സൗമ്യ വധക്കേസ്: സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍

തുറന്ന കോടതിയിലാണ് പുനഃപരിശോധനാ ഹരജിയില്‍ വാദം കേട്ടതെങ്കിലും തുറന്ന മനസ്സോടെയല്ല കേസ് പരിഗണിച്ചതെന്ന് തിരുത്തല്‍ ഹരജിയില്‍ സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്‌തെന്ന് കോടതി തന്നെ സമ്മതിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തില്‍ നിന്നുമാത്രം അയാളെ എങ്ങനെ മാറ്റിനിര്‍ത്താനാകുമെന്നും ഹരജിയില്‍ ചോദിക്കുന്നു.

സൗമ്യ വധക്കേസ്: സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധി തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയുടെ നിയമോപദേശ പ്രകാരമാണ് തിരുത്തല്‍ ഹരജി.

തുറന്ന കോടതിയിലാണ് പുനഃപരിശോധനാ ഹരജിയില്‍ വാദം കേട്ടതെങ്കിലും തുറന്ന മനസ്സോടെയല്ല കേസ് പരിഗണിച്ചതെന്ന് തിരുത്തല്‍ ഹരജിയില്‍ സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്‌തെന്ന് കോടതി തന്നെ സമ്മതിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തില്‍ നിന്നുമാത്രം അയാളെ എങ്ങനെ മാറ്റിനിര്‍ത്താനാകുമെന്നും ഹരജിയില്‍ ചോദിക്കുന്നു.

നേരത്തെ, ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി കോടതി തള്ളിയിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. നവംബര്‍ 11 നായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് തിരുത്തല്‍ ഹരജി സമര്‍പ്പിക്കാന്‍ കേരളം തീരുമാനിച്ചത്.

പുനഃപ്പരിശോധനാ ഹരജികള്‍ തള്ളുന്നതിന് ആധാരമാക്കിയ നിഗമനങ്ങളില്‍ ഗുരുതര പിഴവുണ്ടെന്നും മുന്‍ വിധികള്‍ ഇല്ലാതെ തിരുത്തല്‍ ഹരജി പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഒപ്പം, വധശിക്ഷ റദ്ദാക്കിയ കോടതി നടപടിയെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വിമര്‍ശിച്ചതും കേസിലെ വസ്തുതകളും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നും തിരുത്തല്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം, പുനഃപരിശോധനാ ഹരജി തള്ളിയ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് ഇപ്പോഴത്തെ തിരുത്തല്‍ ഹരജിയും പരിഗണിക്കുന്നത്.

Read More >>