പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ മരണം; സഹപാഠികള്‍ക്കു പറയാനുള്ളത്

ജിഷ്ണുവിന്റെ മരണത്തിനു കാരണമായ സംഭവത്തെക്കുറിച്ച് സഹപാഠികള്‍ നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ മരണം; സഹപാഠികള്‍ക്കു പറയാനുള്ളത്

തൃശൂര്‍: നെഹ്രു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനു പിന്നില്‍ കോളേജ് അധികൃതരെന്നു വിദ്യാര്‍ത്ഥികള്‍. പരീഷാ ഹാളില്‍ ഒന്നു തിരിഞ്ഞു നോക്കിയെന്നതുമാത്രമാണ് ജിഷ്ണു ചെയ്തത്. ജിഷ്ണുവിന്റെ മരണത്തിനു കാരണമായ സംഭവത്തെക്കുറിച്ച് സഹപാഠികള്‍ നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

ഒരുപാട് ആഗ്രഹങ്ങളുള്ളൊരു മനുഷ്യനായിരുന്നു അവന്‍. അന്നു പരീക്ഷാ ഹാളില്‍ ഞാനുമുണ്ടായിരുന്നു. അടുത്ത ബെഞ്ചിലിരുന്നു പരീക്ഷയെഴുതുന്ന സുഹൃത്തിന്റെ പേപ്പറിലേക്ക് ജസ്റ്റൊന്നു തിരിഞ്ഞു നോക്കിയതായിരുന്നു അവന്‍. ഇന്‍വിജിലേറ്റര്‍ പി.ടി. പ്രവീണ്‍ കുമാര്‍ രണ്ടുപേരെയും എണീപ്പിച്ചു നിര്‍ത്തി. പരീക്ഷയ്ക്ക് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കാറുള്ളതല്ലേ. സാര്‍ രണ്ടു പേരുടേയും പേപ്പര്‍ ചെക്ക് ചെയ്തു. എല്ലാവര്‍ക്കും ഒരു വിഷയമല്ലേ. ഇക്വേഷനൊക്കെ ഒരുപോലെ തന്നെയല്ലേ എല്ലാവരും എഴുതുന്നത്. ഒരുപോലുള്ള ഇക്വേഷനുകള്‍ കണ്ടെന്നു പറഞ്ഞ് അഡീഷണൽ ഷീറ്റുകള്‍ കട്ടുചെയ്യണമെന്നു സാര്‍ പറഞ്ഞു.

ഞാനൊന്നും ചെയ്തില്ല സാറേന്ന് അവന്‍ ആവുന്നതും പറഞ്ഞതാണ്. സാര്‍ എക്‌സാം സെല്ലില്‍ അറിയിച്ചതിനെ തുടര്‍ന്നാണു പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും പി.ആര്‍ഒയും എക്‌സാം സെല്ലിലെ ബിബിന്‍ സാറും എബി സാറും വന്നത്. അവര്‍ ജിഷ്ണുവിനെയും കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയേയും പരിഹസിച്ചു. നിങ്ങളെ ഡീബാര്‍ ചെയ്യുമെന്നും വീട്ടില്‍ നിന്നു മാതാപിതാക്കളെ വിളിപ്പിക്കുമെന്നും പറഞ്ഞു. അവിടെ വച്ചുതന്നെ ഉത്തരങ്ങള്‍ നിര്‍ബന്ധപൂര്‍വം വെട്ടിപ്പിച്ചു. ഉത്തരങ്ങളെല്ലാം താന്‍ നോക്കിയെഴുതിയതായിരുന്നുവെന്നും അതുകൊണ്ട് താന്‍ സ്വന്തം ഇഷ്ടപ്രകാരം വെട്ടിക്കളഞ്ഞതാണെന്നും അവരെക്കൊണ്ടു തന്നെ എഴുതി വാങ്ങിപ്പിച്ചു. രണ്ടുപേരോടും ഓഫീസിലേക്കു ചെല്ലാന്‍ പറഞ്ഞതിനു ശേഷമാണ് പ്രിന്‍സിപ്പലും പി.ആര്‍.ഒയും അടങ്ങുന്നവര്‍ പരീക്ഷാ ഹാള്‍ വിട്ടുപോയത്.

Image result for nehru college of engineering and research centre

വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കാണ് ജിഷ്ണുവിനെ അവര്‍ കൊണ്ടുപോയത്. അവിടെ കയറി മുറിയടിച്ചു ഹരാസ് ചെയ്തു. അവന്‍ കരഞ്ഞുകൊണ്ടാണ് ഹോസ്റ്റലിലേക്കു മടങ്ങി വന്നത്. അവരെന്നെ ഡീബാര്‍ ചെയ്തുവെന്നു ഞങ്ങളോടു കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. ഇനി മൂന്നു വര്‍ഷത്തേക്കു പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും അവന്‍ പറഞ്ഞു. ഞങ്ങളൊക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ കരഞ്ഞുകൊണ്ടിരുന്നു. ഞാനൊന്നു കുളിച്ചിട്ടു വരാമെന്നു പറഞ്ഞു അവന്‍ കുളിമുറിയിലേക്കു കയറി.

ഞങ്ങള്‍ ഹോസ്റ്റലിലെ റോള്‍ കോളിനും പോയി (കോളേജ് ഹോസ്റ്റലിലെ അറ്റന്‍ഡന്‍സ്). എപ്പോഴും ആത്മവിശ്വാസത്തോടെ പെരുമാറുന്ന അവന്‍ ഇങ്ങനെ ചെയ്യുമെന്നു ഞങ്ങള് കരുതിയതേയില്ല. റോള്‍കോളിനു വരാത്തപ്പോള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് അവനെ തൂങ്ങി നില്‍ക്കുന്ന രീതിയില്‍ കണ്ടത്.

