ഐഎഎസ്സുകാര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടില്‍ ചീഫ് സെക്രട്ടറിക്ക് അതൃപ്തി; രാജിക്കൊരുങ്ങി

ഐഎഎസ്സുകാരുമായുള്ള കൂടിക്കാഴ്ചക്കെത്തിയപ്പോള്‍ കീഴുദ്യോഗസ്ഥരുടെ മുന്നില്‍വച്ച് മുഖ്യമന്ത്രി ശകാരിച്ചിരുന്നു. ഇതും ചീഫ് സെക്രട്ടറിയെ വിഷമത്തിലാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ചില മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതിനെ തടഞ്ഞു.

ഐഎഎസ്സുകാര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടില്‍ ചീഫ് സെക്രട്ടറിക്ക് അതൃപ്തി; രാജിക്കൊരുങ്ങി

കൂട്ട അവധിയെടുക്കാനുള്ള ഐഎഎസ്സുകാര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാടില്‍ ചീഫ് സെക്രട്ടറിക്ക് അതൃപ്തി. ഐഎഎസ്സുകാരുമായുള്ള കൂടിക്കാഴ്ചക്കെത്തിയപ്പോള്‍ കീഴുദ്യോഗസ്ഥരുടെ മുന്നില്‍വച്ച് മുഖ്യമന്ത്രി ശകാരിച്ചതും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെ വിഷമത്തിലാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ രാജി വയ്ക്കരുതെന്നു ചില മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. ഇതോടൊപ്പം, ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാവാഞ്ഞതും മറ്റു ഐഎഎസ് ഉദ്യോഗസ്ഥരേയും ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങളെല്ലാം തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്കു മുഖ്യമന്ത്രി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതിലാണ് ഉദ്യോഗസ്ഥര്‍ക്ക് അസംതൃപ്തി. ഇക്കാര്യം അവര്‍ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.


വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറി തന്റെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചിട്ടാണു മടങ്ങിയത്.

അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിരട്ടി ചൊല്‍പ്പടിക്കു നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭരണത്തലവനായ മുഖ്യമന്ത്രി ചെയ്യേണ്ട നടപടിയാണോ ഇതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ നിലയിലാണ് പിണറായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം ആരോപിച്ചു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.