അപ്സരസെന്ന സിനിമയില്‍ ഞാനാണ് നായിക; കേട്ടിട്ട് ചിരി വരുന്നോ, എന്നാലിത് മുഴുവന്‍ വായിക്ക്...

എന്തൊരു കറുപ്പാണ് ഡോക്ടറെ കാണിച്ചൂടെ എന്നതാണ് നായകന്റെ ആദ്യ സന്ദേഹം. കഴിവ് തെളിയിച്ച നായികയാണെന്ന് അതിഥികള്‍ ആവര്‍ത്തിച്ചിട്ടും ഈ കോലത്തിനു പറ്റിയ കഥാപാത്രം എന്താണെന്നതാണ് ആശ്ചര്യം. അപ്‌സരസെന്ന സിനിമയ്ക്ക് ഈ നായിക ചേരില്ലെന്ന തമാശയ്ക്ക് കാണികളും ചിരിച്ചു മറിയുന്നുണ്ട്, ഒപ്പം അതിഥിയായെത്തുന്ന സലിംകുമാറും- ദളിത് ശരീരങ്ങളെ അപമാനിക്കുന്ന സിനിമകള്‍ക്കും ചാനല്‍ പരിപാടികളും ഇനി മുന്നോട്ടു പോകില്ല. രാധു രാജ് എസ് എഴുതുന്നു

അപ്സരസെന്ന സിനിമയില്‍ ഞാനാണ് നായിക; കേട്ടിട്ട് ചിരി വരുന്നോ, എന്നാലിത് മുഴുവന്‍ വായിക്ക്...

രാധു രാജ് എസ്

ഒരു മലയാളിയെ അല്ലാതെ വേറൊരു ഭാഷക്കാരനെ വിവാഹം ചെയ്യാന്‍ എനിക്ക് സാധിക്കില്ല എന്ന് പറഞ്ഞൊരു കൂട്ടുകാരി ഉണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല.. തമാശയാണ്, നമ്മുടെ സിനിമയാണ്. നമ്മുടെ ദൈനംദിന ജീവിത്തില്‍ മലയാളി ആവര്‍ത്തിച്ചു പറയുന്ന സംഭാഷണങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും സിനിമകളിലെ തമാശ രംഗങ്ങളില്‍ നിന്ന് നാം കടം കൊണ്ടിട്ടുള്ളതാണ്. അത്തരം തമാശകളാണ് മലയാളി സൗഹൃദക്കൂട്ടുകളുടെ പോലും ജീവനാഡി. ഇത്തരം ചില കൂട്ടുകെട്ടുകളാണ് മലയാള സിനിമയുടെ ഗതി മാറ്റി മറിച്ചതും.


Image may contain: 2 people, text

ദാസന്‍ - വിജയന്‍ കോമ്പിനേഷനുകളിലും ഹരിഹര്‍ നഗറിലും ഉര്‍വശി തീയറ്ററിലുമൊക്കെ നമ്മുടെ സൗഹൃദവും തമാശയും പൂത്തു. പരസ്പരമുള്ള പാരവെപ്പുകളും കാലുവാരലും കൂട്ടുകാരുടെ വീഴ്ചകളും പോരായ്മകളും നാം തമാശയാക്കി. ശ്രീനിവാസന്‍റെ  കോംപ്ലക്‌സുകള്‍ എക്കാലത്തെയും മികച്ച തമാശ രംഗങ്ങള്‍ നമുക്ക് നല്‍കി. ഉരുണ്ടും പിരണ്ടും ഓടുന്ന, വീഴുന്ന വ്യത്യസ്തമായി വേഷം ധരിക്കുന്ന, കുറിയ കറുത്ത മനുഷ്യര്‍ നമ്മുടെ തമാശയുടെ ഗൃഹാതുരമായി ഇന്നും നിലകൊള്ളുന്നു. നൊസ്റ്റാള്‍ജിയ ആകുമ്പോള്‍ പിന്നെ ചോദ്യങ്ങളില്ല, പരാതികളില്ല. സര്‍വത്ര സുഖകരം.

