മിമിക്രി അതിജീവനത്തിന്റെ കലയാകുമ്പോള്‍: കലോത്സവ വേദിയിലെ പൊള്ളുന്ന കാഴ്ചകള്‍

മനക്കരുത്തു കൊണ്ട് പ്രതിസന്ധികളെയും ന്യൂനതയേയും മറിക്കടക്കുന്ന അതിസുന്ദരമായ കാഴ്ച മിമിക്രി വേദിയില്‍ നിന്നും. ഇല്ലായ്മയെ കുറിച്ച് വിലപിക്കാനല്ല. ജീവിതത്തോടു പൊരുതാനാണു തനിക്കു താത്പര്യമെന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതനായ ജീവന്‍ രാജ് പറഞ്ഞു വയ്ക്കുന്നു. അതിജീവനം സുന്ദരമായ കലയായി ഇവിടെ രൂപാന്തരപ്പെടുന്നു.

മിമിക്രി അതിജീവനത്തിന്റെ കലയാകുമ്പോള്‍: കലോത്സവ വേദിയിലെ പൊള്ളുന്ന കാഴ്ചകള്‍

മിമിക്രി വേദിയിലാണ് ദാരിദ്രത്തോടും ശാരീരീക ന്യൂനതകളോടും സമരം ചെയ്യുന്നവരെ കണ്ടു മുട്ടിയത്. കടം വാങ്ങി മത്സരിക്കാന്‍ എത്തിയവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

കൊടിയ ദാരിദ്രത്തിനിടയിലും മിമിക്രിയെ മുറുക്കിപ്പിടിച്ച കലാഭവന്‍ മണിയും ദിലീപുമെല്ലാം കണ്‍മുന്നില്‍ തലയുര്‍ത്തി നില്‍ക്കുമ്പോള്‍ കാലം ഈ കുരുന്നുകളുടെ പോരാട്ടത്തിനു പ്രതിഫലം കൊടുക്കട്ടെയെന്ന് ആളുകള്‍ മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

രോഗം തളര്‍ത്തിയില്ല: കേട്ട് അനുകരിച്ച് ഷിഫ്‌നഞാനോരന്ധയാണെന്നറിഞ്ഞ
നിമിഷം അച്ഛനമ്മയെ പിരിഞ്ഞു പോയി.
നിര്‍ഭാഗ്യമെന്നു പറഞ്ഞിടട്ടെ.
അമ്മ പിന്നെ തനിച്ചായി.

ഗുരുതരമായ അസുഖത്തോടു പൊരുതി കലോത്സവ വേദിയിലെത്തിയ അന്ധയായ ഷിഫ്ന മറിയം എഴുതിയ കവിതയാണിത്. പ്രകടനം കഴിഞ്ഞപ്പോള്‍ അസുഖം മുര്‍ച്ഛിച്ചു. ആശുപത്രിയിലേയ്ക്ക് ഷിഫ്നയെ മാറ്റി.

ഷിഫ്നയുടെ ലോകം ശബ്ദമാണ്. അവിടെ നിറങ്ങളോ വെളിച്ചമോ ഇല്ല. ഗുരുതരമായ പല രോഗങ്ങളും ബാധിച്ചു ക്ഷീണിതമാണ് ആ ശരീരം. ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് അവള്‍ കഴിക്കുന്നത്. പക്ഷേ മിമിക്രി വേദിയിലെത്തിയാല്‍ ഷിഫ്‌ന മറിയം എല്ലാ അവശതകളും മറക്കും. അകക്കണ്ണുകൊണ്ടവള്‍ എല്ലാം കാണും.

[caption id="attachment_75615" align="alignnone" width="768"] ഷിഫ്‌ന പ്രദീപ്‌ലാലിനൊപ്പം[/caption]

ട്രെയിന്‍ പായുന്നതും പക്ഷികള്‍ ചിലയ്ക്കുന്നതും സിനിമാതാരങ്ങളുടെ ശരീരഭാഷയുമെല്ലാം കൃത്യമായി അടയാളപ്പെടുത്തും. ഷിഫ്‌നയ്ക്കു പ്രേംനസീറിനെ അനുകരിക്കാനാണ് ഏറ്റവും ഇഷ്ടം. ശരീര ഭാഷ പോലും അതേ പോലെ സ്റ്റേജില്‍ പകര്‍ത്തും. പ്രേംനസീര്‍ ഒരു നടന്‍ മാത്രമല്ല ഷിഫ്നയ്ക്ക്. 'ഇവള്‍ പ്രേംനസീറിന്റെ കൊച്ചുമോളാണ്. എന്റെ വല്ല്യുപ്പയുടെ സഹോദരിയുടെ മകനാണ് പ്രേംനസീര്‍'. ഉമ്മ ഷാഹിന അഭിമാനത്തോടെ പറയുന്നു.

