'വേണമെന്നു വിചാരിച്ചാല്‍ പൊലീസിനു വെറും പത്തു മിനിറ്റ് മതി ആ ദേശദ്രോഹ പ്രവര്‍ത്തനം ചെയ്തതു ആരാണെന്നു മനസിലാക്കാന്‍'; മുഖ്യമന്ത്രിക്ക് വ്യാജ പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹിയാക്കപ്പെട

അന്നുരാത്രി വിഴിഞ്ഞം പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോയി ജിഹാദി, പാക്കിസ്ഥാനി, ഐസിസ് തുടങ്ങിയ പേരുകള്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചെന്ന്‌ ഷാഹുല്‍ പറയുന്നു. രാത്രി മുഴുവന്‍ അവിടെയിരുത്തുകയും പിറ്റേന്ന് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ആ പോസ്റ്റ് ഇട്ടത് താനാണെന്നു തെളിയിക്കാനുള്ള യാതൊരു തെളിവും ലഭിച്ചില്ലെന്നും എന്നാല്‍ 153(എ),(ബി), 124 എ, 66&66 എ ഉള്‍പ്പെടെയുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തതായും ഷാഹുല്‍ കത്തില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്, സൈനികര്‍ക്കെതിരെയെന്ന രീതിയില്‍ പ്രചരിക്കപ്പെട്ട വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഷാഹു എന്ന ഷാഹുല്‍ ഹമീദ് അമ്പലത്തിന്റെ തുറന്ന കത്ത്. തന്റെ പേരില്‍ പ്രചരിക്കപ്പെട്ട വ്യാജ പോസ്റ്റിനു പിന്നില്‍ ആരാണെന്നു കണ്ടുപിടിക്കാന്‍ താന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഐജി, മനുഷ്യാവകാശ കമ്മീഷന്‍, സൈബര്‍ സെല്‍, സിറ്റി പൊലീസ് കമ്മീഷണര്‍, ലോക്കല്‍ പൊലീസ് എന്നിവര്‍ക്കു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നു ഷാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറയുന്നു.


പരാതി കൊടുത്തിട്ടു ഇന്നേക്ക് നാലുമാസം ആയി. സെബര്‍ സെല്ലും ഹൈടെക് സെല്ലുമാണ് പോസ്റ്റ് വ്യാജമാണോ ഒര്‍ജിനലാണോ എന്ന് അന്വേഷിക്കുന്നതെന്നും അവിടുന്നു മറുപടി കിട്ടിയാല്‍ മാത്രമേ പറയാന്‍ കഴിയുള്ളു എന്നുമാണു ഇതുസംബന്ധിച്ചുള്ള ഇവരുടെ പ്രതികരണമെന്നും ഷാഹു വ്യക്തമാക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിന്റേത്. വേണമെന്നു വിചാരിച്ചാല്‍, ആരാണ് ഈ ദേശദ്രോഹ പ്രവര്‍ത്തനം ചെയ്തതെന്ന് മനസിലാക്കാന്‍ പൊലീസിനു കേവലം പത്തു മിനിറ്റ് മാത്രം മതി. എന്നിട്ടും താന്‍ കൊടുത്ത കേസ് നാലുമാസം ആയിട്ടും അന്വേഷണത്തില്‍ തന്നെയാണ് ഉള്ളതെന്നും ഷാഹു ചൂണ്ടിക്കാട്ടുന്നു.

നിരന്തരം ഫേസ്ബുക്കിലൂടെ തന്റേതായ അഭിപ്രായം പങ്കുവയ്ക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ആളാണു താന്‍. നാളിതുവരെയും രാജ്യത്തിന്റെ നിലനില്‍പ്പിനെ ആദരിച്ചും ബഹുമാനിച്ചും മാത്രമാണ് ഇവ കൈകാര്യം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും കോട്ടം തട്ടുന്ന രീതിയില്‍ താന്‍ ഈ സംവിധാനങ്ങള്‍ ഒന്നുംതന്നെ ദുരുപയോഗം ചെയ്തിട്ടില്ല.

എന്നാല്‍ ഇതില്‍ വെറളിപൂണ്ട കൂട്ടരില്‍ ഒരാള്‍ 2016 സെപ്തംബര്‍ 29ന് രാത്രി 10.17 ന് ഞാന്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് എഡിറ്റ് ചെയ്ത്, ജവാന്മാര്‍ക്കെതിരെ താന്‍ മോശമായി പറഞ്ഞെന്ന രീതിയില്‍ വ്യാജ പോസ്റ്റ് ഉണ്ടാക്കി സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍ അതു താന്‍ ചെയ്തതല്ലെന്നും തന്നെ പൊതുസമൂഹത്തില്‍ താറടിച്ചു കാണിക്കാന്‍ ആരോ ചെയ്തതാണെന്നും ഓണ്‍ലൈന്‍-ദൃശ്യ മാധ്യമങ്ങള്‍ വ്യക്തമാക്കിയതും ആണ്. എന്നിട്ടും അന്നുരാത്രി വിഴിഞ്ഞം പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോയി ജിഹാദി, പാക്കിസ്ഥാനി, ഐസിസ് തുടങ്ങിയ പേരുകള്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഷാഹു പറയുന്നു.

