വ്രതമെടുത്ത താടിയും വടിപ്പിച്ചു; അമല്‍ജ്യോതിയില്‍ ളോഹയിട്ട ഗുണ്ടകളെന്ന് പരാതി; ഹോസ്റ്റലില്‍ കന്യാസ്ത്രീകളുടെ വിളയാട്ടം

നെഹ്രു കോളേജില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നുണ്ടെങ്കില്‍ ഇവിടെ ഗുണ്ടകള്‍ക്കു പകരം ആ കൃത്യം മാനേജ്‌മെന്റ് പ്രതിനിധികള്‍ ഭംഗിയായി ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു- സന്യാസികള്‍ നടത്തുന്ന കൂടുതല്‍ സ്വാശ്രയ പീഡനങ്ങള്‍ പുറത്തു വരുന്നു

വ്രതമെടുത്ത താടിയും വടിപ്പിച്ചു; അമല്‍ജ്യോതിയില്‍ ളോഹയിട്ട ഗുണ്ടകളെന്ന് പരാതി; ഹോസ്റ്റലില്‍ കന്യാസ്ത്രീകളുടെ വിളയാട്ടം

ഇവിടെ അഡ്മിഷന്‍ കിട്ടിപ്പോയി എന്നൊരു തെറ്റു മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളു. ഞങ്ങള്‍ക്ക് വെറുപ്പാണ് ഈ കോളേജിനോടും ഇവിടുത്തെ എല്ലാത്തിനോടും. ഞങ്ങളോടു തന്നെ വെറുപ്പാണ്. ഇവിടുത്തെ കാറ്റിനോടു പോലും ഞങ്ങള്‍ക്കു വെറുപ്പാണ്. ഓര്‍മ്മകള്‍ ഇല്ലാത്ത ഒരു യൗവ്വനം സൃഷ്ടിച്ചതിനു ഞങ്ങള്‍ക്ക് ഞങ്ങളോട് തന്നെ അവജ്ഞ തോന്നുന്നു.

കാഞ്ഞിരപ്പളളി രൂപതയുടെ കീഴിലുള്ള അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ വാക്കുകളാണ് ഇത്.

കേരളത്തില്‍ സ്വാശ്രയ മാനേജ്‌മെന്റിനെതിരെ ശകതമായ സമരമുഖം തുറന്നത് അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥികളാണ്, 2014 ല്‍. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയം കണ്ടിരുന്നുവെങ്കില്‍ ഒരു കുട്ടിയും സ്വാശ്രയ കോളേജുകളില്‍ പീഢിപ്പിക്കപ്പെടുകയില്ലായിരുന്നുവെന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാനേജ്‌മെന്റ് സമര്‍ത്ഥമായി സ്വാധീനം ഉപയോഗിച്ച് സമരം അടിച്ചമര്‍ത്തുകയായിരുന്നു.

നെഹ്രു കോളേജില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നുണ്ടെങ്കില്‍ ഇവിടെ ഗുണ്ടകള്‍ക്കു പകരം ആ കൃത്യം മാനേജ്‌മെന്റ് പ്രതിനിധികള്‍ ഭംഗിയായി ചെയ്യുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഹോസ്റ്റലില്‍ വിളമ്പിയ ഭക്ഷണത്തില്‍ അഴുകിയ മീന്‍ കിട്ടിയപ്പോള്‍ അത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയോട് അത് എടുത്തു കളഞ്ഞു ഭക്ഷണം കഴിക്കാന്‍ പുരോഹിതന്‍ കൂടിയായ ഹോസ്റ്റല്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടതായി ഇപ്പോള്‍ ഗള്‍ഫിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി നാരദാ ന്യൂസിനോടു പ്രതികരിച്ചു.

ഒരു ലക്ഷം രൂപയോളമാണ് ക്വാഷന്‍ ഡിപ്പോസിറ്റായി വാങ്ങിക്കുന്നത്. അനുമതിയില്ലാതെ ലീവ് എടുത്താല്‍, ക്ഷൗരം ചെയ്യാതിരുന്നാല്‍, മുടി പറ്റെ വെട്ടിയില്ലെങ്കില്‍, ഷൂ ധരിച്ചില്ലെങ്കില്‍ എല്ലാം ക്വാഷന്‍ ഡിപ്പോസിറ്റില്‍ നിന്ന് തുക കട്ടു ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മികച്ച പഠന നിലവാരം പുലര്‍ത്തുന്നുവെന്ന മാനദണ്ഡമാണ് ഈ കോളേജിലേയ്ക്ക് കുട്ടികളെ ചേര്‍ക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം. മോശം ഭക്ഷണം നല്‍കിയതിനെ ചോദ്യം ചെയ്തതിനു ഫൈന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ വരെ ഇവിടെയുണ്ടെന്ന് കോളേജിലെ വിദ്യാര്‍ത്ഥിയായ വിഷ്ണു നാരദാ ന്യൂസിനോടു പറഞ്ഞു. ഹോസ്റ്റലിനു പുറത്തു പോകുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഹോസ്റ്റലിലെ ഭക്ഷണത്തെയും സൗകര്യത്തെയും ചോദ്യം ചെയ്ത കുട്ടിയുടെ മാതാപിതാക്കളെ ക്രൂരമായി ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ: റൂബന്‍ കോട്ടപ്പുറം ആക്ഷേപിച്ചു സംസാരിച്ചതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