ഫ്ളവേഴസ് ചാനലിലെ കോമഡി ഉത്സവത്തില്‍ പങ്കെടുത്തിരുന്നു. കണ്ണിനു കാഴ്ചയില്ലെങ്കിലും അസാമാന്യ ബുദ്ധി ശക്തിയുണ്ട് എന്റെ മകള്‍ക്ക്- ചെറുപ്പത്തിലേ ബാപ്പ ഉപേക്ഷിച്ചു പോയ ഷിഫ്നയ്ക്ക് ഉമ്മയായിരുന്നു എല്ലാം. നിഴല്‍പ്പോലെ ഉമ്മ ഷാഹിന എപ്പോഴും ഷിഫ്നയുടെ കൂടെയുണ്ട്.

ചെറുപ്പം മുതലേ ഷിഫ്‌ന നന്നായി മിമിക്രി അവതരിപ്പിക്കുമായിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രദീപ് ലാല്‍ സാറിനെ കണ്ടു മുട്ടിയതാണ് അനുഗ്രഹമായതെന്ന് ഷാഹിന പറയുന്നു. 15 വര്‍ഷമായി താന്‍ കുട്ടികളെ കലോത്സവത്തിനായി പഠിപ്പിക്കുന്നു. സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പല പ്രതിഭകളും പ്രദീപ് ലാലിന്റെ സംഭാവനയാണ്.ഷിഫ്നയ്ക്ക് മിമിക്രിയില്‍ ഗുരുക്കന്‍ന്മാരില്ല. ഞാന്‍ ആ കഴിവുകളെ പരിപോഷിപ്പിച്ചുവെന്നേയുള്ളു ഷിഫ്‌നയുടെ ഗുരു പ്രദീപ് ലാല്‍ പറയുന്നു.

കാഴ്ചയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിയോടുള്ള സഹതാപം മാത്രമായിരുന്നു എനിക്ക് ഷിഫ്‌നയോടുണ്ടായിരുന്നത്. പിന്നീട് ഷിഫ്‌നയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ അത് അത്ഭുതമായിമാറി. അസുഖം മൂലം പലപ്പോഴും അവശയായതിനാല്‍ ഫോണിലൂടെയാണ് പാഠങ്ങള്‍ പറഞ്ഞു കൊടുത്തത്. കാഴ്ചയില്ലാത്ത കുട്ടിയാണെങ്കിലും വല്ലാത്ത ബുദ്ധി ശക്തിയുണ്ട് ഈ കുട്ടിയ്ക്ക്. വീട്ടിലെ മുറിയില്‍ എത്ര പേര്‍ ഉണ്ടോയെന്ന് കൃത്യമായി ഇവള്‍ക്കു പറയാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ സെക്കന്‍ഡ് എ ഗ്രേഡ് ആയിരുന്നു. അപ്പീല്‍ കൊടുത്താണ് ഇവിടെ വന്നത്. പ്രദീപ് ലാല്‍ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ കേള്‍ക്കുന്ന അനൗണ്‍സ്‌മെന്റാണ് പ്രധാന ഇനം. Atonic bladder Fallas Syndrome എന്ന ഗുരുതരമായ അസുഖമാണ് എന്റെ മകള്‍ക്ക്. ഇടയ്ക്കിടെ മൂത്രം അറിയാതെ പോകും. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ തുടര്‍ച്ചയായി മൂത്രം പോകും. കുറെ നാളത്തെ ആയൂര്‍വേദ ചികിത്സയ്ക്കു ശേഷമാണ് ഇപ്പോള്‍ കുറച്ചു ശമനമുണ്ട്.

ഞാന്‍ ജോലിയ്ക്കു പോകുമ്പോള്‍ എന്റെ ഉമ്മയാണ് ഷിഫ്‌നയെ നോക്കുന്നത്. എന്റെ കുഞ്ഞ് നന്നായി കവിത എഴുതും. ഒരു കവിത എങ്കിലും പ്രസിദ്ധീകരിച്ചു കാണണമെന്ന് ആഗ്രഹമുണ്ട് ഷാഹിന പറയുന്നു.

