വെള്ളാപ്പള്ളിയിലെ ഇടിമുറിയും റാഗിങ്ങിനു തുല്യമായ താടിഫൈനും: സമരമേറ്റെടുത്ത എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ചതിച്ചോ; വിലപേശി വിറ്റോ?

സിപിഎം മാവേലിക്കര ഏരിയ സെക്രട്ടറിയുടെ മകള്‍ പഠിക്കുന്ന... ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് അധ്യാപകനായ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ നിന്നാണ് സ്വാശ്രയ കോളേജിലെ ഇടിമുറികളെ കുറിച്ചും റാഗിങിനു തുല്യമായ താടി ഫൈന്‍ അടക്കമുള്ള പിഴശിക്ഷകളെ കുറിച്ചും പുറത്തറിഞ്ഞത്. നാരദയാണു കുട്ടികളുടെ മൊഴി സഹിതം വാര്‍ത്ത പുറത്തെത്തിച്ചത്. തുടര്‍ന്ന് സമരം എസ്എഫ്‌ഐ ഏറ്റെടുത്തു- എന്നിട്ടെന്തുണ്ടായി. നാരദ അന്വേഷിക്കുന്നു

വെള്ളാപ്പള്ളിയിലെ ഇടിമുറിയും റാഗിങ്ങിനു തുല്യമായ താടിഫൈനും: സമരമേറ്റെടുത്ത എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ചതിച്ചോ; വിലപേശി വിറ്റോ?

സാശ്രയ വിദ്യാഭ്യാസ മേഖലയിലെ പീഡനങ്ങളെക്കുറിച്ചു കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ മാസം ആറിനു നെഹ്രു ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടിയിലെ ഹോസ്റ്റലിന്റെ ബാത്ത്‌റൂമില്‍ ജിഷ്ണു പ്രണോയ് എന്ന എഞ്ചീനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

ജിഷ്ണുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അണപൊട്ടിയ വിദ്യാര്‍ത്ഥി രോഷത്തില്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പീഡന മുഖങ്ങള്‍ ജനങ്ങളറിഞ്ഞു. സാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്തു. നെഹ്രു കോളേജ്, മറ്റക്കര ടോംസ് എഞ്ചിനീയിറിങ് കോളേജ്, വിമല്‍ ജ്യോതി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, പെരുന്നാട് കാര്‍മ്മല്‍ തുടങ്ങി അനേകം സ്വാശ്രയ കോളേജുകളില്‍ നിന്നു പീഡനമൊഴികള്‍ പുറത്തെത്തി. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും അഞ്ജാതരായ ഹാക്കര്‍ പോരാളികളുമെല്ലാം സ്വാശ്രയ അടിമത്വത്തിനെതിരെ സമരത്തിലാണ്.


ജിഷ്ണുവിന്റെ ഹത്യയിലൂടെയല്ല എസ്.എഫ്.ഐയും മറ്റു വിദ്യാര്‍ത്ഥി സംഘടനകളും സ്വാശ്രയ പീഡനങ്ങളെക്കുറിച്ച് ആദ്യമറിയുന്നത്. സ്വാശ്രയ കോളേജിലെ ഇടിമുറികളെക്കുറിച്ചും ഫൈനെന്ന തീവെട്ടിക്കൊള്ളയെക്കുറിച്ചും ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് ആലപ്പുഴയിലെ കട്ടച്ചിറിയിലുള്ള ശ്രീ വെള്ളാപ്പള്ളി സ്മാരക എഞ്ചീനിയറിങ് കോളേജില്‍ നിന്നാണ്. അവിടെ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ചു നാരദ നവംബര്‍ നാലിനു വീഡിയോ സഹിതം വാര്‍ത്ത പുറത്തെത്തിച്ചു.

https://www.youtube.com/watch?v=RBOKrWhnisQ

നാരദാ വാര്‍ത്തയെ തുടര്‍ന്ന് എസ്.എഫ്.ഐ ആലപ്പുഴ ജില്ലാക്കമ്മറ്റി സമരം ഏറ്റെടുക്കുകയും പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. സ്വാശ്രയ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ ഏറ്റെടുത്ത വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ സമരത്തിന്റെ അനന്തരഫലങ്ങള്‍ പരിശോധിക്കുകയാണ് നാരദ.

വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍  പറയുന്നു:


വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ ഒരു തരത്തിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയായപ്പോഴാണു ഞങ്ങളതു വാര്‍ത്തയാക്കാന്‍ തീരുമാനിച്ചത്. രാവിലെ ആറരയ്ക്കു തുടങ്ങുന്ന ക്ലാസ് അവസാനിക്കുന്നത് രാത്രി ഒമ്പതരയോടെയാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫൈന്‍. ചോദ്യം ചെയ്താല്‍ സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ ഇടിമുറിയിലിട്ട് ഇടി. ഇയര്‍ ഔട്ടാക്കുമെന്ന ഭീഷണി. ഗതികെട്ടാണു ഞങ്ങളിതു വാര്‍ത്തയാക്കിയത്.വാര്‍ത്തയായതിനു ശേഷം എസ്.എഫ്.ഐ സമരം ഏറ്റെടുത്തു. കോളേജിലെ വിദ്യാര്‍ത്ഥികളെല്ലാം എസ്.എഫ്.ഐയുടെ കൊടിക്കു കീഴെ അണി നിരന്നു. പ്രധാന പീഡകനായ സുഭാഷ് വാസുവിനെതിരെ പെണ്‍കുട്ടികളടക്കം നിരവധി പേര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. കോളേജിനെതിരെ മാര്‍ച്ച് ചെയ്യാന്‍ ഞങ്ങള്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ തയ്യാറായി. മാര്‍ച്ച് ചെയ്യാനിരിക്കെ കോളേജ് ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കു വിളിച്ചു. മാവേലിക്കര സിഐയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ എസ്.എഫ്.ഐ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും സിപിഐഎം പ്രതിനിധികളും ഞങ്ങളുടെ പ്രതിനിധികളായി നാലു വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
വിദ്യാര്‍ത്ഥികളുടെ പ്രശ്നം വിദ്യാര്‍ത്ഥികളാണ് അവതരിപ്പിക്കേണ്ടത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഞങ്ങള്‍ക്കു വേണ്ടത്ര പ്രാതിനിധ്യം കിട്ടിയിട്ടില്ല. വളരെ കുറച്ചു സമയമാണ് ഞങ്ങളുടെ പ്രതിനിധികള്‍ക്കു സംസാരിക്കാന്‍ സാവകാശം കിട്ടിയത്.

വിദ്യാര്‍ത്ഥികളുടെ പ്രശ്നം കോളേജിന്റെ ഗവേണിങ് ബോഡിയെ അറിയിക്കാമെന്നും അതിലൊരു പരിഹാരം ഉണ്ടാക്കാമെന്നും പറഞ്ഞാണു ചര്‍ച്ച അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രശ്നം മാനേജ്മെന്റ് നിശ്ചയിക്കുന്ന ഗവേണിങ് ബോഡി പരിശോധിച്ച് അവര്‍ തന്നെ തീരുമാനം എടുക്കുന്നത് അന്യായമല്ലേ. അവര്‍ തന്നെ പീഡിപ്പിക്കുകയും അവര്‍ തന്നെ പരിഹാരം കാണാമെന്നു പറയുകയും ചെയ്യുന്നതു  കേട്ട് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചു.

വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് സുഭാഷ് വാസുവിന്റെ പീഡനകേന്ദ്രം: എതിര്‍ക്കുന്നവര്‍ക്ക് ഇരുട്ടുമുറിയില്‍ മൂന്നാംമുറ; ഇസ്ലാം മത വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച നിസ്‌കാരത്തിനും വിലക്ക്


വിദ്യാർത്ഥികളെ ഇടിമുറിയിട്ട് ഇടിച്ചുകൊണ്ടിരുന്ന സുഭാഷ് വാസുവിനും സഹപ്രവർത്തകർക്കുമെതിരെ കേസെടുത്തതല്ലാതെ, മറ്റൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ചോദ്യം ചെയ്യാനായി ഇദ്ദേഹത്തെ ഇതുവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിട്ടു പോലുമില്ല.കോളേജില്‍ നിലവിലുണ്ടായിരുന്ന ഫൈന്‍ അടക്കമുള്ള നിയമങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കുമെന്നു മാനേജ്മെന്റ് ഒരുറപ്പും തന്നിട്ടില്ല. കോളജില്‍ ഇതു സംബന്ധിച്ച് ഒരു സര്‍ക്കുലര്‍ പോലും ഇറങ്ങിയിട്ടില്ല. ഒത്തുതീര്‍പ്പു ചര്‍ച്ച കഴിഞ്ഞ് കൃത്യം നാലാമത്തെ ദിവസം ഷേവ് ചെയ്യാത്തതിന് ഒരു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കാതിരിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചു. വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ സംഘടിച്ചു. എസ്.എഫ്.ഐ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല.മാനേജ്മെന്റ് പീഡനങ്ങള്‍ക്കെതിരെ ഒരു കോളേജ് മുഴുവന്‍ സമരത്തിനായി തെരുവിലിറങ്ങിയപ്പോള്‍ ഒത്തുതീര്‍പ്പു നടത്തിയത് എസ്.എഫ്.ഐയും പാര്‍ട്ടിയുമാണ്. പാര്‍ട്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകള്‍ പഠിക്കുന്നത് ഞങ്ങളുടെ കോളേജില്‍ തന്നെയാണ്. സമരം ഒതുക്കി തീര്‍ത്തതിനു പിന്നില്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്തൊക്കെയാണെങ്കിലും ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നു പൂര്‍ണ ബോധ്യമുണ്ട്. അന്നു കേരളം അറിയപ്പെടുന്ന സമരമായി വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിങ് കോളേജിലെ പ്രശ്നങ്ങള്‍ മാറിയിരുന്നെങ്കില്‍ നെഹ്രുവില്‍ ഒരു ജിഷ്ണു ഉണ്ടാവില്ലായിരുന്നു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവല്‍ പറയുന്നു: 


അന്നു നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ലെന്നാണ് അവര്‍ പറയുന്നത്?

[caption id="attachment_73911" align="alignright" width="283"]
ജയിംസ് സാമുവല്‍[/caption]

ഒരു സമരം എസ്.എഫ്.ഐ സംഘടിപ്പിച്ചു. അതു വിജയമായപ്പോള്‍ ഒരു വിഭാഗം ആളുകള്‍ വെറുതെ ഉന്നയിക്കുന്നതാണ്. നമ്മളുന്നയിച്ച പ്രധാനപ്രശ്നം ക്യാംപസിനകത്തെ പീഡനങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു. ആ പീഡനം പൂര്‍ണമായി അവസാനിച്ചു. സമരത്തിനു ശേഷം ഇതുവരെ ഒരു പരാതിപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീടൊരു പ്രശ്നം നിലനില്‍ക്കുന്നത് ഈ ക്യാംപസിനകത്തു വിദ്യാര്‍ത്ഥികളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ആളുകള്‍ക്കെതിരെ നടപടി എടുത്തില്ലെന്നു മാത്രമാണ്. പിന്നെയുളളത്, കോളേജില്‍ പിടിഎ രൂപീകരിക്കണമെന്നതാണ്. അതും ചെയ്തിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ക്കു പ്രാതിനിധ്യം കിട്ടിയില്ലെന്നു പറയുന്നതു വെറുതെയാണ്. രണ്ടു പെണ്‍കുട്ടികള്‍, അതിനോടൊപ്പം തന്നെ നാല് ആണ്‍കുട്ടികള്‍ എന്നിവരും ഈ ചര്‍ച്ചയിലുണ്ടായിരുന്നു. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, എരിയ സെക്രട്ടറി, പ്രസിഡന്റ്, സെക്രട്ടറിയേറ്റ് അംഗം, എന്നിവരടക്കം ഞങ്ങളന്ന് അഞ്ചു പേരാണ് ഉണ്ടായിരുന്നത്. പിന്നെ പാര്‍ട്ടി നേതാക്കളായ നാലുപേരും ഉണ്ടായിരുന്നു. ലോക്കല്‍ സെക്രട്ടറി, പാര്‍ട്ടി ഏരിയ സെക്രട്ടറി, പാര്‍ട്ടി ജില്ലാക്കമ്മറ്റി അംഗം.

