ചിറ്റിലപ്പിള്ളി ഐഇഎസ് കോളേജ്: ആണും പെണ്ണും ഒന്നിച്ച് ഡാന്‍സ് ചെയ്യുന്നതിന് വിലക്ക്; എതിര്‍ക്കുന്നവരെ പിടിക്കാന്‍ പൊലീസും ഗുണ്ടകളും

തൃശ്ശൂരിലെ ചിറ്റിലപ്പിള്ളി ഐഇഎസ് സ്വാശ്രയ കോളേജിലെ അടിമ ജീവിതം മടുത്ത് വിദ്യാര്‍ത്ഥികള്‍. ലിംഗനീതിക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും നിരക്കാത്ത കാര്യങ്ങളാണ് കോളേജിലേതെന്ന് വ്യക്തം. സദാചാരഗുണ്ടായിസമാണ് മുക്കിലും മൂലയിലും- വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍.

ചിറ്റിലപ്പിള്ളി ഐഇഎസ് കോളേജ്:  ആണും പെണ്ണും ഒന്നിച്ച് ഡാന്‍സ് ചെയ്യുന്നതിന് വിലക്ക്; എതിര്‍ക്കുന്നവരെ പിടിക്കാന്‍ പൊലീസും ഗുണ്ടകളും

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു ഡാന്‍സ് കളിച്ചു എന്ന പേരില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത സ്വാശ്രയ കോളേജ് കേരളത്തിന്റെ സംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ്- ചിറ്റിലപ്പിള്ളിയിലെ ഐഇഎസ് എന്‍ജിനീയിറിങ് കോളേജ്. പഴയ മാനേജ്‌മെന്റിനു പകരം പുതിയ മാനേജ്‌മെന്റ് അധികാരത്തില്‍ എത്തിയതോടെയാണ് കോളേജില്‍ സദാചാരം ഒരു പാഠ്യവിഷയമായി മാറിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ പ്രിന്‍സിപ്പാളിന് ഹാലിളകും.


2014 ല്‍ ജയരാമന്‍ എന്ന പ്രിന്‍സിപ്പാൾ സ്ഥാനം ഏറ്റെടുത്തതോടെയാണ് കോളേജ് ഒരു കച്ചവടസ്ഥാപനമായി തരം താണതെന്ന് മുന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പറയുന്നു.

മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത അധ്യാപകരെ പീഢിപ്പിക്കുന്നത് പതിവായി. ഇതിനെ എതിര്‍ത്ത നാല് അധ്യാപകരെ അകാരണമായി പുറത്താക്കി. തുടര്‍ന്ന് അധ്യാപക സംഘടന സമരം ആരംഭിച്ചു. രാഷ്ട്രീയ നേതൃത്വം ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെങ്കിലും നടന്നില്ല. മാനേജ്മെന്റ് സ്വാധീനം ഉപയോഗിച്ചു എല്ലാത്തിനെയും അട്ടിമറിച്ചു.

പിന്നീട് 109 ദിവസത്തോളം നീണ്ടു നിന്ന സമരം. ഞങ്ങള്‍ക്കു പഠിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രിന്‍സിപ്പാളിനെ കാണാന്‍ ചെന്ന ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ്ജ് കൊണ്ടാണ് പോലീസ് നേരിട്ടത്. കോളേജ് മുഴുവന്‍ പോലീസ് അഴിഞ്ഞാടി. കോളേജ് ചെയര്‍മാന്‍ അടക്കം 18 പേരേ മാനേജരുടെ നിര്‍ദ്ദേശപ്രകാരം ജയിലില്‍ അടച്ചു. സമരത്തില്‍ പങ്കെടുത്ത 28 പേരേ കോളേജില്‍ നിന്നും പുറത്താക്കി. അങ്ങനെ പഠിക്കാന്‍ വേണ്ടി നടത്തിയ പ്രതിഷേധസമരത്തെ മാനേജ്മെന്റ് അവരുടെ സ്വാധീനം ഉപയോഗിച്ച് അടിച്ചമര്‍ത്തി.

