ബിജെപി പ്രവർത്തകന്റെ കൊലപാതകം: വിലാപയാത്ര നടത്തിയതു വേദികൾക്കു മുന്നിലൂടെ; സംഘർഷാവസ്ഥയിൽ കലോത്സവം

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കണ്ണൂരിൽ എത്തിച്ച മൃതദേഹം കലോത്സവവേദിക്കു സമീപം പൊതുദർശനത്തിനു വയ്ക്കാനായിരുന്നു ആർഎസ്എസ് - ബിജെപി നേതാക്കളുടെ നീക്കം. നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടി. കെ സുരേന്ദ്രൻ, വത്സൻ തില്ലങ്കേരി എന്നിവർ അടക്കം മുതിർന്ന നേതാക്കളും എത്തിയിരുന്നു. എന്നാൽ പൊലീസ് ഈ നീക്കം തടഞ്ഞു.

ബിജെപി പ്രവർത്തകന്റെ കൊലപാതകം: വിലാപയാത്ര നടത്തിയതു വേദികൾക്കു മുന്നിലൂടെ; സംഘർഷാവസ്ഥയിൽ കലോത്സവം

കണ്ണൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ തലശേരി അണ്ടലൂർ സ്വദേശി സന്തോഷിന്റെ മൃതദേഹം കലോത്സവവേദിക്ക് സമീപം പൊതുദർശനത്തിനു വെക്കാനുള്ള ശ്രമം നഗരത്തെ സംഘർഷാവസ്ഥയിലാക്കി.
നേരത്തെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കണ്ണൂർ നഗരത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വ്യാപക അക്രമം നടന്നിരുന്നു. എൻജിഒ യൂണിയൻ കെട്ടിടത്തിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനൽചില്ലുകൾ തകർന്നു. പഴയ സ്റ്റാൻഡ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിലെ ബോർഡും സിഐടിയുവിന്റെ കൊടിമരവും പ്രവർത്തകർ നശിപ്പിച്ചു. സിപിഐഎം ഓഫിസുകൾക്ക് നേരെയും വ്യാപകാക്രമണം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ചു സിപിഐഎം പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയതു സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടി.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കണ്ണൂരിൽ എത്തിച്ച മൃതദേഹം കലോത്സവവേദിക്കു സമീപം പൊതുദർശനത്തിനു വയ്ക്കാനായിരുന്നു ആർഎസ്എസ് - ബിജെപി നേതാക്കളുടെ നീക്കം. നൂറുകണക്കിനു പ്രവർത്തകർ തടിച്ചുകൂടി. കെ സുരേന്ദ്രൻ, വത്സൻ തില്ലങ്കേരി എന്നിവർ അടക്കം മുതിർന്ന നേതാക്കളും എത്തിയിരുന്നു. എന്നാൽ പൊലീസ് ഈ നീക്കം തടഞ്ഞു. ജില്ലാ പൊലീസ് മേധാവിയും കളക്ടറും പഴയ സ്റ്റാൻഡ് പരിസരത്തു വച്ചു നേതാക്കളുമായി ചർച്ച നടത്തുകയും പൊതുദർശനം ഒഴിവാക്കി ധർമ്മടത്തേക്കു മൃതദേഹം കൊണ്ടുപോകുകയും ചെയ്തു.
പഴയ ബസ് സ്റ്റാൻഡിൽ നിന്നും തലശ്ശേരി റോഡിലേക്കു മറ്റുവഴികൾ ഉണ്ടായിരുന്നെങ്കിലും പ്രധാന കലോത്സവവേദികൾക്കു മുന്നിലൂടെയാണു മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്.


ഫെബ്രുവരിയിൽ കണ്ണൂരിൽ നടക്കാനിരിക്കുന്ന കർഷകസംഘം സംസ്ഥാനസമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകൾ നേരത്തെ പ്രകടനമായെത്തിയ ബിജെപി - ആർഎസ്എസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചിരുന്നു. കലോത്സവവേദിക്കു സമീപം പ്രവർത്തിക്കുന്ന കർഷകസംഘം സമ്മേളന സ്വാഗതസംഘം ഓഫിസ് അക്രമിക്കപ്പെടാനിടയുണ്ടെന്ന അഭ്യൂഹങ്ങളെത്തുടർന്നു പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
മൃതദേഹം കണ്ണൂരിലേക്കു കൊണ്ടുവരുമെന്ന വിവരം രാവിലെ മുതൽ തന്നെ പ്രചരിച്ചിരുന്നെങ്കിലും പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. സംഘർഷം ഒഴിവാക്കാനായത് അവസാന നിമിഷമായിരുന്നു. ഇരുവിഭാഗവും കലോത്സവവേദിക്കരികിൽ സംഘടിച്ചതു ഗുരുതരമായ സുരക്ഷാവീഴ്ചയായി.

Read More >>