സ്ത്രീയുടെ മാനത്തേക്കാള്‍ വില വോട്ടിന്: ശരത് യാദവ്

വിവാദ പ്രസ്താവന നടത്തിയ ശരത് യാദവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് അയയ്ക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു

സ്ത്രീയുടെ മാനത്തേക്കാള്‍ വില വോട്ടിന്: ശരത് യാദവ്

സ്ത്രീയുടെ മാനത്തേക്കാള്‍ വില വോട്ടിനാണെന്ന് രാജ്യ സഭാ എംപിയും ജനതാ ദള്‍ (യുണൈറ്റഡ്) പ്രസിഡന്റുമായ ശരത് യാദവ്. ഇന്നലെ ബിഹാര്‍ തലസ്ഥാനമായ പാട്്‌നയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ശരത് യാദവ് ഈ പ്രസ്താവന നടത്തിയത്. മകളുടെ അന്തസിനും മാനത്തിനും മുകളിലാണ് വോട്ടിന്റെ വില എന്നാണ് ശരത് യാദവ് പറഞ്ഞത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നു. മകളുടെ മാനം നഷ്ടപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ സമുദായത്തിലോ ഗ്രാമത്തിലോ ഒതുങ്ങുമെന്നും വോട്ടുകള്‍ വിറ്റാല്‍ അത് രാജ്യത്തെത്തന്നെ ബാധിക്കുമെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.


പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവായ കെസി ത്യാഗി ശരത് യാദവിനെ ന്യായീകരിച്ച് രംഗത്തുവന്നു. യാദവിന്റെ വാക്കുകളെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ത്യാഗി പറഞ്ഞു. വോട്ടും പെണ്‍മക്കളേയും മറ്റുള്ളവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്, ശരിയല്ലാത്ത കുടുംബത്തിലേക്കാണ് പെണ്‍മക്കളെ അയയ്ക്കുന്നതെങ്കില്‍ ആ കുടുംബം നശിക്കും. അതേസമയം മോശമായ വ്യക്തിക്ക് വോട്ട് നല്‍കിയാല്‍ രാജ്യം തന്നെ നശിക്കുമെന്നാണ് ശരത് യാദവ് പറഞ്ഞതെന്ന് ത്യാഗി വിശദീകരിച്ചു. വിവാദ പ്രസ്താവന നടത്തിയ ശരത് യാദവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുന്ന നോട്ടീസ് അയയ്ക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

Read More >>