യൂസഫ് അലിയെ ആക്രമിക്കുന്നവരോട്...

ഒരു സാധാരണ മലയാളികുടുംബ പശ്ചാത്തലത്തില്‍ നിന്നും വളർന്നു അമേരിക്കൻ ഭീമൻ വാൾമാർടിനെ പോലെ 26ഓളം രാജ്യങ്ങളിൽ ഏകദേശം 40,000 പേർക്ക് തൊഴിൽ കൊടുക്കുന്ന വ്യവസായ ശൃംഖലയുടെ ഉടമയാകാന്‍ യൂസഫ്‌ അലിക്ക്‌ അടിസ്ഥാനമായത് ഹാർവാർഡ് ബിസിനസ്‌ സ്കൂളിൽ നിന്നുമുള്ള ബിരുദമല്ല എന്നോര്‍ക്കണം.

യൂസഫ് അലിയെ ആക്രമിക്കുന്നവരോട്...

എം കെ ഗ്രൂപ്പ് ഉടമ യൂസഫ് അലിയെ അടുത്ത സമയത്തു സോഷ്യൽ മീഡിയയിൽ കൂടി ആക്രമണം നടത്തുന്നത് ശ്രദ്ധിക്കാന്‍ ഇടയായി. നാട്ടികയിൽ നടന്ന ഒരു മാസ്സ് റിക്രൂട്ട്മെന്ടിന് പങ്കെടുക്കാന്‍ വന്നവരെ വെയിലത്തു നിർത്തിയെന്നും മുഖത്തു വിനയം തോന്നിച്ചവരെ മാത്രം വെയിലത്തു നിന്നു മാറ്റിനിർത്തിയെന്നൊക്കെയായിരുന്നു ആരോപണങ്ങൾ.

ഈയുള്ളവൻ ഇന്നുവരെ യൂസഫ് അലിയെ നേരിട്ടു കണ്ടിട്ടില്ല, പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുൻപ് ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതും ഒരു വാർത്തയുമായി ബന്ധപെട്ടു മാത്രം. ലേക്ക്ഷോർ ആശുപത്രിയുടെ മുന്‍ മാനേജിങ് ഡയറക്ടർ ഡോക്ടർ ഫിലിപ്പ് അഗസ്റ്റിൻ ഈ അടുത്തകാലത്ത് ഈയുള്ളവനോട് പറഞ്ഞത്- "ഞാൻ ലേക്ക് ഷോര്‍ മാനേജ്‌മന്റ്‌ നിന്നും ഒഴിയാനുള്ള സാഹചര്യം യൂസഫ് അലിയുമായുള്ള ശത്രുതയൊന്നുമല്ല, എനിക്ക് എന്റെതായ ചില വിഷമങ്ങൾ നേരിട്ടപ്പോള്‍ അതുപറഞ്ഞു ഒഴിഞ്ഞതാണ്. യുസഫ് അലി ഒരു മാന്യനാണ് അദ്ദേഹം മനുഷ്യനീതിയ്ക്കു വിലകൊടുക്കുന്ന ഒരു വ്യക്തിയുമാണ്,കോടികളുടെ അഹംഭാവം ഏതുമില്ല."


ഒരു സാധാരണ മലയാളികുടുംബ പശ്ചാത്തലത്തില്‍ നിന്നും വളർന്നു അമേരിക്കൻ ഭീമൻ വാൾമാർടിനെ പോലെ 26ഓളം രാജ്യങ്ങളിൽ ഏകദേശം 40,000 പേർക്ക് തൊഴിൽ കൊടുക്കുന്ന വ്യവസായ ശൃംഖലയുടെ ഉടമയാകാന്‍ യൂസഫ്‌ അലിക്ക്‌ അടിസ്ഥാനമായത് ഹാർവാർഡ് ബിസിനസ്‌ സ്കൂളിൽ നിന്നുമുള്ള ബിരുദമല്ല എന്നോര്‍ക്കണം.

ലോകത്തേറ്റവും ധനികന്മാരില്‍ ഒരാളായ ധീരുഭായി അംബാനിയുടെ മകൻ മുകേഷ് അംബാനി ഇന്ത്യയൊട്ടാകെ സൂപ്പർ റിലയൻസ് റീറ്റെയ്ല്‍ സ്റ്റോറുകൾ തുടങ്ങി. അതിന്റെ നാലിലൊന്ന് ഇപ്പോള്‍ എവിടെയെന്ന് മുകേഷിനു പോലുമറിയില്ല. 21,000 ജോലിക്കാരാണ് ഈ സ്ഥാപനത്തിനുള്ളത്.

ഇനി, ഫോർബ്സ് വീക്കിലി തന്നെ തെരഞ്ഞെടുത്ത നൂറോളും സമ്പന്നരില്‍ ഒരാളായ യൂസഫ് അലി എത്രപേർക്ക് തൊഴിൽ കൊടുക്കുന്നു എന്നു പരിശോധിക്കാം. യൂസഫ് അലിയുടെ ഹൈപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്നവരില്‍ അധികവും അവിദഗ്ധ തൊഴിലാളികളാണ്. ഇതില്‍ തന്നെ അധികം പേരും ഡിഗ്രി +2 പത്താം ക്ലാസ് അല്ലെങ്കില്‍, അതിനും താഴോട്ട് വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിൽ അവസരങ്ങള്‍ നല്‍കുന്നതും ഈ കൊടുങ്ങല്ലൂരുകാരനാണ്.

ഈയുള്ളവൻ യുസഫ് അലിയെ കാണുന്നത് ഒരു മലയാളിക്കു ചേരും വിധം 'വെൽ ഡ്രെസ്സ്‌ഡ് വിത്ത് ടൈ' ഇമേജിലാണ്. തൊഴിലാളികള്‍ക്ക് എല്ലാ മാസവും കൃത്യമായ ശമ്പളം കൊടുക്കുന്ന ഒരു 'മുതലാളി' കൊയ്യും. അതാണല്ലോ കച്ചവടം എന്നു പറയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നും ചിലര്‍ ബസുകൾ വാടകയ്ക്കെടുത്തു ഒരു ടൂർ ആയി കൊച്ചി ലുലുമാള്‍ കാണാനെത്തുന്നു. കേരളത്തിലൊരു ഗൾഫ് എന്നാണ് ഇവരുടെ കാഴ്ചപാട്. ആഘോഷമായി ലുലുവിൽ വരുന്നവരെ ഈയുള്ളവൻ കണ്ടിട്ടുമുണ്ട്. ആകെ അന്തംവിട്ടപോലെയുള്ള ഭാവങ്ങളായിരിക്കും പലര്‍ക്കും ഉണ്ടാവുക. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.

ഒരു മാസ്സ് റിക്രൂട്മെന്റ് കാണിച്ചു ഇടിച്ചു കാണിക്കേണ്ട ഒരാളല്ല ഈ വ്യവസായി. മലയാളിക്കു തന്നാല്‍ ആവുംവിധം മനസ്സറിഞ്ഞു സഹായങ്ങള്‍ ചെയ്യുന്ന ഒരു നല്ല മനുഷ്യന്‍ കൂടിയാണ് ഈ വ്യവസായി. ഇനിയും പല നിയോഗങ്ങളും ഈ മനുഷ്യനില്‍ ശേഷിച്ചിരിക്കുന്നു.

ഈയുള്ളവന് ലുലുവിന്റെ പരസ്യവും വേണ്ട, ഒരു നല്ല വ്യക്തിത്വത്തെ അകാരണമായി കല്ലെറിയാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പ്രതികരിച്ചുവെന്നേയുളളൂ.