മിശ്രവിവാഹമല്ല സര്‍, അതു സംഘപരിവാര്‍ ഘര്‍വാപസി

ജനുവരി 11നാണു കൊല്ലം പാലയ്ക്കൽ തേവലക്കര സ്വദേശിയായ ജാസ്മി ഇസ്മയിൽ എന്ന യുവതി അന്യമതസ്തനായ യുവാവിനെ വിവാഹം ചെയ്തത്. മിശ്രവിവാഹം ചെയ്ത തന്നേയും ഭർത്താവിനേയും എസ്‌ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി യുവതി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ എസ്‌ഡിപിഐ നിഷേധിക്കുകയാണ്. മിശ്രവിവാഹം അല്ല നടന്നതെന്നും സംഘപരിവാർ ഘർവാപസിയായിരുന്നെന്നും സമർത്ഥിയ്ക്കുകയാണ് ജാസ്മിയുടെ നാട്ടുകാരനും എസ്‌ഡിപിഐ പ്രവർത്തകനുമായ അൻസാർ തേവലക്കര.

മിശ്രവിവാഹമല്ല സര്‍, അതു സംഘപരിവാര്‍ ഘര്‍വാപസി

അൻസാർ തേവലക്കര

പ്രായപൂര്‍ത്തിയാകാത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ പ്രദേശത്തെ മുസ്ലിം പെണ്‍കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കടത്തിക്കൊണ്ടുപോകുക, എന്നിട്ട് ശ്രീരാമകൃഷ്ണ മിഷനില്‍ പോയി മതം മാറ്റി ഹിന്ദുപേരും നല്‍കുക, ശേഷം അമ്പലത്തില്‍ പോയി ഹിന്ദു ആചാരപ്രകാരം വിവാഹിതരായി ആര്‍എസ്എസ് കൊടിമരത്തിനു മുന്നില്‍ നിന്നു ഫോട്ടോ എടുക്കുക.

[caption id="attachment_75355" align="alignleft" width="320"]

ജാസ്മിയുടെ ഫോസ്ബുക്ക് പോസ്റ്റ്[/caption]

ഇതുവരെയും സ്റ്റോക്ക് ഇമേജുകള്‍ മാത്രം ഷെയര്‍ ചെയ്യപ്പെട്ടിരുന്ന, നാലക്ഷരം ഇതുവരെ എഴുതി കാണാത്ത ആ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും ആ പെണ്‍കുട്ടി 'താന്‍ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ചെന്നും എസ്‌ഡിപിഐ ഞങ്ങളെ കൊല്ലാന്‍ വരുന്നു'  എന്നെഴുതുക.  ബജറ്റ് പ്രസംഗത്തിന്റെ നീളമുള്ള ഒരു പോസ്റ്റിനൊപ്പം ഈ ഫോട്ടോസും ഷെയര്‍ ചെയ്യുക. ഇതിനെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ മിശ്രവിവാഹമായി അവതരിപ്പിക്കുക. ആ റിപ്പോര്‍ട്ടിന്റെ സാംഗത്യം പരിശോധിക്കാതെ ഇടതുപക്ഷക്കാരും പുരോഗമനചേരിയും ഏകപക്ഷീയമായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക. ചവറയില്‍ മിശ്രവിവാഹിതരായെന്ന് അവകാശപ്പെട്ട സംഭവത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്.

ഈ വിഷയത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ കുടുംബ സുഹൃത്തെന്ന നിലക്കും 'പെണ്‍കുട്ടിയുടേതെന്ന രീതിയില്‍ ആരോപിക്കപ്പെട്ട എസ്‌ഡിപിഐ ഇടപെടലിനെ കുറിച്ചും' പ്രദേശത്തെ എസ്‌ഡിപിഐ പ്രവര്‍ത്തകനെന്ന നിലയ്ക്കും, തീര്‍ത്തും ആസൂത്രിതമായി ആടിനെ പട്ടിയാക്കലാണ് ഈ വിവാഹവുമായി ബന്ധപ്പെട്ടു സംഘപരിവാര ചേരിയും മുഖ്യധാരാ മാദ്ധ്യമങ്ങളും ഇടതുപക്ഷ പുരോഗമന ചേരിയും കൂടെ നടത്തിയതെന്നു നിസ്സംശയം പറയുവാന്‍ സാധിക്കും.എന്റെ സ്ഥലത്താണു സംഭവം നടന്നത്. മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്നതിലുപരി സ്ഥലത്തെയും ഇതിലെ കഥാപാത്രങ്ങളേയും നേരിട്ടറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയട്ടെ!

