നെഹ്രുവിലെ പീഡനങ്ങള്‍ക്ക് അദ്ധ്യാപകന്‍ സാക്ഷി; എല്ലാ സ്വാശ്രയ അധ്യാപകര്‍ക്കും വേണ്ടി ഒരു സഞ്ജു!

ജിഷ്ണുവിന്റെ ഹത്യ നടന്ന പാമ്പാടി നെഹ്രു കോളേജില്‍ നിന്ന് ഇതാ ഒരു അദ്ധ്യാപക സാക്ഷി. ഇത് അദ്ദേഹത്തിന്റെ സാക്ഷിമൊഴി- കേസെടുക്കാന്‍ പരാതിയില്ലെന്നു പറയുന്ന വിജിലന്‍സിനു മുന്നില്‍ സമര്‍പ്പിക്കുന്നു. ഫൈന്‍ എന്ന പേരില്‍ നടക്കുന്ന കൊള്ളയെക്കുറിച്ചടക്കം സഞ്ജു പ്രസാദ് എന്ന അദ്ധ്യാപകന്‍ തുറന്നു പറയുന്നു.

നെഹ്രുവിലെ പീഡനങ്ങള്‍ക്ക് അദ്ധ്യാപകന്‍ സാക്ഷി; എല്ലാ സ്വാശ്രയ അധ്യാപകര്‍ക്കും വേണ്ടി ഒരു സഞ്ജു!

2013 സെപ്തംബറിലാണു ഞാന്‍ ജവഹര്‍ലാല്‍ നെഹ്രൂ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ ജോലി ആരംഭിച്ചത്. 2014 ആയപ്പോഴേക്കും അവരുടെ സ്ട്രാറ്റജി പൂര്‍ണമായും പിടികിട്ടിയിരുന്നു. വിദ്യാഭ്യാസം എന്നതിനെക്കാള്‍ മാനേജ്‌മെന്റ് കോളേജിനെ കാണുന്നത് ബിസിനസ് ആയിട്ടാണ്.

