'പ്രിന്‍സിപ്പല്‍ രാജി വയ്ക്കാതെ ഞങ്ങള്‍ പിന്മാറില്ല': ലോ അക്കാദമിയില്‍ സമരം ശക്തമായി; നിരാഹാര പ്രക്ഷോഭ നിരയില്‍ പെണ്‍കുട്ടികളും

'ഇന്‍സ്റ്റിറ്റിയൂഷണല്‍ റാഗിങ്' നടക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന കേരളാ ലോ അക്കാദമിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. തങ്ങളെ പീഡിപ്പിക്കുകയും ജാതീയവും വംശീയവുമായി അധിക്ഷേപിക്കുകയും 'ഭാവി തുലച്ചുകളയുമെന്ന്' പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്ന ആവശ്യവുമായി അവര്‍ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സംയുക്തമായി നിരാഹാര സമരം തുടരുമ്പോള്‍ രണ്ടു പെണ്‍കുട്ടികളും ആ നിരയിലേക്കു കടന്നുവന്നിരിക്കുന്നു. ഒപ്പം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളും ശക്തമായ സമരത്തിലാണ്. പ്രക്ഷോഭത്തിനു പിന്തുണയുമായി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരാണ് ഇതിനോടകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അരികിലെത്തിയത്.

വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ വിവിധ തരത്തില്‍ പീഡിപ്പിക്കുകയും എതിര്‍ത്താല്‍ 'തുലച്ചുകളയുമെന്നു' ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്ന കേരളാ ലോ അക്കാദമിയില്‍ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. പുരുഷ കേന്ദ്രീകൃത സമരമെന്ന മാനേജ്‌മെന്റ് വാദത്തിന്റെ മുനയൊടിച്ചു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ അടക്കമാണ് ഇപ്പോള്‍ ശക്തമായ പ്രക്ഷോഭത്തിലുള്ളത്. ഇതില്‍ രണ്ടു വിദ്യാര്‍ത്ഥിനികള്‍ നിരാഹാരസമരവും ആരംഭിച്ചുകഴിഞ്ഞു.


മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളിലും പ്രതികാര നീക്കങ്ങളിലും പീഡനങ്ങളിലും പ്രതിഷേധിച്ചു പത്തു ദിവസമായി കെഎസ് യു - എംഎസ്എഫ് - എഐഎസ്എഫ് സംയുക്ത സമരസമിതി കോളേജില്‍ നിരാഹാര സമരം അനുഷ്ഠിച്ചുവരുന്നു. ഇതോടൊപ്പം കഴിഞ്ഞ ഒരാഴ്ചയായി എസ്എഫ്‌ഐയും അഞ്ചുദിവസമായി എബിവിപിയും ഇതേ മാതൃകയില്‍ സമരരംഗത്തു നിലയുറപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ തങ്ങള്‍ പിന്മാറില്ലെന്നു വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം നാരദാ ന്യൂസിനോടു വ്യക്തമാക്കി.

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ മകളും കോളേജിലെ നാലാംവര്‍ഷ ബി.കോം എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുമായ ദേവി മനോജാണ് ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചത്. ഇതുകൂടാതെ ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി മോനിഷയും ഇന്നുമുതല്‍ നിരാഹാരം തുടങ്ങി. വിദ്യാർത്ഥിനികൾ നിരാഹാരം കിടന്നിട്ടും വർത്തമാന പത്രങ്ങൾ വാർത്ത തമസ്കരിക്കുന്നതിനു പിന്നിൽ സ്ഥാപിതതാത്പര്യം പൊളിയുമെന്ന ഭീതിയാണെന്ന ആരോപണവും വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. കൈരളിയിലെ അവതാരകയായ ലക്ഷ്മീ നായരുടെ സ്ഥാപനത്തെ മുഖ്യമന്ത്രി പിണറായി വിജയനാണു സംരക്ഷിക്കുന്നത് എന്ന തരത്തിൽ ഒരു ദൃശ്യമാദ്ധ്യമം നേരത്തെ വാർത്ത നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി അറിപ്പെടുന്നയാളാണ് ദേശാഭിമാനി റസി. എഡിറ്റർ പി എം മനോജ്. അദ്ദേഹത്തിന്റെ മകൾ നിരാഹാരം കിടക്കുന്നു എന്നു വാർത്ത വന്നാൽ അത് തങ്ങൾ മുമ്പുയർത്തിയ വാദത്തെ നിരാകരിക്കും എന്ന തോന്നൽ തലസ്ഥാനത്തെ പത്രക്കാർക്കുണ്ടാവാം എന്നാണ് വിദ്യാർത്ഥിനേതാക്കൾ കരുതുന്നത്.


