ജീവിതമേ തോല്‍ക്കാന്‍ മനസ്സില്ല. തന്ത്രി മീട്ടി ശിവാനി

ജീവിതം ശിവാനിയ്ക്ക് പോരാട്ടമാണ്. രണ്ടു വര്‍ഷം മുന്‍പ് ശിവാനിയെ നൃത്തം പഠിപ്പിക്കുന്നതിനിടെയാണ് നൃത്താധ്യാപകനായ അച്ഛന്‍ തളര്‍ന്നു വീണത്. നര്‍ത്തകിയാകണമെന്നായിരുന്നു മോഹം. നൃത്തയിനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും വയലിനും വീണയിലും ശ്രദ്ധേയമായ പ്രകടനം അടയാളപ്പെടുത്തിയാണ് കലോത്സവ നഗരിയില്‍ നിന്ന് ശിവാനി മടങ്ങുന്നത്.

ജീവിതമേ തോല്‍ക്കാന്‍ മനസ്സില്ല. തന്ത്രി മീട്ടി ശിവാനി

അനുജത്തി ശിശിരയുടെ കൈ പിടിച്ച് കലോത്സവ വേദിയിലൂടെ നടക്കുകയായിരുന്നു കൊച്ചു ശിവാനി. വീണയും വയലിനും നൃത്തവുമെല്ലാം ശിവാനിയ്ക്ക് ജീവിതം തന്നെയാണ്. ശിവാനിയെ വലിയൊരു നര്‍ത്തകിയാക്കണമെന്നായിരുന്നു നൃത്താധ്യാപകന്‍ കൂടിയായ അച്ഛന്‍ രത്‌നസദന്റെ ആഗ്രഹം. രണ്ടു വര്‍ഷം മുന്‍പ് ശിവാനിയെ നൃത്തം പഠിപ്പിക്കുന്നതിനിടയില്‍ അച്ഛന്‍ തളര്‍ന്നു വീണു.

രക്തസമ്മര്‍ദ്ദം അധികരിച്ച് ശരീരത്തിന്റെ ഇടതുഭാഗം പൂര്‍ണ്ണമായും തളര്‍ന്നു പോകുകയായിരുന്നു. പിന്നീട് ഇളയച്ഛന്‍ അനില്‍ കുമാറിന്റെ ചിറകിലേറിയായിരുന്നു നര്‍ത്തകിയാകാനുള്ള ശിവാനിയുടെ യാത്ര. ആറു മാസം മുന്‍പാണ് വീണ്ടും ദുരന്തമെത്തിയത്. അനില്‍ കുമാറിന്റെ വൃക്കകള്‍ തകരാരിലായി. വൃക്ക മാറ്റി വച്ചു ജീവിതത്തിലേയ്ക്കു മടങ്ങിവരാന്‍ ഒരുങ്ങവേ രക്തസമ്മര്‍ദ്ദം കൂടി അനില്‍ കുമാറും തളര്‍ന്നു വീണു. നര്‍ത്തകിയാകാനുള്ള യാത്ര പാതി വഴിയില്‍ അവസാനിച്ചുവെങ്കിലും വര്‍ഷങ്ങളായി അഭ്യസിക്കുന്ന വീണയിലും വയലിനും ശ്രദ്ധേയ പ്രകടനം അടയാളപ്പെടുത്തിയാണ് ശിവാനി കലോത്സവ നഗരി വിട്ടത്.


വീണ പഠിപ്പിക്കുന്ന ശ്രീജു ശ്രീനിവാസന്‍ സാര്‍ സമ്മാനമായി തന്നതാണ് ഈ വീണ. വയലിന്‍ സുകുമാരന്‍ മാഷ് തന്നതും. ഈ വിജയങ്ങള്‍ അവര്‍ക്ക് അവകാശപ്പെട്ടതാണ്. ശിവാനി പറയുന്നു. കുട്ടികള്‍ രണ്ടും പേരും നന്നായി ഡാന്‍സ് ചെയ്യും. വീണയും വയലിനുമെല്ലാം സ്വന്തമായി ആഗ്രഹിച്ചു പഠിച്ചതാണ്. അമ്മ രജനി പറയുന്നു

സ്വാന്തനചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ശിവാനിയും ശിശിരയും പഠിക്കുന്നത്. അകമഴിഞ്ഞ സഹകരണമാണ് നാട്ടുകാരില്‍ നിന്നുള്ളത് .പുത്തന്‍ വസ്ത്രങ്ങളും മറ്റു സഹായങ്ങളുമായി പയ്യോളി സ്വദേശികള്‍ ഈ സഹോദരിമാര്‍ക്കൊപ്പമുണ്ട്. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങി വിജയിക്കണം അച്ഛന്‍ ആഗ്രഹിച്ച പോലെ നല്ലൊരു നര്‍ത്തകിയാകണം ശിവാനി മനസ്സു തുറക്കുന്നു.

മണിയൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിശിരയും നല്ലൊരു നര്‍ത്തകിയാണ്. തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് തങ്ങളുടെ ജീവിതമെന്ന് ഈ കൊച്ചു സഹോദരിമാര്‍ പറയുന്നു.

വിജയം അച്ഛനും മാഷുമാര്‍ക്കുമുളളതാണ്. ഓടിച്ചെന്നു കാലില്‍ വീണ് അനുഗ്രഹം വാങ്ങണം. ഞാന്‍ നല്ലൊരു നര്‍ത്തകിയാകും. അടുത്ത തവണ ദൈവം കനിയുകയാണെങ്കില്‍ നൃത്തയിനങ്ങളിലും പങ്കെടുക്കും. വീണയും വയലിനും ജീവിതത്തിന്റെ ഭാഗമാണ് . ഈ കഴിവുകള്‍ ഉടയാതെ നോക്കും ശിവാനിയുടെ വാക്കുകളില്‍ നിശ്ചയ ദാര്‍ഢ്യം.

ചിത്രങ്ങള്‍: ജിബിന്‍ പി.സി