കലോത്സവത്തില്‍ തുടര്‍ച്ചയായി കോഴിക്കോട്‌ കിരീടം ചൂടുന്നതിന്റെ രഹസ്യം ഇതാണ്‌

കലയെയും ഫുട്‌ബോളിനെയും ഭക്ഷണത്തെയും പ്രണയിക്കുന്ന കോഴിക്കോട്ടുകാരുടെ സിരകളില്‍ സൂഫിസംഗീതവും ഗസലും നാടകവും നൃത്തവുമെല്ലാം ലഹരിയായി എപ്പോഴുമുണ്ട്‌. പുതിയ തലമുറകളിലേക്കുമിത്‌ ധാരയായി ഒഴുകിയെത്തുന്നതിന്റെ തെളിവാണ്‌ തുടര്‍ച്ചയായുള്ള കലോത്സവ മുന്നേറ്റം വ്യക്തമാക്കുന്നത്‌.

കലോത്സവത്തില്‍ തുടര്‍ച്ചയായി കോഴിക്കോട്‌ കിരീടം ചൂടുന്നതിന്റെ രഹസ്യം ഇതാണ്‌

അമ്പത്തിയേഴാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും വെന്നിക്കൊടിപ്പാറിപ്പിച്ചാണ്‌ അമ്പത്തിയേഴ്‌ പവന്‍ സ്വര്‍ണ്ണക്കപ്പ്‌ കോഴിക്കോടന്‍ മണ്ണിലേക്ക്‌ തന്നെ തിരിച്ചെത്തിയത്‌. തുടര്‍ച്ചയായി പത്താം തവണയാണ്‌ കോഴിക്കോട്ടേയ്ക്ക് കലാകിരീടം വിരുന്നെത്തുന്നത്‌. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ കലാമാമാങ്കമായി വിലയിരുത്തപ്പെടുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവസാനറൗണ്ടില്‍ ശക്തമായ മത്സരത്തിലൂടെയാണ്‌ കോഴിക്കോട്‌ പലപ്പോഴും ജേതാക്കളാകാറുള്ളത്‌. ഇത്തവണയും അത്‌ തന്നെയായിരുന്നു ഫലം.


പൊതുവെ കോഴിക്കോടിന്‌ ഏറ്റുമുണ്ടേട്ടിവരുന്നത്‌ പാലക്കാടിനോടും കണ്ണൂരിനോടും തന്നെ. പാലക്കാട്‌ തന്നെയാണ്‌ പലപ്പോഴും കോഴിക്കോടിന്‌ ഭീഷണിയുയര്‍ത്തുന്നത്‌. 2007 മുതല്‍ തുടര്‍ച്ചയായി പത്താം തവണയാണ്‌ കോഴിക്കോടിന്റെ പടയോട്ടം. കലയെയും ഫുട്‌ബോളിനെയും ഭക്ഷണത്തെയും പ്രണയിക്കുന്ന കോഴിക്കോട്ടുകാരുടെ സിരകളില്‍ സൂഫിസംഗീതവും ഗസലും നാടകവും നൃത്തവുമെല്ലാം ലഹരിയായി എപ്പോഴുമുണ്ട്‌. പുതിയ തലമുറകളിലേക്കുമിത്‌ ധാരയായി ഒഴുകിയെത്തുന്നതിന്റെ തെളിവാണ്‌ തുടര്‍ച്ചയായുള്ള കലോത്സവ മുന്നേറ്റം വ്യക്തമാക്കുന്നത്‌.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ 57 ആണ്ട്‌ പിന്നിടുമ്പോള്‍ ഇരുപത്തിയൊന്ന്‌ തവണയും കോഴിക്കോട്‌ തന്നെയായിരുന്നു കിരീടത്തില്‍ മുത്തമിട്ടത്‌. 17 തവണ കലാകിരീടം ചൂടിയ തിരുവനന്തപുരം ഇപ്പോള്‍ റാങ്കിംഗ്‌ നിരയില്‍  താഴോട്ട്‌ പോയിരിക്കുന്നു. ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന തുടങ്ങിയ മത്സരയിനങ്ങളില്‍ കോഴിക്കോട്‌ ജില്ലയിലെ അണ്‍ എയ്‌ഡഡ്‌ സ്‌കൂളുകളുടെ സംഭാവനയാണ്‌ പ്രധാനം. ജില്ലയിലെ മുന്‍നിര അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളായ സില്‍വര്‍ ഹില്‍സ്‌, ആംഗ്ലോ ഇന്ത്യന്‍സ്‌, പ്രസന്‍റേഷന്‍ തുടങ്ങിയവ മികച്ച സംഭാവന നല്‍കിയപ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും കലാപ്രതിഭകള്‍ ധാരാളമുണ്ടായി.

കൊയിലാണ്ടി ഗേള്‍ച്ച്‌ എച്ച്‌ എസ്‌ എസ്‌, കോക്കല്ലൂര്‍ ജിവിഎച്ച്‌എസ്‌എസ്‌ , ഗണപത്‌ എച്ച്‌എസ്‌എസ്‌, കൊളത്തൂര്‍ ഹൈസ്‌കൂള്‍, ബാലുശ്ശേരി ഗേള്‍സ്‌ ഹൈസ്‌കൂള്‍ തുടങ്ങിയ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രതിഭകളുടെ പ്രകടനമാണ്‌ കോഴിക്കോടിന്‌ കരുത്താകുന്നത്‌. നിരവധി എയ്‌ഡഡ്‌ സ്‌കൂളുകളിലെ കലാകാരന്‍മാരും കലാകാരികളും നല്‍കുന്ന സംഭവാനയും നിസ്‌തുലമാണ്‌. കലാപരമായി ഏറെ മുന്നോക്കം നില്‍ക്കുന്ന നാടാണ്‌ കോഴിക്കോട്‌. കൃത്യമായ പരിശീലനവും രക്ഷിതാക്കളുടെ സഹകരണവും സ്‌കൂളധികൃതരുടെ പ്രോത്സാഹനവുമാണ്‌ നിരവധി പ്രതിഭകള്‍ ഉദയം കൊള്ളാന്‍ കാരണമെന്ന്‌ വിദ്യാഭ്യാസ വകുപ്പധികൃതര്‍ പറയുന്നു.

എട്ടു അപ്പീലുകളിലാണ്‌ ഇത്തവണ കോഴിക്കോട്‌ കലാകിരീടം കൈയ്യിലൊതുക്കിയത്‌. ഫലത്തില്‍ കോഴിക്കോടിന്റെ വിജയം അപ്പീലില്‍ത്തന്നെയായിരുന്നെന്ന്‌ ചുരുക്കം. ഹയര്‍ അപ്പീലുകളിലൂടെയാണ്‌ കോഴിക്കോട്‌ ഉയര്‍ന്ന ഗ്രേഡ്‌ കരസ്ഥമാക്കിയത്‌. മൂന്ന്‌ പോയിന്റുകളുടെ വ്യത്യാസത്തിലാണ്‌ പാലക്കാട്‌ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയത്‌. കോഴിക്കോട്‌-937 പോയിന്റുകളും പാലക്കാട്‌-934 പോയിന്റുകളുമാണ്‌ നേടിയത്‌. അവസാനവട്ട മത്സരങ്ങളിള്‍ ഹയര്‍ അപ്പീല്‍ കോഴിക്കോടിനെ തുണച്ചതങ്ങനെയാണ്‌.

കപ്പിനും ചുണ്ടിനുമിടയിലാണ്‌ പാലക്കാടിന്‌ കലാകിരീടം നഷ്ടമായതെന്ന്‌ ചുരുക്കം.