പൊന്‍മാന്റെ ചിറകൊടിയുന്നു; കടം തിരിച്ചടയ്ക്കാത്തതിനാല്‍ വിജയ് മല്ല്യയുടെ സ്വത്തു കണ്ടുകെട്ടാന്‍ ഉത്തരവ്

മല്ല്യയുടെ കടവും അതിന്റെ 2013 ജൂലൈ 26 മുതലുള്ള പലിശയും ചേര്‍ത്തുള്ള തുകയ്ക്കു പകരമായി സ്വത്തു ജപ്തി ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.

പൊന്‍മാന്റെ ചിറകൊടിയുന്നു; കടം തിരിച്ചടയ്ക്കാത്തതിനാല്‍ വിജയ് മല്ല്യയുടെ സ്വത്തു കണ്ടുകെട്ടാന്‍ ഉത്തരവ്

വിവിധ ബാങ്കുകളില്‍ നിന്നും 6203 കോടി രൂപ കടമെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്ല്യയുടെ സ്വത്തു കണ്ടുകെട്ടാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. ബംഗളുരുവിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആര്‍ടി) ആണ് ഇതുസംബന്ധിച്ചു ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയത്.

മല്ല്യയുടെ കടവും അതിന്റെ 2013 ജൂലൈ 26 മുതലുള്ള പലിശയും ചേര്‍ത്തുള്ള തുകയ്ക്കു പകരമായി സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ്, ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.


നിലവിൽ തിരിച്ചുപിടിക്കാൻ ഉത്തരവായ 6203 കോടി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്നായി ഏകദേശം 9,000 കോടി രൂപയാണ്, മല്ല്യ കടമെടുത്തിരുന്നത്. തന്റെ വിമാനക്കമ്പനിയായ കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ പേരിലാണു മല്ല്യ വിവിധ ബാങ്കുകളില്‍ നിന്നു ഇത്രത്തോളം രൂപ കടമെടുത്തത്. എന്നാല്‍ കടം തിരിച്ചടയ്ക്കാതെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചോടെ മല്ല്യ ബ്രിട്ടണിലേക്കു കടക്കുകയായിരുന്നു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതോടെയാണ് മല്ല്യ മുങ്ങിയത്.

അതേസമയം, മല്ല്യയില്‍ നിന്നും തങ്ങളുടെ പണം തിരികെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിലുള്ള വായ്പാദാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യസഭാംഗമായിരുന്ന മല്ല്യ മെയ് രണ്ടിനു പദവി രാജിവച്ചിരുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ കിങ്‌ഫിഷറിന് 2012 ഒക്ടോബറില്‍ ലൈസന്‍സ് നഷ്ടമായിരുന്നു. കടക്കാര്‍ക്കും വിതരണക്കാര്‍ക്കു ജീവനക്കാര്‍ക്കും കുടിശ്ശിക വരുത്തിയതിന്റെ പേരിലായിരുന്നു ഇത്. മുമ്പ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മല്ല്യയുടെ 1411 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഐഡിബിഐ ബാങ്കിൽ നിന്നുമെടുത്ത 900 കോടിയുടെ വായ്പാ കുടിശ്ശിക അടച്ചില്ലെന്ന കേസിലായിരുന്നു നടപടി.

ഇതോടൊപ്പം, ബാങ്കുകള്‍ക്കു നല്‍കാനുള്ള കടത്തില്‍ 4,000 കോടി രൂപ കഴിഞ്ഞ സെപ്തംബറില്‍ തിരിച്ചടയ്ക്കാമെന്നു മല്ല്യ സുപ്രീംകോടതിയെ അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല. ഇതേതുടര്‍ന്നു മല്ല്യയുടെ കിങ്‌ഫിഷര്‍ വില്ല ലേലം ചെയ്യാന്‍ എസ്ബിഐ തീരുമാനിച്ചിരുന്നു.

Read More >>