ലോ അക്കാദമി: പരാതികള്‍ ശരിവയ്ക്കുന്ന ഉപസമിതി റിപ്പോര്‍ട്ട് സര്‍വ്വകലാശാല അംഗീകരിച്ചു; എന്തു നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല; ഗവര്‍ണര്‍ വിസിയോട് റിപ്പോര്‍ട്ട് തേടി

നടപടികളുടെ കാര്യത്തില്‍ സിന്‍ഡിക്കേറ്റില്‍ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നത്. ഗുരുതരമായ നിയമലംഘനം നടത്തിയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്താക്കണമെന്നും കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും യുഡിഎഫ്, സിപിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. എന്നാല്‍ അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പലിനെ ലോ അക്കാദമിയുടെ എല്ലാവിധ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നുള്ള നിര്‍ദേശമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ മുന്നോട്ടുവച്ചത്. എന്നാല്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലാത്തതിനാല്‍തന്നെ ഇക്കാര്യം സര്‍വ്വകലാശാലയ്ക്കു വഴങ്ങേണ്ടിവരും. അതേസമയം, പ്രിന്‍സിപ്പലിനും ലോ അക്കാദമി മാനേജ്‌മെന്റിനുമെതിരായി എന്തു നടപടിയുണ്ടാവുന്ന കാര്യത്തില്‍ തീരുമാനമായില്ല.

ലോ അക്കാദമി: പരാതികള്‍ ശരിവയ്ക്കുന്ന ഉപസമിതി റിപ്പോര്‍ട്ട് സര്‍വ്വകലാശാല അംഗീകരിച്ചു; എന്തു നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല; ഗവര്‍ണര്‍ വിസിയോട് റിപ്പോര്‍ട്ട് തേടി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളെ വിവിധ രീതിയില്‍ പീഡിപ്പിക്കുന്നുവെന്ന പരാതികള്‍ ശരിവച്ചുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് സര്‍വ്വകലാശാല ഐകകണ്‌ഠേന അംഗീകരിച്ചു. ലക്ഷ്മി നായര്‍ക്ക് താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ കാര്യത്തിലും പ്രത്യേക പരിഗണന നല്‍കിയെന്നു വ്യക്തമാക്കുന്ന ഉപസമിതി റിപ്പോര്‍ട്ടാണ് സിന്‍ഡിക്കേറ്റ് അംഗീകരിച്ചത്. മാത്രമല്ല, പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് സ്വജനപക്ഷപാതം കാട്ടിയെന്നും ഇതിനു തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നാരദാ ന്യൂസിനു ലഭിച്ചു.


എന്നാല്‍ നടപടികളുടെ കാര്യത്തില്‍ സിന്‍ഡിക്കേറ്റില്‍ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നത്. ഗുരുതരമായ നിയമലംഘനം നടത്തിയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്താക്കണമെന്നും കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല അടക്കമുള്ള യുഡിഎഫ്, സിപിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. എന്നാല്‍ അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പലിനെ ലോ അക്കാദമിയുടെ എല്ലാവിധ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നുള്ള നിര്‍ദേശമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ മുന്നോട്ടുവച്ചത്. രാജി തീരുമാനം സര്‍ക്കാരിനും മാനേജ്‌മെന്റിനും വിടണമെന്ന അഭിപ്രായവും ഉണ്ടായി. എന്നാല്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലാത്തതിനാല്‍തന്നെ ഇക്കാര്യം സര്‍വ്വകലാശാലയ്ക്കു വഴങ്ങേണ്ടിവരും.

എന്നാല്‍, പ്രിന്‍സിപ്പലിനും ലോ അക്കാദമി മാനേജ്‌മെന്റിനുമെതിരായി എന്തു നടപടിയുണ്ടാവുന്ന കാര്യത്തില്‍ തീരുമാനമായില്ല. അഫിലിയേഷന്‍ റദ്ദാക്കുന്നതു സംബന്ധിച്ചും തീരുമാനം ഉണ്ടായില്ല. പ്രിന്‍സിപ്പലിനെതിരെ ഉചിതമായ നടപടി വേണമെന്നു മാത്രമാണ് ഉപസമിതി കണ്‍വീനര്‍ അവതരിപ്പിച്ച പ്രമേയത്തിലെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ പ്രമേയം അല്‍പ്പസമയത്തിനകം വോട്ടിനിടും. അതേസമയം, പ്രിന്‍സിപ്പലിനെതിരെ എന്തുനടപടി വേണമെന്ന കാര്യം റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.കോളേജില്‍ നടന്ന മൂന്നുദിവസത്തെ തെളിവെടുപ്പിനു ശേഷം ഇന്നലെയാണ് ഉപസമിതി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗുരുതരമായ നിയമലംഘനാണ് ലോ പ്രിന്‍സിപ്പല്‍ നടത്തിയതെന്നും ഹാജര്‍ രേഖകളില്‍ കൈകടത്തിയും ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടൊപ്പം, മെറിറ്റ് സംവിധാനം അട്ടിമറിക്കപ്പെട്ടു. 50 ശതമാനം ഹാജറുള്ള വിദ്യാര്‍ഥിനിക്ക് ഇന്റേണലിനു 20ല്‍ 19 മാര്‍ക്ക് നല്‍കിയെന്നും മാര്‍ക്ക് നല്‍കിയ രീതി അസ്വാഭാവികമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉപസമിതി അംഗവും സിന്‍ഡിക്കേറ്റിലെ സിപിഐഎം മെംബറുമായ എഎ റഹീമിനെതിരെ എഎവൈഎഫ് രംഗത്തെത്തി. റഹീം ഉപസമിതി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചതായി അവര്‍ ആരോപിച്ചു. എന്നാല്‍ ഉപസമിതി റിപ്പോര്‍ട്ടില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും കലര്‍ത്തിയിട്ടില്ലെന്നും അക്കാദമിക താല്‍പര്യവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ ഉണ്ടാവുമെന്നും എഎ റഹീം വ്യക്തമാക്കി.

ഇതിനിടെ, തിരുവനന്തപുരം ലോ അക്കാദമി പ്രശ്‌നത്തില്‍ ഗവര്‍ണര്‍ പി സദാശിവം ഇടപെടുന്നു. വിഷയത്തില്‍ ഗവര്‍ണര്‍ സര്‍വ്വകലാശാല വിസിയോട് റിപ്പോര്‍ട്ട് തേടി. ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി.

Read More >>