ആടിയും പാടിയും വിമോചനം ആവശ്യപ്പെടുന്ന സൗദിയിലെ സ്ത്രീകളുടെ വീഡിയോ വൈറലാകുന്നു

#SaudiWomenDemandtheEndofGuardianship എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ പുറത്തിറക്കിയിട്ടുള്ളത്.

ആടിയും പാടിയും വിമോചനം ആവശ്യപ്പെടുന്ന സൗദിയിലെ സ്ത്രീകളുടെ വീഡിയോ വൈറലാകുന്നു

സൗദി അറേബ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ മതപരമായും നിയമപരമായും തങ്ങളെ ബന്ധിച്ചിരിക്കുന്ന പുരുഷാധിപത്യത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്ന വീഡിയോ വൈറലാകുന്നു.

ഈ വീഡിയോ അവരുടെ പ്രതിഷേധമാണ്. ബന്ധുവായ ഏതെങ്കിലും ഒരു പുരുഷന്‍റെ മേല്‍വിലാസത്തില്‍ മാത്രമായി തങ്ങളുടെ ജീവിതം അടിച്ചമര്‍ത്തപ്പെടുന്നതിനെ അവര്‍ നിശിതമായി ഇതിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്തു പരിഹസിക്കുന്നു.

ലോകത്തില്‍ നിന്നും എല്ലാ പുരുഷന്മാരും തുടച്ചുമാറ്റപ്പെടട്ടെ എന്ന് വരെ അവരുടെ ആഗ്രഹം നീളുന്നു. കാരണം പുരുഷന്‍ എന്നാല്‍ അവര്‍ക്ക് ശാരീരികമായി ആക്രമിക്കുന്ന കൂട്ടരാണ്. ആരും ഞങ്ങളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കേണ്ട, പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയുന്നവരാണ് സ്ത്രീകള്‍.


യാത്ര ചെയ്യണമെങ്കില്‍, ജോലി കിട്ടണം എങ്കില്‍, എന്തിനു ചികിത്സ കിട്ടണമെങ്കില്‍ പോലും ഞങ്ങള്‍ക്ക് പുരുഷന്‍റെ ശുപാര്‍ശ വേണമെന്നാണ് സ്ഥിതി. ഞങ്ങള്‍ക്ക് വാഹനം ഓടിക്കാന്‍ കഴിവില്ല, പക്ഷെ അവരുടെ മക്കളായ ചെറിയ ആണ്‍ക്കുട്ടികള്‍ക്ക് പോലും അതിനു അനുവാദമുണ്ട്.

പുരുഷന്‍മാര്‍ക്ക് എപ്പോള്‍ എവിടെ വേണെമെങ്കിലും എങ്ങനെ വേണമെങ്കിലും യാത്ര ചെയ്യാം തുടങ്ങി സൗദി അറേബ്യയില്‍ പരാശ്രയം കൂടാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അമര്‍ഷം മുഴുവന്‍ പരിഹാസരൂപേണ ഈ വീഡിയോയിലുണ്ട്.#SaudiWomenDemandtheEndofGuardianship എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ പുറത്തിറക്കിയിട്ടുള്ളത്.

#IAmMyOwnGuardian എന്ന ഹാഷ് ടാഗില്‍ അടുത്ത കാലത്ത് സൗദി വനിതകള്‍ സ്വാതന്ത്ര്യത്തിനായി നടത്തിയ നീക്കവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 23, 2016ലെ സൗദി അറേബ്യ ദേശീയ ദിനത്തില്‍ 14000 ത്തിലധികം സ്ത്രീകള്‍ പുരുഷാധിപത്യത്തില്‍ നിന്നുള്ള മോചനം തങ്ങളുടെ അവകാശമാണ് എന്ന് ഒപ്പിട്ട ഭീമഹര്‍ജി തയ്യാറാക്കിയിരുന്നു. കൂടാതെ 2500 സ്ത്രീകള്‍ ഇതേ ആവശ്യമുന്നയിച്ചു സല്‍മാന്‍ രാജകുമാരന് സന്ദേശങ്ങളും അയച്ചിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളും ഇക്കാര്യത്തില്‍ ഉണ്ടായെങ്കിലും നാമമാത്രമായ പരിഗണന മാത്രമാണ് സൗദി വനിതകളുടെ ശാക്തീകരണം എന്ന നിവേദനത്തിന് ലഭിച്ചത്.