ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നെന്ന് ഉപസമിതി റിപ്പോര്‍ട്ട്; നടപടി സിന്‍ഡിക്കേറ്റ് തീരുമാനിക്കും

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മാനേജ്‌മെന്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ലോ അക്കാദമിക്കെതിരായ നടപടികള്‍ തീരുമാനിക്കാന്‍ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിനു വിട്ടു. നേരത്തെ, വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്നു ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ബോധ്യപ്പെട്ടിരുന്നു.

ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നെന്ന് ഉപസമിതി റിപ്പോര്‍ട്ട്; നടപടി സിന്‍ഡിക്കേറ്റ് തീരുമാനിക്കും

തിരുവനന്തപുരം ലോ അക്കാദമിയില്‍ നടന്നത് ഗുരുതര ചട്ടലംഘനങ്ങളെന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്കും ഹാജറും
നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മാനേജ്‌മെന്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തില്‍ ലോ അക്കാദമിക്കെതിരായ നടപടികള്‍ തീരുമാനിക്കാന്‍ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിനു വിട്ടു. നാളെ ചേരുന്ന നാളെ സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്‍ട്ട് പരിശോധിച്ച് വിഷയത്തില്‍ എന്തു നടപടി വേണമെന്നു തീരുമാനിക്കും. നേരത്തെ, വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്നു ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ബോധ്യപ്പെട്ടിരുന്നു. മൂന്നുദിവസം നടത്തിയ തെളിവെടുപ്പിനെ തുടര്‍ന്നാണ് മാനേജ്‌മെന്റിനെതിരായ നിലപാടിലേക്ക് ഉപസമിതി എത്തിയത്. എന്നാല്‍ എന്തു നടപടി വേണമെന്ന കാര്യത്തില്‍ ഒരു നിര്‍ദേശവും സമിതി മുന്നോട്ടുവച്ചിട്ടില്ല.


ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള സമീപനം ശരിയായിരുന്നില്ലെന്നും ഉപസമിതി കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഏറെയും സത്യസന്ധമാണെന്നും സമിതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യക്തിവിധ്വേഷം തീര്‍ക്കുന്ന രീതിയില്‍ ഇന്റേണല്‍ മാര്‍ക്കും ഹാജറും വെട്ടിക്കുറച്ച് തോല്‍പ്പിക്കുന്നു എന്നതായിരുന്നു പ്രധാന പരാതി.

കൂടാതെ ജാതിപ്പേര് വിളിച്ച് ആക്ഷേപം, അസഭ്യം പറയല്‍, വീട്ടുകാരെ വിളിച്ചു ഭീഷണിപ്പെടുത്തല്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ബാത്ത്‌റൂമിനു സമീപത്തും സ്വകാര്യതയെ ഹനിക്കുന്നവിധം ക്യാമറകള്‍ സ്ഥാപിക്കല്‍, ക്യാംപസ് കോംപൗണ്ടിനകത്തുള്ള പ്രിന്‍സിപ്പലിന്റെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് പണിയെടുപ്പിക്കല്‍ തുടങ്ങിയ പരാതികളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.

ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്നും കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 17 ദിവസം പിന്നിട്ടു. ഇതിനിടെ, ഇന്റേണല്‍ മാര്‍ക്ക് സിസ്റ്റത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു പരിശോധിക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചു. ഇന്റേണല്‍ മാര്‍ക്കില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകര്‍ വ്യാപകമായി ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിഷ്‌കാര തീരുമാനം.

മൂന്നുദിവസം മുമ്പാണ് ലോ അക്കാദമിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പിനെത്തിയത്. നൂറിലധികം വിദ്യാര്‍ത്ഥികളാണ് വിവിധ പരാതികളുമായി ഉപസമിതിയെ സമീപിച്ചത്. നിരവധി പേര്‍ രേഖാമൂലം പരാതി സമര്‍പ്പിക്കുകയും െചയ്തിരുന്നു. സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. 23ന് രാവിലെ 11ഓടെയാണ് കോളേജിലെത്തിയത്.

അതേസമയം, ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ പരാതി സംബന്ധിച്ച് പൊലീസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

Read More >>