അദ്ധ്യാപകന്‍ എന്ന നിലയില്‍ മാനസിക വിഷമങ്ങളുണ്ടായിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. ഞാനിറങ്ങാറായ സമയത്തു മോഡല്‍ പരീക്ഷയ്ക്ക് ഇന്‍വിജിലേഷന്‍ ഡ്യൂട്ടി ചെയ്തിരുന്നു. രണ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചോദ്യപേപ്പര്‍ കൈമാറാന്‍ ശ്രമിച്ചു. ഞാനതു കണ്ടെത്തി. കോളേജ് നടത്തുന്ന ഒരു സാധാരണ പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചതു ശരിയല്ലെന്ന രീതിയില്‍ അവരോടു സംസാരിക്കുകയും ഈ വിവരം പരീക്ഷാ സെല്ലിനെ അറിയിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ ഇന്‍വിജിലേറ്ററുടെ ഉത്തരവാദിത്വം കഴിയും. എക്‌സാം സെല്ലില്‍ നിന്നു ആള്‍ക്കാര്‍ വന്നു കൊണ്ടുപൊയ്‌ക്കോളും.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഈ വിദ്യാര്‍ത്ഥിയെക്കുറിച്ചു ഞാനന്വേഷിച്ചു. സാധാരണ അവിടെയാരും അങ്ങനെ ചെയ്യാറില്ല. അവനു ആയിരത്തഞ്ഞൂറു രൂപ ഫൈനാണ് മാനേജ്‌മെന്റ് വിധിച്ചത്. അതെനിക്കു വിഷമമായി. ആ ഫൈനും അടയ്‌ക്കേണ്ടി വരുന്നത് അവന്റെ വീട്ടുകാരാണല്ലോ. അന്നേരം തന്നെ ഞാനതു ചോദ്യം ചെയ്തു. ''തെറ്റു ചെയ്തതു വിദ്യാര്‍ത്ഥിയാണ്. അവനെ നന്നാക്കാനുള്ള രീതിയിലാണ് ശിക്ഷ കൊടുക്കേണ്ടത്, അല്ലാതെ വീട്ടുകാരെ ബുദ്ധിമുട്ടിക്കരുത്''- പ്രിന്‍സിപ്പലിനോടാണു പറഞ്ഞത്. പക്ഷെ, സാറ് ഇക്കാര്യത്തില്‍ നിരപരാധിയാണ്. വളരെ റീസണബിളായ മനഷ്യനാണ്. ആളു മാനേജ്‌മെന്റ് പറയുന്നതുപോലെ ചെയ്യുന്നു. പുള്ളിക്ക് വേറെ നിവൃത്തിയില്ലെന്ന് പറഞ്ഞു. 'ഇനി ഞാന്‍ ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കു കയറിയാല്‍ മാല്‍പ്രാക്ടീസ് കണ്ടാലും റിപ്പോര്‍ട്ട് ചെയ്യില്ലെ'ന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സമയം. രണ്ടു ഘട്ടമായാണ് ഇലക്ഷന്‍ നടക്കുന്നത്. എന്റെ ഒരു സഹപ്രവര്‍ത്തകനുണ്ട്, പേരു പറയാന്‍ പറ്റില്ല. അദ്ദേഹം വോട്ട് ചെയ്യാന്‍ വീട്ടില്‍ പോകണമന്നു പറഞ്ഞു. കാരണം അയാള്‍ ഇടുക്കി ജില്ലക്കാരനായതുകൊണ്ട് വോട്ടിങ് മറ്റൊരു ദിവസമാണ്. മാനേജ്‌മെന്റ് പറഞ്ഞു- 'ലീവൊന്നും തരാന്‍ പറ്റില്ല. വേണമെങ്കില്‍ ലോസ് ഓഫ് പേ തരാം''. അന്നേരം അവന്‍ പറഞ്ഞു, അതൊന്നെഴുതിത്തരണമെന്ന്. അതും പറ്റില്ല, വേണേല്‍ എല്‍ഓസി എടുത്തു പൊയ്‌ക്കോ, നിങ്ങളൊരു ദിവസം വന്നില്ലെന്ന് ഞങ്ങളങ്ങു കരുതമെന്നവര്‍ തീര്‍ത്തു പറഞ്ഞു. വോട്ട് ചെയ്യാനുള്ള അവധി പോലും ഒരു സ്ഥാപനം നമുക്കു തരുന്നില്ലെന്നു കരുതുക. പിന്നെങ്ങനെ അവരോടു യോജിച്ചു പോകാന്‍ പറ്റും.

ഇവിടെ വാണിയംകുളത്തുള്ള പികെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍, ഐഎംഎയുടെ ഇന്‍സ്‌പെക്ഷന്‍ വന്നപ്പോള്‍, ഈ കോളേജിലെ സ്റ്റാഫിനെയും ടീച്ചേഴ്‌സിനേയും വിദ്യാര്‍ത്ഥികളെയും അവര്‍ വാടക രോഗികളായി ഉപയോഗിച്ചു. ഞാന്‍ പോയവനാണ്. നമ്മുടെ അവേഴ്സെല്ലാം അവര് അറേഞ്ച് ചെയ്യും. എന്നിട്ട് ഒന്നൊ രണ്ടോ ദിവസം വണ്ടീം വിളിച്ച് ആളെ കേറ്റി ഹോസ്പിറ്റലിലെത്തിക്കും. അവിടെ രോഗിയായി കിടക്കുക. ഇതാണു പരിപാടി. ഐഎംഎ വന്നു പരിശോധിക്കും സര്‍ട്ടിഫിക്കറ്റിട്ടു പോകും- അതിലും ഞാനുടക്കി.