മിമിക്രി ഉത്സവപ്പറമ്പുകളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് കടന്ന കാലം. ജയറാം മുതല്‍ നെല്‍സണ്‍ വരെ അഭിനേതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളുമായി മലയാള ചിരിയുടെ വിവിധ ഭാവങ്ങള്‍ വരച്ചിട്ട നിരവധി കലാകാരന്മാര്‍. കലോത്സവ വേദികളിലെ സവര്‍ണ്ണ സുകുമാര കലാ തിലക-പ്രതിഭാ പട്ടങ്ങള്‍ സിനിമയിലേക്കുള്ള എളുപ്പ വഴി ആയിരുന്നത് പോലെ, മിമിക്രിയും വെള്ളിവെളിച്ചത്തിലേക്കുള്ള വഴികാട്ടിയായി. ജയറാമിനും ദിലീപിനും ഒപ്പം കലാഭവന്‍ മണിയും സലിം കുമാറും ഉദയം കൊണ്ടു.
Image may contain: 1 person, text
വിനോദം സ്വീകരണ മുറിയിലേക്കൊതുങ്ങിയപ്പോള്‍ തമാശയും നാം കൂടെ കൂട്ടി. പ്രൈം ടൈം കോമഡി ഷോകള്‍ കൈയ്യിലാക്കി. കോമിക്കോള പോലുള്ള തമാശ പരിപാടികള്‍ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സ് പോലുള്ള വമ്പന്‍ മത്സര പരിപാടികളായി വളര്‍ന്നു. ബഡായി ബംഗ്ലാവും ലാഫിംഗ് വില്ലയും പരസ്പരം കൊമ്പുകേര്‍ക്കുന്നു.

കുറവുകളെ ചിരിയോടെ നേരിടുക എന്നതാവും നമ്മുടെ തമാശയുടെ കാതലായ ലക്ഷ്യം എന്ന് തോന്നുന്നു. എന്താണ് കുറവ്, എന്ന് മാത്രം ചോദിക്കരുത്. അത്തരത്തില്‍ തന്‍റെ കുറവുകളെ ചിരിയാക്കി മാറ്റുകയായിരുന്നു കലാഭവന്‍ മണി മുതല്‍ ധര്‍മജന്‍ വരെ.

കുട്ടിക്കാലത്ത് കണ്ട കലാഭവന്‍ കോമഡി രംഗങ്ങളുടെ ചില ഓര്‍മകളുണ്ട്. കാലിനു മുടന്തുള്ളവനും വിക്കനും മുച്ചുണ്ടനും വഴിയില്‍ നാട്ടുമരുന്നു വില്‍ക്കു ന്നവനുമെല്ലാം കഥാപാത്രമായി വരുന്ന കോമഡി ഷോകള്‍. കുറച്ചു കാലം സ്ലീവ് ലെസ്സ് ബ്ലൌസിട്ട കൊച്ചമ്മമാരായിരുന്നു നമ്മുടെ കോമഡി പീസുകള്‍. ഉണ്ണി എസ് നായരെല്ലാം വേദിയില്‍ നിറഞ്ഞാടിയ ഗിന്നസ് കാലം. സ്വതവേ മെലിഞ്ഞ ശരീരമുള്ള ഉണ്ണി മാറും നിതംബവും വെച്ചുകെട്ടി ശരീര ചേഷ്ടകളിലൂടെ അവ കൂടുതല്‍ തമാശവല്‍ക്കരിച്ചു.

Image may contain: 2 people, text

പിന്നീടാണ് കോമഡി ഷോകളെ ചാനലുകള്‍ കണ്ണുമടച്ച് സ്വീകരിച്ചു തുടങ്ങുന്നത്. സിനിമയും മിമിക്രിയും പരസ്പരം ഏറെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ വര്‍ഷങ്ങള്‍. എന്തും ഏതും തമാശയ്ക്കുള്ള വകയായി മാറി. മണിയറ മുതല്‍ മരണവീട് വരെ, യാത്രകളും ആശുപത്രിയും ജോലി സ്ഥലവും സിറ്റുവേഷനുകള്‍ എന്ത് തന്നെയായാലും നമുക്ക് കോമഡിക്ക് വകയുണ്ടായി.

