അമേരിക്കന്‍ പോലീസിലെ സിഖ് മതവിശ്വാസികള്‍ക്ക് ഇനി തലപ്പാവ് ധരിക്കാം താടിയും വളര്‍ത്താം

പോലീസ് മുദ്ര പതിപ്പിച്ച കടും നീല നിറത്തിലുള്ള തലപ്പാവായിരിക്കും ന്യൂയോർക്ക് പോലീസ് സേനയിലെ സിഖ് ഉദ്യോഗസ്ഥർ ധരിക്കുക.

അമേരിക്കന്‍ പോലീസിലെ സിഖ് മതവിശ്വാസികള്‍ക്ക് ഇനി തലപ്പാവ് ധരിക്കാം താടിയും വളര്‍ത്താം

സിഖ് മതവിശ്വാസികളായ ന്യൂയോര്‍ക്ക്‌ പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി ഔദ്യോഗിക വേഷത്തിനൊപ്പം തലപ്പാവ് (റ്റർബൻ) ധരിക്കാം. ന്യൂയോർക്ക് പോലീസ്‌ കമ്മീഷണറായ ജെയിംസ് നീലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പോലീസ് മുദ്ര പതിപ്പിച്ച കടും നീല നിറത്തിലുള്ള തലപ്പാവായിരിക്കും ന്യൂയോർക്ക് പോലീസ് സേനയിലെ സിഖ് ഉദ്യോഗസ്ഥർ ധരിക്കുക. ഇതിനു മുൻപ് തലയിൽ ഒരു ചെറിയ തുണി(പട്ക) ചുറ്റി അതിനു മുകളിൽ പോലീസിന്റെ ഔദ്യോഗിക തൊപ്പി ധരിക്കണം എന്നുമായിരുന്നു നിയമം.


ഇത് പോലീസ് സേന വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ സൂചനയാണെന്നും ഈ മാറ്റം സേനയ്ക്ക് കൂടുതൽ കരുത്തു പകരുമെന്നും ജെയിംസ് നീൽ പറഞ്ഞു. ഏകദേശം 160 ഓളം സിഖ് ജീവനക്കാർ ന്യൂയോർക്ക് പോലീസിലുണ്ട്.


സ്വാതന്ത്ര്യത്തോടെ തലപ്പാവണിഞ്ഞു രാജ്യത്തെ സേവിക്കാൻ കഴിയുന്നതിന്റെ സന്തോഷം സിഖ്ജീവനക്കാർ മറച്ചു വച്ചില്ല. ഇപ്പോൾ ലഭിച്ച ഈ അംഗീകാരം കൂടുതൽ സിഖ് ചെറുപ്പക്കാരെ പോലീസിൽ ചേരാനുള്ള പ്രചോദനം നൽകുമെന്നു ഇവർ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥർക്ക് മതപരമായ കാരണങ്ങൾ മുൻനിർത്തി അരയിഞ്ച് വരെ താടി നീട്ടി വളർത്താനുള്ള അനുമതിയും ന്യൂയോർക്ക് പോലീസ് വകുപ്പ് കഴിഞ്ഞാഴ്ച നൽകിയിരുന്നു. മുൻപ് ഒരു മില്ലിമീറ്റർ നീളത്തിൽ മാത്രമാണ് താടിവളർത്താൻ അനുമതിയുണ്ടായിരുന്നത്.

റ്റർബൻ ധരിക്കുന്നതും താടി നീട്ടി വളർത്തുന്നതും സിഖ്മത വിശ്വാസത്തിന്റെ ഭാഗമായ പ്രകടനങ്ങളാണ്. തലപ്പാവിൽ പോലീസിന്റെ മുദ്ര പതിപ്പിക്കുന്നതും, താടിയുടെ നീളം നിശ്ചയിക്കുന്നതും മേൽപ്പറഞ്ഞ അനുമതിയുടെ പ്രഭ കെടുത്തുന്നു എന്ന ഒറ്റപ്പെട്ട അഭിപ്രായം ഉയർന്നെങ്കിലും ന്യൂയോർക്ക് പോലീസിന്റെ ഈ നടപടികൾ പരക്കെ അഭിനന്ദനങ്ങൾ നേടുന്നുണ്ട്.