കേരളനാട്ടിലെ മൊഞ്ചത്തികളെ കണ്ട്ക്കാ? വാ.. കണ്ണൂര്ക്ക് വാ...

സമ്പന്ന മുസ്ലിം വീടുകളിലെ വിശേഷദിനങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒപ്പനയെ സാംസ്കാരിക സദസ്സുകളിലേക്ക് എത്തിക്കുന്നത് യുവജനോത്സവമാണ്. യുവജനോത്സവം പേരുമാറി സ്‌കൂൾ കലോത്സവമായപ്പോഴും ഒപ്പന തന്നെയാണ് ജനപ്രിയ ഇനം.

കേരളനാട്ടിലെ മൊഞ്ചത്തികളെ കണ്ട്ക്കാ? വാ.. കണ്ണൂര്ക്ക് വാ...


ഭൂമിയിലെ ഹൂറിമാരെ കാണാൻ ഒപ്പനപെണ്ണുങ്ങളുടെ നാടുവിലിരിക്കുന്ന മണവാട്ടിയെ നോക്കിയാൽ മതിയെന്നാണ് മലബാറിലെ ചെക്കന്മാർ പറയുക. മലബാറിന്റെ തനത് മാപ്പിള സംസ്കാരത്തിന്റെ മുഖ്യ ആകർഷണമാണ് ഒപ്പന. കല്ല്യാണ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന ഈ കലാരൂപം കലോത്സവ വേദിയിലെ ഏറ്റവും ജനപ്രിയ നൃത്ത രൂപമാണ്.

 

പതിഞ്ഞും മുറുകിയും ഒഴുകുന്ന ഇശലുകൾക്കൊത്ത് ചലനം ക്രമീകരിച്ചും കൈതട്ടൽ താളാത്മകമാക്കിയും മുന്നേറുന്ന ഒപ്പന ആസ്വദിക്കാൻ ശാസ്ത്രീയമായ അറിവോ കലാനൈപുണ്യമോ ഒന്നും ആവശ്യമില്ല. ആരെയും പിടിച്ചിരുത്താനുള്ള കഴിവുണ്ട് കുപ്പിവളക്കിലുക്കങ്ങൾക്ക്.


 ഒപ്പനയെന്നാൽ മണവാട്ടിയാണ് മുഖ്യ ആകർഷണം. മണവാട്ടി മൊഞ്ചും നവവരനെ കാത്തിരിക്കുന്നതിലുള്ള നാണവും എല്ലാം ചേരുമ്പോൾ ഒപ്പനയുടെ സൗന്ദര്യം പൂർണമാകുന്നു. വധുവിന്റെ നാണത്തെ പ്രതിപാദിക്കുന്ന വരികളും മാനം മാറ്റുന്ന തരത്തിൽ കൂട്ടുകാരികൾ നടത്തുന്ന ചലനങ്ങളും എല്ലാം ഒപ്പനയെ സൗന്ദര്യാത്മകമാക്കുന്നു.


കല്യാണവീടുകളിൽ മാത്രമല്ല, മുൻപ് മാർക്കക്കല്യാണം, നാല്പതുകുളി, മുടികളയൽ, കാതുകുത്ത് തുടങ്ങിയ വിശേഷദിനങ്ങളിലെല്ലാം ഒപ്പന അരങ്ങേറിയിരുന്നു. അതാത് സ്ഥലങ്ങളിലെ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞാണ് അക്കാലത്ത് ഒപ്പന അരങ്ങേറിയിരുന്നത്. കാതിലും കഴുത്തിലും അരയിലും അണിയുന്ന സവിശേഷ സ്വർണാഭരണങ്ങൾ, കുപ്പിവളകൾ എന്നിവക്ക് പുറമേ ബഹുവർണങ്ങളിൽ മിന്നിത്തിളങ്ങുന്ന കാച്ചിയും മുണ്ടും ഒക്കെ ഒപ്പനയെ നിറങ്ങളുടെ മേളമാക്കുന്നു.

 

സമ്പന്ന മുസ്ലിം വീടുകളിലെ വിശേഷദിനങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒപ്പനയെ സാംസ്കാരിക സദസ്സുകളിലേക്ക് എത്തിക്കുന്നത് യുവജനോത്സവമാണ്. യുവജനോത്സവം പേരുമാറി സ്‌കൂൾ കലോത്സവമായപ്പോഴും ഒപ്പന തന്നെയാണ് ജനപ്രിയ ഇനം.

 

'അബ്ബന' എന്ന അറബി വാക്കിൽ നിന്നുമാണ് ഒപ്പന എന്ന പെരുവന്നതെന്നാണ് കരുതപ്പെടുന്നത്. അറബി നാടോടി പാരമ്പര്യവുമായി ഒപ്പന ശീലുകൾക്ക് ബന്ധമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഒപ്പന മതപരമായ ഒരു ചടങ്ങല്ല.

വിവാഹത്തലേന്ന് നടക്കുന്ന ഓപ്പണാക്കിടയിൽ മൈലാഞ്ചിയിടൽ പോലുള്ള ചടങ്ങുകളും നടക്കാറുണ്ടായിരുന്നത്രെ. ഹാർമോണിയം, തബല, ഇലത്താളം, ഗഞ്ചിറ എന്നിവയുടെ അകമ്പടിയോടെ പാട്ടുകൾ പാടുന്ന രീതിയും ഉണ്ടായിരുന്നു. എന്നാൽ യുവജനോത്സവ വേദികളിൽ വായ്പ്പാട്ടിന്റെ അകമ്പടിയോടെ മാത്രമാണ് ഒപ്പന അവതരിപ്പിക്കുന്നത്. അല്ലെങ്കിലും മൊഞ്ചത്തിമാരുടെ കൈതട്ടലിനും കുപ്പിവളക്കും നൽകാൻ കഴിയുന്നത്ര സംഗീതാത്മക അകമ്പടി ഏതു വാദ്യോപകരണത്തിനാണ് നൽകാൻ കഴിയുക?

 

കാലവും കോലവും മാറിയപ്പോൾ ഒപ്പനയുടെ രൂപഭാവങ്ങളും മാറി. ഒപ്പനപ്പാട്ടുകളിലെ ഭാഷ അറബി-മലയാളത്തിൽ നിന്നും ശുദ്ധ മലയാളത്തിലേക്ക് മാറിയെങ്കിലും മാപ്പിള ശീലുകളുടെ താളം മാറിയില്ല. കാച്ചിയും മുണ്ടും പോലുള്ള വസ്ത്രങ്ങളിലും മാറ്റം ഉണ്ടായി.


 ചിത്രങ്ങൾ: സാബു കോട്ടപ്പുറം