കഥാനായികയായ പെണ്‍കുട്ടിയേയും പിതാവിനേയും നല്ല പരിചയമുണ്ട്. ചവറയില്‍ ഒരു പരമ്പരാഗത മുസ്ലിം കുടുംബത്തിലെ രണ്ടു പെണ്‍മക്കളില്‍ ഇളയവള്‍. മൂത്ത പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ ഗര്‍ഭിണിയാണ്. പ്രണയത്തിന്റെ തുടക്കകാലത്തു തന്നെ നാട്ടുകാരില്‍ പലരും വീട്ടുകാരുമായി ബന്ധപ്പെട്ട് ഈ വിഷയം സൂചിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ നല്‍കിയതു വീട്ടുകാരുടെ അയല്‍വാസികളും വീടിനു തൊട്ടു മുന്നിലുള്ള ഒരു ക്ലബ്ബിലെ അംഗങ്ങളുമാണ്.പ്രത്യേകം എടുത്തു പറയട്ടെ. ഈ ക്ലബ്ബ് ഒരു എസ്‌ഡിപിഐ കേന്ദ്രീകൃത ക്ലബ്ബല്ല. അതിലെ അംഗങ്ങളില്‍ രണ്ടോ മൂന്നോ എസ്‌ഡിപിഐ ക്കാര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ ഡിവൈഎഫ്‌ഐ, കോണ്‍ഗ്രസ് അടക്കമുള്ള പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ആ വിവരങ്ങള്‍ കൈമാറാന്‍തന്നെ കാരണം ഇടതടവില്ലാതെ, സ്ഥലകാല ബോധമില്ലാതെ ഫോണ്‍ ചെയ്യുന്ന പെണ്‍കുട്ടിയുടെ സ്വഭാവം കാരണമാണ്. അത്തരം വിവരങ്ങള്‍ മാതാപിതാക്കളെ അറിയിക്കേണ്ടത് അനിവാര്യവുമാണ്. കാരണം ദിവസേന പത്രങ്ങളില്‍ വായിച്ചുതള്ളുന്ന പെണ്‍വാണിഭ കഥകളുടെയും ചതികളുടെയും തുടക്കം ഇത്തരം അസാധാരണസ്വഭാവമുള്ള ഫോണ്‍കോളുകളാണ്. പക്ഷെ ഈ വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചപ്പോള്‍ നിഷ്‌കളങ്കനായ അദ്ദേഹം പറഞ്ഞത് 'അത് കല്യാണം ഉറപ്പിച്ച് വച്ച പ്രതിശ്രുത വരനുമായിട്ടാണ്' എന്നാണ്.

അവസാനം പെണ്‍കുട്ടിയുമായി നാടുവിടുവാനും സംഘപരിവാര കേന്ദ്രത്തില്‍ വച്ച് മതംമാറി വിവാഹിതരാകുവാനുമുള്ള തയ്യാറെടുപ്പ് മനസ്സിലായ അയല്‍വാസിയായ, അടുത്ത പരിചയക്കാരനായ ,എന്റെ സുഹൃത്ത് കൂടിയായ എസ്‌ഡിപിഐക്കാരന്‍ പെണ്‍കുട്ടിയുടെ പിതാവിനെ നേരിട്ടു കണ്ട് ഒളിച്ചോടാന്‍ പ്ലാനിട്ടിരിക്കുന്ന തീയതിയും ആളെയും അവര്‍ക്ക് എല്ലാവിധ സഹായവുമായി പ്രാദേശിക സംഘപരിവാര്‍ ഘടകവും ഉണ്ടെന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പറഞ്ഞു കൊടുത്തിട്ടും അദ്ദേഹം അതു ചിരിച്ചു തള്ളിക്കളഞ്ഞു. കാരണം ആ പിതാവിന് അത്രയും വിശ്വാസമായിരുന്നു, സ്വന്തം മകളെ. അതോടെ ആ എസ്‌ഡിപിഐക്കാരന്‍ അയാളുടെ പാട്ടിനു പോയി. സത്യത്തില്‍ ഇതാണ് എസ്‌ഡിപിഐയും ഈ വിഷയവുമായി ഉള്ള ആകെ ബന്ധം!


