എസ് തുളസീദാസ് : പകർത്താൻ അധികമാരും ധൈര്യപ്പെടാത്ത പാഠമായി ജീവിച്ച അധ്യാപകൻ

വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താൻ പ്രവർത്തിക്കുന്ന അധ്യാപക സംഘടനയിലേയ്ക്കു പകർത്താനുള്ള എല്ലാ ശ്രമങ്ങളിലും തുളസി പങ്കാളിയായിരുന്നു. അധ്യാപക സംഘടനകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കുറേക്കൂടി ആഴത്തിൽ ശ്രദ്ധിക്കണമെന്നുള്ള ആഗ്രഹവും അതിനായുള്ള വിമർശനവും മുന്നോട്ടു വയ്ക്കുന്നതിൽ തുളസി എന്നും മുന്നിലായിരുന്നു. ഈയൊരു അജണ്ട അധ്യാപക സമൂഹം ഏറ്റെടുക്കണമെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വീറോടെ വാദിച്ച അധ്യാപകനായിരുന്നു തുളസി. - ഡോ. സി. രാമകൃഷ്ണൻ

എസ് തുളസീദാസ് : പകർത്താൻ അധികമാരും ധൈര്യപ്പെടാത്ത പാഠമായി ജീവിച്ച അധ്യാപകൻ

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ മനുഷ്യവലയം സ്കൂളുകൾക്കു ചുറ്റും രൂപപ്പെടാൻ രണ്ടുദിവസം ബാക്കിയിരിക്കെയാണ് എസ് തുളസീദാസ് എന്ന റിട്ടയേഡ് ഹെഡ്മാസ്റ്റർ ഈ ലോകത്തോടു വിടപറഞ്ഞത്. ഇങ്ങനെയൊരു ലീഡെഴുതാൻ കാരണമുണ്ട്.  സ്വയം ഒരു വിദ്യാലയമായി മാറിയ അധ്യാപകനായിരുന്നു അദ്ദേഹം. സമർപ്പിച്ചു പഠിച്ചും പഠിപ്പിച്ചും ചിന്തിച്ചും നിരീക്ഷിച്ചും തളരാതെ ഇടപെട്ടും തണലായി മാറിയും വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ അത്യധ്വാനം ചെയ്ത മനുഷ്യൻ. അറിയുക. അദ്ദേഹം അരയ്ക്കു കീഴ്പോട്ട് സമ്പൂർണമായി തളർന്ന് ഏഴു വർഷം വീൽ ചെയറിലായിരുന്നു.


തിരുവനന്തപുരത്ത് കിളിമാനൂർ പഞ്ചായത്തിലെ 150 വർഷം പഴക്കമുളള പോങ്ങനാട് യുപിഎസിലെ ഹെഡ്മാസ്റ്ററായാണ് അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചത്. സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന കാലത്ത്, ആ സ്കൂളിൽ ഡിവിഷനുകൾ വർദ്ധിച്ചു. കിന്റർ ഗാർടെനും ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യാനുളള എല്ലാ ശ്രമങ്ങൾക്കും വീൽചെയറിലിരുന്ന് നേതൃത്വം നൽകി. വിരമിക്കുന്നതിനു മുന്നേ, പഞ്ചായത്തിൽ നിന്നു സ്ഥലം സ്വന്തമാക്കി കെട്ടിടം പണിത് ഉദ്ഘാടനവും നടത്തി. അത്യസാധാരണമായ ഇച്ഛാശക്തിയുടെ മനുഷ്യരൂപമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അനന്തപുരി ആശുപത്രിയിൽ ഭൂവാസം വെടിഞ്ഞത്.

ക്ലാസ് മുറികളിൽ കുട്ടികൾക്കു നഷ്ടപ്പെടുന്ന നീതിയെച്ചൊല്ലി ഏറെ വേവലാതിപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. കുട്ടികളെ അത്രമേൽ സ്നേഹിച്ചു. വിദ്യാഭ്യാസ ചിന്തകൻ ഡോ. സി രാമകൃഷ്ണൻ ഇങ്ങനെ ഓർക്കുന്നു:
എന്നോട് അവസാനം പറഞ്ഞത്, ഇനി ഞാൻ അധികകാലമുണ്ടാവില്ല. സ്കൂൾ ഉള്ളതുകൊണ്ടാണ് ഇത്രയും കാലം മുന്നോട്ടു പോയത്. ഈ കുട്ടികളാണ് എന്നെ മുന്നോട്ടു നയിച്ചത്. ഇനി ഏതാനും മാസങ്ങൾ മാത്രം.