2014 ഒക്ടോബറില്‍ സമരം ഉണ്ടായതിനെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരുന്നു. കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആകുമെന്ന് വരുത്തി തീര്‍ത്താണ് മാനേജ്‌മെന്റ് സമരം പൊളിച്ചത്. ഇനി സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയില്ലെന്നു എഴുതി വാങ്ങിയതിനു ശേഷമാണ് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചു എടുത്തതെന്നു സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കു കുറയ്ക്കുകയും ഭീഷണിപ്പെടുത്തുകയും മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇനിയൊരു പ്രതിഷേധം ഉണ്ടാകത്ത വണ്ണം കുട്ടികളെ ഭയചകിതരാക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

https://www.youtube.com/watch?v=9LM7L593yi8

ക്ലാസ് ആരംഭിച്ച ബാച്ചുകളുടെ സംരക്ഷണത്തിനായി മാതാപിതാക്കളെ കോളേജില്‍ എത്തിച്ച് കാവലിരുത്താനും മാനേജ്‌മെന്റ് ശ്രമിച്ചിരുന്നു. ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് മീറ്റുകള്‍ നടത്താന്‍ കോളേജ് താത്പര്യം കാണിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കുട്ടികളെ വാര്‍ഡന്‍ കയ്യറ്റം ചെയ്യുന്നതായും സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

2012- 2016 ബാച്ചാണ് കോളേജില്‍ ചരിത്രം സൃഷ്ടിച്ചത്. അതു വരെ മാനേജ്‌മെന്റിനു നേരേ ഒരു പ്രതിഷേധസ്വരം പോലും ഉയരാതിരുന്ന ക്യാംപസ് സമരമുഖമായി മാറി. സമരത്തിനു നേതൃത്വം കൊടുത്തവരെ മാനേജ്‌മെന്റ് പുറത്താക്കി. ആണ്‍കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതിനും സ്വതന്ത്രമായി പെരുമാറുന്നതിനും ഇവിടെ വിലക്കുണ്ടെന്നും കുട്ടികള്‍ പറയുന്നു. പരാതിയുമായി ഏതെങ്കിലും രക്ഷിതാക്കള്‍ മുന്നോട്ടു വന്നാല്‍ കുട്ടികളുടെ മുന്നില്‍ വച്ചു മാതാപിതാക്കളെയും അപമാനിക്കുന്ന സമീപനമാണ് മാനേജ്‌മെന്റിന്റേതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോളേജ് ജീവിതത്തിന്റെ യാതൊരുവിധ പ്രസരിപ്പും ഇവിടെ ഇല്ലെന്നും ക്ലാസ് കട്ട് ചെയ്യുന്നതും സിനിമയ്ക്കു പോകുന്നതും ഒക്കെ അമല്‍ജ്യോതിക്കാര്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളതാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു വെക്കുന്നു.

രാഷ്ട്രീയമായി തിരിഞ്ഞു തിരഞ്ഞെടുപ്പിനായി പോരാടുന്നതും, വോട്ട് ചെയ്യുന്നതും, സമരം ചെയ്യുന്നതും ഒക്കെ ഇവര്‍ക്കു കേട്ടുകേള്‍വി മാത്രമാണ്. പ്രണയവും പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്വതന്ത്രമായി പെരുമാറുന്നതുമെല്ലാം ആഗ്രഹമായാണ് അവശേഷിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കോളേജ് ഹോസ്റ്റലില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതിനെതിരെ പ്രതികരിക്കാന്‍ ഞങ്ങള്‍ക്കു അവകാശമില്ല. രാത്രി പഠിക്കാന്‍ ലൈറ്റിട്ടാല്‍ പോലും അത് കുറ്റകരമാണെന്നും സൗകര്യമില്ലായ്മയ്‌ക്കെതിരെ പരാതി പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നടത്തുന്ന സിസ്‌റ്റേഴ്‌സിന്റെ അസഭ്യ വര്‍ഷം സഹിക്കേണ്ടി വരുമെന്നും കോളേജിലെ വിദ്യാര്‍ത്ഥിനിയായ രേഷ്മ നാരദാ ന്യൂസിനോടു പറഞ്ഞു.

