ദേശീയ മാധ്യമങ്ങളും ടാർജറ്റ് ഗ്രൂപ്പുകളും!

കറൻസി നിരോധനം മൂലം പട്ടിണിയിലും പെടാപാടിലുമാണ് ഇന്ത്യയിലെ ഗ്രാമങ്ങൾ. പക്ഷേ, അതു സംബന്ധിച്ച വാർത്തകളൊന്നും ഒരു മാധ്യമത്തിലും വരില്ല. അതങ്ങനെയാണ്! പരുത്തി കര്‍ഷകര്‍ ആത്‍മഹത്യ ചെയ്യുന്നു (ഇതൊരു വലിയ വാർത്തയല്ല..) പരുത്തി വസ്ത്രങ്ങൾ ധരിച്ചു ഫാഷന്‍ ഷോയില്‍ വരുന്നവരെപ്പറ്റിയും അതു ഡിസൈൻ ചെയ്തവരെപ്പറ്റിയും നെടുങ്കൻ ഫീച്ചറുകൾ ചെയ്യാൻ ആളുണ്ടാകും. (അതാണല്ലോ പ്രധാന വാര്‍ത്ത..)

ദേശീയ മാധ്യമങ്ങളും ടാർജറ്റ് ഗ്രൂപ്പുകളും!

പരിചയപ്പെടാം ദേശീയ മാധ്യമങ്ങളുടെ 'ടാർജറ്റ് ഗ്രൂപ്പുകളെ ( TG ഗ്രൂപ്പ്സ് )...

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്, ഝത്തീസ്ഗഡിലെ ഒരു കൽക്കരി ഖനിയിൽ നാല്‍പതോളം പേർ അപകടത്തിൽ മരിച്ചത്. ദേശീയ മാധ്യമങ്ങളിൽ പലതിലും ഒരു കോളം വാർത്തയായ സംഭവം.  തുർക്കിയിലെ നിശാ ക്ലബിൽ പുതുവത്സര ദിനത്തിൽ നടന്ന ഭീകരരുടെ വെടിവയ്പ്പിലും കൊല്ലപ്പെട്ടത് നാല്പതോളം പേർ. എല്ലാ ദേശീയ പത്രങ്ങളും ചാനലുകളും എണ്ണമറ്റ സ്റ്റോറികൾ നൽകി. ലീഡ് സ്റ്റോറി കൂടാതെ സബ് സ്റ്റോറികളും ഫസ്റ്റ് പേഴ്സൺ അക്കൗണ്ട് അങ്ങനെ പലതും  വാര്‍ത്ത വിദേശീയമാണ്-

ടാർജറ്റ് ഗ്രൂപ്പ്സ്!ട്രെയിൻ പാളം തെറ്റി അഞ്ചു പേർ മരിച്ചാൽ ഉൾപേജിൽ രണ്ട് കോളം.  ജെറ്റ് ഐർവേസ്‌ ഗോവയിൽ വച്ചു റൺവെയിൽ നിന്നും മാറി ഓടിയെങ്കിലും ജീവാപായമില്ലാതെ വലിയ അപകടം ഒഴിവായി.  ഫ്രന്റ് പേജ് സെക്കൻഡ് ലീഡ് സ്റ്റോറിയാകാനുള്ള സ്കോപ് അതിലുണ്ട്. പിന്നെ അതുമായി ചേർന്നുള്ള DGCA അന്വേഷണം പൊടിപ്പും തൊങ്ങലുകളും, വിവിധയിനം വേറെ റിപ്പോർട്ടുകൾ-
ടാർജറ്റ് ഗ്രൂപ്പ്സ്!


