ബെംഗളുരു അതിക്രമം; സമാന അനുഭവമുണ്ടായതായി ഗായിക സിതാര; ചര്‍ച്ചചെയ്യാന്‍ ബലാല്‍സംഗവും മരണവും വേണം

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഡവര്‍ലെന്‍സ് മ്യുസിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്.

ബെംഗളുരു അതിക്രമം; സമാന അനുഭവമുണ്ടായതായി ഗായിക സിതാര; ചര്‍ച്ചചെയ്യാന്‍ ബലാല്‍സംഗവും മരണവും വേണം

ബെംഗളുരുവില്‍ പുതുവര്‍ഷ രാവില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട പോലെ തനിക്കും അനുഭവമുണ്ടായതായി ഗായിക സിതാര കൃഷ്ണകുമാര്‍. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഡവര്‍ലെന്‍സ് മ്യുസിക് കോണ്‍പറന്‍സില്‍ പങ്കെടുക്കുനെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. ഉദ്ഘാടന ദിവസത്തില്‍ പരമ്പരാഗത വസത്രം ധരിച്ചു പരിപാടി കഴിഞ്ഞു തിരിച്ചു പോരുമ്പോഴായിരുന്നു സംഭവം നടന്നതെന്നു സിതാര തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

63ാമത് കോണ്‍ഫറന്‍സിനായി അവിടെത്തിയത് 22 ജനുവരി 2015ന്. ഉത്ഘാടനദിവസമായതിനാല്‍ 'traditional' ആയി വസ്ത്രം ധരിക്കാം എന്ന് തീരുമാനിച്ച് ഞാനും കൂട്ടുകാരിയും പുത്തന്‍ സാരികള്‍ ഉടുത്ത് വലിയ ആവേശത്തില്‍ നേരത്തേതന്നെ പരിപാടിസ്ഥലത്ത് ഇടം പിടിച്ചു..രാത്രി 7.30 മണിക്ക് ചടങ്ങുകളെ തുടര്‍ന്ന് കച്ചേരികള്‍ ആരംഭിച്ചു..പുലര്‍ച്ച നാലുമണിയോട് അടുത്തപ്പോള്‍ ,
കൂട്ടുകാരില്‍ ഒരാള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.. അവിടുത്ത്കാരായതിനാല്‍ കൂട്ടുകാരികള്‍ രണ്ടുപേരും അവരുടെ വീടുകളിലേക്ക് പോവുകയും , ഞാന്‍ പത്തിരുന്നൂറ് മീറ്റര്‍ മാത്രം അകലെയുള്ള ഹോട്ടലിലേക്ക് നടക്കാനും തുടങ്ങി.... ഒരല്‍പം ദൂരം കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ മതിലിനോട് ചേര്‍ന്നു നില്‍ക്കുന്നത് കാണാമായിരുന്നു.. അവരെകടന്ന് നടന്നതും അവര്‍ പിറകെ നടന്നു വരുന്നത് ,കാഴ്ചയുടെ ഒരു കോണില്‍ എനിക്ക് കാണാമായിരുന്നു.. തിരിഞ്ഞ് നോക്കാതെ നടത്തം ഓട്ടമാക്കിമാറ്റി.. ഹോട്ടലിന്റെ വെളിച്ചത്തിലേക്ക് ചെന്ന് കയറിയപ്പോഴേക്കും സാരിയുടേയും , പുതച്ച ഷാളിന്റെയും , വന്നുപെട്ട ഭയത്തിന്റെയും ഒക്കെ ഭാരം കൊണ്ട് ആ കൊടും തണുപ്പത്തും വിയര്‍ത്തു തളര്‍ന്നു.
- സിതാര കൃഷ്ണകുമാര്‍

