ശബരിമല തീര്‍ത്ഥാടകനൊപ്പം 600 കിലോ മീറ്റര്‍ താണ്ടി ഏതോ അജ്ഞാത നായ

കോഴിക്കോട് സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ നവീനെയാണ് മാളു എന്ന് നവീന്‍ വിളിപ്പേരിട്ട നായ 17 ദിവസങ്ങളിലായി 600 കിലോ മീറ്റര്‍ പിന്തുടര്‍ന്നത്.

ശബരിമല തീര്‍ത്ഥാടകനൊപ്പം 600 കിലോ മീറ്റര്‍ താണ്ടി ഏതോ അജ്ഞാത നായ

നായകളുടെ സ്‌നേഹത്തെപ്പറ്റി ചരിത്രമുള്ള കാലം മുതല്‍ കഥകളുണ്ട്. കിലോമീറ്ററുകള്‍ താണ്ടി തങ്ങളുടെ യജമാനന്‍മാരെത്തേടിയെത്തിയ കഥകളും യജമാനന്‍മാര്‍ക്ക് വേണ്ടി മരണത്തെ ഏറ്റുവാങ്ങിയതുമെല്ലാം ഇതില്‍പ്പെടും. അത്തരത്തിലുള്ള ഒരു നായ ഒരു മുന്‍പരിചയവുമില്ലാത്ത ശബരിമല തീര്‍ഥാടകനെ പിന്തുടര്‍ന്നത് 600 കിലോമീറ്റര്‍. കോഴിക്കോട് സ്വദേശിയും കെഎസ്ഇബി ഉദ്യോഗസ്ഥനുമായ നവീനെ വഴിയില്‍ വെച്ച് കൂടെക്കൂടിയ നായ 600ലധികം കിലോമീറ്റര്‍ പിന്തുടര്‍ന്നതായി 'ദി ന്യൂസ് മിനിറ്റ്' വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
38കാരനായ നവീന്‍ ഡിസംബര്‍ എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് കാല്‍നടയായി ആരംഭിച്ച ശബരിമല തീര്‍ഥാടനത്തിന്റെ രണ്ടാം ദിനമാണു നായയെ കണ്ടുമുട്ടിയത്. നവീനെ കണ്ട നായ പുറകെ കൂടി. ആദ്യമൊക്കെ അവഗണിച്ച നവീന്‍ പിന്നെ നായയുമായി സൗഹൃദമാവുകയും മാളു എന്ന് പേര് നല്‍കി വിളിക്കുകയും ചെയ്തു. 17 ദിവസങ്ങള്‍ കൊണ്ട് ശബരിമലയില്‍ നടന്നെത്തിയെന്ന് പറയുന്ന നവീന്‍ മടക്കയാത്രയില്‍ മാളുവിനേയും വീട്ടിലേക്ക് കൊണ്ടുപോയി.

യാത്ര തുടങ്ങി ഏതാണ്ട് 80 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതയായ നായ തന്റെ എതിരെ വരുന്നത് നവീനിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തന്റെ മുന്നില്‍ വന്ന് നിന്ന നായയെ ഓടിക്കാന്‍ പലതവണ ശ്രമിച്ചിട്ടും അത് അനങ്ങാതെ നില്‍ക്കുകയായിരുന്നെന്ന് നവീന്‍ പറഞ്ഞു. പിന്നീട് കൂടക്കെൂടിയ നായ 20 മീറ്ററോളം ദൂരം പാലിച്ചാണ് എപ്പോഴും നടന്നത്. രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് മാളു തന്റെ വസ്തുവകകള്‍ക്ക് കാവലിരിക്കുകയും ചെയ്തതായി നവീന്‍ പറയുന്നു. കെഎസ്ആര്‍ടിസി അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് നായയെ നവീന്‍ ബസില്‍ വീട്ടിലേക്ക് കൊണ്ടുപോയത്.

Read More >>