ഒരു എഞ്ചിനീയിറിങ് കോളേജില്‍ അച്ചടക്കം പഠിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളെ മാത്രമാണെന്നു കരുതരുത്. മാനേജ്‌മെന്റിന് അവിടെ ആരേയും ഭരിക്കാന്‍ നിയമങ്ങളുണ്ട്. കോളേജ് സമയത്ത് ആര്‍ക്കു പുറത്തുപോകണമെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് വിങ്ങ് പാസ് തരണം. പാസ് അവരുടെ കൈയിലായതുകൊണ്ട് അവർ ചെലപ്പോ മാനേജ്‌മെന്ററിയാതെ നിയമങ്ങളുണ്ടാക്കും. ഒന്നര കഴിഞ്ഞാല്‍ അവിടുത്തെ സ്റ്റാഫുകളാരും പുറത്തുപോയി ഭക്ഷണം കഴിക്കരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് വിങ്ങ് പണ്ടേ നിയമമുണ്ടാക്കിയിട്ടുണ്ട്. സത്യത്തില്‍ നെഹ്രു ഗ്രൂപ്പിന്റെ കോളേജുകളിലങ്ങനൊരു സാധനമില്ല.

ഇതിനു വഴക്കുണ്ടാക്കാന്‍ വേണ്ടി ഞാനെന്റെ മൂന്നവര്‍ അടുപ്പിച്ചാക്കി. അവസാനത്തെ ക്ലാസ് ഒന്നരയ്ക്കു അവസാനിപ്പിച്ചു ഞാന്‍ പുറത്തുപോകാനൊരുങ്ങി. അവരു പറഞ്ഞു, ഇനി പോകാന്‍ പറ്റില്ല. വേണമെങ്കില്‍ ക്യാന്റീനില്‍ നിന്നു കഴിച്ചോളാന്‍. പുറത്തു പോകും ഭക്ഷണം കഴിക്കും നിങ്ങളെന്താണെന്ന് വച്ചാ ചെയ്‌തോളാന്‍ ഞാനും പറഞ്ഞു. നിങ്ങളൊരു യങ്സ്റ്ററല്ലേ, കാര്യം പറഞ്ഞാല്‍ മനസ്സിലാകില്ലേ. നിങ്ങളൊരു സ്ഥിരം പ്രോബ്ലം മേക്കിങ് സ്റ്റാഫാണല്ലൊയെന്ന് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ പറഞ്ഞു. അപ്പോള്‍ തന്നെ എന്റെ ഡിപ്പാര്‍ട്ടുമെന്റ് കോര്‍ഡിനേറ്ററെ വിളിച്ചു വരുത്തി, ഒരുമണിക്കു ഫ്രീ ആകുന്ന രീതിയില്‍ അവറുകള്‍ ചേഞ്ചു ചെയ്യാന്‍ പറഞ്ഞാണ് ആ പ്രശ്‌നം അവസാനിപ്പിച്ചത്.

Image may contain: 1 person, closeup

അവിടെ പഠിപ്പിക്കുന്ന 99% അദ്ധ്യാപകരും മനസ്സുകൊണ്ടു വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. അവരെല്ലാം തന്നെ യോഗ്യതയുള്ളവരു തന്നെയാണ്. പിന്നെന്താ ആരും പ്രതികരിക്കാത്തത് എന്നു ചോദിച്ചാല്‍ ജോലി, കുടുംബം വീട് എന്നൊക്കെ പറയാം. ഒരു ജീവനക്കാരന്‍ രാജി വെയ്‌ക്കേണ്ടതിന്റെ മൂന്നുമാസം മുമ്പ് അറിയിക്കേണ്ടതുണ്ട്. അതു നല്ല കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. കാരണം പെട്ടെന്നൊരു അദ്ധ്യാപകന്‍ നിര്‍ത്തിപ്പോയാല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കും. സിലബസ് തീരാതെ അദ്ധ്യാപകന്‍ പോയാലങ്ങനെ സംഭവിക്കും. എന്നാല്‍ അങ്ങനെയല്ലാത്ത ചില സന്ദര്‍ഭങ്ങളുണ്ട്.