കുട്ടികളെ അദ്ദേഹത്തിന് അത്രയ്ക്കിഷ്ടമായിരുന്നു. അവർക്കു തിരികെയും. ഏതു തിരക്കിനിടയിലും അനാരോഗ്യത്തിന്റെ വേദന കാർന്നു തിന്നുമ്പോഴും അദ്ദേഹം ക്ലാസുകളിൽ കയറി പഠിപ്പിച്ചു. അവർക്കു വേണ്ടി ചിന്തിച്ചു. സിആർ പറയുന്നു:
സ്വന്തം ജീവനോടു ഫൈറ്റു ചെയ്യുമ്പോഴും ക്ലാസ് റൂമിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. സർവീസിൽ നിന്നു വിരമിക്കുമ്പോഴും ക്ലാസുകളിൽ വരുത്തേണ്ട മാറ്റങ്ങളെ വളരെ വിമർശനാത്മകമായി സമീപിച്ച, പുതിയ ശ്രമങ്ങളുടെ സാധ്യതകളെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്ന ആളായിരുന്നു. ജീവിതം ചോദ്യചിഹ്നമായി മാറിയപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

ഇങ്ങനെ ഏറെപ്പേരില്ല. എൺപതുകളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ടാണു തുളസീദാസ് അധ്യാപനരംഗത്തു സജീവമായത്. വിതുര യുപിഎസിലെ അധ്യാപകനായിരുന്നു അന്ന്. വെള്ളനാട് ഹൈസ്കൂളിലെ അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ വി രവീന്ദ്രനുൾപ്പെടെയുള്ള (വെള്ളനാട് രവി) വിദ്യാഭ്യാസപ്രവർത്തകരിലെ ഇളമുറക്കാരനായിരുന്നു അദ്ദേഹം. ഏതു പുതിയ കാര്യവും ആഴത്തിൽ പഠിക്കാനും മനസിലാക്കാനും അതനുസരിച്ച് ബോധനതന്ത്രങ്ങളിൽ മാറ്റം വരുത്താനും സദാ ഉത്സാഹിയായിരുന്ന തുളസീദാസ് സഹപ്രവർത്തകർക്ക് ഇപ്പോഴും ആവേശവും അത്ഭുതവുമാണ്.

പരിഷത്തുകാരുടെ പ്രിയപ്പെട്ട രവിയണ്ണന്റെ വാക്കുകൾ:
എൺപതുകളിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പരിഷത്ത് പ്രവർത്തനമാണ് നമ്മെ അടുപ്പിക്കുന്നത്. പരിഷത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഏറ്റെടുത്ത ആൾ. കുട്ടികളെ വല്ലാതെ സ്നേഹിച്ചിരുന്ന,  ക്ലാസ് റൂമുകൾ അടിമുടി മാറണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച അധ്യാപകൻ.

വെള്ളനാട് സ്കൂളിൽ നിന്നാണ് ഞങ്ങളുടെ പരീക്ഷണങ്ങൾ ആരംഭിച്ചത്. മൂന്നു മുതൽ ഏഴുവരെ കുട്ടികളെ പരിശോധിച്ചപ്പോൾ മുപ്പത്തഞ്ചു ശതമാനം കുട്ടികൾക്കും മാതൃഭാഷ എഴുതാനോ വായിക്കാനോ അറിയാത്ത അവസ്ഥ. ഈ സ്ഥിതി മാറ്റാൻ ഞങ്ങൾ പുതുവഴികൾ തേടി. അതിലേയ്ക്ക് ഹൃദയം സമർപ്പിച്ച അധ്യാപകനായിരുന്നു അദ്ദേഹം.

സാധാരണ രീതിയിലുളള പഠനരീതി ഞങ്ങൾ മാറ്റി. കുട്ടികൾക്ക് പുതിയ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് മാതൃഭാഷ പഠിപ്പിക്കാനുളള ശ്രമം തുടങ്ങി. പ്രഭാതനാടകം, പാട്ടുകൾ, കളികൾ, ടീച്ചിംഗ് എയിഡുകൾ, ഒഎച്ച്പി പ്രൊജക്ടറിന്റെ സഹായം... ഇങ്ങനെ കുട്ടികളെ പങ്കെടുപ്പിച്ചുളള ആക്ടിവിറ്റികളിലൂടെ ഭാഷ പഠിപ്പിക്കാൻ തുടങ്ങി. എൺപതുകളുടെ അവസാനം ഞങ്ങൾ ആരംഭിച്ച ഈ പ്രവർത്തനങ്ങളുടെ ഒരു പ്രധാന നട്ടെല്ലായിരുന്നു തുളസി.

അത്ഭുതകരമായ റിസൾട്ട് അതുണ്ടാക്കിയിരുന്നു. പിന്നീടത് പാലോട് സബ് ജില്ലയിൽ വ്യാപിപ്പിച്ചു. ആദ്യം ഒരു കുഞ്ഞു മോഡ്യൂളാണ് ഉണ്ടായിരുന്നത്. അതൊരു പുസ്തകത്തിന്റെ രൂപത്തിലാക്കിയതിൽ തുളസിയുടെ പങ്കു വലുതാണ്. അക്ഷരങ്ങളുടെ ഡിസൈൻ, കളികൾ, പാട്ടുകൾ എന്നിങ്ങനെ എല്ലാക്കാര്യങ്ങളിലും വ്യക്തമായ ചിന്തകളുണ്ടായിരുന്നു, തുളസിയ്ക്ക്.

പോങ്ങനാട് സ്കൂളിലെ പിടിഎ പ്രസിഡന്റാണ് സജി. കുട്ടികളോടും സ്കൂളിനോടുമുള്ള സാറിന്റെ സ്നേഹവും ഉത്തരവാദിത്തവും അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:
സ്കൂളിന്റെ പ്രവർത്തനത്തിൽ വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു അദ്ദേഹം. ആരോഗ്യമോ സമ്പത്തോ നോക്കാതെ സ്കൂളിനു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അനാരോഗ്യം അലട്ടിയപ്പോഴും ക്ലാസിൽ പോയി പഠിപ്പിക്കാൻ വലിയ ഉത്സാഹമായിരുന്നു. ഉച്ചഭക്ഷണവും പ്രഭാത ഭക്ഷണവുമൊക്കെ വിജയകരമായി നടപ്പാക്കുന്നതിൽ സാറിന്റെ അധ്വാനം തന്നെയാണ്. 150 വർഷം പഴക്കമുള്ള സ്കൂളാണ്. ഇത്രയും കാര്യമായ പുരോഗതിയുണ്ടായത് സാറിന്റെ കാലത്താണ്. എല്ലാ ക്ലാസുകളും രണ്ടു ഡിവിഷൻ മാത്രമായിരുന്നു. ഒന്നാം ക്ലാസിൽ കേരളത്തിലാകമാനം കുട്ടികൾ കുറഞ്ഞ കാലമായിരുന്നു. അപ്പോഴാണ് ഇവിടെ എൽകെജി/യുകെജി ക്ലാസുകൾ ഏർപ്പെടുത്തിയത്. വാഹനസൌകര്യം ഏർപ്പെടുത്താൻ പലപ്പോഴും സാറിന്റെ കൈയിൽ നിന്നാണ് പണം ചെലവിട്ടത്.

കുട്ടികളെയും വിദ്യാലയങ്ങളെയും സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന ഏതധ്യാപകനും സ്വാഭാവികമായും ആ നാടിന്റെ എല്ലാമെല്ലാമായി മാറും. നാടും നാട്ടുകാരും സ്നേഹാദരങ്ങൾ കൊണ്ടു വീർപ്പുമുട്ടിയ്ക്കും. അവിടെ രാഷ്ട്രീയവും മതവും ജാതിയുമെല്ലാം മാറി നിൽക്കും. "നീ അധ്യാപകന് എല്ലാവിധ ബഹുമാനങ്ങളും നല്‍കുക. അധ്യാപകന്‍ ദൈവദൂതന്റെ പദവിയിലേക്കെത്താറായിരിക്കുന്നു" എന്നർത്ഥമുളള ഒരു അറബി കവിതാശകലമുണ്ടത്രേ. ഏതു കടുത്ത നിരീശ്വരവാദിയും ഇങ്ങനെയുള്ള അധ്യാപകരെ ദൈവമോ ദൈവദൂതനോ ഒക്കെയായി വാഴ്ത്തിപ്പോകും. അങ്ങനെയുള്ളവർ അപൂർവമായ ഒരു നാട്ടിൽ പ്രത്യേകിച്ചും.

എന്തെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ പോങ്ങനാട് സ്കൂളിലെ ശ്രീജ എന്ന അധ്യാപിക അതു തീർക്കും:
അധ്യാപകനായാണ് അദ്ദേഹം ആദ്യം പോങ്ങനാട് സ്കൂളിൽ വരുന്നത്. സന്ധ്യയാവോളം സ്കൂളിലുണ്ടാകും. സംഘടനാ പ്രവർത്തകനായിരുന്നുവെങ്കിലും ഫുൾടൈം സ്കൂളിലുണ്ടാകും. ഈ സ്കൂളിനു പുറമെ മറ്റു സ്കൂളുകളെയും സാർ സഹായിക്കുമായിരുന്നു. ഹെഡ്മാസ്റ്ററായി പിന്നീട് വന്നപ്പോഴും ശീലങ്ങൾക്കു മാറ്റമുണ്ടായിരുന്നില്ല. ഓഫീസ് ജോലി ചെയ്യുമ്പോഴും ക്ലാസിൽ പോയി പഠിപ്പിക്കുമായിരുന്നു. കുട്ടികൾക്കൊപ്പമായിരുന്നു സാർ. ആ സമയത്താണ് ബോൺ കാൻസറാണെന്ന് അറിയുന്നത്. ആ വേദനയൊന്നും സ്കൂളിനുവേണ്ടിയുള്ള ശ്രമങ്ങളെ തളർത്തിയില്ല. ആ സമയത്തായിരുന്നു സ്കൂളിന്റെ ശതാബ്ദിയാഘോഷം. മൂന്നു നാലു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുണ്ടായിരുന്നു. എല്ലാത്തിനും മുൻപന്തിയിൽത്തന്നെയായിരുന്നു സാർ. എല്ലാവരും സാറിനൊപ്പവും. ഓപ്പറേഷൻ കഴിഞ്ഞിട്ടും അധികം ലീവൊന്നുമെടുത്തില്ല. ഓപ്പറേഷൻ സക്സസായില്ല. അരയ്ക്കു കീഴെ തളർന്നുപോയി. ഏഴു വർഷത്തോളം ഞങ്ങൾക്കൊപ്പം സാറുണ്ടായിരുന്നു. നടക്കാൻ ശേഷിയുളള ഒരാൾ ചെയ്യുന്നതിനേക്കാൾ എത്രയോ അധികം പ്രവർത്തനങ്ങളാണ് സാർ ചെയ്തത്.

പ്രതിബദ്ധത എന്ന വാക്കിന്റെ അർത്ഥമെന്തെന്നു ചോദിച്ചാൽ, ഒട്ടും മടിക്കാതെ തുളസിസാറിന്റെ ജീവിതത്തിലേയ്ക്കു വിരൽചൂണ്ടാം. കവിയും അധ്യാപകനുമായ മടവൂർ കൃഷ്ണൻ കുട്ടിയുടെ വാക്കുകൾ:
മലപ്പുറം ജില്ലയിൽ നിന്ന് പുല്ലൂർമുക്കു സ്കൂളിൽ അധ്യാപകനായി വന്ന സമയം. അധ്യാപനത്തിന്റെ രീതികളൊന്നും എനിക്കു വലിയ പിടിയില്ലായിരുന്നു. അന്നു പോങ്ങനാട് ബിആർസി ട്രെയിനറാണ് തുളസി സാർ. ട്രെയിനിംഗിന്റെ ഭാഗമായി പത്തുദിവസം നീണ്ടുനിൽക്കുന്ന കളരി എന്നൊരു പരിപാടി അദ്ദേഹം പുല്ലൂർമുക്ക് സ്കൂളിൽ സംഘടിപ്പിച്ചു. പത്തുദിവസവും അദ്ദേഹം സ്കൂളിലുണ്ടായിരുന്നു. ആ സമയത്താണ് ടീച്ചിംഗ് മാനുവൽ എങ്ങനെയെഴുതണമെന്നും എങ്ങനെ ക്ലാസെടുക്കണമെന്നുമുള്ള പാഠങ്ങൾ ഞാൻ പഠിച്ചത്. അപാരമായ മനസായിരുന്നു. ഒട്ടും പതറിയില്ല. ആ വീൽ ചെയറിലിരുന്നാണ് അദ്ദേഹം പോങ്ങനാട് സ്കൂളിനെ വളർത്തിയത്. അതിൽ സി വി രാജീവും ഒരു പ്രധാന ഘടകമാണ്. ഈ അവസ്ഥയിലും അവശതകളോ വൈഷമ്യങ്ങളോ അദ്ദേഹത്തെ തളർത്തിയതേയില്ല. ചിരി മാഞ്ഞ ആ മുഖം ആരും കണ്ടിട്ടില്ല. ഒന്നിനോടും അയഞ്ഞ സമീപനമില്ലായിരുന്നു. ഒരു കോംപ്രമൈസിനും തയ്യാറല്ല. പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി, നിറഞ്ഞ ചിരിയുടെ നിഷ്കളങ്കത ചോരാതെ സ്പഷ്ടമായി കമ്മിറ്റിയിലൊക്കെ പറയുമായിരുന്നു.

തുളസി സാറിന്റെ ഇച്ഛാശക്തിയ്ക്ക് ഏറ്റവും വലിയ സർട്ടിഫിക്കറ്റു നൽകുന്നത്, അദ്ദേഹം ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ജി പ്രിൻസാണ്.
പൂർണ ആരോഗ്യവാനായിരുന്നപ്പോഴും നമ്മുടെ പഞ്ചായത്തിന്റെ സർവസ്വവുമായിരുന്നു. പദ്ധതി
ആസൂത്രണപ്രവർത്തനങ്ങളിൽ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിൽ മികവാർന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു മുന്നിൽ നിന്നു. ബാലശാസ്ത്ര കോൺഗ്രസ് എന്ന പ്രോജക്ട് ഉപജില്ലയിൽ ഒരു പക്ഷേ, ഈ പഞ്ചായത്തിൽ മാത്രമായിരിക്കാം നടപ്പാക്കിയത്. ആസൂത്രണ നിർവഹണ പ്രവർത്തനങ്ങളെ വിദ്യാഭ്യാസ മേഖലയെപ്പോലെ തന്നെ കണ്ടിരുന്നു. സ്കൂളിന്റെ മികച്ച നേട്ടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. രോഗാവസ്ഥയിലിരുന്നാണ് പോങ്ങനാട് ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. എല്ലാ ബന്ധങ്ങളും അതിനദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ് ആ വിദ്യാലയം. ആ വീൽ ചെയറിലിരുന്നാണ് അതദ്ദേഹം നിറവേറ്റിയത്. പകുതി മരിച്ച ശരീരവുമായി ഇരുന്നാണ് ചെയ്യാവുന്നതെല്ലാം അദ്ദേഹം ചെയ്തത്. ഏതൊക്കെ കൂട്ടായ്മകൾ സാധ്യമാണോ അതെല്ലാം സ്കൂളിനു വേണ്ടി അദ്ദേഹം ഒരുമിപ്പിച്ചെടുത്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഒരു വീഴ്ചയും വരുത്താതെയാണ് ഇതൊക്കെ അദ്ദേഹം സാധ്യമാക്കിയത്. ഹൈസ്കൂളായപ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ സ്വന്തം ശമ്പളത്തിൽനിന്നാണ് താൽക്കാലിക അധ്യാപകർക്ക് വേതനം നൽകിയത്. എല്ലാ ആശയങ്ങളുടെയും പിതാവ് അദ്ദേഹമായിരുന്നു. ഞങ്ങൾ ഒപ്പം നിന്നു. അങ്ങനെയൊരു മനുഷ്യൻ ഒരു അത്ഭുതം തന്നെയായിരുന്നു.

ഇതൊക്കെയായിരിക്കുമ്പോഴും പ്രകടനപരതയിൽ തെല്ലുമേ താൽപര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. നിശബ്ധനായി അദ്ദേഹം കർമ്മരഥം തെളിച്ചു. നേട്ടങ്ങൾ കൊട്ടിഘോഷിക്കുന്നതിനെക്കാൾ, കൂട്ടായ്മയുടെ കരുത്തിൽ മനസർപ്പിച്ചു. സി രാമകൃഷ്ണൻ പറയുന്നു:
പുതിയ കാര്യങ്ങൾ അന്വേഷിക്കാൻ വല്ലാത്തൊരു പാഷൻ ഉണ്ടായിരുന്നു. കുട്ടിക്കു നീതി നിഷേധിക്കപ്പെടുമ്പോൾ അതിനെതിരെ രോഷം മനസിൽ കൊണ്ടുനടക്കുകയും വേവലാതിപ്പെടുകയുംഅതു പരിഹരിക്കുന്നതിനു മാർഗങ്ങൾ അന്വേഷിക്കുകയും ചെയ്ത വിദ്യാഭ്യാസപ്രവർത്തകനായിരുന്നു തുളസി. ബേസിക്കലി, സൈലന്റാണ്. അതുകൊണ്ടാണ് പുറമേ വലിയ തോതിൽ വരാത്തത്. വളരെ ആഴത്തിൽ ചിന്തിക്കുമ്പോൾ സ്വാഭാവികമായും സൈലന്റായിപ്പോകും. പെരിഫറലാകുമ്പോഴാണ് പ്രകടനപരതയുണ്ടാവുക. തീരെ പ്രകടനപരതയില്ലാതെ, ക്ലാസിനുള്ളിൽ കുട്ടികൾക്ക് നീതിനിഷേധിക്കപ്പെടുന്നുവെങ്കിൽ അതു തടയാൻ വേണ്ടിവരുന്ന തന്ത്രങ്ങൾ സാഹചര്യങ്ങളനുസരിച്ച് അന്വേഷിക്കുന്നതിൽ മുൻപന്തിയിലായിരുന്നു തുളസി.

അതേ... ക്ലാസും കുട്ടികളും. അതിനപ്പുറം ഒരു ചിന്തയോ ജീവിതമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആഴവും ഉൾക്കനവുമുള്ള ആ ചിന്താശേഷിയ്ക്കൊരുദാഹരണം വെള്ളനാട് രവിയണ്ണൻ ഇങ്ങനെ ഓർക്കുന്നു;
തൊണ്ണൂറുകളുടെ അവസാനമാണെന്നു തോന്നുന്നു. ഒന്നു മുതൽ പത്തുവരെയുള്ള പാഠപുസ്തകങ്ങളും ഞങ്ങളൊരു വിശകലനത്തിനു വിധേയമാക്കി. പുസ്തകങ്ങളിൽ ജെൻഡർ ബയാസും റൂറൽ/അർബൻ ബയാസും ഉണ്ടെന്ന് ആ വിശകലനത്തിലാണ് ബോധ്യമായത്. കഥകളിലും ചിത്രങ്ങളിലുമൊക്കെ ആൺകുട്ടികൾ മാത്രമാണ് കഥാപാത്രങ്ങൾ. അപ്പു, ഉണ്ണി, കുട്ടൻ എന്നീ പേരുകളുള്ളവർ. നഗര ജീവിതത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാവും. മലയോര, തീരദേശ ജീവിതങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളൊന്നും ഉണ്ടാവാറില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ വളരെ സമഗ്രമായ ധാരണയുള്ള അധ്യാപകനായിരുന്നു അദ്ദേഹം.

അസാധാരണമാംവിധം തെളിഞ്ഞ ഉൾക്കാഴ്ചയുടെ ഉടമയായിരുന്നു അദ്ദേഹം. അധ്യാപകൻ ക്ലാസ് മുറിയിൽ എന്താകണമെന്ന ആശയം ഏറ്റവും ശക്തമായി എം പി പരമേശ്വരൻ മുന്നോട്ടു വച്ച കാലം. ടീച്ചർ ട്രാൻസ്ഫോർമേഷൻ. അതായിരുന്നു വെല്ലുവിളി. ആ വെല്ലുവിളിയേറ്റെടുത്ത് തലച്ചോറിന്റെ സമസ്തശേഷിയും പൊതുവിദ്യാലയങ്ങൾക്കുവേണ്ടി ചെലവഴിക്കാനുറച്ച് ഒരു പറ്റം അധ്യാപകർ പ്രതിജ്ഞാബദ്ധരായി നാട്ടിലിറങ്ങി. എംഎൻഎസും വെള്ളനാടു രവിയും തുളസീദാസുമൊക്കെ തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശത്തെ പല സ്കൂളുകളിലും അത്ഭുതങ്ങൾ കാണിച്ച കാലം.

അക്കാലത്താണ് ജില്ലയിലെ 307 വിദ്യാലയങ്ങളിൽ മൂന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികളിൽ ഒരു സർവേ നടത്തിയത്. മുപ്പത്തഞ്ചു ശതമാനത്തോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് സർവെ ഫലം. പ്രശ്നം പരിഹരിക്കാൻ ജില്ലയ്ക്കു വേണ്ടി അക്ഷരവേദി എന്നൊരു പാഠപുസ്തകം തയ്യാറാക്കി. അതിലും തുളസിയുടെ വളരെ ക്രിയാത്മകമായ മുൻകൈയുണ്ടായിരുന്നു. ഏറ്റെടുക്കുന്ന പരിപാടികൾ, അവയവങ്ങൾ കൊണ്ടല്ല, ഉള്ളു കൊണ്ടാണ് അദ്ദേഹം പൂർത്തീകരിച്ചിരുന്നത്. എന്തും ആഴത്തിൽ പഠിക്കുന്ന അധ്യാപകൻ. അതിലൂടെ വേറിട്ട ചിന്തകൾ അവതരിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തകൻ.

ഇന്റഗ്രേറ്റഡ് സയൻസ് എന്നൊരു സങ്കൽപത്തെക്കുറിച്ചും വെള്ളനാട് രവി ഓർക്കുന്നു. ആഹാരം, കൃഷി എന്നൊരു ത്രെഡ് എടുത്ത് സങ്കൽപനങ്ങൾ കോർത്തിണക്കി ഉദ്ഗ്രഥിത ശാസ്ത്രബോധനം എന്നൊരു സങ്കൽപം അവതരിപ്പിച്ചു. ജില്ലയിലെ പല സ്കൂളുകളിലും പദ്ധതി വലിയ റിസൾട്ട് ഉണ്ടാക്കി. ചൈൽഡ് സെന്റേഡ് പ്രോഗ്രാമായിരുന്നു അത്.

അതിനും തുളസിയുടെ കോൺട്രിബ്യൂഷൻ വലുതായിരുന്നു. പഠനപിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിലും പരിസര പഠനം പരിസരാധിഷ്ഠിതമായി മാറ്റുന്നതിലും സ്കൂളിലെ നിരക്ഷരത നിർമ്മാർജനം ചെയ്യുന്നതിലും ഉള്ളുകൊണ്ട് അധ്വാനിച്ച വല്ലാത്തൊരു വ്യക്തിത്വമായിരുന്നു തുളസിസാർ.

സാമ്പത്തികശേഷിയും സാമൂഹ്യപദവിയുമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ പരീക്ഷാഫലം പൊക്കിപ്പിടിച്ച് മേനി നടിച്ച അധ്യാപകനായിരുന്നില്ല എസ് തുളസീദാസ്. നിരക്ഷരത എങ്ങനെ മാറ്റാം, പഠനപിന്നാക്കാവസ്ഥ എങ്ങനെ പരിഹരിക്കാം, അതിനുള്ള തന്ത്രങ്ങളെന്ത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അതിനുവേണ്ടിയുള്ള പരിഹാരമാർഗങ്ങളാണ് അദ്ദേഹം അന്വേഷിച്ചത്.

ഇത്രയും ആഴത്തിൽ സമർപ്പിത മനസോടെ ചർച്ച ചെയ്യാനും ഇടപെടാനും സമയം കണ്ടെത്തുമ്പോഴും സ്വന്തം ക്ലാസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആശയങ്ങൾ പറഞ്ഞു നടക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ക്ലാസിൽ നന്നായി പഠിപ്പിക്കാനും പരീക്ഷിക്കാനും നിരീക്ഷിക്കാനും പാഠങ്ങൾ ഉൾക്കൊള്ളാനും എപ്പോഴും നിഷ്കർഷ പുലർത്തിയിരുന്നു. അതുകൊണ്ടാണ് ഈ പ്രവർത്തനങ്ങൾക്ക് സ്വീകാര്യത കിട്ടിയത്. എല്ലാ പരിശീലനങ്ങളും ശനിയാഴ്ചകളിലായിരുന്നു. ഈ പ്രവർത്തനങ്ങളുടെയൊന്നും പേരിൽ ഒരു ക്ലാസു പോലും കുട്ടികൾക്കു നഷ്ടമായിട്ടില്ല.

ഇന്റഗ്രേറ്റഡ് സയൻസ് എന്ന പ്രോജക്ടിന്റെ ഭാഗമായി പതിനഞ്ചു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചപ്പോഴും ക്ലാസ് സമയത്ത് ഒന്നും വേണ്ട എന്നായിരുന്നു ആദ്യത്തെ നിബന്ധന.
സിആർ ഓർമ്മിക്കുന്നു:
പുതിയ പാഠ്യപദ്ധതിയുടെ പ്രാഗ്രൂപമായ മോഡ്യൂൾ പ്രിപ്പറേഷനിലെല്ലാം വളരെ സജീവമായിരുന്നു തുളസി. ഓപ്പറേഷൻ ക്ലാസ് റൂം പദ്ധതി ഉണ്ടാക്കിയപ്പോൾ മോഡ്യൂൾ നിർമ്മാണം മാത്രമല്ല, സ്വന്തം ക്ലാസ് റൂമിൽ പരീക്ഷിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ ഏറെ അധ്വാനിച്ച പ്രവർത്തകനായിരുന്നു അദ്ദേഹം. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ആദ്യരൂപമുണ്ടാക്കുന്നതിൽ വലിയ തോതിൽ പങ്കുവഹിച്ച ആളായിരുന്നു തുളസി. അസുഖം നല്ലൊരു വിദ്യാഭ്യാസ പ്രവർത്തകനെയാണ് നഷ്ടപ്പെടുത്തിയത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താൻ പ്രവർത്തിക്കുന്ന അധ്യാപക സംഘടനയിലേയ്ക്കു പകർത്താനുള്ള എല്ലാ ശ്രമങ്ങളിലും തുളസി  പങ്കാളിയായിരുന്നു. അധ്യാപക സംഘടനകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കുറേക്കൂടി ആഴത്തിൽ ശ്രദ്ധിക്കണമെന്നുള്ള ആഗ്രഹവും അതിനായുള്ള വിമർശനവും മുന്നോട്ടു വയ്ക്കുന്നതിൽ തുളസി എന്നും മുന്നിലായിരുന്നു. ഈയൊരു അജണ്ട അധ്യാപക സമൂഹം ഏറ്റെടുക്കണമെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വീറോടെ വാദിച്ച അധ്യാപകനായിരുന്നു തുളസി.

കുട്ടികളോടു മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിബദ്ധത. ആരെയും സഹായിക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവീക്ഷണം തെളിയിക്കുന്ന ഒരനുഭവം പോങ്ങനാട് സ്കൂളിലെ അധ്യാപകനായി വിരമിച്ചശേഷം മരണപ്പെട്ട മണിയൻ എന്ന അധ്യാപകൻറെ ഭാര്യ ശാന്തയ്ക്കുണ്ട്. മണിയൻ സാറിന്റെ പെൻഷൻ തുക എന്തൊക്കെയോ സാങ്കേതികകാര്യങ്ങളാൽ കുടിശിക കിടന്നപ്പോൾ സാറായിരുന്നു ഇടപെട്ടത്. കുടിശിക മൂന്നു ലക്ഷം രൂപയും മകളുടെ പേരിൽ തുടർ പെൻഷനും ഉറപ്പാക്കും വരെ അദ്ദേഹം പിറകെയുണ്ടായിരുന്നു. ആ പണം കൈയിൽ കിട്ടിയപ്പോൾ സാറിന് എന്തുവേണമെന്ന ചോദ്യവുമായി ശാന്തയെത്തി. എന്റെ കുട്ടികൾക്ക് ഒരു നേരം ഭക്ഷണം കൊടുക്കണമെന്നു മാത്രം ആവശ്യപ്പെട്ട സാറിന്റെ കാര്യം പറയുമ്പോൾ ശാന്ത വിങ്ങിപ്പൊട്ടുകയായിരുന്നു.

ഒരു യുപി സ്ക്കൂളിനെ വീൽ ചെയറിലുരുട്ടി ഹൈസ്കൂളാക്കിയെടുത്ത മനുഷ്യൻ. തുളസി സാറിന്റെ സന്തതസഹചാരിയായിരുന്ന സി വി രാജീവെന്ന പരിഷത്തുകാരന് ആ നിശ്ചയദാർഢ്യം ഇന്നും അത്ഭുതമാണ്. എല്ലാ അവയവങ്ങളും പ്രവർത്തനസജ്ജമായ ഒരാൾക്കും ഓടിയെത്താൻ കഴിയാത്ത ദൂരം ഓടിത്തീർക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു, രാജീവ്. വിദ്യാലയം മെച്ചപ്പെടുത്താനുള്ള നിരന്തര നിർദ്ദേശങ്ങളുമായി അടിക്കടി വിളിച്ചു ചേർക്കുന്ന യോഗങ്ങൾ, ഇടവേളകളിലെ ക്ലാസെടുപ്പ്, അറിവ് കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ പകർന്നു നൽകാൻ എല്ലാ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയ നിഷ്കർഷ, എല്ലാത്തിനും സാക്ഷിയായിരുന്നു രാജീവ്.

എൽപി/യുപി സ്കൂളുകളിൽ ക്ലർക്കില്ല. ആ ജോലിയും ഹെഡ് മാസ്റ്ററാണ് ചെയ്യേണ്ടത്. ഓപ്പറേഷൻ കഴിഞ്ഞ് വീൽ ചെയറിൽ ഓഫീസിലെത്തിയ തുളസി സാറിനെ കണ്ടപ്പോൾ ഈ ജോലികൾക്ക് മുടക്കം വരുമോയെന്ന് സംശയിച്ചവരുണ്ട്. സർവീസിൽ നിന്നു പിരിയുന്നതുവരെ ഒരാൾക്കുപോലും പിഎഫ് കൃത്യസമയത്തു കിട്ടാതിരുന്നിട്ടില്ല. രണ്ടാംപ്രവൃത്തി ദിവസത്തിനപ്പുറം ഒരു മാസവും ശമ്പളത്തീയതി നീണ്ടിട്ടില്ല. എല്ലാ അവയവങ്ങളുമുള്ള ഏതു ഹെഡ് മാസ്റ്ററും ചെയ്യുന്നതിനെക്കാൾ വേഗത്തിലും കാര്യക്ഷമതയിലും ഇക്കാര്യങ്ങൾ തുളസി സാർ വാശിയോടെ ചെയ്തു തീർത്തിരുന്നുവെന്ന് രാജീവ് ഓർമ്മിക്കുന്നു.

പകുതി മരിച്ച മനുഷ്യൻ വീൽചെയറിലിരുന്ന് കാട്ടിയ ഇന്ദ്രജാലമായിരുന്നു പോങ്ങനാട് സ്കൂളിന്റെ ഇന്നത്തെ വളർച്ച. രാജീവിന്റെ ഈയൊരു വാചകത്തിൽ തുളസിസാറിന്റെ പ്രയത്നമത്രയുമുണ്ട്.

ഇങ്ങനെയുള്ളവരിലൂടെയാണ് പൊതുവിദ്യാഭ്യാസം മെച്ചപ്പെടുന്നത്. പക്ഷേ, അത്തരക്കാർ ഏറെയില്ല എന്നതാണ് മനുഷ്യവലയത്തിൽ പ്രതീക്ഷയർപ്പിക്കുന്ന നമ്മുടെ പൊതുവിദ്യാലയങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നവും.