ആ വിഷയം അന്നു വേണ്ടപോലെ ഏറ്റെടുത്തിരുന്നെങ്കില്‍ ഇന്നു ജിഷ്ണുവിന്റെ മരണം ഉണ്ടാകില്ലായിരുന്നു?

എസ്.എഫ്.ഐ ആ വിഷയം വേണ്ട രീതിയില്‍ തന്നെയാണ് ഏറ്റെടുത്തത്. ഞാന്‍ പത്രസമ്മേളനം നടത്തി മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചു. ഇതു കേരളത്തിലെ എല്ലാ എഞ്ചിനീറിങ് കോളേജിലും നടക്കുന്നതാണ്. ഇതിനെതിരെ മാദ്ധ്യമ പിന്തുണ ആവശ്യപ്പെട്ടതാണ്. ഒരു മാദ്ധ്യമവും പിന്തുണച്ചില്ല. അന്നു സംസ്ഥാനത്തെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വൈസ് ചാന്‍സിലര്‍ തുടങ്ങിയ എല്ലാവര്‍ക്കുമെതിരെ പരാതി കൊടുത്തു. നടപടി ഉണ്ടായിട്ടില്ല. ഈ വിഷയം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ഒരു തവണ കൂടി പരാതി നല്‍കുന്നുണ്ട്.

എസ്.എഫ്.ഐയെ സംബന്ധിച്ച് ഇത് ആലപ്പുഴയിലെ ഒരു കോളേജില്‍ മാത്രം നടന്ന വിഷയമല്ല. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ എന്താണു നടക്കുന്നതെന്ന് എസ്.എഫ്.ഐയ്ക്ക് അറിയാം.

കോളേജിന്റെ ഗവേണിങ് ബോഡി ഈ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാം എന്നാണു ചര്‍ച്ചയില്‍ തീരുമാനമായത്. കോളേജ് മാനേജ്മെന്റ് നടത്തുന്ന വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ചു മാനേജ്മെന്റിന്റെ ഗവേണിങ് ബോഡി പഠിച്ചു തീരുമാനമെടുക്കാമെന്നു പറഞ്ഞതിന്റെ ഉറപ്പില്‍ സമരം പിന്‍വലിച്ചു വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറുന്നു. സമരത്തിലൂടെ ഉന്നയിച്ച പ്രധാന ആവശ്യമായ വിദ്യാര്‍ത്ഥികളുടെ വെള്ളിയാഴ്ച നിസ്‌ക്കാരം ഒരിക്കലും നടക്കില്ലെന്നു പറഞ്ഞിട്ടും എസ്.എഫ്.ഐ പിന്നീട് സമരം ചെയ്തില്ല?