എന്‍ഡോസള്‍ഫാനെതിരെ ഒറ്റയാന്‍ പ്രതിഷേധം

എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധം ഉയര്‍ത്തി കലോത്സവ വേദിയെ ഇളക്കി മറിച്ച ജീവന്‍രാജും മിമിക്രി അതിജീവനത്തിന്റെ കഥയാണെന്ന് അടിവരയിടുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതം ഏറ്റവുമധികം നാശം വിതച്ച എന്‍മകജെ ഗ്രാമത്തില്‍ നിന്നാണു ജീവന്‍ രാജിന്റെ വരവ്. കൂട്ടിന് ചേട്ടനുമുണ്ട് ദേവികിരണ്‍. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് ഇരയായി ജന്മനാ കാഴ്ച ശക്തിയില്ലാത്തവരാണ് ഇവര്‍. ജീവന്‍ രാജിന്റെ പ്രകടനത്തിനുമുന്നില്‍ മിമിക്രി വേദി നിശബ്ദമായി.

അക്ഷരാര്‍ത്ഥത്തില്‍ സമരം തന്നെയായിരുന്നു വേദിയില്‍. പല വേദികളില്‍ ഓര്‍മ്മിപ്പിച്ചിട്ടും അവകാശപ്പെട്ട നഷ്ടപരിഹാരം പോലും അനുവദിക്കാത്ത ഭണകൂടത്തിനെതിരായ രോക്ഷം ആ പ്രകടനത്തില്‍ വായിച്ചെടുക്കാമായിരുന്നു. തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാനെത്തുന്ന ഹെലികോപ്ടറിന്റെ ശബ്ദമാണ് ജീവന്‍ രാജ് ആദ്യം അവതരിപ്പിച്ചത്. എന്‍മകജെ ഗ്രാമത്തിലെ അന്വത്തടടുക്ക വീട്ടിലെ ഈശ്വര്യ നായികിന്റെയും പുഷ്പലതയുടെയും മകനാണ് ജീവന്‍ രാജ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന കൂലിപ്പണിക്കാരനാണ് അച്ഛന്‍ ഈശ്വര്യ നായിക്.

കാസര്‍ഗോഡ് ഗവ. അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ജീവന്‍ രാജ്. സ്‌കൂള്‍ വക ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം. അധ്യാപകരുടെ കൈയും പിടിച്ചാണ് ജീവന്‍ രാജ് വേദിയിലെത്തിയത്. 19 ഓളം അന്ധവിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നതെന്ന് അധ്യാപകനായ റ്റി വി നാരായണന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇവരെല്ലാം തന്നെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരാണെന്നും ജന്മനാ കാഴ്ച നഷ്ടമായവരാണെന്നും നാരായണന്‍ പറഞ്ഞു.

[caption id="attachment_75628" align="alignnone" width="957"] ജീവന്‍ രാജ് അധ്യാപകര്‍ക്കൊപ്പം[/caption]

മൂത്ത സഹോദരന്‍ ദേവികിരണ്‍ നല്ല പാട്ടുകാരനാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ദേവികിരണ്‍ കഴിഞ്ഞ ദിവസം വേദി വിട്ടത്. രാമകഥാ സുധാ.. മദ്ധ്യമാവതി രാഗത്തില്‍ ത്യാഗരാജ കൃതി പാടിയാണ് ദേവികിരണ്‍ സദസ്സിന്റെ കണ്ണും കരളും കവര്‍ന്നത്. ജന്മനാ കണ്ണുകള്‍ നഷ്ടമായ ജീവന്‍ രാജിന് കണ്ണുകള്‍ നല്‍കാന്‍ അമ്മ പുഷ്പലത തയ്യാറായി മുന്നോട്ടു വന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.