കറൻസി നിരോധനം മൂലം ഇന്ത്യയിലെ ഗ്രാമങ്ങൾ പട്ടിണിയിലും പെടാപാടിലുമാണ്. പക്ഷേ, എവിടെയും വാർത്തയില്ല.  അതങ്ങനെയാണ്! പരുത്തി കര്‍ഷകരുടെ ആത്‍മഹത്യ ഇന്ത്യയിൽ ഇന്നൊരു വാർത്തയേ അല്ല. പക്ഷേ, പരുത്തി നൂലുകൊണ്ടുണ്ടാക്കുന്ന  വസ്ത്രങ്ങൾ ധരിച്ചു ഫാഷന്‍ ഷോയില്‍ വരുന്നവരെ പറ്റിയും ഡിസൈൻ ചെയ്തവരെപ്പറ്റിയും വലിയ ഫീച്ചറുകൾ എഴുതാനും പ്രസിദ്ധീകരിക്കാനും ആളുണ്ട്. അതാണ് പ്രധാന വാര്‍ത്ത.താരങ്ങൾ ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും വാർത്തയാണ്.  ഗ്ലാമർ താരത്തിന്റെ ഓരോ ഇനം ചിരിയും വാർത്തയാണ്. ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ ബ്രാന്‍ഡും സ്വാഭാവികമായും വാർത്തയാണ്. പൈങ്കിളിയൊലിക്കുന്ന ഭാഷയിൽ ഇതെല്ലാം  എഴുതി കൂട്ടി ഒരു ആര്‍ട്ടിക്കിള്‍ ഒപ്പിച്ചാലും എഡിറ്റർക്കു തൃപ്തി വരില്ല. കുറച്ചു കൂടി ഡീറ്റയില്‍സ് കിട്ടിയാൽ നാലു പേജ് സപ്ലിമെന്റ് തന്നെ കൊടുക്കാമായിരുന്നുവെന്ന ദീർഘനിശ്വാസത്തിനു കാരണവും മറ്റൊന്നല്ല -
ടാർജറ്റ് ഗ്രൂപ്പ്സ്!


ആരാണീ ടാർജറ്റ്ഡ് വായനക്കാർ, അല്ലെങ്കിൽ ടെലിവിഷൻസ് ന്യൂസ് കേൾക്കുന്നവർ?

സ്റ്റാർ ടി വി നെറ്റ് വർക്ക്സ് ഇന്ത്യയുടെ സിഇഒ ആയിരുന്ന പീറ്റർ മുഖർജി 9x മീഡിയ നെറ്റ്‌വര്‍ക്ക് തുടങ്ങിയപ്പോൾ ഈയുള്ളവൻ ആയിരുന്നു അവരുടെ ന്യൂസ് ചാനലിൽ ഡെപ്യൂട്ടി എഡിറ്റർ.  ആരാണ്  ടാർജറ്റ്ഡ് ഓഡിയന്‍സ് എന്ന് എന്നോട് വിവരിച്ചത് പീറ്ററാണ്..

"ഒരു ലക്ഷം രൂപയെങ്കിലും മാസശമ്പളമായി ലഭിക്കുന്നവരോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ തത്തുല്യമോ അതിലധികമോ വരുമാനം ഉള്ളവര്‍ മാത്രം ഈ ചാനല്‍ കണ്ടാല്‍ മതി. മിഡില് ക്ലാസ് അല്ല. അപ്പർ മിഡില് ക്ലാസ് അല്ലെങ്കില്‍ അതിനു മുകളിൽ ഉള്ളവര്‍ ആയിരിക്കും ഇതിന്‍റെ പ്രേക്ഷകര്‍. ടു വീലർ പരസ്യങ്ങള്‍ നമുക്ക് ആവശ്യമില്ല, ചെറിയ കാറുകളുടെ പരസ്യം പോലും വേണ്ട." ഇതായിരുന്നു പീറ്റർ മുഖർജിയുടെ നയം.ഇനിയുമുണ്ട്, ഗ്രാമങ്ങളില്‍ പോയി ഒന്നും റിപ്പോർട്ട് ചെയ്യണ്ട, ഭംഗിയില്ലാത്ത മുഖങ്ങൾ ഒരിക്കലും ടി വി സ്‌ക്രീനിൽ വരാതെ ശ്രദ്ധിക്കണം. കരയുന്ന മുഖങ്ങൾ ഒരിക്കലും സ്ക്രീനില്‍ ഉണ്ടാകരുത്. അങ്ങനെ പോകുന്നു ടാർജറ്റ് ഓഡിയൻസിന്റെ മാനദണ്ഡങ്ങൾ. എങ്ങാനും മാവോയിസ്റ്റ് സ്റ്റോറികൾ ചെയ്‌താല്‍  സര്‍ക്കാരിന്റെ പക്ഷം ചേര്‍ന്നുള്ള വാര്‍ത്തകള്‍ ആയിരിക്കണം ഉണ്ടാകേണ്ടത്. സർക്കാർ വിമർശനം ഒരിക്കലും സ്ക്രിപ്റ്റിൽ വരാന്‍ അനുവദിക്കരുത്-
ടാർജറ്റ്
ഗ്രൂപ്പ്സ്!