പിറ്റേന്നു മുതല്‍ വേഷം സാരിയില്‍ നിന്നു മാറ്റി പാന്റ്‌സും ഷര്‍ട്ടും തൊപ്പിയുമൊക്കെയാക്കി മാറ്റിയെന്നും സിതാര പറയുന്നു. ''ഇതിപ്പൊ ഇത്ര വല്ല്യ കാര്യാണോ..ഒന്നും സംഭവിച്ചില്ലല്ലൊ !'' ഇത്തരം സംഭവങ്ങള്‍ പുറത്തുപറയുമ്പോള്‍ ലഭിക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ചും സിതാര കുറിക്കുന്നുണ്ട്. കമന്റടിയും പിന്തുടരലും തുറിച്ചു നോട്ടവുമെല്ലാം നമുക്ക് സാധാരണ സംഭവങ്ങള്‍ മാത്രമാണ്. നമുക്ക് ക്രൂരമായ ബലാല്‍സംഗം തുടര്‍ന്നുള്ള മരണം പോലുള്ള 'സംഭവങ്ങള്‍' വേണം.
പിന്നെ കേള്‍ക്കാന്‍ സാധ്യതയുള്ള മറ്റൊരു ഉപദേശം ഇതാണ്.. ''ഭര്‍ത്താവിനെയോ അച്ഛനെയോ കൂടെ കൂട്ടുക.!'' തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കു നേരെ അതിക്രമം നടന്നാല്‍ അവരെ ഇടിച്ചു വീഴ്ത്തി സിനിമ സ്‌റ്റൈലില്‍ നടന്നുപോവാം എന്നത് വെറും അമിതാത്മവിശ്വാസമല്ലെ..? ''ഏട്ടമ്മാരെ നിങ്ങളെ മണ്ടത്തല അടിച്ചുപൊട്ടിച്ച് കൂടള്ളോരെ പിടിച്ച് കൊണ്ടോവല് അത്രവല്ല്യ പ്രയാസാണോന്ന് നിങ്ങളന്നെ ഒന്നോര്‍ത്ത് നോക്ക്യാട്ടെ!'' പറഞ്ഞു വന്നത് ഇതാണ് - പോയത് ശാസ്ത്രീയ സംഗീതം കേള്‍ക്കാനാണോ , പാര്‍ട്ടിക്കാണോ ,ധരിച്ചത് പാരമ്പര്യ വേഷമാണോ , പാശ്ചാത്യ വേഷമാണോ, പ്രായം അഞ്ചാണോ പതിനഞ്ചാണോ എണ്‍പത്തഞ്ചാണോ എന്നതൊന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെ കാരണങ്ങളല്ല..എത്ര ഓമന ആണ്‍കുഞ്ഞുങ്ങളെ നമ്മള്‍ കാണുന്നു, വളര്‍ച്ചയുടെ ഏതു ഘട്ടത്തിലാണ് അവര്‍ കൂട്ടുകാരികളെ വാക്കുകൊണ്ടും, ആലോചനകള്‍കൊണ്ടും എളുപ്പത്തില്‍ വേദനിപ്പിക്കാന്‍ പഠിക്കുന്നത്...അവരില്‍ ചിലര്‍ സ്തീകളെ അക്രമിക്കാന്‍ തക്കവണ്ണം വളരുന്നത് എങ്ങനെയാണ് !

- സിതാര കൃഷ്ണകുമാര്‍

തന്റെ പ്രിയപ്പെട്ട സ്ഥലമായ കൊല്‍ക്കത്തയില്‍ ഇനിയും ഡവര്‍ലെന്‍സ് മ്യൂസിക് കോണ്‍ഫറന്‍സിനു പോകും. ഇരുട്ടിന്റെ മറവില്‍ നില്‍ക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എനിക്ക് പ്രിയപ്പെട്ട ശബ്ദങ്ങളും , കാഴ്ചകളും ,സന്തോഷങ്ങളും താനെന്തിന് വേണ്ടെന്നു വയ്ക്കണമെന്നും സിതാര ചോദിക്കുന്നു.