പ്രണയിച്ചാല്‍ ചെവിയടിച്ചു തകര്‍ക്കും; ചെഗുവേരയെ കണ്ടാല്‍ കഞ്ചാവടിക്കാരനാക്കും: തലസ്ഥാനത്തെ പൊലീസിന് 'വട്ടായിപ്പോയി'

കേരള പൊലീസില്‍ പടരുന്ന ആക്ഷന്‍ ഹീറോ ബിജു ബാധയ്ക്ക് തിരുവനന്തപുരം പതിപ്പ്- പ്രണയത്തിന്‍റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ ചെവി അടിച്ചു തകര്‍ത്തതിനു പിന്നാലെ ഡിവൈഎഫ്ഐ നേതാവിനും ക്രൂര മര്‍ദ്ദനം. 'സംഘമിത്രം' വാട്സ് ആപ്പിലുള്ളതാണ് എസ്ഐ എന്നും പരാതി.

പ്രണയിച്ചാല്‍ ചെവിയടിച്ചു തകര്‍ക്കും; ചെഗുവേരയെ കണ്ടാല്‍ കഞ്ചാവടിക്കാരനാക്കും: തലസ്ഥാനത്തെ പൊലീസിന്

തലസ്ഥാനത്തു പൊലീസ് മര്‍ദ്ദനം തുടര്‍ക്കഥയാകുന്നു. പ്രണയബന്ധത്തിന്റെ പേരില്‍ തിരുവനന്തപുരത്തു ദളിത് വിദ്യാര്‍ത്ഥിയുടെ ചെവി അടിച്ചുതകര്‍ത്തതിനു പിന്നാലെ ആറ്റിങ്ങല്‍ ടൗണില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ എസ്ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു.

കഴിഞ്ഞദിവസമാണ് കാഞ്ഞിരംപാറ സ്വദേശിയായ പതിനെട്ടുകാരനെ കണ്‍ഡോമെന്റ് പൊലീസ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്. നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയുമായ സായ് കൃഷ്ണക്കാണ് ഷാഡോ പൊലീസിന്റെ മര്‍ദ്ദനമേറ്റത്. ശാസ്തമംഗലം സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍, പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് സായി കുഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നു ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പൊലീസ് സായികൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്മീഷണര്‍ സ്‌ക്വാഡിലെ സാബു എന്ന പൊലീസുകാരനും മറ്റൊരു പൊലീസുകാരനുമാണ് വീട്ടിലെത്തിയതെന്നു സായി കൃഷ്ണ പറഞ്ഞു. വീട്ടിലെ ചുവരില്‍ പതിപ്പിച്ചിരുന്ന ചെഗുവേരയുടെ ഫോട്ടോ കണ്ട സാബു 'നീ കഞ്ചാവുകാരന്റെ ആളാണല്ലേ' എന്നുപരാമര്‍ശം നടത്തുകയും തുടര്‍ന്ന് സായി കൃഷ്ണയെ ഒരു ഓട്ടോയില്‍ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയുമായിരുന്നു.

സായികൃഷ്ണയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.സ്റ്റേഷനിലെത്തിച്ച സായി കൃഷ്ണയെ മുകള്‍നിലയിലുള്ള കണ്‍ട്രോള്‍ റൂമിലേക്കാണു കൊണ്ടുപോയത്. പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ നല്‍കാന്‍ സാബു എന്ന പൊലീസുകാരന്‍ ആവശ്യപ്പെടുകയും അത്തരത്തിലുള്ള ഫോട്ടോകള്‍ തന്റെ കൈയിലില്ലെന്നു പറഞ്ഞതിനെതുടര്‍ന്നു ഇരുകവിളിലും മാറിമാറി ശക്തിയായി അടിക്കുകയായിരുന്നെന്നു സായികൃഷ്ണ പറയുന്നു.

മര്‍ദ്ദനത്തില്‍ അവശനായി വീണുപോയ യുവാവിന്റെ ഷൂ അഴിച്ചു മാറ്റി കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ടുമര്‍ദ്ദിച്ചതായും സായികൃഷ്ണ പറഞ്ഞു. പെണ്‍കുട്ടിയാണു തന്നെ ഇങ്ങോട്ടു വിളിക്കുന്നതെന്നു പറഞ്ഞിട്ടും അതുകേള്‍ക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നും സായിപറയുന്നു. വൈകുന്നേരം 7 മണിയോടെ സംഭവമറിഞ്ഞു സുഹൃത്തുക്കള്‍ എത്തിയാണ് സായി കൃഷണയെ സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്. മര്‍ദ്ദനത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ കഞ്ചാവ് കേസില്‍ അറസ്റ്റുചെയ്തു ജയിലിലാക്കും എന്ന ഭീഷണി മുഴക്കിയാണ് സാബു ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സായികൃഷ്ണയെ പോകാന്‍ അനുവദിച്ചത്.