പത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാം സ്ഥാനമുണ്ടായിരുന്നു ദേവികിരണിന്. അനുജന്‍ ജീവന്‍രാജും പഠിക്കാന്‍ അതി സമര്‍ത്ഥനാണെന്ന് അധ്യാപികയായ ഫിലോമിന പറയുന്നു. വീട്ടില്‍ തുളുവാണ് സംസാരിക്കുന്നത്. സുഹൃത്തുക്കളും അധ്യാപകരുമാണ് ജീവന്‍രാജിന്റെ കണ്ണ്. കുട്ടുകാരാണ് തന്നിലെ മിമിക്രി കലാകാരനെ കണ്ടെത്തിയതെന്നു ജീവന്‍രാജ് പറയുന്നു. ക്ലാസിലെ അധ്യാപകരുടെ ശബ്ദമാണ് ആദ്യം അനുകരിച്ചത്.
തങ്ങളെപ്പോലെ എല്ലാവരും കയ്യൊഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കണമെന്നാണ് ജീവന്‍ രാജിന്റെ ആഗ്രഹം. അധ്യാപകരും കൂട്ടുകാരുമാണ് തന്റെ കണ്ണും ഊര്‍ജ്ജവുമെന്ന് അധ്യാപകരുടെ കൈകളില്‍ സ്‌നേഹത്തോടെ തലോടി ജീവന്‍ രാജ് പറഞ്ഞു.

വീല്‍ചെയറില്‍ കഴിയുന്ന അച്ഛന് ഗുരുദക്ഷിണ നല്‍കാന്‍ വേദിയിലെത്തിയ ഇമേജ് സെന്‍


അച്ഛന് ഗുരുദക്ഷിണ നല്‍കാനാണ് വെഞ്ഞാറമൂട് സ്വദേശി എട്ടാം ക്ലാസുകാരനായ ഇമേജ് സെന്‍ വേദിയിലെത്തിയത്. മിമിക്രിയുടെ ബാലപാഠങ്ങള്‍ ഇമേജ് സെന്‍ പഠിച്ചത് വെഞ്ഞാറമൂടിലെ ആദ്യകാല മിമിക്രി കലാകാരന്‍മാരില്‍ ഒരാളായ അച്ഛന്‍ ബികെ സെന്നില്‍ നിന്നാണ്. ന്യൂറോ സംബന്ധമായ അസുഖം മൂലം നടക്കാന്‍ ബുദ്ധിമുട്ടായി വീല്‍ചെയറില്‍ കഴിയുമ്പോഴും കുട്ടികളെ മിമിക്രി പഠിപ്പിക്കാന്‍ ബികെ സെന്‍ സമയം കണ്ടെത്തിയിരുന്നുവെന്ന് ഇമേജ് സെന്നിനൊപ്പം കലോത്സവ വേദിയിലെത്തിയ അയല്‍വാസി രേണുക രവീന്ദ്രന്‍ പറയുന്നു. എന്റെ മക്കള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിട്ടുണ്ട്. അവരെ പഠിപ്പിച്ചത് ബികെ സെന്നായിരുന്നു. മക്കളുടെ ഗുരുവിന്റെ മകനുമായി കലോത്സവ നഗരിയിലെത്താന്‍ കഴിഞ്ഞതു ഭാഗ്യമാണെന്നും രേണുക നാരദാ ന്യൂസിനോടു പറഞ്ഞു.

[caption id="attachment_74943" align="aligncenter" width="650"] ഇമേജ് സെന്നും രേണുകയും[/caption]

റേഡിയോ സംഗീതം. പ്രയാസപ്പെട്ടു കത്തുന്ന ട്യൂബിന്റെ ശബ്ദം, പഴയ കെഎസ് ആര്‍ട്‌സി ബസ്സ്, റിപ്പബ്ലിക് ദിന പരേഡ് തുടങ്ങിയ അവതരിപ്പിച്ചാണ് ഇമേജ് സെന്‍ കയ്യടി വാങ്ങിയത്. . ഇമേജ് സെന്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ അധ്യാപകനാണ് അച്ഛൻ ബി കെ സെൻ. അമ്മ ലേഖ, അനുജത്തി മാകസിമ സെന്‍. ജന്മനാപ്പൊക്കകുറവുണ്ടായിരുന്ന ബികെ സെന്നിന് ഇടക്കാലം കൊണ്ടാണ് അസുഖം മുര്‍ച്ഛിച്ചത്. ഞാന്‍ വിജയിക്കും... വിജയം എന്റെ അച്ഛന്റെ കാലില്‍ സമര്‍പ്പിക്കുകയും ചെയ്യും. ഇമേജ് സെന്‍ പറഞ്ഞു.

