ശശികല ജയലളിതയെ കബളിപ്പിക്കുകയായിരുന്നു – ദീപൻ സംസാരിക്കുന്നു

എം ജി ആറിന്റെ മൃതശരീരവും വഹിച്ച് നീങ്ങുന്ന വാഹനത്തിൽ നിന്നും ജയലളിതയെ തള്ളിയിറക്കിയ ദീപനെ ആരും മറക്കാനിടയില്ല. എം ജി ആറിന്റെ ഭാര്യ ജാനകിയുടെ അനന്തരവനായ ദീപൻ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും ഇടയ്ക്ക് പ്രതികരിക്കാറുണ്ട്. ഇപ്പോൾ ജയലളിതയുടെ മരണശേഷം ദീപൻ മനസ്സ് തുറക്കുന്നു. വികടൻ പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ പരിഭാഷ.

ശശികല ജയലളിതയെ കബളിപ്പിക്കുകയായിരുന്നു – ദീപൻ സംസാരിക്കുന്നു

അണ്ണാ ഡി എം കെയുടെ ജനറൽ സെക്രട്ടറിയായി ശശികലയെ തിരഞ്ഞെടുത്തതിനെക്കുറിച്ച് താങ്കളുടെ നിലപാട് എന്താണ്?

വളരെ ദു:ഖകരം തന്നെ.

ശശികലയെ താങ്കൾ എതിർക്കുന്നതിന്റെ കാരണം എന്താണ്?

ശശികല എല്ലാവരേയും ഭീഷണിപ്പെടുത്തി പദവിയിൽ വന്നയാളാണ്. പാർട്ടിയെ മുഴുവനായും തന്നെ തന്റെ നിയന്ത്രണത്തിലാക്കി വിരട്ടിയാണ് അവർ അത് ചെയ്തത്. നടൻ ആനന്ദരാജും എതിർപ്പ് അറിയിച്ചിരുന്നു. ഓരോരുത്തരായി ഇനി എതിർക്കാൻ തുടങ്ങും. ഉടനെത്തന്നെ പ്രതികരിക്കാതെ പതുക്കെ ചെയ്യും. അവർക്ക് ഈ പാർട്ടിയെ നന്നായി നയിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് അറിയാം. എന്തോ ആർത്തി മൂലം എത്തിപ്പെട്ടതാണവർ. വ്യക്തമായി പറഞ്ഞാൽ, സ്ത്രീകൾക്ക് പോലും ശശികല ജനറൽ സെക്രട്ടറി ആകുന്നതിൽ താല്പര്യം ഇല്ല.


നിങ്ങളും ഈ എതിർപ്പിൽ ചേരുന്നുണ്ടോ?

തമിഴ് നാട്ടിലെ മൊത്തം ആളുകളും ശശികലയ്ക്ക് എതിരാണ്. ഇപ്പോൾ ആദരിക്കുന്നവരെപ്പോലും അവർ ഭീഷണിപ്പെടുത്തിയതാണ്. പാർട്ടിക്കാർ ഇരട്ടയില ചിഹ്നം കൈവിട്ട് പോകാതിരിക്കാനാണ് ക്ഷമയോടെ കാത്തിരിക്കുന്നത്. പാർട്ടിയ്ക്കുള്ളിൽ നുഴയാതിരിക്കാൻ വേണ്ടി തന്നെയാണ് ജയലളിത നടരാജനെ അകറ്റി നിർത്തിയത്. പക്ഷേ, ആ നടരാജനെ ശശികല അകത്തേയ്ക്ക് കൊണ്ടുവന്നു. അത് തെറ്റായിപ്പോയി. നടരാജൻ അണ്ണാ ഡിഎംകെയിൽ വരാൻ പാടില്ല. അടുത്ത നാല് വർഷങ്ങളിൽ എന്താണ് നടക്കാൻ പോകുന്നതെന്നറിയാതെ എം എൽ എമാർ ഭയപ്പെടുന്നു. ജനങ്ങളുടെ പിന്തുണ ശശികലയ്ക്കും ഇല്ല.

[caption id="attachment_70727" align="alignleft" width="294"]
(ദീപൻ എം ജി ആറിനൊപ്പം)[/caption]

എം ജി ആറിന്റെ ബന്ധുവായ നിങ്ങൾ പാർട്ടിയിൽ ചേരാത്തത് എന്തു കൊണ്ടാണ്?

