ലിജിയുടെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജാതിപ്പേരു വിളിച്ച് അപമാനിച്ചതിനെതിരെ പോരാട്ടം നടത്തിയ ലിജി എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലിജിയുടെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരെ, ഞാന്‍ കൊടുത്ത പരാതിക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് എന്റെ വക്കീല്‍ പറഞ്ഞു തന്നതു ജോണ്‍സണ്‍ മനഃപൂര്‍വ്വം ജാതിവിളി ആക്ഷേപിച്ചതല്ലായെന്നാണ്. അയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതു കൊണ്ടാണ് അയാള്‍ എന്നെ തല്ലാന്‍ കയറി വന്നതും തെറി വിളിച്ചതും. കുളിക്കുമ്പോള്‍ ഒളിച്ചു നോക്കിയതും. അത് അയാളുടെ സ്വന്തം പറമ്പില്‍ എന്ത് ചെയ്യാനും അയാള്‍ക്കും അധികാരമുണ്ട്. അത് കൊണ്ടാണ് അയാള്‍ മുറ്റത്തു നിന്നു തുണിയില്ലാതെ കുളിക്കുന്നതും. അത് കൊണ്ട് ഞാന്‍ വേണമെങ്കില്‍ ഇത് ഒക്കെ സഹിച്ചു കിടന്നു കൊള്ളണം. ഇതാണോ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നീതി.


ഒരു കാലത്ത് എന്റെ പൂര്‍വ്വികര്‍ അനുഭവിച്ച അടിമത്തം ഇന്നും മാറിയിട്ടില്ല. ഇനിയും എന്റെ വരും തലമുറകള്‍ക്ക് ഇത് ബാധകമാണ് എന്നുള്ള മുന്നറിയിപ്പ് കൂടിയല്ലേ. ദളിതര്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്യം നേടിതന്ന എന്റെ പൂര്‍വ്വിക അപ്പൂപ്പന്‍ ശ്രീ അയ്യന്‍കാളിയോടുള്ള അവഗണനയും നിന്ദയും ബഹുമാനപ്പെട്ട ഹൈക്കോടതി തെളിയിച്ചിരിക്കുന്നത് കീഴ്ജാതിയെന്നും മേല്‍ജാതിയുടെ കാല്‍ചുവട്ടില്‍ കിടന്നാല്‍ മതിയെന്നും മേല്‍ജാതിയുടെ മേല്‍ ഒരു ദളിത്കുഞ്ഞ് പോലും ഉയര്‍ന്നു വരരുതെന്ന താക്കീതു കൂടിയാണ് ഇത്. ഇന്ന് എവിടെ നോക്കിയാലും ദളിത് പീഢനമാണ് (sic). നമ്മള്‍ ഒരു വെള്ളപേപ്പറില്‍ ഒരു പരാതി എഴുതിക്കൊടുത്താല്‍ ലക്ഷങ്ങള്‍ വാങ്ങി കേരള പോലീസ് ആ പരാതി കാറ്റില്‍ പറത്തും. അതിനുള്ള കഴിവ് മേലാളന്‍മാര്‍ക്കുണ്ട്. ആയതിനാല്‍ എന്റെ സഹോദരന്‍മാരെ ഈ അവഗണനയും നിന്ദയും സഹിച്ച് ദളിത് സ്ത്രീയായ ഞാന്‍ മുന്‍പോട്ടു ജീവിക്കാന്‍ താല്‍പര്യപ്പെടുന്നില്ല.

ഇന്ന് ഞാന്‍ അനുഭവിച്ചത് നാളെ എന്റെ കുഞ്ഞനുജനും കുഞ്ഞനജത്തിയോ ആകാം അവരോടും ഈ ലോകം ഇത് തന്നെ ആവര്‍ത്തിക്കും. അത് കാണാനുളള കരുത്ത് എനിക്കില്ല. എന്റെ അപ്പൂപ്പന്റെ ശ്രീ അയ്യന്‍കാളിയുടെ കൊച്ചുമകളായി പിറന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഒപ്പം ക്ഷമയും അങ്ങ് ജീവിച്ചിരുന്നപ്പോള്‍ ദളിതര്‍ക്ക് ജീവിക്കാന്‍ നേടിതന്ന സ്വാതന്ത്യം അങ്ങ് ഈ ലോകത്തോടു വിട പറഞ്ഞപ്പോള്‍ കൂടെ ഞങ്ങള്‍ക്കു കിട്ടിയ സ്വാതന്ത്യവും നഷ്ടപ്പെട്ടു. ഈ ലോകം എനിക്കു നല്‍കിയ അവഗണനയും നിന്ദനവും സഹിച്ച് ഞാന്‍ ഈ ലോകത്തോടു വിടപറയുന്നു.