അന്ധനായ ഉണ്ണിക്കണ്ണനുമായി മിമിക്രി വേദിയിലെത്തിയ കൂലിപ്പണിക്കാരനായ അച്ഛന്‍

എന്റെ മകനു ജന്മനാ കാഴ്ചശക്തിയുണ്ടായിരുന്നു. എന്നാല്‍ തലയ്ക്കു വളര്‍ച്ചയുണ്ടായിരുന്നില്ല. ഒന്നര വയസ്സില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഞരമ്പിനു ക്ഷതമേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. കൂലിപ്പണിയാണ് സാറേ. എന്തു ത്യാഗം സഹിച്ചും എന്റെ മകന്റെ ആഗ്രഹം ഞാന്‍ നിറവേറ്റും... ചിറകീഴ് സ്വദേശിയായ ചന്ദ്രവിള അനില്‍ പറയുന്നു. ശിവഗിരി എച്ച്എസ്എസ് വര്‍ക്കലയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണിക്കണ്ണന്‍.

[caption id="attachment_74933" align="alignnone" width="5616"] ഉണ്ണിക്കണ്ണനൊപ്പം അനില്‍ കലോത്സവ വേദിയില്‍...[/caption]

ക്ലാസില്‍ ഇവനും മറ്റൊരു കുട്ടിയും അന്ധരാണ്. ഇവനാണു ക്ലാസിലെ ഒന്നാമന്‍. ഉണ്ണിക്കണ്ണന്റെ നിഴല്‍ പോലെ കലോത്സവ വേദിയുലുള്ള അനിലിന്റെ സുഹൃത്തായ സജീവന്‍ പറയുന്നു. സിരീയല്‍ താരമായ സെന്തിലാണ് ഉണ്ണികൃഷ്ണന് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്.

പ്രൃഥ്വിരാജാണ് ഇഷ്ടനടന്‍. കാണാന്‍ പറ്റില്ലെങ്കിലും അദ്ദേഹത്തിന്റെ മുന്നില്‍ മിമിക്രി അവതരിപ്പിക്കണമെന്ന് ഒരു ആഗ്രഹമുണ്ട് ഉണ്ണിക്കണ്ണന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. നരേന്ദ്ര മോദിയുടെ പ്രസംഗം ഉമ്മന്‍ചാണ്ടി പരിഭാഷപ്പെടുത്തുന്നതാണു ശ്രദ്ധേയമായ ഇനം. പുകവലിയ്ക്കും ക്യാന്‍സറിനുമെതിരെ ബോധവത്കരണം നടത്തിക്കൊണ്ടാണ് ഉണ്ണിക്കണ്ണന്‍ വേദി വിട്ടത്. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സഞ്ചാരം അവതരിപ്പിച്ചതും കയ്യടി നേടി. ഞാന്‍ ഇവന്റെ കയ്യും പിടിച്ച് ഇങ്ങനെ നടക്കും സാറെ. ഈശ്വരന്‍ കൂടെയുണ്ട്. അനില്‍ മകനെ നെഞ്ചോടു ചേര്‍ത്തു കൊണ്ട് പറയുന്നു.

അച്ഛന്റെ ഇഷ്ടതാരം പ്രേംനസീറിനെ അനുകരിച്ചു. പക്ഷേ....

മിമിക്രി അവതരിപ്പിച്ചതിനു ശേഷം വേദി വിട്ട മിനാക്ഷി പൊട്ടിക്കരഞ്ഞു.. കാരണം തിരക്കിയപ്പോഴാണ് അച്ഛന്റെ പ്രിയതാരം നസീറിനെ അനുകരിച്ചുവെങ്കിലും കാണാന്‍ ഈ തവണ അച്ഛന് എത്തിചെല്ലാന്‍ കഴിയാത്ത വേദന മീനാക്ഷി പങ്കുവെച്ചത്.

[caption id="attachment_74945" align="aligncenter" width="650"] മീനാക്ഷി മനോജ് കുമാര്‍[/caption]

അച്ഛന്റെ കയ്യില്‍ തൂങ്ങി കലോത്സവ വേദിയിലെത്താന്‍ കൊതിച്ചുവെങ്കിലും കഴിഞ്ഞ 28 നു തിരുവനന്തപുരം റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും ഗുരുതരമായി പരിക്കേറ്റു. അച്ഛന്‍ മനോജ് കുമാര്‍ അറിയപ്പെടുന്ന മിമിക്രി താരമാണ്. വിനയ് ഫോര്‍ട്ടിനെയാണ് മീനാക്ഷിയ്ക്ക് അവതരിപ്പിക്കാന്‍ ഇഷ്ടം.