എം ജി ആർ മരിക്കുമ്പോൾ എനിക്ക് റ്റീനേജ് ആയിരുന്നു. അപ്പോൾ ജാനകിയമ്മയായിരുന്നു പാർട്ടിയെ നയിച്ചിരുന്നത്. പിന്നീട്, പാർട്ടി പിളർന്ന് തിരഞ്ഞെടുപ്പ് വന്നു. തിരഞ്ഞെടുപ്പിനു ശേഷം ജാനകിയമ്മയും ജയലളിതയും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അനുയായികൾ ആഗ്രഹിച്ചു. അതുകൊണ്ട്, ജാനകിയമ്മയെ പാർട്ടിയെ നയിക്കാൻ ജയലളിത ക്ഷണിക്കുകയായിരുന്നു. എന്നാൽ, ജനങ്ങൾ പറയുന്നതാണ് എനിക്ക് കാര്യം എന്ന് പറഞ്ഞ് ജാനകിയമ്മ സ്ഥാനം ജയലളിതയ്ക്ക് കൊടുത്ത് രാഷ്ട്രീയത്തിൽ നിന്നും ഒതുങ്ങി മാറി. അവർ ചെയ്ത ത്യാഗത്തിന്റെ മുന്നിൽ തല കുനിയ്ക്കുന്നു.

ശശികല തന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ജയലളിതയെ ഉപയോഗിക്കുകയായിരുന്നു. ജയലളിതയെ രക്ഷിക്കാൻ കഴിയാത്തയാൾ എങ്ങിനെ പാർട്ടിയെ സംരക്ഷിയ്ക്കും? 75 നാളുകൾ ജയലളിതയെ കാണാൻ അനുയായികളെപ്പോലും സമ്മതിക്കാതിരുന്നത് തെറ്റാണ്. അത്രയും നാളുകൾ അവരെ ഒളിപ്പിച്ച് വച്ചത് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയാണ്. പിന്നിൽ നടരാജന്റെ കൈകളും ഉണ്ടായിരുന്നു. ഇനി നടരാജൻ പറയുന്നത് പോലെയേ നടക്കൂ. പാർട്ടിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നതേയുള്ളൂ.

ജയലളിതയുടെ മരണത്തിനെപ്പറ്റി സംശയങ്ങൾ ഉയരുന്നുണ്ടല്ലോ?

അതിനെപ്പറ്റി അപോളോ ആശുപത്രി അധികൃതരാണ് പറയേണ്ടത്. സാധാരണയായി രോഗി എപ്പോൾ ഡിസ്ചാർജ് ആകണമെന്ന് പറയുന്നത് ഡോക്ടർമാരാണ്. എന്നാൽ, ഡോ. റെഡ്ഡിയാകട്ടെ, ‘ജയലളിത തീരുമാനിക്കും…’ എന്ന് വെറുതേ പറഞ്ഞു. ഒരു രോഗിയ്ക്ക് എങ്ങിനെ പറയാൻ കഴിയും? അത് സംശയം ഉണർത്തി. ‘ചികിത്സയുടെ സമയത്ത് ജയലളിതയുമായി രക്തബന്ധമുള്ളവർ അവർക്കൊപ്പം ഉണ്ടാകണം’ എന്ന്  കോടതി തന്നെ അഭിപ്രായപ്പെട്ടിരുന്നു. തുടക്കം മുതലേ, അഭ്യൂഹങ്ങൾ പരത്തണ്ടായെന്ന ഉദ്ദേശ്യത്തോടെ പടിപടിയായി കാര്യങ്ങൾ നടത്തി, പോലിസിനെ ഉപയോഗിച്ച് എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കപ്പെട്ടു.

ജയലളിത ശശികലയെ നേതാവ് എന്ന് ഒരിക്കലും വിളിച്ചിട്ടില്ല. മരുന്നൊക്കെ എടുത്ത് കൊടുത്ത് തുണികൾ ഇസ്തിരിയിടുന്ന ജോലിയ്ക്കായിട്ടാണ് അവരെ വീട്ടിൽ നിർത്തിയിരുന്നത്. ജയലളിത ശശികലയെ വല്ലാതെ വിശ്വസിച്ചിരുന്നു. ശശികലയാകട്ടെ ജയലളിതയെ പറ്റിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ, ജയലളിതാ അമ്മ കബളിപ്പിക്കപ്പെട്ടു.

Read More >>