മരുതുപാണ്ഡ്യന്‍ എന്നൊരു സാറുണ്ട്. അങ്ങേര്‍ക്കു ഖരക്‌പൂർ ഐഐടിയില്‍ പിഎച്ച്ഡി സ്‌കോളറായി അഡ്മിഷന്‍ കിട്ടി. അഡ്മിഷന്‍ മുന്‍കൂട്ടി അറിയാവുന്ന കാര്യമല്ലായിരുന്നു. പോര്‍ഷന്‍ എല്ലാം കഴിഞ്ഞു വെക്കേഷനായി. മാനേജ്‌മെന്റ് ഒരു ലക്ഷം നഷ്ടപരിഹാരം ചോദിച്ചു. ഐഐടിയിലെ കോള്‍ ലെറ്ററും സര്‍ട്ടിഫിക്കറ്റും മെയിലുമെല്ലാം എടുത്തുകാണിച്ചിട്ടും അവരടങ്ങിയില്ല. അവസാനം മരുതു സാര്‍ കരഞ്ഞുകൊണ്ടാണ് സ്ഥാപനം വിട്ടത്. സമാനമായ രീതിയില്‍ പോയ രാഹുല്‍ ആര്‍ നായരുടേയും ഉണ്ണി രവിയുടേയും സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും കോളേജ് പിടിച്ചുവച്ചിരിക്കുന്നു.

എല്ലാ കാര്യത്തിലും ഒത്തു പോകാന്‍ കഴിയില്ലെന്നു മനസിലായതോടെ 2016 മെയ് മാസത്തില്‍ ഞാന്‍ രാജി വയ്ക്കുകയായിരുന്നു. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടിയ സപ്പോര്‍ട്ടുണ്ടായിരുന്നു. അച്ഛനുമമ്മയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്. അച്ഛന്‍ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകനാണ്, അമ്മ സിപിഐഎമ്മിന്റെ ബ്ലോക്ക് മെംബറാണ്. എംപിയായിരുന്ന സി എസ് സുജാത കസിനാണ്. ചെറുപ്പം മുതല്‍ കണ്ടതു രാഷ്ട്രീയമാണ്. അതുകൊണ്ടു പ്രതികരിക്കും.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ എന്നും അനുകൂലിക്കുന്ന ആളാണു ഞാന്‍. നിയമം മൂലം ഉണ്ടാക്കിയെടുത്ത അവസ്ഥകൊണ്ടു മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളെ ഭരിക്കുന്നു. ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സംഘടിക്കാനവകാശമില്ലാത്ത സ്ഥാപനങ്ങളാണ് അവരുണ്ടാക്കിയത്. നെഹ്രു സ്റ്റാഫിന് ഒരു റിക്രിയേഷന്‍ ക്ലബ് വേണമെന്ന ആവശ്യവുമായി കുറച്ചുപേര്‍ മാനേജ്‌മെന്റിനെ കണ്ടു. അവര്‍ സമ്മതിച്ചില്ല. അവസാനം യാതൊരു രാഷ്ട്രീയ ഇടപെടലും ഉണ്ടായിരിക്കില്ല എന്ന് എഴുതി ഒപ്പിട്ടുവാങ്ങിയാണു മാനേജ്‌മെന്റ് സമ്മതിച്ചത്.

അച്ചടക്കം എന്നതിനു സാശ്രയമാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്ന അര്‍ത്ഥം പൊതു സമൂഹത്തില്‍ നിന്നു വളരെ വ്യത്യസ്തമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അടിച്ചേല്‍പ്പിച്ചിരിക്കുന്ന അടിമത്വമാണ് അച്ചടക്കം. എല്ലാരുമെന്നു ഞാന്‍ പറയില്ല. എംഇഎസിന്റെ ചെയര്‍മാനായ ഫസല്‍ ഗഫൂറൊക്കെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അംഗീകരിക്കുന്നുണ്ട്. പക്ഷെ ഭൂരിഭാഗം പേരും അങ്ങനല്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഉണ്ടെങ്കില്‍ ഈ ചൂഷണം നടക്കില്ല. അതിനവര്‍ക്കു നിയമത്തിന്റെയും സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടിക്കാരും കണക്കാണ്.2010 ല്‍ നെഹ്രുവിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ്‍ജീവനക്കാര്‍ കയറി പരിശോധന നടത്തിയതിന്റെ പേരിലായിരുന്നു ഇത്. പെണ്‍കുട്ടികളെ മെസ്ഹാളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടു പരിശോധിച്ചത്. സമരം ആദ്യത്തെ ദിവസം ദൃശ്യമാദ്ധ്യമങ്ങള്‍ നന്നായി നല്‍കി. പിറ്റേന്നു മുതല്‍ മാദ്ധ്യമങ്ങള്‍ തിരിഞ്ഞു നോക്കിയില്ല. മാനേജ്‌മെന്റ് ഒതുക്കി. സമരത്തിനു നേതൃത്വം നല്‍കിയവര്‍ക്കു പണിയും കിട്ടി.

