ചോര ചിന്തി കലോത്സവത്തിനെത്തി; ഒന്നാം സ്ഥാനവുമായി മടക്കം

കുന്നംകുളത്ത് നടന്ന ജില്ലാ കലോത്സവത്തിലെ അവതരണത്തിനിടെ വേദിയിൽ നിന്നും ഇരുമ്പാണി കുത്തിക്കയറി പരിക്കേറ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തുടർന്ന് അപ്പീലുമായി എത്തിയാണ് ഇവർ സംസ്ഥാനത്ത് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

ചോര ചിന്തി കലോത്സവത്തിനെത്തി; ഒന്നാം സ്ഥാനവുമായി മടക്കം

തനിക്കൊപ്പം ഒരു നിമിഷം പോലും ചിലവഴിക്കാതെ, ഓരോ നിമിഷത്തിലും എത്ര പണം സമ്പാദിക്കാം എന്ന ചിന്തയുമായി നടക്കുന്ന മാതാപിതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്ന അവതരണവുമായി മൂകാഭിനയവേദിയിൽ എത്തിയ തൃശൂർ മണ്ണുത്തി ഡോൺബോസ്‌കോ ഹയർസെക്കന്ററി സ്‌കൂളിലെ സുമന്തും കൂട്ടരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എപ്പോഴും സമ്പാദിക്കണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾക്കിടയിൽ അനാഥനായി കഴിയേണ്ടി വരുന്ന കുട്ടിയുടെ അവസ്ഥയും ഒടുവിൽ തനിക്കൊപ്പം സമയം ചിലവഴിക്കാനായി അച്ഛന് നൽകാൻ കാശുകുടുക്കയിൽ ശേഖരിച്ച പണവുമായി എത്തുന്ന കുട്ടിയും കാഴ്ചക്കാർക്ക് നൊമ്പരമായി.


 തൃശൂർ അമലാനഗർ സ്വദേശിയും മൂകാഭിനയവേദിയിലെ ശക്തമായ സാന്നിധ്യവുമായ അനീഷ് ആണ് കുട്ടിക്കൂട്ടത്തിന്റെ പരിശീലകൻ. വിജയത്തിന് പിന്നിൽ ചോരചിന്തിയ ഒരു കഥയുമുണ്ട്. കുന്നംകുളത്ത് നടന്ന ജില്ലാ കലോത്സവത്തിലെ അവതരണത്തിനിടെ വേദിയിൽ നിന്നും ഇരുമ്പാണി കുത്തിക്കയറി പരിക്കേറ്റ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. തുടർന്ന് അപ്പീലുമായി എത്തിയാണ് ഇവർ സംസ്ഥാനത്ത് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.


ജില്ലാ കലോത്സവത്തിലെ അവതരണത്തിനിടെ മരപ്പലകകൊണ്ട് നിർമിച്ച വേദിയിൽ ഉണ്ടായിരുന്ന ഇരുമ്പാണി സംഘാംഗമായ ബ്രെയിനിന്റെ കാലിൽ തുളച്ച് കയറുകയായിരുന്നു. രക്തം വാർന്നൊഴുകിയതിനെത്തുടർന്ന് ഉദ്ദേശിച്ച രീതിയിൽ അവതരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും മൂന്നാം സ്ഥാനം ലഭിച്ചു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതിന്റെ കൂടി പശ്ചാത്തലത്തിൽ അധികൃതർ അപ്പീൽ അനുവദിക്കുകയായിരുന്നു. കുട്ടിക്കൂട്ടത്തിൽ ഒരാൾ മാത്രമാണ് പന്ത്രണ്ടാം തരത്തിൽ പഠിക്കുന്നത്. മറ്റുള്ളവർ അടുത്ത സംസ്ഥാനകലോത്സവത്തിൽ കൂടി ഒന്നാം സ്ഥാനം വാങ്ങും എന്ന ഉറച്ച തീരുമാനത്തിലാണ് കണ്ണൂരിനോട് വിടപറയുന്നത്.