എന്തായാലും അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു!


കൃത്യ ദിവസം തന്നെ പെണ്‍കുട്ടി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അകമഴിഞ്ഞ സഹായത്താല്‍ ചെറുക്കനുമായി വീട്ടില്‍ നിന്നു മുങ്ങി. അമ്പലത്തില്‍ വച്ചു വിവാഹിതരായി, ആ ഫോട്ടോ സോഷ്യല്‍ മീഡീയയില്‍ പോസ്റ്റും ചെയ്തു. സ്വാഭാവികമായും വീട്ടുകാര്‍ പൊലീസില്‍ കേസും കൊടുത്തു. ആരോ ഡിജിപിയ്ക്ക് അയക്കാന്‍ എന്ന പേരില്‍ എഴുതിക്കൊടുത്ത ഒരു പരാതി പെണ്‍കുട്ടിയുടെ ഐഡി ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ആരോ ആസൂത്രിതമായി പ്രചരിപ്പിക്കുന്നു എന്നു മാത്രം. ആ പരാതിയില്‍ ഉള്ളത് അവളുടെ കൈയ്യക്ഷരമോ ശൈലിയോ അല്ലെന്ന് അവളുടെ വീട്ടുകാരും കൂട്ടുകാരും ഒരേ പോലെ സാക്ഷ്യപ്പെടുത്തുന്നു. ആ പരാതി ഡിജിപിയ്ക്ക് ലഭിച്ചോ എന്നും അറിവില്ല.

[caption id="attachment_75360" align="aligncenter" width="540"]
ഡിജിപിയ്ക്ക് നൽകിയതായി അവകാശപ്പെട്ടു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പരാതി[/caption]

ഇതിനേക്കാള്‍ ഏറെ രസകരം അന്നു മുന്നറിയിപ്പു കൊടുത്ത എസ്‌ഡിപിഐക്കാര്‍, പെണ്‍കുട്ടി ഒളിച്ചോടിയ ശേഷം ഈ പ്രശ്‌നത്തില്‍ ഇടപെടാതെ മാറി നില്‍ക്കുന്നതില്‍ പെണ്ണിന്റെ വീട്ടുകാര്‍ക്ക് നല്ല പരിഭവമുണ്ട് എന്നതിലാണ്. ഒളിച്ചോടുന്ന പെണ്‍കുട്ടികളെ തേടിപ്പോകലല്ല എസ്‌ഡിപിഐക്കാരുടെ പണി എന്ന അവരുടെ മറുപടി കേട്ട് പെണ്ണിന്റെ വീട്ടുകാര്‍ അഭയം തേടിയിരിക്കുന്നത് സ്ഥലത്തെ സിപിഐഎം പ്രവര്‍ത്തകരിലാണ്.ഇനി ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാൽ, വിവാദങ്ങള്‍ ഉയര്‍ത്തി മുങ്ങിയ കാമുകനും കാമുകിയും കോടതിയില്‍ ഹാജരായി. കാമുകനു വിവാഹത്തിന് ആവശ്യമായ 21 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്തിയില്ല. പകരം കാമുകന്റെ വീട്ടുകാരോടൊപ്പം വിട്ടു. സാധാരണ കോടതി ഇത്തരം ഘട്ടങ്ങളില്‍ ഒന്നുകില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയോ അതല്ലെങ്കില്‍ ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റുകയോ ആണ് ചെയ്യുക.

