പൊലീസും സ്ത്രീകളും ആടുന്നു: ജല്ലിക്കട്ട് സമരം തമിഴരുടെ അറബ് വസന്തം!

എല്ലാ ചെടികളും പൂക്കുന്ന പോലെ നേതാക്കളെന്നോ അണികളെന്നോ ഇല്ലാതെ തമിഴ് നാട്ടില്‍ എല്ലാവരിലും സമരം പരക്കുകയാണ്. 2010ല്‍ അധികാരത്തെ മറിച്ചിടുന്നതിലെത്തിയ അറബ് വസന്തത്തിനു തുല്യമായ പോരാട്ടം. വയലന്‍സില്ല. എതിര്‍ക്കാന്‍ വന്ന പൊലീസുകാര്‍ വരെ ആടുന്നു പാടുന്നു. മതമില്ല രാഷ്ട്രീയമില്ല- ജല്ലിക്കട്ട് സമരം ശരിക്കും മുന്നോട്ട്...

പൊലീസും സ്ത്രീകളും ആടുന്നു: ജല്ലിക്കട്ട് സമരം തമിഴരുടെ അറബ് വസന്തം!

“ജല്ലിക്കട്ട് നിരോധനം നീക്കിക്കൊണ്ടുള്ള തമിഴ് നാട് സർക്കാർ കൊണ്ടുവന്ന താൽക്കാലിക നിയമം ഞങ്ങൾ അംഗീകരിക്കില്ല. ശാശ്വതമായ തീരുമാനം വരുന്നതു വരെ സമരം തുടരും,” എന്ന് സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളും ചെറുപ്പക്കാരും പറയുന്നു.

ജല്ലിക്കട്ടിനു വേണ്ടി തമിഴ് നാട്ടിലെ വിദ്യാർഥികൾ കച്ചകെട്ടി ഇറങ്ങിയതാണ് സമരത്തിനു ആക്കം കൂട്ടുന്നത്. സംസ്ഥാനത്താകമാനം ലക്ഷക്കണക്കിന് വിദ്യാർഥികൾ ജല്ലിക്കട്ടിന് അനുകൂലിച്ച് ശബ്ദമുയർത്തുന്നു. ഇന്നു വരെ കണ്ടിട്ടില്ലാത്ത രീതിയിൽ ആൺ കുട്ടികളും പെൺ കുട്ടികളും അഞ്ച് ദിവസങ്ങളായി തുടരുന്ന സമരം. ദിനന്തോറും സമരത്തിന്റെ ആവേശം വർദ്ധിക്കുന്നു. പാട്ടും നൃത്തവുമായി സമരത്തിന്റെ പുതിയ രീതികൾ അവർ പരീക്ഷിക്കുന്നു. സംഘർഷം പ്രതീക്ഷിച്ച് അണിനിരന്ന പൊലീസുകാർക്കു അവരുടെയൊപ്പം ആടുകയും പാടുകയുമല്ലാതെ വേറെന്ത് ചെയ്യാൻ കഴിയും?


2010ല്‍ ആരംഭിച്ച അറബ് വസന്തം എന്ന പേരുള്ള ജനകീയ പ്രക്ഷോഭത്തിനു തുല്യമാണ് ജല്ലിക്കട്ട് കലാപം. സ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ എതിരിട്ടും നേതാക്കളില്ലാതെയും ഒരു ആവശ്യം ഉന്നയിച്ച് നീങ്ങുന്ന സമരം. സോഷ്യല്‍ മീഡിയയെ പ്രധാന പ്രചാരണ മാധ്യമമാക്കുന്നു, രാജ്യത്ത് ഇത്തരത്തിലൊരു പോരാട്ടം ആദ്യമാണ്. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരവും കേരളത്തില്‍ നിന്ന് ആരംഭിച്ച ചുംബനസമരവും ഈ ഗണത്തിലുള്‍പ്പെടും. പക്ഷെ, ലക്ഷണമൊത്ത അറബ് വസന്തമാവുകയാണ് ജല്ലിക്കട്ട് കലാപം.ജയലളിതാനന്തര തമിഴ് രാഷ്ട്രീയത്തിന്‍റെ ഗതി നിശ്ചയിക്കുന്നുണ്ട് സമരം. പനീര്‍ശെല്‍വം ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് സമവാക്യം അംഗീകരിക്കപ്പെട്ടില്ല. പ്രകടമായി തന്നെ സംഘപരിവാര്‍ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥികള്‍ ഏറെറടുത്തിരിക്കുന്നു- രാഷ്ട്രീയ തന്ത്രശാലികളെ കുഴയ്ക്കുന്നതാണ് ഈ മുന്നേറ്റം.ചെന്നൈ മറീനാ ബീച്ചിനേയാണു വിദ്യാർഥികൾ തങ്ങളുടെ പ്രധാന സമരവേദിയായി തിരഞ്ഞെടുത്തത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ സമരത്തിനു പിന്തുണയുമായി ഒഴുകിയെത്തി.

“മാട് ഞങ്ങളുടെ മകൻ; പെറ്റയ്ക്ക് ഞങ്ങൾ യമൻ”, “ജല്ലിക്കട്ട് ഞങ്ങൾ നടത്തും; തമിഴന്റെ ശക്തി കാണിച്ചു തരാം” എന്നെല്ലാമെഴുതിയ പ്ലക്കാർഡുകളുമായി വീര്യത്തോടെ കോളേജ് വിദ്യാർഥിനികൾ പോരാട്ടത്തിനു നേതൃത്വം നൽകുന്നു. ചെന്നൈ ക്യാമ്പസ്സുകളുടെ സ്വന്തം ഗാനാ പാട്ടുകളുമായി അവർ ആടിപ്പാടുന്നു.അവരെ പിരിച്ചു വിടാൻ പൊലീസുകാർ നടത്തിയ ചർച്ചകളൊന്നും വിലപ്പോയില്ല. ചർച്ചകളിൽ യാതൊരു വിധ തർക്കങ്ങളും നടക്കാത്തതിനാൽ അതെല്ലാം ചർച്ചകൾ മാത്രമായി അവസാനിച്ചു.

അതിനിടയിൽ സർക്കാർ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളും മറീനയിൽ എത്തിച്ചേർന്നു. കാളയുടെ മുഖം മൂടി, ജല്ലിക്കട്ടിനെ പുകഴ്ത്തുന്ന വാചകങ്ങൾ എഴുതിയ ടീഷർട്ടുകൾ എന്നിവ അണിഞ്ഞ് കൂടുതൽ ചെറുപ്പക്കാരും വന്നെത്തി. നാടൻ പാട്ടുകളും കൊട്ടും മുഴക്കി അവർ രംഗം സജീവമാക്കി.

എന്തൊക്കെ വന്നാലും ജല്ലിക്കട്ടിനു ഒരു തീരുമാനം ആകാതെ പിരിഞ്ഞു പോവില്ലെന്ന് തന്നെയാണ് വിദ്യാർഥികളുടെ പക്ഷം. മുഖ്യമന്ത്രി ചർച്ചയ്ക്കു ക്ഷണിച്ചപ്പോൾ പോലും അവർ നിരസിച്ചത് ഇടക്കാലത്തേയ്ക്കുള്ള ഇളവൊന്നും ഞങ്ങൾക്കു വേണ്ടായെന്ന നയം കാരണമാണ്.