ഒരിക്കൽ NDTV യുടെ ഒരു നോൺ എഡിറ്റോറിയൽ ചടങ്ങില്‍ വച്ച് മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൽ കലാം എല്ലാ പത്ര മുതലാളിമാരോടും ചോദിച്ചു: "നിങ്ങൾ എന്ത് കൊണ്ടാണ് ഇന്ത്യയുടെ ഗ്രാമങ്ങൾ റിപ്പോർട്ട് ചെയ്യാത്തത്?" അവര്‍ നല്‍കിയ മറുപടി വളരെ സിമ്പിള്‍ ആയിരുന്നു- 'ഗ്രാമങ്ങളിൽ ആരും വാർത്തകൾ കാണാറില്ല' പക്ഷെ സത്യം തുറന്നു പറയാന്‍ അവര്‍ക്ക് മടിയായിരുന്നു TRP (റേറ്റിംഗ്) അതാണ് പ്രശ്നം!

ഇത്തരം വാര്‍ത്തകള്‍ക്ക് കാഴ്ചക്കാർ കുറവായിരിക്കും. കൽക്കരി ഖനി തൊഴിലാളികളില്‍ നാൽപതു പേർ മരിച്ചതിന്റെ കാര്യമറിയാന്‍ ആര്‍ക്കാണ് താല്‍പര്യം? പക്ഷെ നിശാ ക്ലബ് വാര്‍ത്തയില്‍ അങ്ങനെയല്ല, ആവശ്യത്തിനും അനാവശ്യത്തിനും മസാലയുണ്ട്. സാധാരണക്കാരന്‍ ഇരുന്നും നിന്നും യാത്രകള്‍ ചെയ്തും വാര്‍ത്തകള്‍ അറിയുന്നു, അന്തസുള്ളവര്‍ ചാനൽ വാര്‍ത്തകള്‍ കാണുന്നു !

എ ക്ലാസ് വിമാനം റൺവേ തെറ്റിയാൽ ക്ലാസ് ജീവിതം ജീവിക്കുന്നവർക്ക് കാരണം അറിയണം. അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് വ്യോമഗതാഗതം. ട്രെയിൻ സാധാരണക്കാരന്‍റെ ഗതാഗതമാര്‍ഗ്ഗമാണ്. അവറ്റ ജീവിച്ചാലും മരിച്ചാലും ആർക്കെന്തു കാര്യം?മലയാളിയുടെ പരമ്പരാഗത പത്ര വായനയെക്കുറിച്ച് ഒരു സങ്കൽപമുണ്ട്. ഒരു ചെറിയ ചായക്കട. അവിടെ ചായ കുടിച്ചു പത്രം വായിച്ചു രാവിലെ സൊറ പറയാനെത്തുന്നവർ. അവരൊന്നും ഒരു കാരണവശാലും സെഡാൻ കാറോ, മെഴ്‌സിഡസോ വാങ്ങാൻ പോകുന്നില്ല. അവരെ ലക്ഷ്യമിട്ട് പത്രവ്യവസായം നടത്തിയാൽ ആർക്കെന്തു നേട്ടം?

നോട്ട് നിരോധനം മൂലമുണ്ടായ ദുരിതം എത്ര പേരുടെ ജീവനെടുത്തുവെന്ന് ഭരണാധികാരികളുടെ പക്കൽ ഒരു കണക്കും ഉണ്ടാകില്ല എന്ന് ഈയുള്ളവന് ഉറപ്പുണ്ട്. പറയാൻ കാരണമിതാണ്, ഓരോ പത്തു വർഷവും കൂടുമ്പോഴും നടക്കുന്ന ഒരു അനുഷ്ഠാനമുണ്ട്.  ദേശീയ സർവ്വേ! അതിൽ പോലും പത്തും പതിനഞ്ചും ശതമാനം ഉൾപെട്ടിട്ടില്ല. പിന്നെ എന്ത് മരണത്തിന്‍റെ കണക്കെടുപ്പ്?

ചോദ്യവും ഉത്തരവും ഇക്കാര്യത്തിലും വളരെ സിമ്പിളാണ്- ഭാരതത്തിന്റെ നിയന്ത്രണം ഒരു ടാർജറ്റ് ഗ്രൂപ്പിന്റെ പക്കലാണ്. അവരുടെ ഇഷ്ടവും താൽപര്യവും മാത്രമേ പ്രസിദ്ധീകരിക്കപ്പെടൂ...