https://www.youtube.com/watch?v=_meERk_NL6o&feature=youtu.be

ഇപ്പോള്‍ തന്നെ സ്വാശ്രയ പീഡന വാര്‍ത്തകള്‍ ചെയ്തിരുന്ന മാദ്ധ്യമങ്ങള്‍ കലോത്സവ വേദികളിലേക്കു പോയിട്ടുണ്ട്. നെഹ്രു ഗ്രൂപ്പ് നടത്തുന്ന ഗ്രൂം, മോട്ടോ എക്‌സ്‌പോ, എന്‍സൈറ്റ് എന്നീ പരിപാടികളുടെ പളപളപ്പ് കണ്ടു പുതിയ വിദ്യാര്‍ത്ഥികള്‍ വീണുപോകും. ഓരോ പരിപാടിക്കു വേണ്ടിയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ആയിരം രൂപ വീതം പിരിക്കും. അതില്‍ നിന്നു കുറച്ചു പൈസയ്ക്ക് പരിപാടി നടത്തും ബാക്കി അവരു പോക്കറ്റിലിടും. മനോരമ പോലുള്ള പത്രങ്ങള്‍ മീഡിയ പാര്‍ട്‌ണറായി ഫ്രീ പരസ്യം നല്‍കും. മനോരമയാണ് വര്‍ഷങ്ങളായി മോട്ടോ എക്‌സ്‌പോയുടെ മീഡിയ പാര്‍ട്‌ണര്‍. പരസ്യമുള്ളതു കൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഇവരു വാര്‍ത്തയും കൊടുക്കില്ല. സ്വാശ്രയ വിദ്യാര്‍ത്ഥികളുടെ ഈ അവസ്ഥയ്ക്കു മുഖ്യധാരാ മാദ്ധ്യമങ്ങളും കാരണക്കാരാണ്.ജിഷ്ണുവിന്റെ മരണം ഒരു ഇന്‍സ്റ്റിറ്റ്യൂഷനൽ മര്‍ഡറാണ്. അവര് അവനെ ആ സിറ്റുവേഷനിലേക്കു എത്തിച്ചു. എത്ര പീഡിപ്പിച്ചാലും ഇല്ലെങ്കിലും. അല്ലാതെ കൊന്നു കെട്ടിത്തൂക്കിയെന്നു ഞാന്‍ പറയില്ല. എത്രയൊക്കെ ചൂഷണം ചെയ്താലും വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും കോളേജ് ട്രോള്‍ പേജിലൂടെയുമൊക്കെ അവര്‍ക്കു കഴിയുന്നപോലെ പ്രതികരിക്കുന്നുണ്ട്. ജിഷ്ണുവിന്റെ മരണം പൊതുജനങ്ങളിലേക്ക് എത്തിച്ചത് സോഷ്യല്‍ മീഡിയയിലെ വിദ്യാര്‍ത്ഥികളാണ്. അവര്‍ക്കു കഴിയുന്ന മീഡിയങ്ങളിലൊക്കെ അവര്‍ പ്രതിഷേധിക്കുന്നുണ്ട്. നാളെ സമരം ചെയ്യാനിറങ്ങുന്നതും അവരാണ്.

സഞ്ജു പ്രസാദ്


(പ്രതീഷ് രമയോടു സംസാരിച്ചത്)