അന്ധരേയും അംഗപരിമിതരേയും തെരുവിലാക്കി: മഹാരാജാസിലെ വിവാദ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല നിരാഹാരം

ഹോസ്റ്റലടിച്ച് അന്ധരേയും അംഗപരിമിതരേയും തെരുവിലിറക്കിയ മഹാരാജാസ് പ്രിന്‍സിപ്പലിനെതിരെ സംയുക്ത വിദ്യാര്‍ത്ഥി സമരം ആരംഭിച്ചു. സ്ത്രീവിരുദ്ധ പ്രസ്താവന ആവര്‍ത്തിച്ചതിലും വിദ്യാര്‍ത്ഥികളുടെ രോഷം ഉയരുന്നു.

അന്ധരേയും അംഗപരിമിതരേയും തെരുവിലാക്കി: മഹാരാജാസിലെ വിവാദ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല നിരാഹാരം

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാലം നിരാഹാരം ആരംഭിച്ചു. കോളേജ് ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിക്കുക, പ്രിന്‍സിപ്പല്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിക്കുക, വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച പ്രിന്‍സിപ്പലിനെ കോളേജില്‍ നിന്നു സ്ഥലം മാറ്റുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യം. എംസിആര്‍വി (മഹാരാജാസ് കോളേജ് രാമവര്‍മ മെന്‍സ്/ ലേഡീസ് ഹോസ്റ്റല്‍) കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംയുക്ത വിദ്യാര്‍ത്ഥി സമരം.
പ്രിന്‍സിപ്പലിനെ മാറ്റുന്നവരെ അനിശ്ചിതകാല സമരം നടത്തുമെന്ന് മഹാരാജാസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ചെയര്‍മാനുമായ അശ്വിന്‍ ദിനേശ് നാരദ ന്യൂസിനോടു പറഞ്ഞു. പഠന നിലവാരം ഉയര്‍ത്താനാണെന്ന രീതിയില്‍ പ്രിന്‍സിപ്പള്‍ കോളേജ് സ്വയംഭരണത്തിന്റെ കീഴിലാക്കിയത്. എന്നാല്‍ സ്വയഭരണ കോഴ്‌സുകളുടെ ആദ്യ റിസല്‍ട്ട് വന്നപ്പോള്‍ ഫിസിക്‌സിലും സംസ്‌കൃതത്തിലും വിജയശതമാനം പൂജ്യമാണ്. വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ പൂട്ടിയിട്ടിട്ടു മാസങ്ങളായി. ഹോസ്റ്റല്‍ തുറന്നു പ്രവര്‍ത്തിക്കാനും നടപടിയുണ്ടാകാണമെന്ന് അശ്വിന്‍ പറഞ്ഞു.

ഏതാനും ആഴ്ച മുന്‍പ് ഒരു ദിവസം രാവിലെ ഒരു പിജി ക്ലാസ് റൂമിനു പുറത്ത് ഡിഗ്രി വിദ്യാര്‍ത്ഥികള്‍ രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പൊതു അന്തരീക്ഷത്തിനു യോദിക്കാത്ത രീതിയില്‍ പെരുമാറുന്നതു കണ്ടപ്പോള്‍ പെണ്‍കുട്ടികളെ വിളിച്ച് അവരുടെ ക്ലാസിലെത്തിച്ച് ഉപദേശിക്കുകയും വഴക്കു പറയുകയും ചെയ്തു
- എന്നാണ് പ്രിന്‍സിപ്പള്‍ മനോരമയിലൂടെ സമൂഹത്തെ അറിയിച്ചത്.

പെണ്‍കുട്ടികളെ അപമാനിച്ച പ്രിന്‍സിപ്പള്‍ മാപ്പെഴുതി നല്‍കിയ സംഭവത്തെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശമായി ഇതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കോളേജില്‍ വെച്ച് അപമാനിച്ചതു കൂടാതെ വിദ്യാര്‍ത്ഥിനികളെ മനോരമയിലൂടെയും അപമാനിച്ചു. ആണ്‍കുട്ടികളുടെ ചൂടു പറ്റാനാണ് പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് എന്ന പ്രിന്‍സിപ്പളിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരളം പ്രതിഷേധിക്കുമ്പോഴാണ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥിനികളോട് ശത്രുതയോടെ പെരുമാറുന്നത്.

