പാതാളത്തില്‍ നിന്നും പെരിയാറിലേയ്ക്ക് വിഷം തള്ളാന്‍ ശ്രമം; ആത്മഹത്യാ സമരം സംഘര്‍ഷം

മുപ്പത്തടം കുടിവെള്ള പദ്ധതിയടക്കം മറ്റു നിരവധി കുടിവെള്ള പദ്ധതികള്‍ ബണ്ടിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഷട്ടര്‍ തുറന്നാല്‍ ഈ കുടിവെള്ള പദ്ധതികളില്‍ ഉപ്പ് കലരും എന്നറിഞ്ഞിട്ടും, കുടിവെള്ള പദ്ധതികള്‍ക്കുമേല്‍ ഇല്ലാത്ത ആശങ്കയാണോ ഒരു കമ്പനിക്കുമേല്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്നതെന്നാണ് സമരക്കാര്‍ ചോദിക്കുന്നത്.

പാതാളത്തില്‍ നിന്നും പെരിയാറിലേയ്ക്ക് വിഷം തള്ളാന്‍ ശ്രമം; ആത്മഹത്യാ സമരം സംഘര്‍ഷംആലുവ പാതാളം ബണ്ടിനു മുകളില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ ബിപിസിഎല്‍ പ്ലാന്റിലേക്ക് പെരിയാറിന്റെ ഇടമുള കൈവഴിയില്‍ നിന്നും വെള്ളമെത്തിക്കാന്‍ കഴിയുന്നില്ലെന്നും ഷട്ടര്‍ തുറന്ന് കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി വിടണമെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ ഷട്ടര്‍ ഉയര്‍ത്തിയാല്‍ കെട്ടിക്കിടക്കുന്ന വ്യവസായ മാലിന്യങ്ങള്‍ പെരിയാറിലേക്കും കായലിലേക്കും ഒഴുകിയെത്തുമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഷട്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ബണ്ടിനു മുകളിലെ വെള്ളത്തില്‍ മുങ്ങി രണ്ട് ദിവസമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരം തുടരുകയാണ്.


പതാളം ബണ്ടില്‍ ഉപ്പുവെള്ളം കയറിയത് യാഥാര്‍ത്ഥ്യമല്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പരിശോധന ഫലത്തില്‍ തെളിഞ്ഞെങ്കിലും ഷട്ടര്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്നും ജില്ലാ ഭരണകൂടം പിന്മാറുന്നില്ല. കുടിവെള്ളത്തില്‍ 250 മില്ലീഗ്രാം വരെ ക്ലോറൈഡ് അനുവദനീയമാണെന്നിരിക്കെ പരിശോധനാ ഫലത്തില്‍ 120 മില്ലീഗ്രാം ക്ലോറൈഡ് മാത്രമാണ് കണ്ടെത്തിയത്.

[caption id="attachment_75811" align="aligncenter" width="584"] കഴിഞ്ഞ ദിവസം രാത്രിയിൽ ഷട്ടർ തുറക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ[/caption]

ബണ്ടിന് മുകളില്‍ ഉപ്പുവെള്ളം കയറിയെന്ന വാര്‍ത്ത പ്രചരിപ്പിച്ച് പ്രദേശത്തെ വ്യവസായ ശാലകള്‍ക്ക് വേണ്ടി മാലിന്യം ഒഴുക്കി കളയാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഉപ്പ് വെള്ളം കയറാതിരിക്കാനാണ് ബണ്ട് നിര്‍മ്മിച്ചത്. പിന്നെ എങ്ങനെയാണ് ബണ്ടിന് മുകളില്‍ ഉപ്പുവെള്ളം കയറിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ ആവശ്യപ്പെട്ടു.
റെഗുലേറ്ററി കം ബ്രിഡ്ജ് കവിഞ്ഞ് ഉപ്പുവെള്ളം കയറില്ലെങ്കില്‍ ബണ്ടിനു മുകളിലുള്ള ഫാക്ടറികളില്‍ നിന്നും പുറത്ത് വരുന്ന ഫ്‌ളുവന്റുകളില്‍ നിന്നാവണം വെള്ളത്തില്‍ ഉപ്പ് കലരുന്നത്. അങ്ങനെയെങ്കില്‍ അതിന് ഉത്തരവാദികള്‍ റിഫൈനറി അടക്കമുള്ള കമ്പനികളാണ്. ഇക്കാര്യം മറച്ചുവെച്ച് റിഫൈനറിയ്ക്ക് വെള്ളം എടുക്കാന്‍, ജനങ്ങളെ മറന്ന് ബണ്ട് തുറക്കാനുള്ള തീരുമാനത്തെ എതിര്‍ക്കും- പുരുഷന്‍ ഏലൂര്‍

[caption id="attachment_75809" align="aligncenter" width="660"] സമരപ്പന്തൽ[/caption]

മുപ്പത്തടം കുടിവെള്ള പദ്ധതിയടക്കം മറ്റു നിരവധി കുടിവെള്ള പദ്ധതികള്‍ ബണ്ടിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഷട്ടര്‍ തുറന്നാല്‍ ഈ കുടിവെള്ള പദ്ധതികളില്‍ ഉപ്പ് കലരും എന്നറിവുണ്ടായിട്ടും ഈ കുടിവെള്ള പദ്ധതികള്‍ക്കുമേല്‍ ഇല്ലാത്ത ആശങ്കയാണോ ഒരു കമ്പനിക്കുമേല്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്നതെന്നാണ് പ്രതിഷേധസമരക്കാര്‍ ചോദിക്കുന്നത്. ഷട്ടറിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന റിഫൈനറി, ഫാക്ട് ഉള്‍പ്പെടെയുള്ള കമ്പനികളിലെ രാസമാലിന്യം അടിഞ്ഞു കൂടി ആഴ്ചകളായി പെരിയാറിലെ ജലം കറുത്ത നിറത്തിലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

[caption id="attachment_75807" align="aligncenter" width="551"] കറുത്തൊഴുകുന്ന പെരിയാർ[/caption]

വെള്ളം കിട്ടിയില്ലെങ്കില്‍ റിഫൈനറിയുടെ പ്രവര്‍ത്തനം രണ്ട് ദിവത്തിനകം നിന്നു പോകുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥരെത്തിയെങ്കിലും പിന്‍മാറാന്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും തയ്യാറായില്ല. ഷട്ടര്‍ തുറക്കാനാണ് തീരുമാനമെങ്കില്‍ ബണ്ടിന് മുകളില്‍ വഞ്ചിയില്‍ പ്രതിഷേധം നടത്തുന്ന തങ്ങളും ഒഴുകി പൊയ്‌ക്കോട്ടെയെന്നാണ് സമരക്കാര്‍ പറയുന്നത്.

Read More >>