ഇവിടെ പ്രായപൂര്‍ത്തിയാകാത്ത ചെറുക്കന്റെ വീട്ടില്‍ കഴിയാനാണു കോടതിയുടെ വിധി. നിയമപ്രകാരം വിവാഹിതരാകാത്ത ചെറുക്കന്റെ വീട്ടില്‍ എന്തടിസ്ഥാനത്തിലാണ് അന്യ സ്ത്രീയെ കോടതി താമസിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. കാരണം മതപരമായ കാരണത്താല്‍ ഹിന്ദുതീവ്രവാദികള്‍ മുസ്ലിം ചെറുപ്പക്കാരെ കൊന്നതില്‍ തെറ്റില്ല എന്ന് ബോംബെ ഹൈക്കോടതി വിധി വന്നിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. ഫാസിസ്റ്റുകാലത്തെ കോടതികള്‍ക്കുമുണ്ട് ചില 'ഉത്തരവാദിത്വങ്ങള്‍'.

[caption id="attachment_75361" align="aligncenter" width="480"] ശ്രീരാമദാസ മിഷനിൽ നിന്നും ലഭിച്ച മതപരിവർത്തന സർട്ടിഫിക്കറ്റ്[/caption]

ഇതിനിടയില്‍ തിരുവനന്തപുരം ശ്രീരാമദാസമിഷനില്‍ പോയി പെണ്‍കുട്ടിയെ സംഘപരിവാര ഭാഷയില്‍ 'ശുദ്ധിക്രിയ' നടത്തി മതംമാറ്റി ഹിന്ദു പേരും നല്‍കി, അമ്പലത്തില്‍ വച്ച് ഹിന്ദുമതാചാര പ്രകാരം വിവാഹം നടത്തിയിരുന്നു. ഇതിനെയാണു മുഖ്യധാരാ മാദ്ധ്യമങ്ങളും ഇടതുപക്ഷ പുരോഗമന ചേരിക്കാരും കൂടെ മിശ്രവിവാഹം എന്ന ലേബലിട്ട് ആഘോഷിച്ചത്. സംഘപരിവാര്‍ കാര്‍മ്മികത്വത്തില്‍ ഘര്‍വാപസി നടത്തി അമ്പലത്തില്‍ വച്ചു വിവാഹിതരാകുന്നതിനാണോ 'മിശ്രവിവാഹം' എന്നു വിളിക്കുക?പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ദുരുപയോഗം ചെയ്തുകൊണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിച്ചതു പോലെ ആ പെണ്‍കുട്ടിയുടെ പുറകിലോ മുന്നിലോ എസ്‌ഡിപിഐ ക്കാര്‍ നടക്കുന്നില്ല. അവരുടെ ജീവിതത്തില്‍ ഒരുനിലയ്ക്കുമുള്ള ഇടപെടലും നടത്തുന്നില്ല. അവര്‍ക്കവരുടെ ജീവിതം.

ഇതിലെ ഗൂരുതരമായ വശം എന്തെന്നാല്‍, മുസ്ലിം സമുദായത്തിനെതിരെ ലവ് ജിഹാദ് ആരോപണം നടത്തുക, എന്നിട്ട് അതേ പണി സ്വയം ചെയ്യുക, ശേഷം ഇരവാദം ഉന്നയിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങളിലെ ആര്‍എസ്എസ് സഹയാത്രികരെ ഉപയോഗിച്ചു പ്രചാരണം നടത്തുക, ആ കര്‍മ്മമാണ് ഇവിടെയും നടന്നത്. അതു തിരിച്ചറിയപ്പെടാതെ പോകുകയോ, തിരിച്ചറിഞ്ഞെങ്കില്‍ തന്നെ ആരോപണം ഉന്നയിക്കപ്പെട്ടത് എസ്‌ഡിപിഐക്കാര്‍ക്കെതിരെ ആണെന്നതിനാല്‍ തന്നെ മറ്റൊന്നും നോക്കാതെ ഏകപക്ഷീയമായി പ്രചരണം അഴിച്ചുവിടുകയോ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

വീണ്ടും പറയുന്നു, ഇത് മിശ്രവിവാഹമല്ല സര്‍, സംഘപരിവാര്‍ ഘര്‍വാപസിയാണ്.