മനോമണിയം സുന്ദരനാറിന്റെ ഭൂമി എങ്ങനെ സമാധാനം നാരായണന്‍ നായരുടെ കൈയിലെത്തി? വിവാദ ലോ അക്കാദമി ഭൂമിയുടെ കഥ

സ്വത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ 1954 -55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അത് വേണ്ടെന്നു നടരാജ പിള്ള പറഞ്ഞു. അതു മാത്രമല്ല, തന്റെ അച്ഛന്റെ പേരില്‍ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂള്‍ പോലും അദ്ദേഹം സര്‍ക്കാരിനു വിട്ടുകൊടുത്തു.

മനോമണിയം സുന്ദരനാറിന്റെ ഭൂമി എങ്ങനെ സമാധാനം നാരായണന്‍ നായരുടെ കൈയിലെത്തി? വിവാദ ലോ അക്കാദമി ഭൂമിയുടെ കഥ

സാബ്ലൂ തോമസ്‌

പ്രശസ്ത തമിഴ് പണ്ഡിതനും പ്രഗത്ഭനായ അധ്യാപകനുമായിരുന്ന മനോമണിയം സുന്ദരനാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രൊഫസര്‍ പി സുന്ദരംപിള്ളയുടെ ഉടമസ്ഥതയിലായിരുന്നു ഒരു കാലത്തു ലോ അക്കാദമിയിരിക്കുന്ന 11 ഏക്കര്‍ 41 സെന്റ് സ്ഥലം. (തിരുനെല്‍വേലി മനോമണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ പേരിലാണ് സ്ഥാപിച്ചത്.)

അദ്ദേഹത്തിന്റെ മരണശേഷം ഏക മകനും കോണ്‍ഗ്രസ്സ് നേതാവുമായ പിഎസ് നടരാജ പിള്ളയുടെ പേരിലേക്ക് ഭൂമി വന്നുചേര്‍ന്നു. രാജാവിനെതിരെയും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി. സ്വത്വന്ത്ര്യം കിട്ടിയ ശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ 1954 -55 കാലത്തു ധനകാര്യ മന്ത്രിയായിരുന്നു നടരാജ പിള്ള. അന്ന് ആ ഭൂമി തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അത് വേണ്ടെന്നു നടരാജ പിള്ള പറഞ്ഞു. അതു മാത്രമല്ല, തന്റെ അച്ഛന്റെ പേരില്‍ സ്ഥാപിച്ച സുന്ദര വിലാസം സ്‌കൂള്‍ പോലും അദ്ദേഹം സര്‍ക്കാരിനു വിട്ടുകൊടുത്തു.


ആ സ്‌കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതിചെയ്യുന്ന പിഎസ് നടരാജ പിള്ള മെമ്മോറിയല്‍ ഗവര്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 1962 ല്‍ തിരുവനന്തപുരത്തു നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടരാജ പിള്ള എംപിയായിരിക്കുമ്പോഴാണ് 1966ല്‍ മരണമടഞ്ഞത്. അന്ന് സ്വന്തം പേരില്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. 1968 ലാണ് ഈ ഭൂമി ലോ അക്കാദമിക്ക് മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയത്. അന്ന് കൃഷി മന്ത്രിയായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായര്‍ മണലൂര്‍ എംഎല്‍എയായിരുന്ന എന്‍ഐ ദേവസ്സിക്കുട്ടിക്ക് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞത്, ഗവര്‍ണര്‍ ചീഫ് പേട്രണും മുഖ്യമന്ത്രി പേട്രണും റവന്യൂ മന്ത്രി കെആര്‍ ഗൗരി,വിദ്യാഭ്യാസ മന്ത്രി സിഎച്ച് മുഹമ്മദ് കോയ, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ അംഗംങ്ങളുമായ ഒരു ട്രസ്റ്റിനാണ് ഭൂമി കൈമാറുന്നത് എന്നാണ്. (എന്തുകൊണ്ട് റവന്യു മന്ത്രി മറുപടി പറയേണ്ട ചോദ്യത്തിനു കൃഷി മന്ത്രി മറുപടി കൊടുത്തവെന്ന് അറിയില്ല) എന്നാല്‍ പില്‍ക്കാലത്തു ആ ട്രസ്റ്റ് ഒരു കുടുംബത്തിന് കൂടുതല്‍ പ്രാതിനിധ്യമുള്ള ഒന്നായി മാറി.

1971നു പട്ടക്കാലവധി കഴിഞ്ഞ ഭൂമി 1976ല്‍ 30 വര്‍ഷത്തേക്കു പാട്ടക്കാലാവധി ദീര്‍ഘിപ്പിച്ചു കൊടുത്തു. അത് കരുണാകരന്‍ 1985ല്‍ അസൈന്‍ ചെയ്തു ട്രസ്റ്റിന് സ്വന്തമാക്കി കൊടുത്തു. 1972ല്‍ ഡയറക്റ്റ് പേയ്മെന്റ് എഗ്രിമെന്റില്‍ അന്നു നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പുവച്ച് എയിഡഡ് ആയി മാറിയപ്പോള്‍ ആ എഗ്രിമെന്റില്‍ നിന്നും ലോ അക്കാദമി വിട്ടുനിന്നു. തീര്‍ച്ചയായും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂമി അസൈന്‍ ചെയ്തു സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അവയെല്ലാം എയിഡഡ് സ്ഥാപനങ്ങളാണ്. കേരളത്തില്‍ തന്നെ ഭൂമി അസൈന്‍ ചെയ്തു നല്‍ക്കപ്പെട്ടിട്ടുള്ള ഏക അണ്‍എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം ലോ അക്കാദമിയാണ്.

കേരള സര്‍വകലാശാല നിയമപ്രകാരം സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും രജിസ്റ്റര്‍ ചെയ്തു വോട്ടവകാശം കിട്ടാന്‍ യോഗ്യത സര്‍ക്കാര്‍ കോളേജിലെയും എയിഡഡ് കോളേജിലെയും അധ്യാപകര്‍ക്കും എയിഡഡ് കോളേജിലെ മാനേജര്‍മാര്‍ക്കും മാത്രമാണ്. കേരള സര്‍വകലാശാലയുടെ കീഴിലെ അണ്‍എയിഡഡ് കോളേജിലെ അധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും ആ അവകാശമില്ല. എന്നാല്‍ ലോ അക്കാദമിയിലെ മാനേജറും ചില അധ്യാപകരും സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും വോട്ടര്‍മാര്‍ ആണ്. (ലോ അക്കാദമിയിലെ എല്ലാ അധ്യാപകര്‍ക്കും വോട്ടവകാശമില്ലചിലര്‍ക്ക് മാത്രമേ അതുള്ളൂ).

ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖകനായ സാബ്ലൂ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>