സ്റ്റേഷനുപുറത്തിറങ്ങിയ സായി കുഴിഞ്ഞുവീണതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്നും മെഡിക്കല്‍ കോളേജ്‌
ആശുപത്രിയിലേക്കു മാറ്റുകയും പിറ്റേദിവസം വീട്ടില്‍ വിടുകയും ചെയ്തു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും കുഴുഞ്ഞുവീണ സായിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ചെവിക്കു പൊട്ടല്‍ പറ്റിയിട്ടുണ്ടെന്നും നട്ടെല്ലിനു ചതവു പറ്റിയിട്ടുണ്ടെന്നും വ്യക്തമായത്.

സംഭവത്തെ തുടര്‍ന്നു പ്രതിഷേധവുമായി എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തി. മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ സാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇയര്‍ന്നുവരുന്നതെന്നു എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നിയാസ് വട്ടിയൂര്‍ക്കാവ്‌ നാരദാ ന്യൂസിനോടു പഞ്ഞു. കമ്മീഷണറുടെ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരോ വര്‍ഷം കൂടുമ്പോഴും മാറ്റുകയാണു പതിവ്.

എന്നാല്‍ വര്‍ഷങ്ങളായി ഈ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന സാബുവിന്റെ കാര്യത്തില്‍ ഇത്തരം ഒരു നീക്കം ഉണ്ടായിട്ടില്ലെന്നും നിയാസ് പറഞ്ഞു. കണ്‍ടോമെന്റ് സ്‌റ്റേഷനില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായി കൃഷ്ണയെ കസ്റ്റഡിയിലെടുത്തതെങ്കിലും കൊണ്ടുപോയി മര്‍ദ്ദിച്ചത് കണ്‍ട്രോള്‍ റൂമില്‍വച്ചാണ്. ഇൗ നടപടിയിലും ദുരൂഹതയുണ്ടെന്നു നിയാസ് പറഞ്ഞു. സംഭവം സംബന്ധിച്ചു മുഖ്യമന്ത്രി, ഡിജിപി, പട്ടികജാതി ബോര്‍ഡ് എന്നിവയ്ക്കു പരാതി നല്‍കുമെന്നും നിയാസ് പറഞ്ഞു.

എന്നാല്‍ സായികൃഷ്ണന്‍ എന്ന വ്യക്തിയെ കണ്‍ഡോമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നു സിഐ എം പ്രസാദ് നാരദാ ന്യൂസിനോടു പറഞ്ഞു. വിദ്യാര്‍ത്ഥിക്കെതിരെ മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ സാബു ഗുണ്ടാ -മണല്‍ - കഞ്ചാവ് മാഫിയായുമായി ബന്ധമുള്ളയാളാണെന്നും പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാളുടെ മാഫിയാ ബന്ധങ്ങളെപ്പറ്റി പൊലീസ് അന്വേഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കളായ ചില മാഫിയാ സംഘങ്ങളുടെ എതിരാളികളെ ഷാഡോ പൊലീസ് എന്ന രീതിയില്‍ ഒതുക്കുകയാണ് ഇപ്പോള്‍ ഇയാളുടെ ജോലിയെന്നും ആരോപണമുയരുന്നുണ്ട്.

ഇതിനിടെ ആറ്റിങ്ങല്‍ ടൗണിവച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മര്‍ദ്ദനമേറ്റു. ആറ്റിങ്ങല്‍ അയിലം സ്വദേശി കിരണിനാണു (26) ആറ്റിങ്ങല്‍ എസ്‌ഐ പ്രശാന്തില്‍ നിന്നും മര്‍ദ്ദനമേറ്റത്. സിനിമ തിയേറ്ററില്‍ നിന്നും തിരിച്ചുവരുന്ന വഴി തന്നെ ടൗണില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കിരണ്‍ പറഞ്ഞു.

രണ്ടു സുഹൃത്തുക്കളോടൊപ്പം നടന്നുവരവേ തന്നെ മാത്രം തടഞ്ഞുനിര്‍ത്തി എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കിരണ്‍ പറയുന്നു. വഴിമധ്യേ പൊലീസ് ജീപ്പ് നിര്‍ത്തി എസ്‌ഐ തന്നോടു കാരണമില്ലാതെ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. പൊലീസ് ജീപ്പ് ഓടിച്ചിരുന്ന മണി എന്ന ഉദ്യോഗസ്ഥനുമായി മുമ്പ് വ്യക്തിപരമായി ചില വിഷയങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ പ്രതികാരമായിട്ടാണു തനിക്കു മര്‍ദ്ദനമേറ്റതെന്നും കിരണ്‍ പറഞ്ഞു. കിരണ്‍ ഇപ്പോള്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്നു റൂറല്‍ എസ്പി അന്വേഷിച്ചു കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്‍മേലാണ് ഡിവൈഎഫ്‌ഐ ഉപരോധം അവസാനിപ്പിച്ചത്. ആരോപണം നേരിടുന്ന  സബ് ഇൻസ്പെക്ടർ പ്രശാന്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നതു സംഘപരിവാര്‍ ആശയങ്ങളാണെന്നും, പ്രശാന്ത് സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന `സംഘമിത്രം´ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണെന്നും ഡിവെെഎഫ്എെ നേതാക്കൾ പറയുന്നു.

Read More >>