ഗവേണിങ് ബോഡി വിദ്യാര്‍ത്ഥികളുടെ പ്രശ്നം ചര്‍ച്ച ചെയ്തു പരിശോധിക്കാമെന്നല്ല തീരുമാനിച്ചത്. നമ്മള് പറഞ്ഞ പ്രശ്നങ്ങള്‍ ഗവേണിങ് ബോഡിയില്‍ വച്ചിട്ട് ആ ഗവേണിങ് ബോഡിക്കു തീരുമാനം അറിയിക്കാം എന്നാണു മാനേജ്മെന്റ് ഭാഗത്തു നിന്നു പങ്കെടുത്തവര്‍ ചര്‍ച്ചയില്‍ അറിയിച്ചത്. അത് ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല, ഇക്കാര്യത്തില്‍ നമ്മള്‍ സമരം ഏറ്റെടുത്തില്ല, എന്നതു വസ്തുതയാണ്. അതു നമ്മള്‍ ന്യായീകരിക്കുന്നില്ല. താടി വടിക്കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കില്ലെന്നു പറഞ്ഞപ്പോള്‍ എസ്.എഫ്.ഐ സമരം ചെയ്തു. കോംപ്രമൈസ് ചര്‍ച്ച നടന്നതിന്റെ മൂന്നാമത്തെയൊ നാലാമത്തെയോ ദിവസമാണ്. ആ സമരം വിജയിച്ചു.

[caption id="attachment_73926" align="aligncenter" width="720"] കോളേജിനെതിരെ സമരം ചെയ്യാൻ ഭരണിക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നില്‍ വിദ്യാർത്ഥികൾ കൂടിനില്‍ക്കുന്നു.[/caption]

നിസ്‌കരിക്കാന്‍ വിടണമെന്ന കാര്യത്തില്‍ എസ്.എഫ്.ഐയ്ക്കു സ്വതന്ത്രമായൊരു നിലപാട് സ്വീകരിക്കാന്‍ പറ്റില്ലല്ലോ. നിസ്‌കരിക്കാന്‍ പോകുന്നവര്‍ക്കു പ്രത്യേക ആനുകൂല്യം കൊടുക്കണമെന്നു നമ്മള്‍ വാശിപിടിക്കില്ല. അതൊരു ശരിയായ നിലപാടല്ലെന്നാണു നമ്മുടെ നിലപാട്. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസിലിരുന്നു പഠിക്കുമ്പോള്‍ ഇവര്‍ക്കു മാത്രം പ്രത്യേകത കൊടുക്കണം എന്നു പറയാന്‍ പറ്റില്ലല്ലോ. നിസ്‌കരിക്കുന്നതിനെ തടസപ്പെടുത്തരുതെന്ന നിലപാടാണു ഞങ്ങള്‍ സ്വീകരിച്ചത്.

സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം പറയുന്നു:


Image result for chintha jerome

യുവജനകമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ സ്ഥലത്തു പോയതാണ്. വിദ്യാര്‍ത്ഥികളോടു സംസാരിച്ചു തെളിവെടുത്തിരുന്നു. പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന കോളേജ് അധികൃതരോടു ഹാജരാകാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവർ നേരിട്ടു ഹാജരാകാതെ വക്കീലാണു ഹാജരായത്. അവരു തന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പഠനവിധയേമായിരിക്കുകയാണ്. റിപ്പോര്‍ട്ടും മൊഴിയും പരിശോധിച്ച് ഉടനെ തന്നെ ഓര്‍ഡര്‍ ഇഷ്യു ചെയ്യുന്നതായിരിക്കും.
ഇപ്പോഴും അവിടെ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. കോളേജില്‍ പ്രശ്നങ്ങള്‍ നടന്നപ്പോള്‍ വന്നു മൊഴിയെടുത്തപ്പോഴുണ്ടായ അതേ പ്രശ്നങ്ങളൊക്കെ ഇപ്പോഴും ഉണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കൂടി ഒരു കുട്ടി എനിക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ചിരുന്നു.

അവിടെ ഒരു ഇടിമുറി എന്നൊന്നും ബോര്‍ഡ് എഴുതിവച്ചിട്ടില്ല, പക്ഷെ അവിടെ വെളിച്ചം പ്രവേശിക്കാത്ത മുറികള്‍ ഉണ്ട്. ഇപ്പോള്‍ ഇടി നടക്കുന്നില്ലെങ്കിലും ബാക്കിയെല്ലാം നടക്കുന്നുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്.