മഹാരാജാസ് കോളേജിലെ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി 10 കോടി രൂപ കഴിഞ്ഞ സെപ്തംബറില്‍ അനുവദിച്ചാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബീന നാരദ ന്യൂസിനോടു പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരം അനാവശ്യമാണ്. ഹോസ്റ്റല്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് നഷ്ടമാകും. കാലപ്പഴക്കമുള്ള കെട്ടിടത്തിന് പകരം പുതിയത് ഉണ്ടാക്കുകയാണ് വേണ്ടത്.
ആറുമാസമായി പ്രിന്‍സിപ്പല്‍ ഇതേകാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അറ്റകുറ്റപ്പണി നടത്തിയാല്‍ ഹോസ്റ്റല്‍ താമസയോഗ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് സാക്ഷ്യപ്പെടുത്തിയതാണ്. പ്രിന്‍സിപ്പലാണ് ഇതു തടസപ്പെടുത്തുന്നത്. കുറച്ചു പണം മുടക്കി ഹോസ്റ്റല്‍ അറ്റകുറ്റ പ്പണികള്‍ നടത്തി വിദ്യാര്ത്ഥികള്‍ക്ക് താമസയോഗ്യമാക്കുകയാണ് ചെയ്യേണ്ടത്. എന്നിട്ട് പുതിയ കെട്ടിടം അതിനടുത്തായി തന്നെ നിര്‍മിക്കാം. ഇപ്പോഴിരിക്കുന്ന കെട്ടിടം പൊളിച്ചു നീക്കിയതിന് ശേഷം മാത്രമെ പുതിയ കെട്ടിടം നിര്‍മിക്കു എന്ന വാശി വിദ്യര്‍ത്ഥികളെ കഷ്ടപ്പെടുത്താനാണ്. പോസ്റ്റ് മെട്രിക് ഹോസ്റ്റലടക്കമുള്ള ഹോസ്റ്റലുകള്‍ ഇത്തരത്തില്‍ പണി തീര്‍ത്തതാണ്.

സ്വയഭരണം മോശം സംവിധാനമാണെന്ന് തനിക്കു ഇതുവരെ തോന്നിയിട്ടില്ല. പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടമില്ലാത്തവരാണ് സ്വയംഭരണത്തെ എതിര്‍ക്കുന്നത്. എകെജിസിടിയിലെ 90 ശതമാനം അധ്യാപകരും വിദ്യാര്‍ത്ഥികളുടെ നിലപാടിനോട് യോജിക്കുന്നില്ല. ബാക്കിയുള്ളവരാണ് ഈ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ബീന പറഞ്ഞു.

മഹാരാജാസിനെ സ്വയംഭരണത്തിലൂടെ ചില കേന്ദ്രങ്ങളുടെ കീഴിലാക്കുക എന്ന മുസ്ലിം ലീഗിന്റെ ലക്ഷ്യമാണ് പ്രിന്‍സിപ്പള്‍ നടപ്പാക്കിയതെന്നാണ് ആരേപണം. സ്വയം ഭരണത്തിലൂടെ കോട്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനയും ചൂണ്ടിക്കാട്ടുന്നു. അധ്്യാപികമാര്‍ക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ചെന്നും പുരുഷ അധ്യാപകരുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും ഏകെജിസിടി സംസ്ഥാന കമറ്റിയുടെ പരാതിയിലുണ്ട്.

[caption id="attachment_75997" align="alignleft" width="342"] മഹാരാജാസ് മെൻസ് ഹോസ്റ്റല്‍[/caption]

നിരന്തരമായി തുടരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളോടുള്ള വിദ്യാര്‍ത്ഥി പക്ഷത്തിന്റെ അമര്‍ഷമാണ് കസേര കത്തിക്കല്‍ വരെ എത്തി നില്‍ക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ അന്ധ വിദ്യാര്‍ത്ഥികളും അംഗ പരിമിതരുമടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ അന്യായമായും അകാരണമായും പ്രിന്‍സിപ്പള്‍ ഹോസ്റ്റല്‍ അടച്ച് പൂട്ടിയിരിക്കുന്നതിനെ തുടര്‍ന്ന് തെരുവിലാണ്. നിരവധിപേര്‍ പൂട്ടിക്കിടക്കുന്ന ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ഇതു ഗതികേടുകൊണ്ടാണ്. ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കു ഹോസ്റ്റല്‍ അനുവദിച്ചിട്ടില്ല. ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ നിന്നു പഠനത്തിനെത്തിയ ദളിത്- ആദിവാസി വിദ്യാര്‍ത്ഥികല്‍ ഹോസ്റ്റലും ഗ്രാന്റും ലഭിക്കാത്തതില്‍ പഠനം നിര്‍ത്തിപ്പോകുന്നുണ്ടെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് കോളേജില്‍ വരുന്നതെന്ന വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചിരുന്നു. ഇതു വിവാദമായതോടെ എസ്.എഫ്.ഐ മൂന്നു പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു സുരേഷ്, അഫ്രീദി, പ്രജിത് കെ. ബാബു എന്നിവരെയാണ് പുറത്താക്കിയത്. സംസ്ഥാന കമ്മറ്റിയാണ് നടപടിയെടുത്തത്.മബഹാരാജാസിലെ സമരത്തിന്റെ അന്തസത്തയെ പൊതു സമൂഹത്തിലെ ചിലര്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാനിടയാക്കും വിധമാണ് കസേര കത്തിച്ച സംഭവമെന്നും അത്തരം അക്രമങ്ങള്‍ക്ക് എസ്എഫ്‌ഐ എതിരാണെന്ന സന്ദേശം നല്‍കുന്നതാനാണ് നടപടിയെടുത്തതെന്നും മഹാരാജിസിലെ സമരം തടരുമെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജുനൈദ് പറഞ്ഞു. എഐഎസ്എഫും സമരത്തിനു തയ്യാറെടുക്കുകയാണ്.

Read More >>