കറുത്ത് തടിച്ച സ്ത്രീയെ നോക്കി ഇവളെ പ്രേമിച്ചതിനാണ് നിനക്ക് രണ്ടാമത്തെ അടി വേണ്ടത് എന്ന ആക്ഷന്‍ ഹീറോ ബിജു കളിക്കലാണ് നമ്മുടെ കോമഡി ഷോകളുടെ സ്ഥിരം സ്വഭാവം എന്ന് പറയാതെ വയ്യ.

Image may contain: 2 people, text
കൊള്ളക്കാരും കള്ളന്മാരും ക്വട്ടേഷന്‍ ടീമുകളും മറികടന്നു നമുക്ക് തമാശയ്ക്കും കീഴാള ശരീരങ്ങള്‍ കൂടിയേ തീരൂ എന്നായിട്ടുണ്ട്.

സങ്കല്‍പ കാമുകിയെ സ്വപ്നം കാണുന്ന കാമുകനോട് ചേര്‍ന്ന് നിന്ന്, എന്നെയാണോ ഓര്‍ക്കുന്നതെന്ന് ചോദിക്കുന്ന കറുത്ത് തടിച്ച സ്ത്രീ രൂപം അയാളെ ഭയപ്പെടുത്തുകയും നമ്മെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, നമ്മുടെ നര്‍മ്മത്തിന് കാര്യമായ പ്രശ്‌നമുണ്ട്.

പെണ്‍ വേഷം കെട്ടിയ ആണ്‍ രൂപങ്ങളോ, പെണ്ണുങ്ങള്‍ തന്നെയോ -മെലിഞ്ഞതോ തടിച്ചതോ- കറുത്തവരാകുമ്പോള്‍ നമുക്ക് ചിരി വരുന്നതെന്താണ്? കറുത്ത മനുഷ്യ രൂപങ്ങള്‍ നമുക്ക് കരി വിളക്കും കറുപ്പ് ചായമടിച്ച ആളുകള്‍ സകല തമാശകളും ഭയവും പോലും ആരോപിക്കാവുന്ന രൂപങ്ങളുമായി  മാറുന്നു. കറുത്ത് തടിച്ച വേലക്കാരി ജാനു തമാശയ്‌ക്കൊപ്പം അവിഹിത സാധ്യതകള്‍ കൂടി ബാക്കി വയ്ക്കുന്നുണ്ട്.

Image may contain: 1 person, standing and text
കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് കണ്ടു. പ്രൊഡ്യുസറുടെ മകളായ കറുത്ത് കറുപ്പിച്ച- തടിച്ച പെണ്‍കുട്ടി നായികയായി അഭിനയിക്കാനെത്തുന്നു. എന്തൊരു കറുപ്പാണ് ഡോക്ടറെ കാണിച്ചൂടെ എന്നതാണ് നായകന്റെന ആദ്യ സന്ദേഹം, കഴിവ് തെളിയിച്ച നായികയാണെന്ന് അതിഥികള്‍ ആവര്‍ത്തിച്ചിട്ടും ഈ കോലത്തിനു പറ്റിയ കഥാപാത്രം എന്താണെന്നതാണ് ആശ്ചര്യം, അപ്‌സരസെന്ന സിനിമയ്ക്ക് ഈ നായിക ചേരില്ലെന്ന തമാശക്ക് കാണികളും ചിരിച്ചു മറിയുന്നുണ്ട്, ഒപ്പം അതിഥിയായെത്തുന്ന സലിംകുമാറും. ഈ കോലത്തെ നോക്കി  സുസ്മിത എന്ന പേരു  വിളിക്കാനാവില്ല, ഇംഗ്ലീഷ് പറയല്ലേ, ഈ ശരീരത്തില്‍ നിന്നും ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ എന്തോ പോലെ എന്നിങ്ങനെ വളരുന്ന ചിരി സ്റ്റേറ്റ്‌സില്‍ പഠിച്ച നായികയോട് കൊല്ലംകോട് കോളനി ഇപ്പോള്‍ സ്റ്റേറ്റ്‌സ് ആയോ എന്ന ചോദ്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കൃത്യമായി തെളിയുന്നുണ്ട് മലയാളിയുടെ ജാതി ബോധത്തിനു മേലുള്ള കറുപ്പ് ചായം.