സ്‌കൂളിലെ മാഷുമാര്‍ കൊടുത്ത കാശ് കൊണ്ടാണ് ഞാന്‍ വന്നത്. മിമിക്രി അടിപൊളിയായിരുന്നു......

കലോത്സവ വേദിയിലൂടെ ഓടി നടക്കുന്ന ചുറുചുറുക്കുള്ള ഒരു എട്ടാം ക്ലാസുകാരന്‍. ആലപ്പുഴ സ്വദേശിയായ ഹനീഷ്. കോഴികളെയും പക്ഷികളെയും ആംബുലന്‍സുമൊക്കെ തന്നെയാണ് അവതരിപ്പിച്ചത്. അമ്മയോടും സഹോദരി ഭര്‍ത്താവിനോടും കൂടിയാണ് കലോത്സവ വേദിയില്‍ ഹനീഷ് എത്തിയത്.

[caption id="attachment_74946" align="aligncenter" width="650"]
ഹനീഷ്[/caption]

ചെറുപ്പം മുതലേ എല്ലാ കാര്യങ്ങളും നിരീക്ഷിക്കും. കോഴിക്കൂട്ടില്‍ കയറിയിരുന്ന് കോഴിയുടെ ശബ്ദം അനുകരിക്കും. ഹനീഷിന്റെ അമ്മ പറയുന്നു. മഴവില്‍ മനോരമയില്‍ പരിപാടിയൊക്കെ അവതരിപ്പിക്കുന്ന ബിജുകുമാറാണ് മിമിക്രി പഠിപ്പിക്കുന്നത്. സാമ്പത്തികമായി ഒരുപാട് വിഷമതയുണ്ട്. എന്നാലും ദൈവം തന്ന കഴിവിനെ തള്ളിക്കളയാന്‍ പറ്റുമോ? ഹനീഷിന്റെ അമ്മ ചോദിക്കുന്നു.

സഹോദരിയുടെ ശിക്ഷണത്തില്‍ കലോത്സവ വേദിയിലെത്തിയ ബിനിജ


ആറന്‍മുളയില്‍ നിന്നാണ് സഹോദരിമാരായ ബിന്ദുജയും ബിനിജയും എത്തിയത്. എഴുതവണയാണ് മൂത്ത സഹോദരിയായ ബിന്ദുജ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന കലോത്സവത്തില്‍ നാലാം തവണയും കേരള യൂണിവേസ്റ്റി കലോത്സവത്തില്‍ മൂന്നു തവണയുമാണ് ബിന്ദുജ സമ്മാനത്തിന് അര്‍ഹയായയത്. കൂലിപ്പണിക്കാരായ ബെസാനിയോയുടെയും ജോയിമോളിന്റെയും മകളാണ്.

[caption id="attachment_74947" align="alignnone" width="5616"] ബിനീജയും ബിന്ദുജയും കലോത്സവ വേദിയില്‍[/caption]

ജയദേവന്‍ കലൂരാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടും ബി ഗ്രേഡായതിന്റെ സങ്കടവുമായിട്ടാണ് ബിനിജ മടങ്ങുന്നത്. 5000 രൂപ കെട്ടിവച്ച അപ്പീലിനു പോകാനൊന്നും കാശില്ല സാറേ... ബിനിജ പറയുന്നു.ദാരിദ്രവും ശാരീരിക വൈകല്യവുമെല്ലാം തന്നെ മറന്നു അവരെല്ലാം സ്വപ്നം കാണുകയാണ്. തങ്ങളുടെ വേദനകളും പ്രതിസന്ധികളും അനുകരണ കലയിലൂടെ അവര്‍ മറിക്കടക്കുന്നു. അവരോടും സംസാരിക്കുന്നവരിലും ആ ഊര്‍ജ്ജം പടരുന്നതു കാണാം. ഇല്ലായ്മയെ കുറിച്ചു വിലപിക്കാനല്ല. ജീവിതത്തോടു പൊരുതാനാണു തനിക്കു താത്പര്യമെന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതനായ ജീവന്‍ രാജ് പറഞ്ഞു വയ്ക്കുന്നു. അതിജീവനം സുന്ദരമായ കലയായി ഇവിടെ രൂപാന്തരപ്പെടുന്നു.

ചിത്രങ്ങള്‍: സാബു കോട്ടപ്പുറം, ജിബിന്‍ പി.സി