ജുമാ നമസ്‌കാരത്തിനു വിടുന്നില്ലെന്ന പ്രശ്നത്തിനു പരിഹാരമായിട്ടില്ലെന്നാണു കുട്ടികള്‍ പറയുന്നത്.

[caption id="" align="alignright" width="1024"]ree Vellappally Natesan College Of Engineering, Bharanikkavu വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ് കോളേജ്[/caption]

മാവേലിക്കര ഏരിയ സെക്രട്ടറി മധുസൂധനന് പറയാനുള്ളത്:


എസ്.എഫ്.ഐ സമരം ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഐഎമ്മിന്റെ ജില്ലാക്കമ്മറ്റി മുമ്പാകെ കോളേജ് മാനേജ്മെന്റ് ചര്‍ച്ചയ്ക്കു താല്‍പര്യം അറിയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ മാവേലിക്കര സിഐയുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു ഞാനും സഹപ്രവര്‍ത്തകരും പോയിരുന്നു. അവിടെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു സമരം ഒത്തു തീര്‍പ്പായത്. അതിനു ശേഷം ഒരു കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്റെ മകള്‍ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്നത് ആരുടേയും ഒത്താശ കൊണ്ടല്ല. അവള്‍ പഠിച്ചു മെറിറ്റില്‍ അഡ്മിഷന്‍ നേടിയാണു പഠിക്കുന്നത്.

എസ്.എഫ്.ഐ സമരം പ്രഖ്യാപിച്ചതിനു ശേഷമാണോ വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു താങ്കള്‍ അറിയുന്നത്? നാലു വര്‍ഷം പഠിച്ചിട്ടും മകള്‍ കോളേജില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ലെ?


എന്റെ മകള്‍ക്കു കോളേജില്‍ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിട്ടില്ല. കൂടുതലായിട്ടും മെക്കാനിക്കല്‍ ബാച്ചിലാണു പ്രശ്നങ്ങളുള്ളത്. ഞാന്‍ ചോദിക്കുന്നത് ചര്‍ച്ചയ്ക്കു ശേഷം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലല്ലൊ... പിന്നെന്താണ് പ്രശ്നം.

[caption id="attachment_73922" align="alignright" width="206"]
പ്രതീഷ് ജി പണിക്കർ[/caption]

ഇനിയാണു കഥയിലെ ശരിക്കുള്ള ട്വിസ്റ്റ്. പാര്‍ട്ടി ഏരിയ സെക്രട്ടറി പറയുന്നു മെക്കാനിക്കല്‍ വിഭാഗത്തിലാണു പീഡനങ്ങള്‍ നടക്കുന്നതെന്ന്. കോളേജിന്റെ തുടക്കം മുതല്‍ അദ്ധ്യാപകനും ഇപ്പോള്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ തലവനുമായ പ്രതീഷ് ജി പണിക്കര്‍ ഡിവൈഎഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റാണ്. നാട്ടില്‍ വല്യ കമ്മ്യൂണിസ്റ്റുകാരനും കോളേജില്‍ സുഭാഷ് വാസുവിന്റെ ആജ്ഞാനുവര്‍ത്തിയുമാണ് ഇദ്ദേഹമെന്നാണു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യം സംസാരിക്കാനായി നാരദ ബന്ധപ്പെട്ടപ്പോള്‍ "എന്നെ ഈ വിഷയത്തിലേക്കു വലിച്ചിഴയ്ക്കരുതെ"ന്നാണ് പ്രതീഷ് പറയുന്നത്. പക്ഷെ പ്രതീഷ്, ഒന്നു ചോദിച്ചോട്ടെ, കോളേജിന്‍റെ തുടക്കം മുതല്‍ നിങ്ങളുണ്ട്. ഇടിമുറിയെ പറ്റി നിങ്ങള്‍ക്കറിയാം. എല്ലാ പീഡനങ്ങളും നേരിട്ടറിയാം- എന്നിട്ടും നിങ്ങള്‍ മൌനം പാലിച്ചത് ആര്‍ക്കു വേണ്ടി?

Read More >>