സമരത്തില്‍ പങ്കെടുത്ത 90 ശതമാനം അധ്യാപകരെയും പുറത്താക്കി. പുതിയ ആളുകളെ നിയമിച്ചു. അതോടു കൂടി മാനേജ്മെന്റിന്റെ ശത്രുക്കള്‍ വിദ്യാര്‍ത്ഥികളായി മാറി. പ്രതികരിക്കാന്‍ ശേഷിയുള്ള വിദ്യാര്‍ത്ഥികളെ അകാരണമായി സസ്പെന്‍ഡ് ചെയ്തും പോലീസ് കേസുകളില്‍പ്പെടുത്തിയും മാനേജ്മെന്റ് പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.


2016 ല്‍ പ്രദീപന്‍ എന്ന പുതിയ പ്രിന്‍സിപ്പള്‍ ചാര്‍ജെടുത്തുവെങ്കിലും വലിയ മാറ്റം ഉണ്ടായില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കുന്നതു പോലും വലിയ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

കോളേജ് യൂണിയന്‍ ഉദ്ഘാടത്തിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു ഡാന്‍സ് കളിച്ചു എന്ന കാരണം പറഞ്ഞാണ് എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയായ തന്നെ കോളേജില്‍ നിന്ന് 10 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതെന്ന് അന്നത്തെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അജീഷ് എം നാരദാ ന്യൂസിനോട് പ്രതികരിച്ചു.

സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് സ്‌ക്രീനിങ് വേണമെന്ന് പ്രിന്‍സിപ്പള്‍ വാശി പിടിക്കുകയായിരുന്നു. ഫെബ്രുവരി 2016 ലായിരുന്നു സംഭവം. ആണ്‍കുട്ടിയുടെ കൂടെ ഡാന്‍സ് കളിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്‍മാറി. ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നാണ് പ്രിന്‍സിപ്പള്‍ ഞങ്ങളോട് പറഞ്ഞതെന്നും അജീഷ് നാരദാ ന്യൂസിനോടു പറഞ്ഞു. വേറേ ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി ഞങ്ങള്‍ പരിപാടി അവതരിപ്പിച്ചുവെങ്കിലും എനിക്കെതിരെ നടപടി വന്നു. ഞാന്‍ കോളേജില്‍ നിന്നു പുറത്തായി- അജീഷ് പറയുന്നു.

മാനേജ്മെന്റിന്റെ കല്പ്പനകള്‍ അനുസരിക്കുന്ന , അവര്‍ക്കു വാലാട്ടുന്ന അധ്യാപകര്‍ മാത്രമാണ് ഇന്ന് കോളേജില്‍ ഉള്ളത്. രാവിലെ കോളേജില്‍ ഞങ്ങളെ വരവേല്‍ക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടകളായ പി ടി അധ്യാപകന്‍ ഷാജു പോളും സെക്യുരിറ്റി ഓഫീസര്‍ മണികണ്ഠനും കൂട്ടുകാരും ചേര്‍ന്നാണെന്ന് ഐഇഎസ് കോളേജിലെ വിദ്യാര്‍ത്ഥി റിസ്വാന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

ഐഡി കാര്‍ഡ് ഇല്ലെങ്കിലും ഷൂ ധരിച്ചില്ലെങ്കിലും ഇന്‍ ചെയ്തില്ലെങ്കിലും കൊടിയ പീഢനവും പ്രിന്‍സിപ്പലിന്റെ മുറിയിലെ ശകാരവും സസ്പെന്‍ഷനും ലഭിക്കും.