നമുക്ക് കറുത്ത നായികമാര്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കീഴാള ദേഹം സംശയലേശമെന്യേ അവതരിപ്പിക്കാനായി  കറുപ്പ് ചായമടിച്ച കാവ്യയോ ഭാവനയോ പദ്മപ്രിയയോ അല്ല. കറുത്ത, കറുകറുത്ത നായികമാര്‍ തന്നെ.

Image may contain: textനമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും മലയാളി പൊതുബോധത്തില്‍ ഉറങ്ങി കിടക്കുന്ന - അത്ര ഉറക്കത്തില്‍ ഒന്നും അല്ല, ഉണരാനും തിരുത്താനും താല്‍പര്യം ഇല്ലാത്ത  സവര്‍ണ്ണ ജാതി ബോധത്തിന്‍റെ ബാക്കി പത്രം തന്നെയാണ് ഈ തമാശകളും. സവര്‍ണ്ണ ബന്ധത്താല്‍ അല്ലാതെ വെളുത്ത കുട്ടി ഉണ്ടാവില്ല എന്ന മലയാള സിനിമയിലെ പരമ സത്യം (അനന്തഭദ്രം) എന്ത്  ജീവശാസ്ത്രമാണ്  നമ്മെ പഠിപ്പിക്കുന്നത്?

ബ്രാഹ്മണനാണ്, സംശയിക്കണ്ട, ഇതാ പൂണൂല്‍, എന്ന് സലിം കുമാറിനെക്കൊണ്ട് (വാസ്തവം) പറയിപ്പിക്കേണ്ടി വരുന്നുണ്ട് നമുക്ക്. കീഴാള ശരീരങ്ങള്‍ കുറിക്കാന്‍, കറുപ്പും കറുപ്പടിച്ചവരും വേണമെന്നുണ്ട്. ഈ നിബന്ധന കമ്മട്ടി പാടത്തിലൂടെ കൂടുതല്‍ കറുപ്പിച്ചവരും കൂടുതല്‍ പല്ല് പൊന്തിയവരും ആയി  ഉയര്‍ത്തിയിട്ടുമുണ്ട്.

'കറുത്ത ടാല്‍കം  പൗഡറിന്റെ കാലം വരും മക്കളെ' എന്ന തന്റെ ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തക സരിത കെ വേണു പങ്കുവെച്ച തന്റെ അനുഭവങ്ങള്‍ പോലെ - 'ഒരിക്കല്‍ ഒരു വാര്‍ത്തക്ക് വേണ്ടി മേയറെ കാണാന്‍ അനുമതിയെടുത്ത് കാത്തിരിക്കുകയായിരുന്നു ഞാന്‍. അനുവദിച്ച സമയമായപ്പോള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ മുറിയില്‍ നിന്നും വിളിവന്നു. എന്നെ കണ്ടതും സെക്രട്ടറി, നീയാണോ? ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ ആളാണെന്നാക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി... സെക്രട്ടറി വാക്കുകള്‍ മുഴുവനാക്കിയില്ല.

ഒരുപാട് വിദ്യാഭാസവും കഴിവുമുള്ള പലരും പൊതുസമൂഹത്തില്‍ ആദ്യകാഴ്ചയില്‍ തന്നെ അപമാനിക്കപ്പെടുകയും കഴിവില്ലാത്തവരായി മുദ്രകുത്തപ്പെടുകയും ചെയ്യുക അവരുടെ 'ലുക്കിനെ', അതിലൂടെ നിര്‍ണ്ണയിക്കപ്പെടുന്നത് ജാതിയെ  മുന്‍ നിര്‍ത്തിയാകുന്നു.

കറുത്തിരുന്നാല്‍ ആത്മവിശ്വാസം ഉണ്ടാവില്ലെന്നും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ സാധിക്കില്ലെന്നും ആവര്‍ത്തിക്കുന്ന ഫെയര്‍ ആന്‍ഡ് ലവ്‌ലി മുതല്‍  ഇന്ദുലേഖ വൈറ്റിന്‍റെ

വരെ പരസ്യങ്ങള്‍ ഊന്നിപ്പറയുന്നത് ആധുനിക വിദ്യാഭ്യാസവും വസ്ത്രധാരണവും ചിലരുടെ മാത്രം കുത്തകയാണെന്നാണ്.