വ്രതമെടുത്തു ശബരിമലയ്ക്കു മാലയിട്ട വിദ്യാര്‍ത്ഥിയോടു താടി വടിച്ചിട്ടു വരാന്‍ പ്രിന്‍സിപ്പള്‍ ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നുണ്ട്.

ഓണാഘോഷം വിലക്കിയതിനെ തുടര്‍ന്ന് കോളേജില്‍ ഓണം ആഘോഷിച്ച വിദ്യാര്‍ത്ഥികളെ 2015 ഓഗസ്റ്റ് 21 തീയതി കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കയറ്റി വിരട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇവിടെ ശക്തമായ വിവവേചനമാണ് നിലനില്‍ക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അച്ചടക്കത്തിന്റെ പേരില്‍ കായികമായി കുട്ടികളെ ഉപദ്രവിച്ച സംഭവങ്ങളും കുറവല്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

എന്നാല്‍ ആരോപണ വിധേയനായ ഫാ: റൂബന്‍ തോട്ടപ്പുറം ഈ ആരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചു. ജിഷ്ണുവിന്റെ മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഈ പശ്ചാത്തലത്തില്‍ വൈകാരികമായി ഈ വിഷയത്തെ സമീപിക്കുന്നത് ശരിയല്ലെന്നും ഫാ:റൂബന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

കേരളത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു കോളേജ് ആണിത്. ആരോപണം ഉന്നയിക്കുന്നവരുടെ ഇവിടെ വന്ന് സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കുവെന്നു മാത്രമേ പറയാറുള്ളു. 1200 ഓളം ആണ്‍കുട്ടികളും അത്രയും തന്നെ പെണ്‍കുട്ടികളും ഇവിടെ ഹോസ്റ്റലില്‍ പഠിക്കുന്നുണ്ട്. ഇത്രയും പേര്‍ ഒരുമിച്ചു ഒച്ച വച്ചാല്‍ എന്താകും സ്ഥിതി. നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെടുന്നത് ഹോസ്റ്റലിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ് . മികച്ച ഭക്ഷണവും സൗകര്യങ്ങളുമാണ് ഇവിടെ ലഭ്യമാക്കുന്നത്. കേരളത്തില്‍ സ്റ്റാര്‍ട്ട് ആപ്പ് സെന്റര്‍ ഉള്ള അമല്‍ജ്യോതി ഫൈബര്‍ ഒപ്ടിക്‌സ്, വോള്‍വോ ഐഷറിന്റെ ഓട്ടോ മൊബൈല്‍ യൂണിറ്റ്, തുടങ്ങി അത്യന്താധുനിക പാഠ്യ വിഷയങ്ങള്‍ നല്‍കുന്നുണ്ട്. ഗൂഗിളിന്റെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയ ഹേമന്ത് ജോസഫ് ഈ കോളജിലെ വിദ്യാര്‍ത്ഥിയാണ്. ഫാ:റൂബന്‍ പറഞ്ഞു.

ഫൈന്‍ അടച്ചതിന്റെ രസീതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന രസീതുകളെല്ലാം വ്യാജമാണെന്നും ഫാ: റൂബന്‍ പറഞ്ഞു. ഇവിടെ പച്ചക്കറി മെഷീനിലാണ് കഴുകുന്നത്. ഇറച്ചി മീന്‍, മുട്ട തുടങ്ങി എല്ലാ വിധത്തിലുള്ള ഗുണമേന്‍മയുളള ഭക്ഷണമാണ് നല്‍കുന്നത്. മൊബൈല്‍ ഫോണിന് നിയന്ത്രണമുണ്ട് എന്നല്ലാതെ നിരോധനമില്ല. ഇവിടത്തെ കാറ്റിനോടു പോലും വെറുപ്പാണ് എന്ന് എഴുതിയ പയ്യന്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് എന്‍ജിനീയറിങ്ങ് പഠനം തെരഞ്ഞെടുത്തത്. മാതാപിതാക്കളുടെ അനാവശ്യ പിടിവാശിയാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഫാ: റൂബന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

2012 ല്‍ നടന്ന സമരം ഒരു മ്യൂസിക് ബാന്‍ഡ് അനുവദിച്ചില്ലെന്ന പേരിലായിരുന്നു. രാവിലെ അത് അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരുന്നു. രാത്രി നടത്തുന്നതിനോടു മാത്രമാണ് വിയോജിപ്പ് ഉണ്ടായിരുന്നതെന്നും അദ്ദേഹം നാരദാ ന്യൂസിനോടു പറഞ്ഞു. പ്രശ്‌നക്കാരായ കുട്ടികളോടു കര്‍ക്കശ നിലപാട് എടുക്കേണ്ടി വന്നിട്ടുണ്ട്. അത് പീഢനമായി വ്യാഖ്യാനിക്കുന്നതിനോടു യോജിപ്പില്ലെന്നും ഫാ: റൂബന്‍ പറഞ്ഞു.

Read More >>