''പല കാര്യങ്ങളും പുറത്തുപറയാന്‍ ഞങ്ങള്‍ക്കു ഭയമാണ്. പ്രതികാര നടപടികള്‍ കൈക്കൊള്ളുന്ന പ്രിന്‍സിപ്പലിന്റെ നിലപാടിനെ ഭയന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഇപ്പോഴും പലതും മറച്ചുവയ്ക്കുന്നത്. ഞാന്‍ കോളേജില്‍ ചേര്‍ന്ന സമയത്ത് എന്നെയും പ്രിന്‍സിപ്പല്‍ വീട്ടുകാരെ ചേര്‍ത്ത് ആക്ഷേപിച്ചിരുന്നു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചാല്‍പ്പോലും 'നീ പോക്കാണ്' എന്ന തരത്തിലുള്ള സംസാരമാണുണ്ടാകുന്നത്. ഇപ്പോള്‍ തന്നെ ഈ സമരത്തിനിറങ്ങിയതിന്റെ പേരില്‍ ഞങ്ങളുടെ ഭാവിയെ ബാധിക്കുമോയെന്ന പേടിയുണ്ട്.''
ദേവി മനോജ്

അതേസമയം, നിരാഹാരം സമരം അനുഷ്ഠിച്ചുവന്ന എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് അബിനെയും കെഎസ്‌യു പ്രവര്‍ത്തകന്‍ ഫൈന്‍സണെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടരയോടെ സമരപ്പന്തലിലെത്തിയ പേരൂര്‍ക്കട പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടൊപ്പം എസ്എഫ്‌ഐ, എബിവിപി നേതാക്കളേയും ഇന്നലെ അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

[caption id="attachment_75122" align="aligncenter" width="1280"] നിരാഹാര സമരം ചെയ്ത എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് അബിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു[/caption]

സമരത്തിനു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം; പിന്തുണയുമായി ഭാഗ്യലക്ഷ്മിയും


ദുരിതങ്ങളും പീഡനങ്ങളും സഹിക്കാനാവാതെ വന്നതോടെ കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം പ്രക്ഷോഭത്തിന് ഇറങ്ങുകയായിരുന്നു. ലോ അക്കാദമിയില്‍ നടക്കുന്ന പീഡനങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നു വിദ്യാര്‍ത്ഥിനികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

വിദ്യാര്‍ത്ഥിനികളുടെ പ്രക്ഷോഭത്തിനു പിന്തുണയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും സമര പന്തലിലെത്തി. സമരക്കാര്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുചേരാമെന്ന് ഉറപ്പുനല്‍കിയാണു മടങ്ങിയത്. തങ്ങള്‍ക്കെതിരെ സാഡിസ്റ്റ് മനോഭാവമാണ് പ്രിന്‍സിപ്പല്‍ വച്ചുപുലര്‍ത്തുന്നതെന്നു വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. രാജിയല്ലാതെ മറ്റൊരു സമവായത്തിനും തങ്ങള്‍ തയ്യാറല്ല. ഹോസ്റ്റലില്‍ മുക്കിനുമുക്കിനു ക്യാമറകള്‍ സ്ഥാപിച്ചു വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യതയെ ഹനിക്കുന്ന പ്രിന്‍സിപ്പല്‍, ജാതിയുടേയും നിറത്തിന്റേയും അടിസ്ഥാനത്തില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചാല്‍ നേരിട്ടും വീട്ടില്‍ വിളിച്ചു മാതാപിതാക്കളേയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പ്രിന്‍സിപ്പലിന്റെ രീതിയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. 'മക്കള്‍ ഗര്‍ഭം ഉണ്ടാക്കിക്കൊണ്ടുവരുന്നതു കാണേണ്ടിവരും' എന്ന തരത്തിലുള്ള അസഭ്യപരാമര്‍ശങ്ങളാണു പ്രിന്‍സിപ്പല്‍ രക്ഷിതാക്കളോടു വിളിച്ചുപറയുന്നത്. ഇതൊക്കെ എങ്ങനെയാണു സഹിക്കാനാവുകയെന്നും പെണ്‍കുട്ടികള്‍ ചോദിക്കുന്നു.

എന്തെങ്കിലും എതിര്‍ത്തുപറഞ്ഞാല്‍ ഭാവി തുലച്ചുകളയും എന്നുള്ള ഭീഷണിയാണു പിന്നാലെ വരുന്നത്. എന്തെങ്കിലും പറഞ്ഞാല്‍ ഇന്റേണല്‍ മാര്‍ക്ക് തരാതെ പ്രതികാരം വീട്ടും. ഇതൊക്കെ ഭയന്നാണ് ഇതുവരെ ഞങ്ങളൊന്നും മിണ്ടാതിരുന്നത്. എന്നാല്‍ ഇനിയും മാറിനില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. പ്രിന്‍സിപ്പല്‍ രാജി വയ്ക്കുന്നതുവരെ സമരം തുടരാനാണു ഞങ്ങളുടെ തീരുമാനം - വിദ്യാര്‍ത്ഥിനികള്‍ തുറന്നടിച്ചു.