കുറച്ചു ദിവസങ്ങള്‍ മുമ്പ് വാട്‌സ്ആപ്പില്‍ ഒരു മെസേജ് ലഭിച്ചു. വിനയന്‍ എന്നൊരു ചേട്ടന്‍ നിന്നെ അറിയുമെന്ന് പറഞ്ഞു, നമ്പര്‍ ചോദിച്ചു, കൊടുക്കട്ടേയെന്നും ആളുടെ ഫോട്ടോ അയക്കാം അറിയാമോ എന്ന് നോക്കൂ എന്നുമായിരുന്നു അത്. കറുത്ത് പല്ലുന്തിയ ഒരു മനുഷ്യന്റെന ചിത്രം. ആ ചിത്രമയക്കുമ്പോള്‍, നാം പ്രതീക്ഷിക്കുന്ന തമാശയെന്താണ്? എന്റെയോ നിങ്ങളുടെയോ ഫോട്ടോയില്‍ നിന്നും ആ രൂപത്തെ തമാശയ്ക്ക് അര്‍ഹമാക്കുന്ന സവിശേഷത എന്താണ്? അയാളുടെ നിറം തന്നെയല്ലേ? അതോ പൊന്തിയ പല്ലുകളോ?  ഫെസ്ബുക്കിലെ ഫോട്ടോ കമന്റുകള്‍ തുടങ്ങിയ കാലത്ത്, ഒരുമ്മ തരട്ടേ ചേട്ടാ എന്ന് ചോദിച്ച് പ്രചരിച്ച കറുത്ത പല്ലുപൊന്തിയ മുഖങ്ങളും പറയുന്നത് മറ്റൊന്നല്ല.

'നമ്മളിത് കാലങ്ങളായി പറയുന്നതാണ്. തമാശയെന്ന ലേബല്‍ ഒട്ടിച്ചാല്‍ സകല മനുഷ്യവിരുദ്ധതയും ന്യായീകരിക്കാം എന്ന മനോഭാവത്തിലാണ് മലയാളികള്‍. എതിര്‍ക്കുന്നവര്‍ അരസികരാവുകയാണ് പലപ്പോഴും.

Image may contain: 2 people, sunglasses and text

"നിറ രാഷ്ട്രീയ ചര്‍ച്ചകള്‍ പോലും ഉപരിപ്ലവമായ സവര്‍ണ്ണ ലിബറല്‍ യുക്തികളിലാണ് പ്രവര്‍ത്തിക്കുന്നത്. കറുപ്പിലൂടെ ആരോപിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും ജാതിയാണെന്ന് പറയാന്‍ ബ്ലാക്ക് ഈസ് ബ്യുട്ടിഫുള്‍ കാംപെയിനുകള്‍ മുതല്‍ 'സ്റ്റോപ്പ് മീഡിയ വയലന്‍സ്' പോലുള്ള പേജുകളും പലപ്പോഴും മടിക്കുന്നു"- ഫെയ്‌സ് ബുക്കില്‍ ഇപ്പോള്‍ സജീവമാകുന്ന 'സ്റ്റോപ്പ് മീഡിയ വയലന്‍സ്' പേജിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ധന്യ എം ഡി.

ഇത്തരം തമാശകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്കും  നായകന്മാരിലേക്കും കലാഭവന്‍ മണിയും വിനായകനും വളര്‍ന്നു . 'ചില കഥാപാത്രങ്ങള്‍ക്ക് ' അവരെ ഒഴിച്ചുകൂടാനാവാതായി.

എന്നാല്‍ സൂര്യയും ഇപ്പോള്‍ ഷോമിയും അല്ലാതെ മലയാളത്തില്‍ കാര്യമായ കറുത്ത നായികമാര്‍ ഉണ്ടായിട്ടില്ല. അവരുടെ കഥാപാത്രങ്ങളും കൃത്യമായ ദളിത് സ്വത്വം ഉയര്‍ത്തുന്നവയാണ്. അവ കാര്യമായ അഭിനയ മുഹൂര്‍ത്തങ്ങളായി അടയാളപ്പെടുകയുമുണ്ടായില്ല.