രാത്രി മുഴുവന്‍ അവിടെയിരുത്തുകയും പിറ്റേന്ന് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ആ പോസ്റ്റ് ഇട്ടത് താനാണെന്നു തെളിയിക്കാനുള്ള യാതൊരു തെളിവും ലഭിച്ചില്ലെന്നും എന്നാല്‍ 153(എ),(ബി), 124 എ, 66&66 എ ഉള്‍പ്പെടെയുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തതായും ഷാഹു കത്തില്‍ വ്യക്തമാക്കുന്നു. ഈ കേസ് ഇപ്പോഴും അന്വേഷണത്തില്‍ ആണെന്നാണ് പൊലീസ് പറയുന്നത്. തന്റെ പേരില്‍ കൊടുത്ത പരാതിയില്‍ മണിക്കൂറുകള്‍ക്കകം തന്നെ പാതിരാത്രിയില്‍ വീട്ടില്‍വന്നു തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കാണിച്ച ആത്മാര്‍ത്ഥത താന്‍ കൊടുത്ത പരാതിയില്‍ കാണിക്കുന്നില്ലെന്നും ഷാഹു കുറ്റപ്പെടുത്തുന്നു.

ലക്ഷക്കണക്കിനു ആളുകളില്‍ ആ പോസ്റ്റ് എത്തി. തികച്ചും മനസാ വാചാ കര്‍മണാ അറിയാത്തൊരു സംഗതിയുടെ പേരില്‍ തന്നെ ഒരു ഇന്ത്യന്‍ വിരോധിയും പാക് അനുകൂലിയും ആക്കി. ഇപ്പോഴും ഫേസ്ബുക്ക് വഴിയും അല്ലാതെയും നിരന്തരം ഭീഷണിയും തെറിവിളിയും കേള്‍ക്കുന്നു. താനൊരു പാക്കിസ്ഥാനി ആണെന്നുവരെ പറഞ്ഞുനടക്കുന്നു. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പാകിസ്ഥാനി എന്നു വിളികേള്‍ക്കേണ്ടി വരുന്നവന്റെ മനോവിഷമം സാറിനു മനസിലാകുമെന്ന് താന്‍ വിചാരിക്കുന്നു. യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്നും തനിക്കറിയില്ല. എങ്കിലും ഈ പോസ്റ്റ് ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ടത് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ ആണ്. ആരായാലും യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു മുന്നില്‍കൊണ്ടുവരണം.

മതേതരത്വം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അതിനെ തടയണം. വളര്‍ന്നുവരുന്ന ഫാഷിസം മതേതരത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ്. സര്‍വോപരി മാനവികതയുടെ ശത്രുവാണ്. ഇന്ത്യന്‍ മുസ്ലിംകള്‍ പാക്കിസ്ഥാന്‍ അനുകൂലികള്‍ ആണെന്നു പറഞ്ഞ് സാധാരണക്കാരുടെ ഇടയിലേക്കു തന്റെ പേരിലുള്ള വ്യാജ പോസ്റ്റ് എത്തിച്ചു.

ആ ഇന്ത്യന്‍ വിരുദ്ധ പോസ്റ്റ് ഇട്ടയാളെ പിടിക്കേണ്ടത് ജനാതിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്. തെറ്റിദ്ധരിക്കപ്പെട്ടവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഫാസിസത്തെ വളരാന്‍ അനുവദിക്കരുതെന്നും ഉത്തരേന്ത്യയില്‍ പൊട്ടിക്കുന്ന നുണബോംബുകള്‍ കേരള മണ്ണില്‍ പൊട്ടിക്കാന്‍ ഒരു ഛിദ്ര ശക്തിയേയും അനുവദിക്കരുതെന്നും ഷാഹുല്‍ ആവശ്യപ്പെടുന്നു.

തന്റെ പഴയ ഫേസ്ബുക്ക് ഐഡിയും പാസ് വേഡും സൈബര്‍ സെല്ലില്‍ നിന്നു മാറ്റപ്പെട്ടതായും അവ രണ്ടും തനിക്കു തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും പറഞ്ഞാണ് ഷാഹു അമ്പലത്ത് തന്റെ കത്ത് അവസാനിപ്പിക്കുന്നത്.

ഷാഹു അമ്പലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


Read More >>