ഉദ്യോഗസ്ഥരുടെ വീഴ്ച: ലോവര്‍ പെരിയാര്‍ ഡാമില്‍ മീനുകളുടെ ചാകര

ആരോരുമറിയാതെ ലോവര്‍പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടത് നാട്ടുകാര്‍ക്കു ചാകരക്കൊയ്ത്തിന് അവസരം ഒരുക്കി. ഇതു വരെ ഡാമില്‍ ചൂണ്ടയിട്ടും വല വിരിച്ചും മീന്‍ പിടിച്ചിരുന്ന നാട്ടുകാര്‍ ഇന്നലെ ലോവര്‍ പെരിയാറില്‍ യഥേഷ്ടം മീന്‍ പിടിച്ചു.

ഉദ്യോഗസ്ഥരുടെ വീഴ്ച: ലോവര്‍ പെരിയാര്‍ ഡാമില്‍ മീനുകളുടെ ചാകര

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോള്‍ ആരോരുമറിയാതെ ലോവര്‍പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടത് നാട്ടുകാര്‍ക്ക് ചാകരക്കൊയ്ത്തിന് അവസരം ഒരുക്കി. ഇന്നലെ വരെ ഡാമില്‍ ചൂണ്ടയിട്ടും വല വിരിച്ചും മീന്‍ പിടിച്ചിരുന്ന നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെ ആഘോഷമാക്കി മാറ്റുകയായിരുന്നു. ദുരെ സ്ഥലങ്ങളില്‍ നിന്നു പോലും മീന്‍പിടിക്കാന്‍ ആളുകളെത്തി. ഷട്ടറിനോട് ചേര്‍ന്ന് അറ്റകുറ്റപ്പണി നടത്തുവാനാണ് അണക്കെട്ട് വറ്റിച്ചതെന്നാണു വകുപ്പ് അധികൃതരുടെ വിശദീകരണം.
ഏതായാലും ചാകരക്കൊയ്ത്ത് നാട്ടുകാര്‍ വെറുതെയാക്കിയില്ല. അഞ്ചും ആറും കിലോ വരുന്ന വന്‍ മത്സ്യങ്ങളെ പോലും നാട്ടുകാര്‍ക്ക് യഥേഷ്ടം പിടികൂടാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. ഡാം തുറക്കുമ്പോള്‍ മീന്‍പിടിക്കാന്‍ ജനങ്ങളെത്തുന്നത് പതിവാണ്. എന്നാല്‍ ഇന്നലെ ഡാമിന് പരിസരത്തുള്ളവര്‍ അറിഞ്ഞെത്തുന്നതിന് മുമ്പ് ദൂരെ സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളുമായി ആളുകള്‍ എത്തിയത് സംശയത്തിനു ഇടയാക്കി. ഡാം തുറക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഉയരുന്ന ആക്ഷേപം. ഡാമില്‍ നിന്ന് മത്സ്യം കടത്തിയവര്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാതെ ടണല്‍ വഴി ജലം ഒഴുക്കി കളഞ്ഞത്. ഷട്ടറിനോട് ചേര്‍ന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് അണക്കെട്ട് വറ്റിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദമെങ്കിലും സംശയങ്ങള്‍ വിട്ടൊഴിയുന്നില്ല.

ജനുവരി ഏഴിന് അണക്കെട്ട് തുറന്ന് പെരിയാറിലേക്ക് ഒഴുക്കി വിടാനായിരുന്നു അധികൃതരുടെ തീരുമാനം. ഡാം തുറക്കുന്ന വിവരം പെരിയാര്‍ തീരവാസികളെ അറിയിക്കുന്നതിന് ഇന്നലെ മൈക്ക് അനൗണ്‍സ്‌മെന്റിനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പൊലീസിനേയും വിവരം അറിയിച്ചതാണ്.

എന്നാല്‍ ജലം മുഴുവനും ടണലിലൂടെയാണ് ഒഴുക്കി കളഞ്ഞത്. ഡാമിലെ ജലം വറ്റിതുടങ്ങുമ്പോല്‍ മാത്രമാണ് പൊലീസ് വിവരമറിഞ്ഞത്. ഡാമിന്റെ പരിസരത്തുള്ള നാട്ടുകാരാകട്ടെ വിവരം അറിഞ്ഞതുമില്ല. ഡാമിലെ വെള്ളം തീരെ കുറഞ്ഞ് അടിത്തട്ടിലെ ചെളിയും മണ്ണും മാലിന്യങ്ങളും തുരങ്കത്തിലേക്കെത്തുകയായിരുന്നു. ഇതിന്റെ ശബ്ദം പുറത്ത് വന്നപ്പോഴാണ് ടണലിലെ ഷട്ടര്‍ അടച്ച് ജീവനക്കാര്‍ ഒഴുക്ക് നിര്‍ത്തിയത്.

ലോവര്‍ പെരിയാര്‍ ഡാമില്‍ നിന്ന് 12 കിലോമീറ്റര്‍ തുരങ്കത്തിലൂടെയാണ് കരിമണല്‍ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. ചെളിയും മണ്ണും മാലിന്യങ്ങളും തുരങ്കത്തില്‍ അടിഞ്ഞു കൂടിയെന്നാണ് വിവരം. എന്നാല്‍ ചെളിയും മണ്ണും പവര്‍ഹൗസിലേക്കെത്തിയിട്ടില്ലാത്തതിനാല്‍ കുഴപ്പമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളിലെ ജനറേഷന്‍ കുറച്ചിരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യത്തിനായി പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന സാഹചര്യത്തിലാണ് ഡാമിലെ ജലം മുഴുവനായും ഒഴുക്കി കളഞ്ഞത്.