എന്നാല്‍ കറുത്തപക്ഷികളില്‍ പദ്മപ്രിയയും കിസ്മത്തില്‍ ശ്രുതി മേനോനും മികച്ച അഭിനേത്രികളായി മാറി. അഭിനയ മികവ് എന്നാല്‍ സവര്‍ണ ശരീരത്തില്‍ മാത്രം ഭദ്രമായ ഒന്നാണെന്ന നായികാ സങ്കല്‍പ്പത്തിലാണ് മലയാളി മനസ് ഇപ്പോഴും. 'മലയാള സിനിമ  മാധ്യമ രംഗത്തെ സവര്‍ണ അധികാര  സൗന്ദര്യ യുക്തികളാണ് ഇത്തരം തമാശകളില്‍ തെളിയുന്നത്.

"ഒരു കീഴാള ശരീരം മലയാള സിനിമയില്‍ അല്ലെങ്കില്‍ ടെലിവിഷന്‍ മേഖലയില്‍ സ്വീകാര്യയാവുന്നത്തില്‍ അവരുടെ കഴിവിനും സാമൂഹിക സാംസ്‌കാരിക ഭൂമിശാസ്ത്ര ഘടകങ്ങള്‍ക്കും  ശക്തമായ പങ്കുണ്ട്. അവരുടെ സ്ട്രഗ്‌ളിനെ നിങ്ങള്‍ക്ക്  നിരാകരിക്കാനാവില്ല. എന്നാല്‍ ഇത്തരം ശരീരങ്ങളില്‍ കോമഡിയും ഭീതിയും ആരോപിക്കുന്നത് നിങ്ങളുടെ സൗന്ദര്യ ബോധത്തിന്‍റെ പ്രശ്‌നമാണ്"- അഭിനേതാവും ഡോക്യുമെന്‍ററി ഡയറക്ടറും എഴുത്തുകാരനുമായ രൂപേഷ് കുമാര്‍ പറയുന്നു.

[caption id="attachment_72596" align="alignright" width="298"] അധ്യാപികയും എഴുത്തുകാരിയുമാണ് കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ രാധു രാജ്. എസ്[/caption]

ഞാന്‍ കറുത്തതാണ് എന്നാല്‍ അതില്‍ മോശമായി എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഇവയൊക്കെ തമാശയായി കാണാന്‍ എനിക്ക് സാധിക്കുന്നു. ഇത്തരത്തില്‍  എന്തിലും ഏതിലും കുഴപ്പം കാണുന്നത് സ്വന്തം നിറത്തിലും ജാതിയിലും കോംപ്ലക്‌സ് ഉള്ളവരാണ് എന്നിങ്ങനെ പോകുന്നു തമാശയേയും ആശയ സ്വാതന്ത്രത്തെയും പിന്താങ്ങുന്നവരുടെ കമന്റുകള്‍.

ഈ തമാശകള്‍ ആസ്വദിക്കുന്നവര്‍,  എന്തുകൊണ്ടാണ്  ധര്‍മ്മജനോ മനോജ് ഗിന്നസോ കോട്ടിട്ട് കൂളിംഗ് ഗ്ലാസ് വച്ചു വരുമ്പോള്‍ ഒരു ഡയലോഗു പോലുമില്ലാതെ നാം ചിരിക്കുന്നത് എന്ന ചോദ്യത്തിനെങ്കിലും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

തീര്‍ച്ചയായും ചിരി നല്ലതു തന്നെ. എന്നാല്‍ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളെ അവരുടെ പുറം കാഴ്ചയിലും ഭാഷാസംസ്‌കാരത്തിലുമൂന്നി പരിഹാസിക്കുന്നതാണ് നര്‍മ്മബോധമെന്ന ചിന്ത പുരോഗമനവാദിയെന്നു സ്വയം ഊറ്റംകൊള്ളുന്ന മലയാളി തിരുത്തേണ്ടിയിരിക്കുന്നു.