ആശുപത്രിയില്‍ കൊണ്ടുപോകാനും ആരുമുണ്ടായിരുന്നില്ല. നെഹ്‌റു കോളേജിന്റെ ഹോസ്റ്റലില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചിട്ട്, അതും ആത്മഹത്യ ചെയ്തിട്ടു കോളേജിന്റെ ഉത്തരവാദിത്വപ്പെട്ടവരാരും ആശുപത്രിയിലേക്കു വന്നിട്ടില്ല. ഇന്നലെ രാത്രി വിദ്യാര്‍ത്ഥികളല്ലാതെ വേറാരും ഉണ്ടായിരുന്നില്ല. രാത്രി ഒരുമണിയോടെയാണു ബന്ധുക്കള്‍ വന്നത്. അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിട്ടു കൂടി മൃതദേഹം ആ കോളേജില്‍ പൊതുദര്‍ശനത്തിനും വച്ചില്ല. ആരൊക്കെ അവന്റെ മരണത്തിനുത്തരവാദിയായിട്ടുണ്ടോ അവരൊക്കെ വെളിച്ചത്തുവരണം.

പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്റര്‍ പി.ടി. പ്രവീണ്‍ കുമാര്‍


എന്താണു സംഭവിച്ചത്?


ഞാന്‍ എക്സാംഹാളില്‍ നില്‍ക്കുമ്പോള്‍ ഈ കുട്ടി (ജിഷ്ണു) മറ്റൊരു കുട്ടിയുടെ നോക്കി കോപ്പി അടിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നു രണ്ടു പ്രാവശ്യം വാണ്‍ ചെയ്തിട്ടുണ്ടായിരുന്നു. വീണ്ടും റീപ്പീറ്റ് ചെയ്തപ്പോ ഞാന്‍ പേപ്പറെടുത്തു നോക്കിയപ്പോ രണ്ടുപേരും എഴുതിയതു സെയിമായിരുന്നു. ആ സമയത്ത് എക്സാം സെല്ലില്‍ നിന്നു രണ്ടു സ്റ്റാഫ് വന്ന് അവരെ കൂട്ടീട്ടു പോയി. അതിനുശേഷം എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല.

ആത്മഹത്യക്കു ശ്രമിച്ച ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കുട്ടികള്‍ ആദ്യം വിളിച്ചതു താങ്കളെയാണെന്നും സ്വന്തമായി വാഹനം ഉണ്ടായിരുന്നിട്ടും താങ്കള്‍ അതിനു മുതിര്‍ന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു, എന്തായിരുന്നു കാരണം ?

ഞാന്‍ താമസിക്കുന്നത് ഏറ്റവും മുകളിലത്തെ മുറിയിലാണ്. വണ്ടിയെടുക്കാന്‍ താഴേക്ക് എത്തിയപ്പോഴേയ്ക്കും മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതാണ് കണ്ടത്.

സാര്‍ കുട്ടികളുടെ ഒപ്പം ആശുപത്രിയില്‍ പോയിരുന്നുവൊ? സ്വന്തം വിദ്യാര്‍ത്ഥിയെ മരണാസന്നനായി ആശുപത്രിയിലേക്കു കൊണ്ടുപോയപ്പോള്‍ താങ്കളെന്താണ് കൂടെ പോവാത്തത്?


ഞാന്‍ പോയില്ല. ഞാന്‍ വന്നപ്പോ ഹോസ്റ്റല്‍ ജീവനക്കാരും മറ്റു വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ കൊണ്ടുപോയി. ഞാന്‍ അവരുടെ പുറകെ കുറച്ചുദൂരം പോയി. എന്റെ കൈ വിറച്ചതുകൊണ്ട് ഞാന്‍ തിരിച്ചുപോരുകയായിരുന്നു.

IMAGE
വിദ്യാര്‍ത്ഥികള്‍ പറയുന്നത് വിശ്വസിക്കരുത്: കോളേജ് പ്രിന്‍സിപ്പല്‍ എ.എസ്. വരദരാജന്‍


ജിഷ്ണുവിന്റെ കാര്യത്തില്‍ ഞങ്ങളൊന്നും ചെയ്തിട്ടില്ല. കേസുപോലും ബുക്ക് ചെയ്യാതെ, ഇനി ആവര്‍ത്തിക്കരുതെന്നു പറഞ്ഞു ഞങ്ങള്‍ അവനെ വിട്ടയക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ രേഖകള്‍ നോക്കിയാല്‍ അറിയാല്ലോ. കോളേജിനെക്കുറിച്ചും ഈ സംഭവത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ പറയുന്നതു വിശ്വസിക്കരുത്. അവര് ഇമോഷണലായി പറയുന്നതാണ്. അതു സത്യമല്ല. ഞാന്‍ പറയുന്നതാണ് സത്യം.

കോളേജ് പി.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു ഒരുപാടു ശത്രുക്കള്‍ കാണും അതാണ് അദ്ദേഹത്തിനെക്കുറിച്ചു മോശം പറയാന്‍ കാരണം. നിങ്ങള്‍ അതു വിശ്വസിക്കരുത്. ഞാന്‍ ഒരുപാട് അവാര്‍ഡുകള്‍ വാങ്ങിയൊരു അദ്ധ്യാപകനാണ്. എല്ലാ ക്ലാസിലും പോയി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാറുള്ള ആളാണ് ഞാന്‍.

Read More >>