പിയുമിട്ട നേഴ്‌സുമാര്‍ക്കു കാലത്തിനു ചേര്‍ന്ന കുപ്പായം തുന്നിക്കൊടുത്തപ്പോഴും നാം ഇവരെ സൗകര്യപൂര്‍വ്വം മറന്നു. അത്തരമൊരു കൂട്ടരാണു ഡഫേദാര്‍മാര്‍. ആ പേരു പോലും പലര്‍ക്കും പരിചയം ഉണ്ടാകില്ല. അതു പോലെ തന്നെ അന്യമാണ്, അവരുടെ ജീവിതവും.


ബ്രീട്ടീഷുകാര്‍ ബാക്കിയാക്കിപ്പോയ തസ്തികയാണു ഡഫേദാര്‍. ജില്ലാകളക്ടറുടെ കാവല്‍ക്കാരാണ് സെര്‍ജന്റ് പ്രൊട്ടക്ടര്‍ എന്ന ഡഫേദാര്‍. കളക്ടറുടെ ശിപായിയാണ് ഇവര്‍. കളക്ടര്‍ക്ക് ഒപ്പം നിഴല്‍ പോലെ ഡഫേദാര്‍ ഉണ്ടാകും. വെള്ള പാന്റും ഷര്‍ട്ടും തലപ്പാവും ചുവപ്പ് ക്രോസ് ബെല്‍റ്റുമാണ് ഡഫേദാറുടെ ഔദ്യോഗിക വേഷം. കുറച്ചു കാലം മുന്‍പ് തലപ്പാവിനു പകരം സാധാരണ തൊപ്പിയാക്കിയതാണ് വേഷത്തില്‍ ആകെ വന്ന പരിഷ്‌കാരം.

പുറത്തു നിന്ന് ആരെയും നിയമിക്കാന്‍ സാധിക്കാത്ത തസ്തികയാണ് ഇത്. റവന്യു വകുപ്പിലെ ഏറ്റവും സീനിയര്‍ ഓഫീസ് അറ്റന്‍ഡറിനെയാണ് ഡഫേദാറായി നിയമിക്കുന്നത്. ഈ മാറിയ കാലത്തും ഈ പഴഞ്ചന്‍ വേഷം ധരിച്ചു മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ ആര്‍ക്കും താത്പര്യമില്ലാത്തതിനാല്‍ ഡഫേദാറുടെ തസ്തിക പലയിടത്തും ഒഴിഞ്ഞു തന്നെ കിടക്കും.

ശിപായി ആണെങ്കിലും കളക്ടറേറ്റില്‍ സ്വാധീനമുള്ളയാള്‍ എന്ന നിലയില്‍ സമൂഹം ഇവരെ ഹൈക്ലാസ് ജീവിത രീതിയുള്ള ഒരാളായിട്ടാണു പരിഗണിക്കുന്നത്. 2016 ല്‍ ജോണ്‍സണ്‍ എസ്തപ്പാന്‍ തിരക്കഥ എഴുതി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ഡഫേദാര്‍ പറഞ്ഞത്, ഇത്തരക്കാരുടെ മാനസിക സംഘര്‍ഷങ്ങളായിരുന്നു. തരക്കേടില്ലാത്ത നിര്‍മ്മിതിയായിരുന്നിട്ടു കൂടി പരിചിതമല്ലാത്ത ആ ജീവിതത്തിനു നേരെ മലയാളി മുഖം തിരിച്ചു. പ്രദര്‍ശന വിജയം നേടാന്‍ ഡഫേദാറിനു കഴിഞ്ഞതുമില്ല.

[caption id="attachment_70794" align="aligncenter" width="500"] ഇന്ത്യന്‍ കോഫിഹൗസിലെ ജീവനക്കാരന്‍[/caption]

രാജകീയ വേഷം ധരിച്ച അയ്യപ്പന്‍ എന്ന ഡഫേദാറിന്റെ ജീവിതം തിരശ്ശീലയില്‍ പകര്‍ന്നാടിയത് ടിനി ടോം ആയിരുന്നു. കളക്ടറുടെ വലംകൈ ആയി പ്രവര്‍ത്തിക്കുകയും പാചകക്കാരനും സഹായിയും ശിപായിയുമായെല്ലാം ഞൊടിയിടയില്‍ മാറുകയും ചെയ്യുന്ന അയ്യപ്പന്‍ എന്ന കഥാപാത്രം തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമായിരുന്നുവെന്നു ടിനി ടോം നാരദാ ന്യൂസിനോടു പറഞ്ഞു. ഇത്തരക്കാരുടെ വേദനകള്‍ ഇതുവരെ ആരും ഗൗരവമായി സമീപിച്ചതുപോലുമില്ല.

ജോണ്‍സണ്‍ എസ്തപ്പാന്‍ ഡഫേദാറായി ജോലി ചെയ്യുന്നവരോട് സംസാരിക്കുകയും പഠനം നടത്തുകയും ചെയ്തതിനു ശേഷമാണ് ഇത്തരമൊരു പ്രോജകട് തന്റെ മുമ്പില്‍ വയ്ക്കുന്നത്. കലാഭവന്‍ മണിയെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് തനിക്കു നറുക്കു വീണതെന്നും ടിനി ടോം പറയുന്നു.കളക്ടറുടെ സംരക്ഷകനായ അയ്യപ്പന്‍ വിരമിച്ചിട്ടും ആ വസ്ത്രത്തില്‍ നിന്നു മോചനം ലഭിക്കാത്തതാണു ചിത്രത്തിന്റെ പ്രമേയം. വിരമിച്ച ശേഷവും യൂണിഫോം ധരിച്ച് അയാള്‍ കളക്ടറേറ്റില്‍ എത്തുമായിരുന്നു. അയാളുടെ മക്കള്‍ക്ക് ആ വേഷം ഒരു കോമാളിത്തരമായിട്ടാണ് അനുഭവപ്പെട്ടത് -ടിനി ടോം പറയുന്നു.

