ലോ അക്കാദമി: എസ്എഫ്‌ഐ പിന്നോട്ട്; രാജിയില്ല, ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേക്കു മാറിനില്‍ക്കാമെന്ന ഉറപ്പില്‍ സമരത്തിന് അന്ത്യം

ഇന്നലെ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷവും എസ്എഫ്‌ഐ ലക്ഷ്മി നായരുടെ രാജി തന്നെയാണു തങ്ങളുടെ ഒന്നാമത്തെ ആവശ്യമെന്നും അതുണ്ടാകുന്നതു വരെ സമരം തുടരുമെന്നാണ് സംസ്ഥാന സെക്രട്ടറി വിജിന്‍ അറിയിച്ചത്. രാത്രി രണ്ടാമതു നടന്ന അനുനയ ശ്രമത്തില്‍ തങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതായും എന്നാല്‍ രാജി തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണു തീരുമാനമെന്നും വിജിന്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 20ദിവസമായി നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചു.

ലോ അക്കാദമി: എസ്എഫ്‌ഐ പിന്നോട്ട്; രാജിയില്ല, ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേക്കു മാറിനില്‍ക്കാമെന്ന ഉറപ്പില്‍ സമരത്തിന് അന്ത്യംതിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍നടക്കുന്ന സമരത്തില്‍നിന്നും എസ്എഫ്‌ഐ പിന്നോട്ട്. സമരത്തിലെ പ്രധാന ആവശ്യമായി ഇതുവരെ ഉന്നയിച്ചിരുന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നും എസ്എഫ്‌ഐ മലക്കംമറിഞ്ഞു. ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേക്കു തദ്സ്ഥാനത്തേക്കു മാറിനില്‍ക്കാമെന്നും ഈ കാലാവധിയില്‍ ഫാക്കല്‍റ്റിയായും തുടരില്ലെന്നും രേഖാമൂലം ഉറപ്പുലഭിച്ചതായും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ അറിയിച്ചു.


അഞ്ചുവര്‍ഷത്തേക്കു കോളേജില്‍ ഫാക്കല്‍റ്റിയായി പോലും തുടരില്ലെന്നും മറ്റു 17 ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചതായും വിജിന്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 20ദിവസമായി നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചു.

അതേസമയം, അഞ്ചുവര്‍ഷത്തേക്കു പ്രിന്‍സിപ്പല്‍-ഫാക്കല്‍റ്റി സ്ഥാനത്തു നിന്നും മാറിനില്‍ക്കാമെന്നാണ് സമ്മതിച്ചിരിക്കുന്നതെന്ന് ലക്ഷ്മി നായര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. ഇക്കാര്യം മാനേജ്‌മെന്റ് പറഞ്ഞെന്നും താന്‍ അനുസരിച്ചെന്നും അവര്‍ പറഞ്ഞു.

ഇന്നു ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിനു ശേഷം നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഇന്നലെ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷവും എസ്എഫ്‌ഐ ലക്ഷ്മി നായരുടെ രാജി തന്നെയാണു തങ്ങളുടെ ഒന്നാമത്തെ ആവശ്യമെന്നും അതുണ്ടാകുന്നതു വരെ സമരം തുടരുമെന്നാണ് സംസ്ഥാന സെക്രട്ടറി വിജിന്‍ അറിയിച്ചത്. രാത്രി രണ്ടാമതു നടന്ന അനുനയ ശ്രമത്തില്‍ തങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതായും എന്നാല്‍ രാജി തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണു തീരുമാനമെന്നും വിജിന്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റംവന്നിരിക്കുന്നത്.ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഉറച്ചുനില്‍ക്കുമ്പോഴാണ് എസ്എഫ്‌ഐയുടെ പിന്മാറ്റം എന്നതാണ് ശ്രദ്ധേയം. രാജിയ്ക്കായി നിരാഹാരസമരം അനുഷ്ഠിച്ച വിദ്യാര്‍ത്ഥികളില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ മകളും കോളേജിലെ നാലാംവര്‍ഷ ബി.കോം എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുമായ ദേവി മനോജും ഉണ്ടായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുതന്നെയാണ് ആദ്യംമുതല്‍ തന്നെ എസ്എഫ്‌ഐ നേതാക്കള്‍ നിരാഹാരസമരം നടത്തിവരുന്നതും. പരീക്ഷാ ചുമതലകളില്‍ നിന്നും ലക്ഷ്മി നായര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തിയപ്പോള്‍, ഡീബാര്‍ ചെയ്ത പ്രിന്‍സിപ്പലിനെ ഞങ്ങള്‍ക്കു വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജി ആവശ്യത്തിലുറച്ച് എസ്എഫ്‌ഐ സമരം തുടര്‍ന്നത്.

നേരത്തെ, സമരപ്പന്തല്‍ സന്ദര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല. ഇതിനിടെ സമരത്തില്‍ നിന്നും പിന്മാറാന്‍ സിപിഐഎം സംസ്ഥാന ഘടകത്തില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായെന്ന ആരോപണത്തെ എസ്എഫ്‌ഐ ലോ അക്കാദമി യൂണിറ്റ്- ജില്ലാ ഭാരവാഹികള്‍ തള്ളിയിരുന്നു. പ്രിന്‍സിപ്പലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും ഇല്ലെന്നും അതുണ്ടാകുംവരെ സമരം തുടരും എന്നുതന്നെയായിരുന്നു ആരോപണം ഉയര്‍ന്നതിന്റെ പിറ്റേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും നേതാക്കള്‍ അറിയിച്ചത്.

Read More >>