വാട്‌സ്ആപ്പ്‌ സർക്കാർ നിയന്ത്രണത്തിന് കീഴിലാക്കണോ എന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി

നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെങ്കിൽ നിങ്ങൾക്ക് വാട്ട്സ് ആപ്പ് വിട്ടു പോകാവുന്നതാണ്- സുപ്രീംകോടതി

വാട്‌സ്ആപ്പ്‌ സർക്കാർ നിയന്ത്രണത്തിന് കീഴിലാക്കണോ എന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഇൻസ്റ്റന്റ് മെസേജിങ് സർവ്വീസ് നൽകുന്ന വാട്ട്സ് ആപ്പും ഉപഭോക്താക്കളുടെ സ്വകാര്യതയും സംബന്ധിച്ചുള്ള തർക്കങ്ങളിൽ സുപ്രീം കോടതി ഇടപെടുന്നു. വാട്സ് ആപ്പിനെ സർക്കാർ വ്യവസ്ഥകളുടെ പരിധിയിൽ കൊണ്ടുവരണമോയെന്ന് പരിശോധിക്കാൻ കോടതി കേന്ദ്രസർക്കാരിനോടും ടെലികോം റെഗുലേറ്ററി അതോറിറ്റിയോടും ഉത്തരവിട്ടു.

‘നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെങ്കിൽ നിങ്ങൾക്ക് വാട്ട്സ് ആപ്പ് വിട്ടു പോകാവുന്നതാണ്,’ വാട്ട്സ് ആപ്പിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറാനുള്ള അവകാശം ശരി വയ്ക്കുന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് രണ്ട് നിയമവിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി പറഞ്ഞു.


“നിങ്ങൾക്ക് ഈ സ്വകാര്യസർവ്വീസ് ഉപയോഗിക്കുകയും വേണം അതേ സമയം നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയും വേണമെന്നതാണ് ഇവിടെ പ്രശ്നം,” ജസ്റ്റിസ് ജെ എസ് ഖേഹർ പറഞ്ഞു.

വാട്ട്സ് ആപ്പ് ടെലിഫോൺ പോലെ 155 മില്യൻ ആളുകൾ ഉപയോഗിക്കുന്ന ‘പബ്ലിക് യൂട്ടിലിറ്റി സർവ്വീസ്’ ആയിക്കഴിഞ്ഞെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽ വേ മറുപടി നൽകി. പരമോന്നത കോടതി ആ വാദം നിഷേധിച്ചു. ടെലിഫോൺ കാളുകൾക്ക് പണം കൊടുക്കണമെന്നും വാട്ട്സ് ആപ്പ് ഉപയോഗിക്കാൻ പണം കൊടുക്കേണ്ടതില്ലെന്നും ജസ്റ്റിസ് ഖേഹർ പറഞ്ഞു. ടെലിഫോൺ കാളുകളും സൗജ്യമായിക്കഴിഞ്ഞെന്ന് ഹരീഷ് സാൽ വേ പറഞ്ഞു.

പുതിയ നയം വാട്ട്സ് ആപ്പിന്റെ ഏറ്റവും മികച്ച ഗുണമായ ‘ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറാതിരിക്കലിനെ’ മാറ്റുമെന്ന് വിദ്യാർഥികൾ വാദിച്ചു. താല്പര്യമില്ലാത്ത ഉപഭോക്താക്കൾക്ക് തങ്ങളുടേ വിവരങ്ങൾ കൈമാറാതിരിക്കാനുള്ള ഓപ്ഷൻ വേണമെന്നും അവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ വിധി ഡൽഹി ഹൈക്കോടതി പ്രസ്താവിച്ചത്. വാട്ട്സ് ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പോകുന്ന തങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടമില്ലാത്ത ഉപഭോക്താക്കളുടെ വിവരങ്ങൾ സർവ്വറിൽ നിന്നും നീക്കം ചെയ്യണമെന്ന് കോടതി വിധിച്ചിരുന്നു. വാട്ട്സ് ആപ്പിൽ തുടരാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ 2016 സെപ്റ്റംബർ 25  വരെയുള്ളത് ഫേസ്ബുക്കിന് കൈമാറരുതെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് ‘പങ്കു വയ്ക്കരുത്’ എന്ന ഓപ്ഷൻ നൽകണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞിരുന്നു.

എന്തായാലും, വാട്ട്സ് ആപ്പ് പോലെയുള്ള ഇന്റർനറ്റ് മെസേജിങ് അപ്ലിക്കേഷനുകളെ നിയമത്തിന്റെ ചട്ടക്കൂടിൽ വരുത്തുന്നത് ശരിയാണോയെന്ന് പരിശോധിക്കാൻ കേന്ദ്രസർക്കാരിനോടും ടെലികോം റെഗുലേറ്ററി അതോറിറ്റിയോടും കോടതി ഉത്തരവിട്ടു.

Read More >>