നോട്ട് നിരോധനം മൂലം തകർന്ന വാഹനവിപണി

നോട്ട് നിരോധനം രണ്ട് മാസങ്ങൾ പിന്നിടുമ്പോൾ തകർച്ചയുടെ കഥകൾ മാത്രമാണ് വിപണിയ്ക്ക് പറയാനുള്ളത്. വാഹനവിപണി കഴിഞ്ഞ 16 വർഷത്തെ ഏറ്റവും വലിയ തകർച്ച രേഖപ്പെടുത്തി.

നോട്ട് നിരോധനം മൂലം തകർന്ന വാഹനവിപണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം മൂലം തകർന്നു പോയവയിൽ പ്രധാനമാണ് വാഹനവിപണി. നവമ്പർ 8 നു പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വാഹനവിപണിയിൽ 30 ശതമാനത്തിന്റെ തകർച്ചയാണ് ഉണ്ടാക്കിയതെന്ന് ഇക്കണോമിക് ടൈസ് റിപ്പോർട്ട് ചെയ്തിരുന്നു. റീട്ടെയിൽ സെയിൽസിനാണ് ആദ്യം തിരിച്ചടി കിട്ടിയത്. ജനം വാഹനം വാങ്ങുന്നത് പിന്നത്തേയ്ക്കു മാറ്റി വച്ചതോടെ ചെറുകിട വാഹന കച്ചവടക്കാർക്കു വിപണി നഷ്ടപ്പെടാൻ തുടങ്ങി.


നോട്ട് നിരോധനം ഒരു മാസം പിന്നിട്ടപ്പോഴാകട്ടെ വാഹനനിർമ്മാണ കമ്പനികൾ ഉല്പാദനം വെട്ടിക്കുറയ്ക്കുന്ന അവസ്ഥയെത്തി. മാരുതി,  ഹ്യൂണ്ടായ്, ഹോണ്ടാ, മഹീന്ദ്ര, ഫോർഡ് തുടങ്ങിയ വൻകിട നിർമ്മാതാക്കൾ ഉല്പാദനം വെട്ടിക്കുറച്ചു. വിപണി സാധാരണ നിലയിലെത്തുന്നതു വരെ നിരീക്ഷിക്കാനും ഉല്പാദനം നീട്ടി വയ്ക്കാനും അവർ നിർബന്ധിതരായി.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ് 16 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തകർച്ചയായിരുന്നു വാഹനവിപണി 2016 ഡിസംബറിൽ നേരിട്ടത്. കാറും മോട്ടോർ സൈക്കിളും വാങ്ങാൻ ആളില്ലാത്തത് തന്നെ കാരണം.

ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് സൊസൈറ്റിയുടെ കണക്കനുസരിച്ച് 2015 നേക്കാൾ ഇരുചക്രവാഹന വില്പനയിൽ 22% കുറവ് രേഖപ്പെടുത്തി. 1997 നു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ കുറവ്. സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും മൊത്തം വില്പനയുടെ 75% വരുമെന്ന് ആലോചിക്കുമ്പോഴാണ് ആഘാതത്തിന്റെ ആഴം അറിയുക.

വില്പനയ്ക്കൊപ്പം തന്നെ ഉല്പാദനത്തിലും 22% കുറവുണ്ടായി. മൊത്തത്തിൽ 2015 ഡിസംബറിനെ അപേക്ഷിച്ച് 19% ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇരുചക്രവാഹങ്ങളുടെ കച്ചവടം പകുതിയും നടക്കുന്നത് നോട്ട് നിരോധനം കൊണ്ടു തകർന്ന പ്രാദേശികവിപണികളിലാണ്. എസ് ബി ഐ നടത്തിയ ഒരു സർവ്വേയിൽ കണ്ടെത്തിയത് മുംബൈ പോലെയുള്ള വാണിജ്യകേന്ദ്രങ്ങളിലെ ബിസിനസ്സുകാരിൽ 69 ശതമാനവും നോട്ട് നിരോധനത്തിന്റെ പ്രതികൂലഫലങ്ങൾ അനുഭവിച്ചതായാണ്.

കച്ചവടത്തിൽ 21.81 ശതമാനത്തിന്റെ കുറവ് എന്ന് പറയുമ്പോൾ ഡിസംബർ 2000 നു ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണത്. നോട്ട് നിരോധനം മൂലം ഉപഭോക്താക്കളുടെ പ്രതികരണം പ്രതികൂലമായതാണ് കാരണം എന്ന് വിദഗ്ധർ പറയുന്നു.

നിർമ്മാണരംഗത്തും കനത്ത നഷ്ടമാണ് നോട്ട് നിരോധനം മൂലമുണ്ടായത്. വീടു വിപണി മുഴുവനായും നിലച്ചെന്ന് പ്രോപ്പർട്ടി കൺസൾട്ടന്റുമാർ പറയുന്നു.