ആകെയുള്ള 77 ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളില്‍ 47 പേരാണ് ഇപ്പോള്‍ സമരത്തിനുള്ളത്. ബാക്കിയുള്ളവരില്‍ പലരുടേയും വീട്ടില്‍ വിളിച്ചു പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അവര്‍ വരാത്തതെന്നും എന്നാല്‍ അടുത്ത ദിവസങ്ങളില്‍ അവരില്‍ ഭൂരിഭാഗവും സമരത്തിനിറങ്ങുമെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.

ഐക്യദാര്‍ഢ്യവുമായി നേതാക്കള്‍


വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു മുന്നില്‍ മാനേജ്‌മെന്റിനു മുട്ടുകുത്തേണ്ടിവരും - എന്‍ ജയരാജ് എംഎല്‍എ


വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇതിനോടകം ഭരണ-പ്രതിപക്ഷ എംഎല്‍എമാരും നേതാക്കളും പന്തലിലെത്തി. എംഎല്‍എമാരായ കെ മുരളീധരന്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ കഴിഞ്ഞദിവസങ്ങളിലും എന്‍ ജയരാജ് എംഎല്‍എ ഇന്നും വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായെത്തി. ഇതോടൊപ്പം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്‍ എംഎല്‍എമാരായ വര്‍ക്കല കഹാര്‍, വി ശിവന്‍കുട്ടി എന്നിവരും കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരുമായ 40അംഗ സംഘവും വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തി.

താനൊക്കെ പഠിച്ചിരുന്ന കാലത്ത് ലോ അക്കാദമിയില്‍ ഉണ്ടായിരുന്ന ജനാധിപത്യവും മതേതരത്വവുമൊക്കെ ഇന്നു ലംഘിക്കപ്പെട്ടതായി എന്‍ ജയരാജ് എംഎല്‍എ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിന് ഈ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുകുത്തേണ്ടിവരും. പിന്നാക്ക വിദ്യാര്‍ത്ഥികള്‍ എന്തിനാണ് ഇവിടെ പഠിക്കുന്നതെന്നു ചോദിച്ചാല്‍ അതിനെതിരെ കലഹിക്കാനും സമരം ചെയ്യാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാവണം. നിയമം പഠിപ്പിക്കുന്ന കലാലയത്തിലെ വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി ചോദ്യം ചെയ്യുന്ന സമീപനം സ്വീകരിക്കാന്‍ ഒരാള്‍ക്കും അധികാരമില്ല.വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനു മുന്നില്‍ മാനേജ്‌മെന്റ് ധാര്‍ഷ്ട്യം വെടിയണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വയനാട് ചുരത്തില്‍ക്കൂടി തടിലോറി പോകുമ്പോള്‍ അതിനു മുന്നില്‍ വന്നുനിന്ന് ബലംകാണിക്കുന്ന തവളയുടെ ഗതികേട് മാനേജ്‌മെന്റിനുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. ഫെബ്രുവരി 23ന് അടുത്ത നിയമസഭാ സമ്മേളനം ചേരുമ്പോള്‍ താന്‍ ലോ അക്കാദമി വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സ്പീക്കറിനു മുന്നില്‍ ഉന്നയിക്കുമെന്നും സമരക്കാർക്ക് അദ്ദേഹം ഉറപ്പുനല്‍കി.


ഇതിനിടെ, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഇന്നലെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു പിന്തുണ തേടിയിരുന്നു. ഇത്തരത്തില്‍ പീഡനങ്ങള്‍ അരങ്ങേറുന്ന പക്ഷം പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക തന്നെയാണു വേണ്ടതെന്നും എല്ലാ പിന്തുണയും ഉണ്ടാവുമെന്നും വിഎസ് അറിയിച്ചതായി വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഹരിചന്ദനും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിനിധികളുമാണ് വിഎസിനെ സമീപിച്ചത്.പൊലീസ് സംരക്ഷണത്തില്‍ കോളേജ് തുറക്കാന്‍ കോടതി അനുമതി; ക്ലാസില്‍ കയറില്ലെന്നു വിദ്യാര്‍ത്ഥികള്‍


സമരം ആരംഭിച്ചതോടെ കോളേജിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പ്രിന്‍സിപ്പലിന്റെ പരാതി പരിഗണിച്ച കോടതി പൊലീസ് സംരക്ഷണത്തോടെ കോളേജ് തുറക്കാനുള്ള അനുമതി നല്‍കി. എന്നാല്‍ തങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഹരജിയിലെമ്പാടും നിരത്തിയിരിക്കുന്നതെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താനുള്ള മാനേജ്‌മെന്റിന്റെ തന്ത്രമാണിതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ആവശ്യങ്ങള്‍ അംഗീകരിക്കാതെ കോളേജ് തുറന്നാല്‍ തങ്ങള്‍ ക്ലാസില്‍ കയറില്ലെന്നു സമരക്കാര്‍ പറഞ്ഞു. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്നും പ്രിന്‍സിപ്പല്‍ രാജി വച്ചൊഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Read More >>