ആത്മാവിൽ ശ്രുതി മീട്ടി നിവേദ്; നാലാം വർഷവും തന്ത്രികളിൽ നിന്നുയർന്നത് മാന്ത്രിക സംഗീതം

"മത്സരാർത്ഥി പ്രഗത്ഭനായ ഗുരുവിൽ നിന്നാണ് വീണ അഭ്യസിച്ചതെന്നു പറയുമ്പോൾ മത്സര വേദികളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ വീണ വാദനം സ്വയം അഭ്യസിച്ചതാണെന്ന് വിധികർത്താക്കൾ അറിയുന്ന സാഹചര്യമുണ്ടാകുമ്പോൾ മേൽപ്പറഞ്ഞ സ്വീകാര്യത നഷ്ടമാവകയും ചെയ്യും"

ആത്മാവിൽ ശ്രുതി മീട്ടി നിവേദ്; നാലാം വർഷവും തന്ത്രികളിൽ നിന്നുയർന്നത് മാന്ത്രിക സംഗീതം

തിരുവനന്തപുരം സ്വദേശിയായ നിവേദിന് സിരകളിൽ സംഗീതമല്ലാതെ മറ്റൊന്നില്ല. അഞ്ചാം തവണയാണ് ഈ കൊച്ചു വലിയ കലാകാരൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഒന്നാംസ്ഥാനം നേടുന്നത്. പിന്നണി ഗായികയായ അമ്മ സരിതയുടെ സ്വരമാധുരി നുകർന്നാണ് നിവേദ് സംഗീത ലോകത്തേക്ക് പിച്ചവെച്ചത്. കേൾവിയുടെ ലോകത്തുനിന്നും കടംകൊണ്ട സംഗീതം വിരലുകളിലൂടെ ഈ കൊച്ചുമിടുക്കന് പുറപ്പെടുവിക്കാനായി. അങ്ങനെയാണ് നിവേദ് തന്റെ സ്വയം ഗുരുവായി അവതരിച്ചത്. വീണ വാദനം അഭ്യസിച്ചത് നിവേദ് സ്വയം ശിക്ഷണത്തിലൂടെയാണ്. യു-ട്യൂബിൽ മദ്രാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ ഇ ഗായത്രിയുടെ വീണ അവതരണം കണ്ടും കേട്ടുമാണ് നിവേദ് വീണയുടെ ലോകത്ത് തന്റെ വീരലുകളെ സംഗീതത്തിനായി ചിട്ടപ്പെടുത്തിയത്.


തിരുവനന്തപുരം കവടിയാറിലുള്ള ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ നിവേദിന്റെ അവസാന സ്കൂൾ കലോത്സവമാണ് ഇത്. എട്ടാം ക്ലാസ് മുതലാണ് നിവേദ് കലോത്സവ വേദിയിൽ സജീവമായത്. "മത്സരാർത്ഥി പ്രഗത്ഭനായ ഗുരുവിൽ നിന്നാണ് വീണ അഭ്യസിച്ചതെന്നു പറയുമ്പോൾ മത്സര വേദികളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ വീണ വാദനം സ്വയം അഭ്യസിച്ചതാണെന്ന് വിധികർത്താക്കൾ അറിയുന്ന സാഹചര്യമുണ്ടാകുമ്പോൾ മേൽപ്പറഞ്ഞ സ്വീകാര്യത നഷ്ടമാവകയും ചെയ്യും" നിവേദ് പറയുന്നു.

[caption id="attachment_75570" align="alignnone" width="5616"] നിവേദ്[/caption]

"കലോത്സവ വേദികളിൽ മത്സരിക്കുന്നതിനായി സിഡി നോക്കി നൃത്തം അഭ്യസിക്കുന്നവരുണ്ട്. എന്തുതന്നെയായാലും ആത്മാവറിഞ്ഞ് ഒരു കല അഭ്യസിക്കുമ്പോൾ അതിൽ തെറ്റ് കടന്നുകൂടാനിടയില്ല. എന്നെ സംബന്ധിച്ച് അച്ഛനും അമ്മയും സംഗീതത്തിൽ അവഗാഹമുള്ളവരായതിനാൽ തെറ്റ് സംഭവിക്കുമ്പോൾ തിരുത്തിത്തരാറുണ്ട്". നിവേദ് പറയുന്നു.

[caption id="attachment_75578" align="alignnone" width="3743"] നിവേദ് അമ്മ സരിതയോടൊപ്പം[/caption]

"രമേഷ് നാരായണന്റെ മൂന്ന് റെക്കോർഡിങ്ങുകളിൽ നിവേദ് വിണമീട്ടിയിട്ടുണ്ട്. കൂടാതെ ആകാശവാണിയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റുകൂടിയാണിവൻ. കർണ്ണാട്ടിക് സംഗീതമാണ് പ്രധാനമായും അവതരിപ്പികുന്നത്. നിവേദിന്റെ ചെറു പ്രായത്തിലേ വീണയോടുള്ള അഭിനിവേശം മനസിലാക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. എന്നാൽ വീണയുടെ ലോകത്തേക്ക് നിവേദ് എത്തിച്ചേരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുഞ്ഞായിരുന്നപ്പോൾ വീട്ടിലുണ്ടായിരുന്ന വീണ മീട്ടിമീട്ടിയാവാം നിവേദിന് വീണയോട് ഭ്രമം തോന്നിത്തുടങ്ങിയത്". സരിത പറയുന്നു.

നിവേദിന്റെ വീണയ്ക്ക് 150 വർഷത്തിലേറെ പഴക്കമുണ്ട്. തിരുവനന്തപുരം വനിതാ കോളേജിന് എതിർവശത്തുള്ള പുരാവസ്തു വിൽപ്പന ശാലയിൽനിന്നാണ് നിവേദ് വീണ സ്വന്തമാക്കിയത്.

താനൊരിക്കലും മത്സരിക്കാനായല്ല വീണ പഠിച്തു തുടങ്ങിയത്. വീണ വായിക്കാനറിയുന്നതുകൊണ്ട് മത്സരവേദിയിലെത്തുന്നുവെന്നു മാത്രം. നിവേദ് പറഞ്ഞു, അഞ്ചാം ക്ലാസ് മുതലാണ് നിവേദിന് വീണ വായിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായത്. പിന്നീട് തന്ത്രികൾ മീട്ടി മീട്ടി മനസിനെ സംഗീതത്തിൽ കുടിയിരുത്തുകയായിരുന്നു.

പിന്നണി ഗായികയായ അമ്മ സരിതയും സംഗീത സംവിധായകനും കീബോർഡ് ആർട്ടിസ്റ്റുമായ രാജീവുമാണ് നിവേദിന്റെ മാതാപിതാക്കൾ.