'പെണ്‍കുട്ടികള്‍ ചൂടുപറ്റാനാണു കോളേജില്‍ വരുന്നത്': മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര എസ്എഫ്ഐ കത്തിച്ചു

ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണു പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നതെന്ന വിവാദ പ്രസ്താവന നടത്തിയ മഹാരാജാസ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐയുടെ മറുപടി.

കൊച്ചി: പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണെന്ന വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട്‌
മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബീന വേണുഗോപാലിന്റെ ഔദ്യോഗിക കസേര എസ്എഫ്ഐ കത്തിച്ചു. ഇന്നു പതിനൊന്നുമണിക്കു വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്കെത്താമെന്ന് അറിയിച്ച പ്രിന്‍സിപ്പല്‍ വാക്കുപാലിച്ചിരുന്നില്ല. ഇതോടെയാണു വിദ്യാർത്ഥികൾ പ്രകോപിതരായത്.


വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കി പൊലീസിനെക്കൊണ്ടു പിടിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്തതിനെ തുടര്‍ന്നു മാസങ്ങളായി സമരാന്തരീക്ഷത്തിലാണ് മഹാരാജാസ്. ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥികളെ നുണ പറഞ്ഞൊഴിപ്പിച്ചതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സമരത്തിലാണ് എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍. ഇതിനിടയിലാണ്, ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്നു എന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം പരസ്യമായി അപമാനിച്ചത്.

സിപിഐഎം അനുഭാവ അദ്ധ്യാപക സംഘടനകളക്കം മഹാരാജാസ് പ്രിൻസിപ്പാളിന്റെ ഈ നടപടിയെ വിമര്‍ശിച്ചിരുന്നു. അദ്ധ്യാപകരും ഇന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചു പ്രകടനം നടത്തിയിരുന്നു. അതിന് അഭിവാദ്യമര്‍പ്പിച്ചു നീങ്ങിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറി കസേരയെടുത്തു പ്രകടനമായി റോഡിലെത്തിച്ചു കത്തിക്കുകയായിരുന്നു. ഒരു വിഭാഗം അദ്ധ്യാപകര്‍ പ്രിന്‍സിപ്പാലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കോളേജില്‍ പ്രകടനം നടത്തുകയാണ്.

വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രത്തിലാദ്യമായാണ് അധികാര ഗര്‍വ് കാണിച്ച മേധാവിയോട് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത്. വീഡിയോ കാണാം:

https://www.youtube.com/watch?v=-f9efwoDWbQ&feature=youtu.be