കണ്ണൂരിലെ 'പെരുങ്കലയാട്ട'ത്തില്‍ അഖിലിന്റെ മുച്ചിലോട്ട് ഭഗവതി താരം

തെര്‍മ്മോക്കോളും പ്ലാസ്റ്റര്‍ ഓഫ് പാരീസും തുണിയും കടലാസും കൊണ്ട് നാല് ദിവസം കൊണ്ട് നിര്‍മ്മിച്ച മുച്ചിലോട്ട് ഭഗവതി തെയ്യത്തിനു മുന്നില്‍ നിന്നാണ് കലോത്സവ സെല്‍ഫികളേറെയും. കണ്ണൂര്‍ സ്‌കൂള്‍ കലോത്സവത്തിന്റെ മുഖചിത്രമാവുകയാണ് ഈ തെയ്യശില്‍പ്പം.

കണ്ണൂരിലെ

സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന കവാടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്‍പതടി ഉയരമുള്ള ശില്‍പ്പമാണ് പ്രധാന വേദിയുടെ മുഖ്യ ആകര്‍ഷണം. തെര്‍മ്മോക്കോളും പ്ലാസ്റ്റര്‍ ഓഫ് പാരീസും തുണിയും കടലാസും കൊണ്ട് വെറും നാല് ദിവസം കൊണ്ടാണ് ഈ ശില്‍പ്പം ഉയര്‍ന്നതെന്നു പറയുമ്പോഴാണ് കൗതുകം അത്ഭുതത്തിനു വഴി മാറുന്നതും.

പയ്യന്നൂര്‍ സ്വദേശിയായ അഖില്‍ രാജ് എന്ന ചെറുപ്പക്കാരനാണ് തേജസുറ്റ ഈ ശില്‍പ്പത്തിനു പുറകില്‍. ശില്‍പ്പിയെ കാണാനും കൂടെ നിന്നു സെല്‍ഫിയെടുക്കാനും ആളുകള്‍ മത്സരിക്കുമ്പോള്‍ അഖില്‍ രാജിന് ഇതൊരു സ്വപ്‌ന സാഫല്യമാണ്. തന്റെ കൈ കൊണ്ട് മുച്ചിലോട്ട് ഭഗവതിയുടെ ശില്‍പ്പം ഉണ്ടാക്കണമെന്നതു തന്റെ ജീവിതാഭിലാഷമായിരുന്നുവെന്ന് അഖില്‍ രാജ് നാരദാ ന്യൂസിനോട് പറഞ്ഞു.
ചെറുപ്പം മുതലേ ഒരു ശില്‍പ്പിയാകണമെന്നായിരുന്നു ആഗ്രഹം. പത്താം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി ശില്‍പ്പിയാകാന്‍ ഇറങ്ങി തിരിച്ചപ്പോഴാണ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്നതിനു പ്ലസ്ടു പാസാകണമെന്ന് അറിയുന്നത്. വാശിയോടെ പഠിച്ചു. നല്ല മാര്‍ക്കു വാങ്ങി തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും ശില്‍പ്പകലയില്‍ ബിരുദം പൂര്‍ത്തിയാക്കി. 2012 മുതല്‍ ദൃശ്യം, മെമ്മറീസ്, അവതാരം, ലൈഫ് ഓഫ് ജോസൂട്ടി, എന്ന് നിന്റെ മൊയതീന്‍, കനല്‍, ഡാര്‍വിന്റെ പരിണാമം. പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റ് കലാ സംവിധായകനായി പ്രവര്‍ത്തിച്ചു. റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയാണ് ഏറ്റവും പുതിയ ചിത്രം.

[caption id="attachment_74411" align="alignright" width="365"] അഖിൽ രാജ്[/caption]

പോലീസ് അസോസിയേഷനാണ് തങ്ങളുടെ സ്റ്റാളിനു മുന്നില്‍ ശില്‍പ്പം പ്രദര്‍ശിപ്പിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. സ്‌കൂള്‍ കലോത്സവത്തിനായി കേരളത്തിന്റെ പല ദിക്കില്‍ നിന്നും കണ്ണൂരില്‍ എത്തിച്ചേരുന്നവര്‍ക്ക് തെയ്യത്തെ പരിചയപ്പെടുത്തുകയായിരുന്നു അഖിലിന്റെ ലക്ഷ്യം.

മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ലെന്നാണ് ഐതിഹ്യം. സ്വാതിക ആയതിനാല്‍ ചടുലമായ വാക്കും ചലനവും ഈ തെയ്യത്തിനില്ല. സുന്ദരിയായ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഈ തെയ്യമെത്തുക.നിത്യകന്യകയായ ദേവിയുടെ താലിക്കെട്ടാണ് പെരുങ്കളിയാട്ടം എന്ന പേരില്‍ 12 വര്‍ഷത്തിനിടെ നടത്തുന്ന ചടങ്ങെന്നും അഖില്‍ പറയുന്നു.
അറിവുകൊണ്ട് വിജയം നേടിയപ്പോള്‍ അപവാദ പ്രചരണം നടത്തി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍, അപമാനഭാരത്താല്‍ അഗ്നിയില്‍ ജീവന്‍ ഹോമിച്ച വിദ്യാസമ്പന്നയാണ് മുച്ചിലോട്ടു ഭഗവതി. ഈ ഭഗവതിയോടുള്ള സ്നേഹവും ആദരവുമാണ് ഇത്തരമൊരു ശില്‍പ്പമൊരുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അഖില്‍ രാജ് പറയുന്നു. കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ വെച്ച് ശില്‍പ്പം ഉണ്ടാക്കിയതിനു ശേഷം ഇവിടെ കൊണ്ടു വന്നു സ്ഥാപിക്കുകയായിരുന്നു.സിപിഐഎമ്മിന്റെ സമ്മേളനങ്ങള്‍ക്കു വേണ്ടി കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇഎംഎസ്, കാറല്‍ മാര്‍ക്‌സ്, ഇകെ നയനാര്‍, എകെജി എന്നിവരുടെ പോട്രേയ്റ്റുകള്‍ ഉണ്ടാക്കിയാണ് അഖില്‍ ഈ രംഗത്തേയ്ക്കുള്ള തന്റെ വരവ് അറിയിച്ചത്.തെര്‍മ്മോക്കോള്‍, കളിമണ്ണ്, ഫൈബര്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് ,തുണി ഓട് തുടങ്ങിയ വസ്തുക്കളിലാണ് അഖില്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നത്. എത്ര കാലമാണോ ശില്‍പ്പം നീണ്ടു നില്‍ക്കേണ്ടത് അതനുസരിച്ചാകാം മെറ്റിരീയല്‍സ് തിരഞ്ഞെടുക്കുന്നതെന്ന് അഖില്‍ പറഞ്ഞു.

കേരള പോലീസ് അസോസിയേഷനു വേണ്ടി പയ്യന്നൂരില്‍ ഒരുങ്ങുന്ന കേരള പോലീസ് ജനങ്ങളെ സംരക്ഷിക്കുന്നുവെന്ന ആശയത്തില്‍ ഒരുങ്ങുന്ന ശില്‍പ്പമാണ് ഏറ്റവും പുതിയ പ്രോജ്ക്ട്.ചിറയില്‍ രാജന്‍ ആശാരിയുടെയും ഭാര്യ ജാനകിയുടെയും മകനാണ്. ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന നിധീന, ജേര്‍ണലീസം വിദ്യാര്‍ത്ഥിനിയായ നീതു എന്നിവര്‍ സഹോദരിമാരാണ്.

ചിത്രങ്ങള്‍: സാബു കോട്ടപ്പുറം