കര്‍ണ്ണാട്ടിക് സംഗീതത്തെ മാലിന്യ കുഴലുകളുടെ അരികിലെത്തിച്ച് ടി.എം കൃഷ്ണ പാടുന്നു പുറമ്പോക്കിനായി...

ചെന്നൈയിലെ പുറമ്പോക്ക് ഭൂമിയിൽ വികസനപ്രവർത്തനങ്ങൾ എന്ന പേരിൽകെട്ടിടങ്ങൾ നിർമ്മിച്ച് ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനെ പാടി വിമർശിക്കുകയാണ് കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണ.

കര്‍ണ്ണാട്ടിക് സംഗീതത്തെ മാലിന്യ കുഴലുകളുടെ അരികിലെത്തിച്ച് ടി.എം കൃഷ്ണ പാടുന്നു പുറമ്പോക്കിനായി...

ചെന്നൈ നഗരത്തിലെ പൊറമ്പോക്ക് കൈയ്യേറ്റത്തിനെതിരെ ടി എം കൃഷ്ണ പാടുന്നു. പൊറമ്പോക്ക് എന്ന വാക്കിന്റെ അർഥതലങ്ങൾ മാറുന്നതെങ്ങിനെ എന്ന ചോദ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പൊറമ്പോക്ക് എന്നാൽ സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലം എന്നതിൽ നിന്നും ഒരാളെ ഇകഴ്ത്താനുള്ള വാക്കായി മാറിയതിന്റെ രാഷ്ട്രീയം തന്നെയാണ് ചെന്നൈയിലെ പൊറമ്പോക്ക് ഭൂമിയിൽ നടന്നു വരുന്ന വികസനപ്രവർത്തനങ്ങളുടെ പിന്നിലുമുള്ളത് എന്ന് പാട്ടിലൂടെ കൃഷ്ണ പറയുന്നു.


പൊറമ്പോക്ക് ഉനക്ക് ഇല്ലൈ

പൊറമ്പോക്ക് എനക്ക് ഇല്ലൈ

പൊറമ്പോക്ക് ഊര്ക്ക്

പൊറമ്പോക്ക് ഭൂമിക്ക്

പൊറമ്പോക്ക് ഉൻ പൊറുപ്പ്

പൊറമ്പോക്ക് എൻ പൊറുപ്പ്

പൊറമ്പോക്ക് ഊർ പൊറുപ്പ്

പ്രകൃതിയ്ക്ക് ഭൂമിയ്ക്ക്...  ഇങ്ങനെ തുടരുന്നു കൃഷ്ണയുടെ വരികൾ. പശ്ചാത്തലമാകട്ടെ ചെന്നൈയിലെ പൊറമ്പോക്ക് ഭൂമികളിൽ സ്ഥനം പിടിച്ചിരിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും.

വികസനത്തിനിടയിൽ തുടച്ചു മാറ്റപ്പെട്ട മരങ്ങളും നദികളും ഭൂമിയ്ക്ക് വരുത്തി വച്ച അപകടങ്ങൾ കൃഷ്ണ ഓർമ്മിക്കുന്നു.

നമുക്ക് നഷ്ടമായ പൊറമ്പോക്കുകൾ തിരിച്ച് പിടിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു തമിഴിൽ എഴുതി ആലപിച്ചിട്ടുള്ള ഈ കർണാട്ടിക് ഗാനം. പ്രകൃതിയ്ക്ക് അവകാശപ്പെട്ട ഇടങ്ങൾ കൈയ്യടക്കിയത് ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയായിരുന്നു. ചെന്നൈ വെള്ളപ്പൊക്കം പോലെ എത്രയോ ദുരിതങ്ങളാണ് അനുഭവിച്ചതും അനുഭവിക്കാനിരിക്കുന്നതും. എന്നിട്ടും കോൺക്രീറ്റ് വനങ്ങൾ വച്ചു പിടിപ്പിക്കുന്നത് അവസാനിക്കുന്നേയില്ല, ടി എം കൃഷ്ണ ആലപിക്കുന്നു.ചെന്നൈക്കാരനായ ആക്റ്റിവിസ്റ്റ് നിത്യാനന്ദ് ജയരാമൻ ആണ് ഈ ഗാനത്തിന്റെ ആശയത്തിന് പിന്നിൽ. ചെന്നൈ വെള്ളപ്പൊക്കവും വാർധാ ചുഴലിക്കാറ്റും അവശേഷിപ്പിച്ച നാശങ്ങൾ സമൂഹം പൊറമ്പോക്കിനെ അവഗണിച്ചതിന്റെ ഫലമാണെന്ന് നിത്യാനന്ദ് പറയുന്നു.

“തമിഴ് സംസ്കാരം ഒരു ദേശീയ ചർച്ചയായി മാറുമ്പോൾ പുറമ്പോക്ക് ഭൂമികളെ സംരക്ഷിക്കുന്നതും തമിഴ് സംസ്കാരത്തിന്റെ ഭാഗമായിരുന്നെന്ന് ഓർക്കുന്നത് നല്ലതാണ്,” നിത്യാനന്ദ് പറഞ്ഞു.

വയലിനിസ്റ്റ് എച്ച് എൻ ഭാസ്കറും മൃദംഗവുമായി പ്രവീൺ സ്പാർഷും ഗഞ്ചിറയുമായി ബി എസ് പുരുഷോത്തവും കൃഷ്ണയോടൊപ്പം ചേരുന്നു.