ഒരിക്കല്‍ നിസാരകാര്യത്തിന് സസ്പെന്‍ഷന്‍ കിട്ടിയാല്‍ വക്കീലിന്റെ സാന്നിധ്യത്തില്‍ 500 രൂപയുടെ മുദ്രപത്രത്തില്‍ വീണ്ടും തെറ്റ് സംഭവിച്ചാല്‍ അന്വേഷണമില്ലാതെ പുറത്താക്കുമെന്ന് എഴുതി വാങ്ങിക്കുമായിരുന്നു. ഇന്റേണല്‍ മാര്‍ക്കാണ് കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധം.

കുട്ടികള്‍ പഠനം ഉപേക്ഷിച്ച് കോളേജില്‍ നിന്നു പോകാന്‍ തീരുമാനിച്ചാല്‍ 10 മുതല്‍ 15 ലക്ഷം വരെ തരണമെന്നു ഭീഷണിപ്പെടുത്തും. ഇല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വയ്ക്കും. കറുത്ത ഷൂവിന് പകരം ചെരിപ്പിട്ടു വന്നാല്‍ വന്‍ തുക പിഴയായി ചുമത്തും.

കോളേജ് യൂണിയന്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്താല്‍ പോലീസാകും അവരെ നേരിടുക. ബസ് ഫീ, ഹോസ്റ്റല്‍ ഫീ, ഫൈന്‍, തുടങ്ങി നൂറ് ചിലവുകള്‍ക്ക് പണം കണ്ടെത്തുക നിര്‍ധനരായ കുട്ടികളെ സംബന്ധിച്ച് വന്‍ പ്രയാസമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മരച്ചുവട്ടില്‍ ഇരുന്നാലും വരാന്തയില്‍ ചൂളം വിളിച്ചാലും കയ്യോടെ സസ്പെന്‍ഷന്‍ തരും.

[caption id="attachment_73364" align="aligncenter" width="598"] അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നിയമവിരുദ്ധ ഉത്തരവ്[/caption]

നവമാധ്യമങ്ങളിലൂടെ പ്രതികരിച്ചാല്‍ ഉടനടി മാനേജ്മെന്റ് നടപടി കൈക്കൊള്ളുമായിരുന്നു. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ജോണ്‍ എന്ന അധ്യാപകനായിരുന്നു ഇത്തരം നിര്‍ദ്ദേശങ്ങളുടെ ബുദ്ധികേന്ദ്രം. നവമാധ്യമങ്ങളില്‍ മോശമായി പ്രതികരിച്ചാല്‍ തോല്‍പ്പിക്കുമെന്നും കോളേജിനെ കുറിച്ച് നല്ല കാര്യങ്ങള്‍ എഴുതിയിട്ടാല്‍ നല്ല മാര്‍ക്കു തരാമെന്നും ഇയാളുടെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചു. മാനേജ്മെന്റ് സോഷ്യല്‍മീഡിയയില്‍ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് സര്‍ക്കുലര്‍ വരെ ഇറക്കി.

പൂര്‍വ്വവിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചുവെന്ന് പറഞ്ഞ് പേരാമംഗലം പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി വിരട്ടിയ സംഭവം വരെ ഉണ്ടായി.

വീട്ടുകാരുടെ സമ്മതത്തോടെ സ്വന്തമായി ടൂര്‍ പോയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത ചരിത്രവും കോളേജിനുണ്ട്. ഹോളി ആഘോഷിച്ചതിന്റെ പേരില്‍ 25 കുട്ടികള്‍ക്ക് 2000 രൂപ വീതം പിഴ ചാർത്തിയ ചരിത്രവും ഞങ്ങളുടെ കോളേജിന് ഉണ്ട്. പിടിഎ എന്ന സംവിധാനമേ ഈ കോളേജില്‍ ഇല്ല. വിദ്യാര്‍ത്ഥികളെ ജയിലില്‍ അടച്ച് ക്രൂരപീഡനങ്ങള്‍ക്കു വിധേയമാക്കുന്ന കോളേജായിരുന്നു ഐഇഎസ് എന്‍ജിനീയിറിങ് കോളേജെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

Read More >>