ബിജെപിക്കൊപ്പം നിന്നു കാൽനൂറ്റാണ്ട് പാഴാക്കിയെന്നു ശിവസേനയുടെ വിലാപം

ശിവസേനയുടെ പത്രമായ 'സാംന' യിൽ ബിജെപിയെ കണക്കറ്റു വിമർശിക്കുകയാണു. ബിജെപിയ്ക്കൊപ്പം പ്രവർത്തിച്ച് കാൽ നൂറ്റാണ്ട് പാഴാക്കിയെന്നാണു സേനയുടെ പുതിയ ആക്രോശം.

ബിജെപിക്കൊപ്പം നിന്നു കാൽനൂറ്റാണ്ട് പാഴാക്കിയെന്നു ശിവസേനയുടെ വിലാപം

മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശേഷം കൂടുതൽ ആരോപണങ്ങളുമായി ശിവസേന. ബോംബേ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കാൻ തീരുമാനിച്ചെന്ന് പ്രഖ്യാപിച്ച ശേഷം ബിജെപിക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണു ശിവസേന തുറന്നുവിടുന്നത്.

ബിജെപിക്കൊപ്പം പ്രവർത്തിച്ച് കാൽ നൂറ്റാണ്ട് പാഴാക്കിയെന്നാണു സേനയുടെ പുതിയ ആക്രോശം. ഹിന്ദുത്വത്തിനും മഹാരാഷ്ട്രയുടെ താല്പര്യങ്ങൾക്കും വേണ്ടി ചിലവഴിച്ച സമയം മുഴുവനും പാഴായിയെന്ന് ശിവസേനയുടെ മുഖപത്രമായ ‘സാംന’ യിൽ പറയുന്നു.


“ഹിന്ദുത്വത്തിനു വേണ്ടിയും സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കു വേണ്ടിയും ഞങ്ങൾ കഴിഞ്ഞ 25 വർഷങ്ങളായി സഹിക്കുന്നു. പക്ഷേ ആ 25 വർഷങ്ങൾ പാഴായി. 25 വർഷങ്ങൾക്കു മുൻപ് സംഭവിക്കേണ്ടത് ഇപ്പോൾ സംഭവിച്ചു,” സാംനയിലെ എഡിറ്റോറിയലിൽ പറയുന്നു.

ഹിന്ദുത്വത്തിന്റെ കഴുത്തിൽ കുരുക്കിയിരുന്ന കയർ അഴിഞ്ഞപ്പോൾ 25 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തിനു പുതുശ്വാസം ലഭിച്ചു എന്നും ‘സാംന’ യിൽ പറയുന്നു.

“ബിജെപിയുമായുള്ള സഖ്യം 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനിക്കേണ്ടതായിരുന്നു.  ബാക്കിയുണ്ടായിരുന്നത് ഹിന്ദുത്വവും മഹാരാഷ്ട്രയും മാത്രമുള്ള ബന്ധം മാത്രം. പക്ഷേ പണവും അധികാരവും നോക്കി നീങ്ങിയ ബിജെപി എല്ലാം അവസാനിപ്പിച്ചു.”

“കോൺഗ്രസ്സ് ഭരണകാലത്തേക്കാൾ മോശമാണു ഈ ആളുകൾ. ശിവാജി മഹാരാജിനേയും ലോകമാന്യ തിലകിനേയും പോലുള്ളവരെ ദേശവിരുദ്ധരാക്കി മാറ്റാൻ പോലും ഇവർ തുനിയും, അവരുടെ ഉദ്ദേശ്യങ്ങൾക്കു വേണ്ടി.”

ഛത്രപതി ശിവാജിയുടെ സ്മാരകം പണിയുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണു. എന്നാൽ ശിവാജി മഹാരാജിന്റെ ആദർശങ്ങളുടെ കാര്യം എങ്ങിനെയാണു? അദ്ദേഹം രാഷ്ട്രീയവും മതവും കളിച്ചിട്ടില്ല,” സാംന തുടരുന്നു.

ബിജെപിയ്ക്കു മതം സംരക്ഷിക്കണം എന്നൊന്നുമില്ല. അവർക്ക് അവരുടെ കസേരകൾ സംരക്ഷിച്ചാൽ മതിയെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

Read More >>