വേഷം രാജകീയമാണെങ്കിലും അയാളുടെ വ്യക്തിജീവിതം കറുത്തതാണ്. അയ്യപ്പന്റെ കുടുംബം, സൗഹൃദം എന്നിവയില്‍ അധിഷ്ഠിതമായ ചില വിഷയങ്ങളോടൊപ്പം, കീഴാളവര്‍ഗ്ഗങ്ങളുടെ മേലുള്ള ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെയും ചിത്രം ശബ്ദമുയര്‍ത്തിയിരുന്നു. മറ്റ് ഓഫീസ് അറ്റന്‍ഡര്‍മാരെല്ലാം 10 മുതല്‍ അഞ്ചു വരെ ജോലി ചെയ്യുമ്പോള്‍ സമയം തിട്ടപ്പെടുത്താനാകാതെ പണിയെടുക്കേണ്ടി വരുന്നു ഡഫേദാറിന്. സമൂഹവും കുടുംബവും അയാളെ എങ്ങനെ നോക്കിക്കാണുന്നുവെന്നത് ചിത്രത്തില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചിട്ടുണ്ടെന്നും ടിനി ടോം നാരദാ ന്യൂസിനോടു പറഞ്ഞു.

[caption id="attachment_70795" align="alignnone" width="784"] ഡഫേദാര്‍ എന്ന ചിത്രത്തില്‍ ടിനി ടോം[/caption]

'കളക്ടറുടെ സഹായിയായിരുന്ന ഡഫേദാര്‍ പെന്‍ഷനായിട്ടും പിരിഞ്ഞ് പോയിട്ടില്ല. അയാള്‍ക്ക് മനസ്സു കൊണ്ട് വിരമിക്കാനാവുന്നില്ല. ആ വീടിന് ചുറ്റും എപ്പോഴും അയാള്‍ അലഞ്ഞുതിരിയുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അയാള്‍ വിളിപ്പുറത്തുണ്ടാകും.' കുറെയധികം പഠനം നടത്തിയിട്ടാണ് ഇത്തരമൊരു കഥാപാത്രത്തിനു രൂപം നല്‍കിയതെന്നു സംവിധായകന്‍ ജോണ്‍സണ്‍ എസ്താപ്പാന്‍ പറയുന്നു. ഇത്തരം കാലഹരണപ്പെട്ട വേഷങ്ങളില്‍ തളയ്ക്കപ്പെടുന്നവരുടെ നൊമ്പരങ്ങളാണ് ചിത്രം പറഞ്ഞത്. റോഡ് വികസനം, പുനരധിവാസം എന്നിങ്ങനെ പാവങ്ങളെ ബാധിക്കുന്ന വിഷയങ്ങളും ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചിരുന്നു. ചിത്രം തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇത്തരക്കാരുടെ ജീവിതം ചര്‍ച്ചയായതില്‍ തനിക്കു സന്തോഷമുണ്ടെന്നും ജോണ്‍സണ്‍ എസ്തപ്പാന്‍ പറഞ്ഞു.

സിനിമയിലെ അയ്യപ്പന്‍ വൈകാരികമായി കണ്ട ആ യൂണിഫോം ധരിക്കാന്‍ ഇന്ന് ആളില്ല. നിര്‍ബന്ധിച്ച് ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ ഭരണതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മറ്റു വകുപ്പുകളിലേയ്ക്കു സ്ഥലം മാറി പോകുന്നവരാണു കൂടുതല്‍. വനിതകള്‍ക്കു പണ്ടു മുതലേ ഈ തസ്തികയില്‍ നിയമനം കൊടുക്കാറില്ല. കളക്ടറോടു ചേര്‍ന്നു നിന്നു ജോലി ചെയ്യാന്‍ അവസരം കിട്ടുമെങ്കിലും സമയനിഷ്ഠ ഇല്ലാത്ത ജോലിയും രാജസേവകന്റെ വേഷവും ആളുകളെ പിന്നോട്ടു വലിക്കുന്നു.

എറണാകുളം കളക്ടറേറ്റിലെ ഡാഫേദാര്‍ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് നാളെറെയായി. ജഡ്ജിമാരുടെ മുന്നില്‍ വരവറിയിച്ച് നടക്കുന്ന 'വടി' എന്ന പോസ്റ്റും ഡഫേദാര്‍ പോലെ കാലഹരണപ്പെട്ടതും അടിമത്ത വ്യവസ്ഥയുടെ വസ്ത്ര-സ്വഭാവ ഘടനയുള്ളതുമാണ്. ഡഫേദാറും വടിയുമെല്ലാം സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന അടിമജോലികളാണെന്നത് തിരിച്ചറിഞ്ഞു പരിഷ്‌കരിക്കാനോ തസ്തിക നിര്‍ത്തലാക്കാനോ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും.